“..എഹ്.. എന്താ പറഞ്ഞേ ?? ”
കനത്ത ചിന്തകൾക്കിടയിൽ അവൾ സംസാരിച്ചത് ഒന്നും തന്നെ ജസ്റ്റിൻ കേട്ടില്ല.
” എനിക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ട് നമുക്ക് ഒന്ന് പുറത്തു പോയാലോ.. എന്ന് ?? ”
അവൾ അടുത്ത് വന്ന് അവനെ ചുറ്റിപ്പിടിച്ചു.
” ആ പോകാമല്ലോ…!! ”
ജസ്റ്റിൻ യാന്ത്രികമായി മറുപടി നൽകി.
” എങ്കിൽ ശരി…!! ഞാൻ എന്റെ പണിയെല്ലാം പെട്ടെന്ന് തീർക്കട്ടെ ”
അവൾ അതും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി.
അനഘ പോയതും ജസ്റ്റിൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു പുറകെ ഫോണെടുത്ത് ഷോപ്പിലേക്ക് വിളിച്ചു.
താൻ ഇന്ന് വരില്ല എന്നും കാര്യങ്ങൾ എല്ലാം നോക്കണമെന്നും പറഞ്ഞു ശേഷം ഫോൺ കട്ടാക്കി.
സിഗരറ്റ് തീർന്നതും അവൻ തിരികെ റൂമിനുള്ളിലേക്ക് പോയി സമയം പോയിക്കൊണ്ടിരുന്നു..
കുറച്ച് കഴിഞ്ഞതും അനഘ പണിയെല്ലാം തീർത്തു റൂമിലേക്ക് വന്നു…അപ്പോൾ ജസ്റ്റിൻ എങ്ങോട്ടൊ പോകാൻ തയ്യാറാവുകയായിരുന്നു..
” അല്ല ഇച്ചായ നമ്മൾ ഒരുമിച്ച് പുറത്തു പോകുന്ന കാര്യം പറഞ്ഞിട്ട് ഇതെങ്ങോട്ടാ ?? ”
“ഞാൻ ഇപ്പോ വരാം..!! ഒരു 10 മിനിറ്റ് എനിക്ക് ഒരാളെ കാണണ്ട ആവശ്യമുണ്ട് ഞാൻ പെട്ടെന്ന് പോയിട്ട് വരാം അപ്പോഴേക്കും നീ റെഡിയായി നിൽക്ക് ”
അതും പറഞ്ഞ് ജസ്റ്റിൻ കീ എടുത്ത് പുറത്തേക്ക് പോയി.
ജസ്റ്റിൻ പോയതിന് പുറമേ അനഘ മാത്തുവിന്റെ റൂമിലേക്ക് പോയി അവനെ കുളിപ്പിച്ച് പുറത്തേക്ക് പോകാൻ റെഡിയാക്കി എടുത്തു.
ഇടയ്ക്കെപ്പോഴോ ഫോൺ വല്ലാതെ ബെൽ അടിക്കുന്നെങ്കിലും അവൾ ആ ഭാഗത്തേക്ക് നോക്കിയില്ല.
മാത്തുവിനെ ഒരുക്കിയ ശേഷം അനഘ തിരികെ വന്ന് ഫോൺ എടുത്തു മിസ്കോൾ ചെക്ക് ചെയ്തു. അവളുടെ ഊഹം പോലെ അത് ജീവയായിരുന്നു
അനഘ ആ നമ്പറിൽ തിരിച്ചു വിളിച്ചു
“ഹലോ പെണ്ണേ.. എന്നാ പരിപാടി..?? ”
അപ്പുറത്തു ജീവയുടെ ശബ്ദം
” ഒന്നുമില്ല.. ജീവാ.. !! ഞാനും ഇച്ചായനും കൂടി
പുറത്തു പോകാൻ നിക്കാണ്.. കുറച്ച് ഷോപ്പിംഗ് ഉണ്ട് പിന്നെ മാത്തുവിന് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്..!! ”
” ആണോ എപ്പോഴാ വിളിക്കാൻ പറ്റുക..?? ”
” അറിയില്ല ഇന്ന് ഇച്ചായൻ ഫുൾ ടൈം കൂടെ ഉണ്ടാവും.. ഞങ്ങൾ കുറെ നാൾ കൂടി പുറത്തു പോവുകയാണ് ഒരുമിച്ച്.. ഞാൻ ഫ്രീ ആകുമ്പോൾ നിനക്ക് മെസ്സേജ് അയക്കാം അല്ലാതെ നീ ഇങ്ങോട്ട് വിളിക്കണ്ട..!! ”
അവൾ തക്കീത് പോലെ പറഞ്ഞു.
” കെട്ടിയോനെ കിട്ടിയപ്പോൾ നമ്മളെ വേണ്ട അല്ലേ..?? ”
അവന്റെ സംസാരത്തിലെ ചെറിയ പോസസിവ് അവൾ ചിരി കൊണ്ട് മറുപടി നൽകി.
” ശരി ഞാൻ പോവാണ് ഇച്ചായൻ വന്നു.. പിന്നെ വിളിക്കാം ”
അതും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തപ്പോഴേക്കും ജസ്റ്റിൻ തിരികെ വന്നിരുന്നു.
കുറച്ചു സമയം കൂടി കഴിഞ്ഞു എല്ലാവരും ഒരുങ്ങി പുറത്ത് പോവാൻ തയ്യാറായി ഇറങ്ങി..
ജസ്റ്റിന്റെ ഹെക്ടർ കാർ അവരെയും കൊണ്ട് മുന്നോട്ട് നീങ്ങി.
ആദ്യമേ അവർ പോയത് പുറത്തുള്ള ഒരു ഡ്രസ്സ് ഷോപ്പിലേക്ക് ആയിരുന്നു അവിടെ മൂന്നുപേർക്കുമുള്ള ഡ്രസ്സിങ്ങും ഷോപ്പിങ്ങും കാര്യങ്ങളുമായി സമയം മുന്നോട്ടു പോയിക്കൊണ്ടിരുന്നു..
ഇതിനിടയിൽ ഫോണിലേക്ക് രണ്ടു തവണ ജീവയുടെ ഫോണിൽ നിന്നും വിളി വന്നു എങ്കിലും അവൾ ഫോൺ എടുത്തില്ല.
ഷോപ്പിംഗ് പൂർത്തിയാക്കി അവർ പുറത്തേക്കിറങ്ങി ഷോപ്പിന്റെ മുന്നിൽ നിന്നും മൂന്നുപേരും ഉള്ള ഒരു സെൽഫി എടുത്ത് അനഘ അപ്പോൾ തന്നെ അത് സ്റ്റോറി ആക്കി പോസ്റ്റ് ചെയ്തു. അവളുടെ നിറഞ്ഞ ചിരി ആ ഫോട്ടോയിൽ ഉണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞു വീണ്ടും ജീവയുടെ ഫോണിൽ നിന്നും അവളുടെ ഫോണിലേക്ക് വിളി വന്നു.
ജസ്റ്റിൻ കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൾക്ക് ഫോൺ എടുക്കാനോ മറുപടി കൊടുക്കാൻ പറ്റിയില്ല.. തുടരെ തുടരെ വിളി വരുന്നതിനാൽ അവൾ എങ്ങനെയെങ്കിലും അവിടെ നിന്നും മാറാൻ ഒരു സാഹചര്യം ഉണ്ടാക്കാൻ തുടങ്ങി.
അതേ സമയം അനഘയുടെ ഫോണിലേക്ക് തുടർച്ചയായി വരുന്ന കോളുകളും അവളുടെ പരിങ്ങലും ജസ്റ്റിൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
” പെണ്ണേ ഞാൻ ഒന്ന് വലിക്കട്ടെ.. ഇപ്പോൾ വരാം ”
അവൾക്ക് മനപൂർവം സാഹചര്യമൊരുക്കി എന്ന പോലെ ജസ്റ്റിൻ അവിടെ നിന്നും മാറി.
