കോബ്രാ ഹില്‍സിലെ നിധി – 3

“ബൈ ദ വേ,”
ജയകൃഷ്ണന്‍ നടന്ന്‍ മറയുന്നത് നോക്കി ലത്തീഫ് പറഞ്ഞു.
“ആന്‍ ഇമ്പോര്‍ട്ടന്‍റ്റ് മാറ്റര്‍ ഈസ് റ്റു ബി ഡിസ്ക്കസ്ഡ്.”
എല്ലാവരും ലത്തീഫിനെ ആകാംക്ഷയോടെ നോക്കി.
നദീ തീരത്തെ ക്ഷേത്ര പരിസരത്ത് അടിയന്തിര മീറ്റിംഗ് വിളിച്ചുകൂട്ടിയപ്പോള്‍ തന്നെ എല്ലാവരും അനുമാനിച്ചിരുന്നു, ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന വിഷയം ഗുരുതരമായിരിക്കുമെന്ന്‍.
“കോബ്രാഹില്‍സിലെ നിധിയന്വേഷിച്ചു പുതുതായി ആരൊക്കെയോ എത്തിയിട്ടുണ്ട്.”
ക്ഷേത്രത്തറയില്‍ ഇരുന്ന്‍ മറ്റുള്ളവരോട് ഇരിക്കാന്‍ ആംഗ്യം കാണിച്ച് ലത്തീഫ് പറഞ്ഞു.
അവിശ്വസനീയതോടെയാണ് സംഘാംഗങ്ങള്‍ ആ വാര്‍ത്ത സ്വീകരിച്ചത്.
“ലത്തീഫ് ദാദാ … എങ്ങിനെയറിഞ്ഞു അത്?”
ഷെറിന്‍ ചോദിച്ചു.
ലത്തീഫ് മനോജിനെ നോക്കി.
പിന്നെ അവന്‍റെ തോളത്ത് കൈവെച്ചുകൊണ്ട് പറഞ്ഞു.
“ഇവന്‍, ഇവന്‍ കണ്ടു.”
കൂട്ടുകാര്‍ അദ്ഭുത വസ്തുവിനെയെന്നപോലെ മനോജിനെ നോക്കി.
“അതൊന്നു കൂടിപ്പറ,”
ലത്തീഫ് മനോജിനോട്‌ ആവശ്യപ്പെട്ടു.
ഒരു പ്രസംഗത്തിനുള്ള ഒരുക്കം പോലെ മനോജ്‌ കണ്‍ഠശുദ്ധി വരുത്തി.
ക്ഷേത്രപ്പടവില്‍ അവന്‍ എഴുന്നേറ്റ് നിന്നു.
“പറയാം,”
എല്ലാവരെയും നോക്കി ആംഗ്യവിക്ഷേപങ്ങളോടെ മനോജ്‌ പറഞ്ഞുതുടങ്ങി.
” പക്ഷിനിരീക്ഷണത്തില്‍ എന്‍റെ താല്‍പ്പര്യം കോബ്രാ ഗ്യാങ്ങിന് അറിവുള്ളതാണല്ലോ…ഇന്നലെ ഒരു യൂഹിനോ പക്ഷിയെ പിന്തുടര്‍ന്ന്‍ പിന്തുടര്‍ന്ന്‍ ചെന്നെത്തിയത് കോബ്രാ ഹില്‍സിന്‍റെ സെക്കന്‍ഡ് റേഞ്ചില്‍. ..”
“വാചകമടിക്കാതെ കാര്യം പറ പക്ഷിപിടുത്തക്കാരാ.”
ഷെറിന്‍ ഇടയ്ക്ക് കയറി.
“ഞാനെന്‍റെ റ്റെലസ്ക്കോപ്പുമായി നടക്കുമ്പോള്‍…”
“പുളുവടി തൊടങ്ങി,”
പ്രിയങ്ക ആബിദിന്‍റെ കാതില്‍ മന്ത്രിച്ചു.
“അപകടം പിടിച്ച യാത്ര ആ റേഞ്ചിന്‍റെ തുഞ്ചത്ത് വരെ തുടര്‍ന്നു …”
“എന്നിട്ട് എഴുത്തച്ചനെ കണ്ടുകാണും.’
പ്രിയങ്ക വീണ്ടും മന്ത്രിച്ചു.
“അന്തരീക്ഷം നിറയെ പൈശാചിക ഭാവം! കുറ്റാക്കുറ്റിരുട്ട്! കൊടുങ്കാറ്റിലുലയുന്ന വൃക്ഷശിഖരങ്ങള്‍! അപ്പോള്‍ ഞാന്‍ നിലാവിലൂടെ കണ്ടു…!”
“കുറ്റാക്കുറ്റിരുട്ടും നിലാവും..!! നല്ല കൊമ്പിനേഷന്‍!”
പ്രിയങ്ക കമന്‍റ്റ് തുടര്‍ന്നു.
“പെട്ടെന്ന്…”
മനോജ്‌ വിവരണം തുടന്നു.
“പെട്ടെന്നാണ് ഞാന്‍ നില്‍ക്കുന്നതിന്‍റെ ചരിവില്‍, താഴെ, രണ്ടാളുകള്‍ നില്‍ക്കുന്നു. അവര്‍ കറുത്ത തുണികൊണ്ട് മുഖം മറച്ചിരുന്നു. കറുത്ത വേഷമായിരുന്നു. ഞാന്‍ ഒരു മരത്തിന്‍റെ പിമ്പില്‍ മറഞ്ഞു.”
“എന്നിട്ട് മൂത്രമൊഴിച്ചുകാണും,”
പ്രിയങ്ക വീണ്ടും മന്ത്രിച്ചു.
സംഘാംഗങ്ങളുടെ മുഖത്ത് ആകാംക്ഷ നിറയുന്നത് ലത്തീഫ് കണ്ടു.
“എന്നിട്ട്?”
രാജേഷ് ഉദ്വേഗത്തോടെ ചോദിച്ചു.
“ഒരുത്തന്‍ പിക് ആക്സ് കൊണ്ട് നിലം കുഴിക്കുന്നു.”
“റിയലി?”
ദിവ്യ പെട്ടെന്ന്‍ ചോദിച്ചു.
“ങ്ങ്ഹാ,”
“മറ്റവനോ?”
രാജു തിരക്കി.
“അയാള്‍ നിലത്ത് ഇരിക്കുന്നു. ചുറ്റുപാടും നോക്കുന്നു. കൈയില്‍ ഗണ്‍ ഉണ്ട്. ഹണ്ടിംഗ്‌ ഗണ്‍ അല്ല. ഹൈലി സോഫിസ്റ്റിക്കേറ്റഡ് ആയ ഗണ്‍. പിന്നെ അയാള്‍ കൈയില്‍ എന്തോ വിടര്‍ത്തിപ്പിടിചിരിക്കുന്നു.”
“ലത്തീഫ് ദാദാ, അതാ മാപ്പ് ആയിരിക്കും,”
ആബിദ് അഭിപ്രായപ്പെട്ടു.
“നീ അവരെ ഇതിനു മുമ്പ് ഒരിടത്തും കണ്ടിട്ടില്ലേ?”
ഫെലിക്സ് ചോദിച്ചു.
“ഹ! അതെങ്ങനെയാ? ഞാനാദ്യം പറഞ്ഞില്ലേ, അവമ്മാര് കറുത്ത തുണികൊണ്ട് മൊഖം മറച്ചിരുന്നൂന്ന്‍?”
“അപ്പിയറന്‍സെങ്ങനെ?”
റോസ്‌ലിന്‍ ചോദിച്ചു.
‘രണ്ടാള്‍ക്കും നല്ല ഉയരമുണ്ട്. നെലത്തിരുന്നയാള്‍ക്ക് നല്ല തടിയും.”
കൂട്ടുകാര്‍ക്കിടയില്‍ ആഴമുള്ള ഒരു മൌനം വീണു.
ലത്തീഫ് ദൂരെ മലനിരകളിലേക്ക് നോക്കി.
അപരാഹ്നത്തിന്‍റെ തീവ്ര നിശബ്ദതയിലാണ് കോബ്രാഹില്‍സ്‌.
“അവര്‍ക്ക് എന്തോ സംശയം തോന്നിയതുപോലെ തോന്നി,”
മനോജ്‌ തുടര്‍ന്നു.
“പെട്ടെന്ന്‍ തന്നെ അവര്‍ പണി നിര്‍ത്തി. മുമ്പില്‍ കൊറേ പാറക്കൂട്ടങ്ങള്‍ ഉണ്ടാരുന്നു. അതിനിടെക്കൊടെ അവര് നടന്ന്‍ മറഞ്ഞു. വടക്കോട്ട്‌. അവര്‍ക്ക് മാത്രം അറിയാവുന്ന ഒരു മാര്‍ഗ്ഗത്തിക്കൊടെ. മറ്റു വഴിയൊന്നും ഇല്ലാത്ത കൊണ്ട് ഞാന്‍ തിരിച്ച് പോന്നു.”
സംഘാംഗങ്ങള്‍ ആകാംക്ഷയോടെ ലതീഫിനെ നോക്കി.
അവന്‍റെ കണ്ണുകള്‍ ഇപ്പോഴും കോബ്രാഹില്‍സിലാണ്.
“കഴിഞ്ഞ വര്‍ഷമാണ്‌ നമ്മള്‍ ഒരു ഉത്തരേന്ത്യക്കാരന്‍റെ കാലുകള്‍ തല്ലിയൊടിച്ചത്,”
ലത്തീഫിന്‍റെ ദൃഡതയുള്ള സ്വരം ഉയര്‍ന്നു.
“ഒരു ബീഹാറി. പത്രപ്രവര്‍ത്തകന്‍റെ വെഷം കെട്ടി അവന്‍ കൊറേ നാള്‍ ഇവിടെ താമസിച്ചു. നമ്മള്‍ അവനെ നിരീക്ഷിച്ചു. അവന്‍റെ ഓരോ നീക്കവും പിന്തുടര്‍ന്നു. പിന്നീട് ഒരു രാത്രിയില്‍ കാടിനുള്ളില്‍ വെച്ച് നമ്മള്‍ അവനെ പിടിച്ചു. കരഞ്ഞ് കാല് പിടിച്ചത്കൊണ്ട് നാം അവനെ കൊല്ലാതെ വിട്ടു.”
ലത്തീഫിന്‍റെ കണ്ണുകള്‍ കോബ്രാഹില്‍സിലേക്ക് വീണ്ടും നീണ്ടു.
കൂട്ടുകാര്‍ ആകാംക്ഷയോടെ അവന്‍റെ അടുത്ത വാക്കുകള്‍ക്ക് കാതോര്‍ത്തു.
“ഒരു വര്ഷത്തിന് ശേഷം ആ മഹത്തായ ഉത്തരവാദിത്തം നമ്മുടെ കൈകളിലേക്ക് വീണ്ടും വന്നിരിക്കുകയാണ്,”
കൂട്ടുകാര്‍ ലത്തീഫിന്‍റെ ആവേശം തുളുമ്പുന്ന വാക്കുകള്‍ വീണ്ടും കേട്ടു.
“ചരിത്ര പുസ്തകങ്ങള്‍ പറയുന്നത് സൂര്യ വംശത്തിലെ രാജാക്കന്മാര്‍ രാജ്യത്തിന്‍റെ സമ്പത്ത് ഒരിക്കലും ദുര്‍വിനിയോഗം ചെയ്തിരുനില്ല എന്നാണ്. മറിച്ച് അതിന്‍റെ വിശ്വസ്തരായ കാവല്‍ സേനയായി അവര്‍ നിലകൊണ്ടു എന്നാണ്. ആ സമ്പത്ത് സുരക്ഷിതമായി ശാന്തിപുരത് നിലനിര്‍ത്തുക എന്നതാണ് നമ്മുടെ സംഘത്തിന്‍റെ പ്രധാന ചുമതല.”
ലത്തീഫ് എഴുന്നേറ്റു.
അവന്‍ മുഷ്ട്ടിചുരുട്ടി.
“നാടിന്‍റെ സമ്പത്ത് കൊള്ളയടിക്കാന്‍ വരുന്ന ഏതൊരു ശത്രുവിനെയും നേരിടുക! വീ ഹാവ് ആന്‍ ആക്ഷന്‍! ആന്‍ ആക്ഷന്‍ ഓഫ് റെസിസ്റ്റന്‍സ്. റ്റു ആള്‍ ദ ഇന്വേഷന്‍സ് റ്റു ഔര്‍ അഫയേഴ്സ്!”‘
“യെസ്, യെസ്!!”
സംഘാംഗങ്ങള്‍ ആവേശഭരിതരായി മുഷ്ട്ടിചുരുട്ടി.
ലത്തീഫ് വീണ്ടും സംസാരിക്കാന്‍ തുടങ്ങുന്നത് കണ്ട്‌ അവര്‍ വീണ്ടും നിശബ്ദരായി.
“മനോജ്‌ ഇന്നലെ കണ്ടത് കൊട്ടാരത്തില്‍ നിന്ന്‍ മോഷ്ട്ടിക്കപ്പെട്ട മാപ്പുകളിലൊന്നാണ്.”
ലത്തീഫ് തുടര്‍ന്നു.
“ദിവ്യേ നീ ഇനിയെങ്കിലും വിശ്വസിക്കണം. നിന്‍റെ ഡാഡിയെ ചതിച്ചവനാണ് രോഹിത്.”
എല്ലാവരും ദിവ്യയെ നിശബ്ദരായി നോക്കി.
അവള്‍ക്ക് രോഹിതിനോടുള്ള ബന്ധത്തിന്‍റെ തീവ്രത എല്ലാവര്ക്കും അറിവുള്ളതാണ്.”
പൊതുജനങ്ങള്‍ പോലും അയാളെ ചതിയനായി കാണുന്നുണ്ടെങ്കിലും അവള്‍ അയാളെ അവിശ്വസിക്കുന്നില്ല എന്ന്‍ എല്ലാവരും അറിഞ്ഞിരുന്നു.
“നമ്മളെല്ലാവരും കണ്ടതല്ലേ, അയാള്‍ കോബ്രാഹില്‍സില്‍ മരിച്ചുകിടന്നത്,”
സതീഷ്‌ ഓര്‍മ്മപ്പെടുത്തി.
“ഞാനാ അയാടെ പോക്കറ്റില്‍ ആ മാപ്പ് ആദ്യം കണ്ടെ,”
ആബിദ് ദിവ്യയെ നോക്കി പറഞ്ഞു.
“അറിയോ നിനക്ക്, നിന്‍റെ ഡാഡിയുടെ ലൈബ്രറിയില്‍ നിന്ന്‍ മോഷ്ട്ടിക്കപ്പെട്ട മാപ്പുകള്‍,”
വിന്‍സെന്‍റ്റും തന്‍റെ അഭിപ്രായം മറച്ചുവെച്ചില്ല.
ദിവ്യ അവരുടെ അഭിപ്രായങ്ങള്‍ നിശബ്ദതയോടെ കേട്ടു.
“രോഹിത് അങ്കിള്‍ അങ്ങിനെ ചെയ്യൂന്നു ഞാന്‍ ഒരിക്കലും വിശ്വസിക്കില്ല,”
അല്പ്പനിമിഷങ്ങള്‍ക്ക് ദിവ്യ പറഞ്ഞു.
“പക്ഷെ ദിവ്യാ…”
“സമ്മതിച്ചു,”
സതീഷിനെ തുടരാന്‍ അനുവദിക്കാതെ ദിവ്യ ദിവ്യ തുടര്‍ന്നു.
“രോഹിത് അങ്കിള്‍ കോബ്രാഹില്‍സില്‍ മരിച്ചു കിടക്കുന്നത് നിങ്ങള്‍ കണ്ടതാണ്. ഞാനും കണ്ടതാ. പക്ഷെ എന്‍റെ ഉള്ളിന്റെയുള്ളില്‍ എനിക്കിപ്പോഴും വിശ്വാസമാ. എനിക്കങ്കിളിനെ നന്നായി അറിയാം. അദ്ദേഹം എന്‍റെ ഡാഡിയെ ഒരിക്കലും ചതിക്കില്ല.”
അവളുടെ സ്വരത്തിലെ വിശ്വാസതീവ്രത അവരെ നിശബ്ദരാക്കി.
അവരെ സംബന്ധിച്ച് ദിവ്യയുടെ വാദങ്ങള്‍ അസ്വീകാര്യമായിരുന്നെങ്കിലും.
“അത് പോട്ടെ,”
ഷെറിന്‍ ലത്തീഫിനെ നോക്കി.
“നമ്മുടെ പ്ലാന്‍ എന്താ?”
“വെയിറ്റ് ആന്‍ഡ് ഒബ്സേര്‍വ്,”
ലത്തീഫ് പറഞ്ഞു.
“മനോജ്‌ ഇന്നലെ രാത്രിയില്‍ കണ്ടില്ലേ, അവരെ നമ്മള്‍ നിരീക്ഷിക്കും. അവരെക്കുറിച്ചുള്ള എല്ലാ ഡീറ്റയില്‍സും കളക്റ്റ് ചെയ്യും. ദെന്‍ വീ വില്‍ ബിഗിന്‍ ദ ആക്ഷന്‍!”

Leave a Reply

Your email address will not be published. Required fields are marked *