കനി

 

ഞാൻ പെട്ടി എല്ലാം ഒരു മൂലയ്ക്ക് വെച്ചു.. നല്ല സൗകര്യം ഉള്ള മുറി ആണ്.. ഞാൻ കുളിച്ചു പുറത്തേക്ക് വന്നു.. അപ്പോൾ ഇളയച്ഛൻ എന്നേം നോക്കി റൂമിൽ ഇരിപ്പുണ്ടായിരുന്നു.. എന്നോട് ചോദിച്ചു, ഡാ നീ കഴിക്കുമോ?? തണുപ്പ് അല്ലെ അത് കൊണ്ട് ചോദിച്ചതാ.. കഴിക്കും എന്നുള്ള എന്റെ മറുപടി കേട്ടതും ഇളയച്ഛൻ 2 ഗ്ലാസ്സിലായി ഓരോന്ന് ഒഴിച്ചു..

ഞങ്ങൾ ചിയേർസ് പറഞ്ഞ് ഒറ്റ വലിക്ക്‌ അത് കുടിച്ചു.. ആ തണുപ്പത് അത് എനിക്ക് നല്ല സുഖകരാമായി തോന്നി.. ഇളയച്ഛൻ അപ്പോൾ ഓരോന്ന് കൂടി ഒഴിച്ചു.. അതും കൂടി കഴിച്ചപ്പോൾ തണുപ്പിനോട് ഒന്ന് മല്ലിടാനുള്ള ഉന്മേഷം വന്നു.. ഒപ്പം വല്ലാത്ത വിശപ്പും.. ഇളയച്ഛൻ അപ്പൊ എന്നോട് പറഞ്ഞു, വാടാ കഴിക്കാം.. പിന്നെ നമ്മൾ രണ്ടെണ്ണം കീറിയ കാര്യം അവൾ അറിയണ്ട.. കഴിക്കുന്ന കൊണ്ട് കുഴപ്പം ഉണ്ടായിട്ടല്ല.. ആദ്യ ദിവസം അല്ലേ.. അതാ.. പതിയെ നമുക്ക് ഓപ്പൺ ആയി തുടങ്ങാം..

 

ഞാനും ഒന്ന് പുഞ്ചിരിച്ചു.. ഞങ്ങൾ കഴിക്കാൻ ഇരുന്നു.. അപ്പോൾ ഞാൻ ഇളയച്ചനോട് ചോദിച്ചു, ഇപ്പൊ താമസത്തിനു ആരുമില്ലേ??

 

ഇളയച്ഛൻ : ഓഫ് സീസൺ ആണ്.. ഇടയ്ക്കൊക്കെ ആരെങ്കിലും വന്നാലേ ഉള്ളു.. ഇനി സീസൺ ആവണം.. അപ്പോൾ തിരക്ക് ആവും.. ആ സമയത്ത് കിട്ടുന്ന കൊണ്ട് ഈ സമയം കഴിഞ്ഞു കൂടും..

 

ഞങ്ങൾ കഴിക്കാൻ തുടങ്ങി.. അത്രയും രുചികരമായ ആഹാരം ഞാൻ അടുത്ത കാലത്തൊന്നും കഴിച്ചിരുന്നില്ല.. അത്രയ്ക്കു രുചി ആയിരുന്നു.. ഞാൻ അത് ഇളയമ്മയോട് പറയുകയും ചെയ്തു..

 

അപ്പോൾ ഇളയമ്മ പറഞ്ഞു അത് കനി ഉണ്ടാക്കിയതാടാ..

 

ഞാൻ : അതാരാ കനി??

 

ഇളയമ്മ : ഇവിടെ സഹായത്തിനു വരുന്നതാ.. കുറച്ചു മാറിയാ വീട്..

 

ഞാൻ : എന്തായാലും കൈപ്പുണ്യം ഉള്ള ആളാ..

 

ആഹാരം കഴിച്ചു ഞാൻ പോയി കിടന്നു.. യാത്ര ക്ഷീണം ഉണ്ടായിരുന്നതിനാൽ വേഗം ഉറങ്ങി.. രാവിലെ എണീറ്റു പുറത്തേക്ക് ഇറങ്ങാൻ ആഗ്രഹിച്ചെങ്കിലും തണുപ്പ് അതിന് സമ്മതിച്ചില്ല.. മൂടി പുതച്ചു ഞാൻ പുറത്തേക്ക് ഇറങ്ങി.. ഇളയമ്മ എന്നെ കണ്ടതും പറഞ്ഞു, തണുപ്പ് നിനക്ക് ശീലം ഇല്ലാത്ത കൊണ്ടാ ഇത്രേം പാട്, കുറച്ചു ദിവസം കൊണ്ട് ശെരി ആവും, ഞാൻ ചായ എടുക്കാം..

 

ഇളയമ്മ പോയതും ഞാൻ വെറുതെ പുറത്തേക്ക് ഇറങ്ങി.. ചതുരകൃതിയിൽ ഉള്ള ഒരു വലിയ തൂൺ വാതിക്കൽ ഉണ്ടായിരുന്നു.. അപ്പുറം നിൽക്കുന്ന ആളെ കാണാൻ കഴിയാത്ത അത്ര വലുത്..

 

പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു.. തൂണിലേക്ക് ചാരി മഴയെ നോക്കി കൊണ്ട് നിന്നപ്പോൾ കുപ്പിവളകൾ കൂട്ടി മുട്ടുന്ന പോലൊരു ശബ്ദം കേൾക്കാൻ തുടങ്ങി.. തൂണിന്റെ മുന്നിലൂടെ ഇടത്തേക്ക് നോക്കിയ ഞാൻ കണ്ടത്, നിറയെ കുപ്പിവളകൾ ഇട്ട മനോഹരമായ രണ്ടു കൈകൾ മഴ തുള്ളികളെ തട്ടി തെറിപ്പിക്കുന്നതാണ്.. നേർത്ത വിരലുകളും വെട്ടി ഒതുക്കിയ നഖങ്ങളും കുപ്പിവളകളും ആ കൈയുടെ ഭംഗി കൂട്ടി..

ഇത് ആരായിരിക്കും എന്ന ചോദ്യം മനസ്സിൽ ഉയർന്നപ്പോഴും ആദ്യം തോന്നിയത് ആ മുഖം ഒന്ന് കാണാൻ ആണ്.. തൂണിന്റെ വക്കിൽ പിടിച്ച് ഞാൻ പതിയെ ചാഞ്ഞു.. തൂണിന്റെ മറുപുറത്തേക്ക് ഏന്തി വലിഞ്ഞു.. തൂണിന്റെ മറുപ്പുറം എന്റെ മുഖം എത്തിയതും അവിടെ ഞാൻ പ്രതീക്ഷിച്ച പോലെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. അപ്രതീക്ഷിതമായി എന്നെ കണ്ടതും അവൾ വല്ലാതെ നടുങ്ങി പോയി.. അവളുടെ കണ്ണുകളിലേക്ക് മാത്രമാണ് എന്റെ നോട്ടം പോയത്.. അത്രയ്ക്ക് ഭംഗിയുള്ള കണ്ണുകൾ ഞാൻ മുൻപ് കണ്ടിട്ടേ ഇല്ലായിരുന്നു..

എന്നെ കണ്ടു പേടിച്ച അവൾ പെട്ടെന്ന് നിലവിളിച്ചു, പെട്ടെന്ന് ഓടാൻ തുടങ്ങി.. അവളുടെ നിലവിളിയിൽ ഭയന്ന എന്റെ കൈവിരലുകൾ തൂണിൽ നിന്നുള്ള പിടി വിട്ടിരുന്നു.. ഓടുന്ന അവളെയും നോക്കി പെയ്യുന്ന മഴയിലേക്ക് ഞാൻ മലന്നടിച്ചു വീണു.. ഞാൻ വീഴുന്ന കണ്ട അവൾ ഒന്ന് നിന്നു.. അപ്പോൾ ഇളയമ്മ ഓടി വന്നു.. ഇളയമ്മയെ കണ്ടതും അവൾ വീണ്ടും ഓടി മറഞ്ഞു..

 

ഇളയമ്മ ഓടി വന്ന് എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു.. എന്നിട്ട് ചോദിച്ചു, എന്താടാ പറ്റിയെ? നീ എങ്ങനാ വീണേ? എന്തേലും പറ്റിയോ? ഞാൻ അല്പം ചമ്മലോടെ പറഞ്ഞു, കാലു തെന്നിയതാ.. ഒന്നും പറ്റിയില്ല..

 

ഇളയമ്മ എന്നേം കൂട്ടി അകത്തേക്ക് പോയി.. അപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് ആ കണ്ണുകൾ ആയിരുന്നു.. ആരായിരുന്നു അവൾ? ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.. മുറിയിൽ എത്തി നനഞ്ഞ തുണി എല്ലാം മാറ്റി ഞാൻ പുറത്തേക്ക് വന്നു.. അപ്പോൾ ഇളയമ്മ വന്നു ചോദിച്ചു, നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ?? ഇല്ലെന്ന് ഞാനും പറഞ്ഞു.. എന്ന വാ കഴിക്കാം എന്നും പറഞ്ഞു ഇളയമ്മ എന്നേം കൂട്ടി നടന്നു..

കഴിക്കാൻ ഇരുന്നതും പുറകിൽ നിന്നും ഒരു പ്ലേറ്റ് യുമായി വന്ന കൈ ഞാൻ കണ്ടു.. മഴയിൽ നേരത്തെ കണ്ട അതെ കൈകൾ.. ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി.. അതെ പെൺകുട്ടി.. അവളുടെ കണ്ണുകൾ വീണ്ടും എന്നെ ആകർഷിക്കാൻ തുടങ്ങി.. ഞാൻ കഷ്ടപ്പെട്ട് ആ കണ്ണുകളിൽ നിന്ന് നോട്ടം പിൻവലിച്ചു.. അവളെ ആകെ ഒന്ന് നോക്കി..

നല്ല ഐശ്വര്യം ഉള്ള മുഖം.. കണ്ണുകൾ ആണ് ഏറ്റവും ആകർഷനീയം.. ചെറിയ ചുണ്ടുകൾ.. മനോഹരമായ മൂക്ക്.. നല്ല ഭംഗിയിൽ ഒതുക്കി വെച്ച മുടി.. ഞാൻ കണ്ണെടുക്കാതെ ആ മുഖത്തേക്ക് നോക്കി ഇരുന്നു.. ഓരോ മനുഷ്യനും സൗന്ദര്യം എന്നത് അവന്റെ കണ്ണുകൾ അനുസരിച്ചു മാറി കൊണ്ടിരിക്കും.. ഒരു കാര്യം എനിക്ക് മനസിലായി എന്റെ കണ്ണുകൾക്ക് ഇതിലും മനോഹരമായി മറ്റൊന്നും കാണാൻ പറ്റില്ലെന്ന്..

 

അപ്പോഴേക്കും ഇളയമ്മ വന്നു.. ഇളയമ്മ ആ പെൺകുട്ടിയെ എനിക്ക് പരിചയപ്പെടുത്തി.. ഡാ ഇതാണ് കനി..

 

ഞാൻ ആ പേര് മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരുന്നു..

പിന്നെ അവളെ കണ്ടതെ ഇല്ല.. ഞാൻ കഴിച്ചു പുറത്തേക്ക് ഇറങ്ങി.. ഇളയമ്മയോട് ഒന്ന് നടന്നിട്ട് വരാമെന്ന് പറഞ്ഞു.. ആ കാടിന് ഉള്ളിലൂടെ നടക്കുമ്പോൾ മനസ് വല്ലാതെ സ്വസ്ഥമായി തോന്നി.. കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോൾ അവിടെ ഒരു ചെറിയ അരുവി കണ്ടു.. അതിനു അടുത്തേക്ക് ചെന്നപ്പോൾ അവിടെ ആരോ ഇരിക്കുന്നത് കണ്ടു..

അത് കനി ആയിരുന്നു.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.. കാൽപെരുമാറ്റം കേട്ടാവണം അവൾ തിരിഞ്ഞു നോക്കി.. എന്നെ കണ്ടതും പെട്ടെന്ന് എഴുന്നേറ്റു.. ഞാൻ അടുത്തേക്ക് ചെന്നു.. ഞാൻ അവളോട് ചോദിച്ചു.. ഒരാൾ വീഴുന്നത് കണ്ടാൽ, പരിചയം ഇല്ലെങ്കിൽ പോലും ഒന്ന് പിടിച്ചു എഴുന്നേൽപ്പിച്ചുടെ??

 

കനി : ഞാൻ വല്ലാതെ പേടിച്ചു പോയി.. പെട്ടന്ന് തൂണിനു മുന്നിലൂടെ വന്നപ്പോ.. അതാ കരഞ്ഞതും ഓടിയതും.. വീണത് കണ്ടപ്പോ അങ്ങോട്ട് വരാൻ തുടങ്ങിയതാ.. അപ്പോഴാ കാഞ്ചിയമ്മ വന്നത്