“ടീച്ചറെ അച്ചൂനെ എൽകെജിയിൽ ഇരുത്തിക്കോ” എന്ന് നീട്ടിയൊരു പറച്ചിലിൽ എന്റെ ചിരി അങ്ങ് കാറ്റ് കൊണ്ടായി. പിന്നേം പണിയായി. എന്ത് തേങ്ങയാണാവോ ഇനി നടക്കാൻ പോണത്. ഞാൻ അച്ഛനെ ദയനീയമായി ഒന്ന് നോക്കി. എവിടെ, കണ്ട ഭാവമില്ല. പിന്നെ ഒരു സീൻ ഉണ്ടാക്കാനൊന്നും പോയില്ല, മര്യാദരാമനെപ്പോലെ വേറെ ഒരു ടീച്ചറിന്റെ പിന്നാലെ പോയി, ഇടയ്ക്ക് അച്ഛനെ തിരിഞ്ഞു നോക്കിക്കൊണ്ട്. അല്ല അതും ഒരു ആശ്വാസം…
അങ്ങനെ എൽ കെ ജിയിൽ കാലെടുത്തു വെച്ചു.
എന്തോന്നെടെ ഇത്, ഒരു പൂരത്തിനുള്ള പിള്ളരുണ്ടല്ലോ ദൈവമേ അതിനകത്തു… ജന്മസഹജമായി ആളെക്കാണുമ്പോഴുള്ള ചമ്മൽ പുറത്തു ചാടാൻ തുടങ്ങി.
എന്റെ തടീം ഉയരവും ഒക്കെ കാൽക്കുലേറ്റ് ചെയ്ത ടീച്ചർ എന്നെ പുറകിൽ തന്നെയിരുത്തി. അവിടുന്ന് നോക്കിയാൽ ആപ്പീസ് കാണാം. ഞാനെത്തിനോക്കി, അയ്യോ അച്ഛനെ കാണാനില്ല, ഒന്നൂടെ നോക്കി. ഇല്ല, അച്ഛൻ എവിടേം ഇല്ല. റിസേർവ്ഡ് കണ്ണീർ വീണ്ടും ചാടാൻ തുടങ്ങി.
അയ്യേ, കണ്ട്രോൾ, കണ്ട്രോൾ ആൾക്കാരുടെ മുന്നിൽ നിന്ന് കരഞ്ഞു നാണക്കേട് ആക്കണ്ട എന്ന് തലച്ചോർ പറഞ്ഞു…
പക്ഷേ ഹൃദയം മനസ്സിലാക്കേണ്ട പ്രായം ഒന്നുമല്ലല്ലോ. ഒരൊറ്റ കരച്ചിൽ അങ്ങ് വെച്ച് കൊടുത്തു. ആരൊക്കെയോ വന്നു സമാധാനിപ്പിക്കുന്നുണ്ട്. അതൊന്നും നമ്മളെ ഏശുന്നപോലുമില്ല. എനിക്കിപ്പ വീട്ടിൽ പോണം എന്നെ വീട്ടിക്കൊണ്ടാക്കോ. സീൻ കോണ്ട്ര. ഞാൻ കോണ്ട്ര ആക്കി.
കരഞ്ഞു കരഞ്ഞു നേരം ഉച്ചയാക്കി. അപ്പോഴേക്കും ഞാൻ ഒരു വിധം ലെവൽ ആയിരുന്നു. ദാ പെട്ടന്ന് ടീച്ചർ വരുന്നു,
എന്റെ കൈപിടിച്ച് നേരെ ആപ്പീസിലേക്ക് നടന്നു.
ദാ നിക്കുന്നു. നമ്മുടെ പിതാശ്രീ. ചത്തോന്നറിയാൻ വന്നതാണോ എന്ന
ഭാവത്തിൽ ഞാൻ ഒരു നോട്ടം പാസ്സാക്കി.
“അച്ചു ഇന്ന് പൊക്കോട്ടാ, നാളെ വൈകുന്നേരമേ വിടൂ, വരുമ്പോ ചോറൊക്കെ എടുത്തിട്ട് വരണം കേട്ടോ” എന്ന് ടീച്ചറിന്റെ വക ഒരു ഉപദേശം. ഒരു വലിയ തലവേദനക്ക് താൽക്കാലിക ആശ്വാസത്തിന്റെ മേമ്പൊടി ചാലിച്ച് കിട്ടി.
വീട്ടിലേക്കു പോവാൻ ബിജു ഏട്ടന്റെ ഓട്ടോയിൽ കേറുന്നേന്റെ മുന്നേ തന്നെ ഞാൻ എന്റെ ഘോരമായ പ്രസ്താവന ഇറക്കി,
“ഞാൻ നാളെ വരൂല്ല, ഞാൻ വരൂല്ലാന്നു പറഞ്ഞാ വരൂല്ല.”
“ആഹാ, നിന്റെ കല്പന ആയിരിക്കണ്ടേ, കാണാല്ലോ നമുക്ക്. നിന്നെ കെട്ടിവലിച്ചു കൊണ്ടാവും. വെറുതെ വാശി പിടിക്കാൻ നിക്കണ്ട.” അച്ഛന്റെ കൗണ്ടർ ഇടിത്തീ പോലെ എന്റെ തലയിൽ വീണു. ഞാൻ ചിണുങ്ങി “ഞാൻ പോവൂല്ല.”
വീട്ടിൽ എത്തി, കരഞ്ഞു നിലവിളിച്ചു നടന്നത് കൊണ്ടും ഭയങ്കര വിശപ്പായതു കൊണ്ടും നേരെ അമ്മന്റടുത്തേക്കു ഓടി. ഇനി എന്തായാലും നാളെ നോക്കിയാ മതിയല്ലോ. ഫുഡ് അടിയും കുരുത്തക്കേടുകളും അതിനുള്ള പതിവ് അടിയും
വാങ്ങിച്ചു കൂട്ടി അന്നത്തെ ദിവസം ദേ പോയി പിറ്റേന്ന് രാവിലെ ദാ വന്നു.
അമ്മ രാവിലെ തന്നെ വിളിച്ചെണീപ്പിച്ചു പല്ലൊക്കെ തേപ്പിച്ചു, കുളിപ്പിച്ചു ചായേം കുടിപ്പിച്ചു കുട്ടപ്പനാക്കി നിർത്തിച്ചു. ബിജു
ഏട്ടന്റെ ഓട്ടോ മുറ്റത്തെത്തി. “അച്ചു വേഗം ഇറങ്ങിക്കോ, ഇതാ വണ്ടി വന്നു. ഇന്നും കൂടിയേ വണ്ടി വരുള്ളൂ, നാളെ മുതൽ നടന്നിട്ടാണ് പോവണ്ടത്” എന്നും പറഞ്ഞു അച്ഛൻ റൂറൂമിലേക്ക് നടന്നു വന്നു.
“എവിടെ, അച്ചു എവിടെ, ഉഷേ അച്ചു എവിടെപ്പോയി?”
“റൂമിൽ ഇരുന്നു കരഞ്ഞാണ്ടിരിക്കുന്നുണ്ടായിരുന്നല്ലോ.”
അമ്മേന്റെ മറുപടി.
ആകെ പ്രശ്നമായില്ലേ, സംഗതി എന്താ,
എന്നെ കാണ്മാണ്ടായി…..
അങ്ങനെ അച്ഛനും അമ്മയും
ഇളയച്ഛനും മൂത്തമ്മയും വല്യച്ചനും വല്യമ്മയും ഏട്ടനും (കൂട്ട് കുടുംബം ആണേ)
എല്ലാവരും തിരയാലോ തിരയൽ, റൂമെല്ലാം നോക്കുന്നു, വാതിലിന്റെ പുറകിൽ നോക്കുന്നു, തട്ടിൻ പുറത്തു നോക്കുന്നു…
ഹോ ഒന്നും പറയണ്ടാ, ആകെയൊരു ബഹളം. എന്നാലോട്ടു എന്നെ കിട്ടിയോ, അതുമില്ല. കാണാതായ എന്നെ കണ്ടു കിട്ടിയില്ലാന്നു….
“ഇവിടുണ്ട് ഇവിടുണ്ട്” ഏട്ടന്റെ ശബ്ദം ആണ്. ജീവിക്കാൻ സമ്മതിക്കൂല്ല അല്ലെ? ; ; ജാങ്കോ ഞാൻ രാവിലെ തന്നെ പെട്ടു. മര്യാദക്ക് ഒന്ന് ഒളിക്കാനും സമ്മതിക്കൂല്ല. അപ്പൊ
എന്താ സംഭവം, കല്ല് ഉയർത്തിക്കെട്ടിയ കിണറ്റിന്റെ കരയിൽ ഒളിച്ചിരിക്കുവാരുന്നു ഞാൻ.
