കോബ്രാ ഹില്‍സിലെ നിധി – 1

“ആട്ടെ,” ലത്തീഫ് ചോദിച്ചു. “ആളേത്‌ തരക്കാരനാ?”
ഒന്ന് മാത്രേ എനിക്കറിയൂ ലത്തീഫ് ദാദാ…” റോസ്‌ലിന്‍ വികാരഭരിതയായി. “ഐ ലവ് ഹിം. ഐ കാന്‍റ്റ് ഫോര്‍ഗെറ്റ് ഹിം. ഐ വാന്‍റ്റ് റ്റു ഗെറ്റ് ഹിം.”
മനോജ്‌ ഡ്രംസില്‍ ചടുലമായ ഒരു താളം സൃഷ്ട്ടിച്ചു.
“അങ്ങനെയാണെങ്കില്‍ ഇത് നടക്കട്ടെ; അല്ലേ?” സതീഷ്‌ അഭിപ്രായപ്പെട്ടു.
‘നീയിത്രേം ഇന്വോള്‍വ്ഡ് ആണേല്‍ അവനും ഈക്വലി ഇന്വോള്‍വ്ഡ് ആണേല്‍ ഞാന്‍ നേരെ പറയും: ഗോ ഓണ്‍ വിത്ത് ഇറ്റ്‌.”
ടോമി പിന്താങ്ങി.
“എന്‍റെയും അഭിപ്രായം അത് തന്നെ. ഗോ ഓണ്‍ വിത്ത്‌ ഇറ്റ്‌,” വിന്‍സെന്‍റ്റും യോജിച്ചു.
ലത്തീഫ് എല്ലാവരുടെയും മുഖത്ത് നോക്കി.
ആരുടേയും മുഖത്ത് വിയോജിപ്പ്‌ ഇല്ലന്ന്‍ മാത്രമല്ല, എല്ലാവരും ഒരാഘോഷത്തിലെന്നപോലെ പ്രസന്നരും ഉത്സാഹമുള്ളവരുമായി കാണപ്പെട്ടു.
“ഗ്രൂപ്പിന്‍റെ മൊത്തം അഭിപ്രായമെന്താ?” ലത്തീഫ് ചോദിച്ചു.
എലാവരും ഒരേ സ്വരത്തില്‍, സംഗീതാത്മകമായ ഈണത്തില്‍, കാതടപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു:
“ഗോ ഓണ്‍ വിത്ത്‌ ഇറ്റ്‌!”
ആ അഭിപ്രായപ്രകടനത്തില്‍ ദിവ്യ പങ്കെടുത്തിട്ടില്ല എന്ന്‍ ലത്തീഫ് ശ്രദ്ധിച്ചു.
മാത്രമല്ല ഈ വിഷയത്തില്‍ തീരെ ഉത്സാഹവുമില്ല എന്നും അവന്‍ കണ്ടു.
ലത്തീഫ് പതിയെ ദിവ്യയെ സമീപിച്ചു.
“നീയൊന്നും പറഞ്ഞില്ലല്ലോ, ദിവ്യേ,” അവന്‍ ചോദിച്ചു, “നിന്‍റെ അഭിപ്രായമെന്താ ഈ വിഷയത്തില്‍?”
ദിവ്യ ലത്തീഫിനെയും കൂട്ടുകാരെയും മാറിമാറിനോക്കി.
അവസാനം തന്നെ ആകാംക്ഷയോടെ നോക്കുന്ന റോസ്‌ലിനില്‍ അവളുടെ കണ്ണുകള്‍ തറഞ്ഞു.
“എനിക്ക് സമ്മതമില്ല,” ദിവ്യ പറഞ്ഞു, “ഗ്രൂപ്പിന്‍റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. റോസിനോട്‌ എനിക്കിതേ പറയാനുള്ളൂ: ഫോര്‍ഗെറ്റ്‌ ഹിം!”
“വൈ?” ലത്തീഫ് ചോദിച്ചു.
“വൈ? വൈ?” റോസ്‌ലിന്‍ ഒഴികെയുള്ള മറ്റു കൂട്ടുകാര്‍ ഒരുമിച്ച് ദിവ്യയെ ആക്രമിച്ചു.
“യൂ ആസ്ക്‌ മെ വൈ, ങ്ങ്ഹാ?” ദിവ്യ ആവേശത്തോടെ തിരച്ചടിച്ചു. “നിങ്ങള്‍ ഗോ ഓണ്‍ വിത്ത്‌ ഇറ്റ്‌ ഗോ ഓണ്‍ വിത്ത്‌ ഇറ്റ്‌ എന്ന്‍ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ഈ പ്രേമം എത്ര നല്ല കുടുംബബന്ധങ്ങളെ സൃഷ്ട്ടിച്ചിട്ടുണ്ട്?പ്രേമിച്ച് വിവാഹം കഴിച്ച് നന്നായി സ്ഥിരമായി നില്‍ക്കുന്ന എത്ര നല്ല ബന്ധങ്ങള്‍ കാണിച്ചുതരാന്‍ കഴിയും നിങ്ങള്‍ക്ക്? ഒരു പ്യുവര്‍ റൊമാന്‍സും റിയല്‍ ലൈഫില്‍ ഇല്ല. സിനിമയിലും ഫിക്ഷനിലുമല്ലാതെ.”
ഒന്നു രണ്ടുപേര്‍ ഉച്ചത്തില്‍ കോട്ടുവായിട്ടു.
“നില്‍ക്ക് നില്‍ക്ക്!” ആബിദ് ദിവ്യയെ പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചില്ല.
“ഇടയ്ക്ക് ഞാനല്‍പ്പം ചരിത്രവസ്തുതകള്‍ പറഞ്ഞോട്ടെ. നീ ചോദിച്ചല്ലോ, പ്രേമിച്ച് വിവാഹം കഴിച്ച് സ്ഥിരമായി നിലനില്‍ക്കുന്ന എത്ര ബന്ധങ്ങള്‍ കാണിച്ചുതരാന്‍ കഴിയൂന്ന്? സൂര്യവംശത്തിലെ ഇപ്പോഴത്തെ മഹാരാജാവ്, ദിവ്യാ ഗ്രൂപ്പ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍, നിന്‍റെ ഡാഡി ഹിസ്‌ ഹൈനസ് രാജശേഖര വര്‍മ്മയും നിന്‍റെ മമ്മി മഹാറാണി ഗായത്രിദേവി തമ്പുരാട്ടിയും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും സ്നേഹിച്ചതും തും പാസ് ആയെ യൂ മുസ്ക്കുരായെ എന്ന്‍ ഡ്യൂവറ്റ് പാടി മരമായ മരമൊക്കെ ചുറ്റിയതും വിവാഹിതരായതും അവരുടെ പ്രണയവല്ലരിയില്‍ ദിവ്യാ വര്‍മ്മ എന്ന മൂക്കളച്ചാത്തി രാജകുമാരി വിരിഞ്ഞതും സൂപ്പര്‍ വേഡ്സ് വര്‍ത്ത്യന്‍ ലാങ്ങ്‌വേജില്‍ പത്രമാസികകള്‍ കവര്‍ സ്റ്റോറികള്‍ എഴുതിയിട്ടുണ്ട്.”
ശ്വാസം വിടാന്‍ ആബിദ് ഒരു നിമിഷം നിര്‍ത്തി.
“അവര് ഡിവോഴ്സിന് വക്കീല്‍ നോട്ടീല്‍ നോട്ടീസ് അയച്ചോ?”
“യൂ,” ദിവ്യ ആബിദിന്‍റെ നേരെ രൂക്ഷമായി നോക്കി ചുരുട്ടിയ മുഷ്ട്ടിയുയര്‍ത്തി.
“പടച്ചോനെ!” രണ്ടു ചുവട് പിമ്പോട്ടു മാറി ആബിദ് തുടര്‍ന്നു.
“നീ പറയാതെതന്നെ ഞങ്ങള്‍ക്കറിയാം നിന്‍റെ ഡാഡിയേം മമ്മിയേം. വി ആര്‍ പ്രൌഡ് ഓഫ് ദെം. പ്രണയവിവാഹത്തിന്‍റെ വിജയത്തിന് ഏറ്റവും മനോഹരമായ ഉദാഹരണം നിന്‍റെ വീട്ടില്‍ത്തന്നെയുള്ളപ്പോള്‍ ഹൌ കുഡ് യൂ റിപ്രിമാന്‍ഡ് അസ്?”
“ബട്ട് ആബിദ്,” ദിവ്യ പറഞ്ഞു, “ഡാഡിടെടേം മമ്മീടെം കാര്യം, ഇറ്റ്‌ ഈസ് വെരി റേര്‍. അത്യപൂര്‍വ്വം..”
“ദിവ്യാ, ഇത് റോസിന്‍റെ പെഴ്സണല്‍ കാര്യം…” സഹതാപം നിറഞ്ഞ സ്വരത്തില്‍ രാജേഷ് പറഞ്ഞു.
“റ്റു മീ ഇറ്റ്‌ ഈസ്‌ റിയല്‍ ബുള്‍ഷിറ്റ്!” അവനെ തുടരാന്‍ അനുവദിക്കാതെ ദിവ്യ ഇടക്ക് കയറി.
അവള്‍ റോസ്‌ലിന്‍റെയടുത്ത് ചേര്‍ന്ന്‍ നിന്ന്‍ അവളുടെ ഇരു തോളുകളിലും കൈകളമര്‍ത്തി.
“റോസ്,” ദിവ്യ പറഞ്ഞു, “നിനക്ക് വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട്. ഐ വില്‍ റെസ്പെക്റ്റ് ഇറ്റ്‌. പക്ഷെ ഈ വിഷയത്തില്‍ എന്നോട്‌ നീ അഭിപ്രായം ചോദിച്ചാല്‍ കൃത്യമായും വ്യക്തമായും ഞാന്‍ പറയും: കട്ട് ദാറ്റ് ഔട്ട്!”
“ഓഹോ!” പ്രിയങ്ക ചൊടിച്ചു, “എങ്കില്‍ പറയെടീ, ഇതേ അനുഭവം നിനക്കുണ്ടായാല്‍ എന്ത് ചെയും നീ?”
“ഇതേ അനുഭവം?” ദിവ്യ പരിഹാസത്തോടെ ചോദിച്ചു, “എന്ന്‍ വെച്ചാല്‍ പ്രേമമോ? കേള്‍ക്ക് മോളെ, നീ പറഞ്ഞ ആ ഈ അനുഭവമില്ലേ? അത് എന്‍റെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കില്ല.”
“ഈ ഹിമാലയന്‍ ബ്ലണ്ടര്‍ ഒരുളുപ്പുമില്ലാതെ ഞങ്ങടെ മുമ്പില്‍ വിളമ്പാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു?” വിന്‍സെന്‍റ്റ് ചോദിച്ചു.
ദിവ്യ തന്‍റെ സണ്‍ഗ്ലാസ് അണിഞ്ഞു.
“ബിക്കോസ് ഐം ദിവ്യ. ദാറ്റ് ഈസ്‌ മൈ നെയിം.”
“ഹേയ്, ഹേയ്…അത്രയ്ക്ക് അഹങ്കരിക്കണ്ട നീ,” വിന്‍സെന്‍റ്റിനെ തള്ളിമാറ്റി മനോജ്‌ പറഞ്ഞു, “ഞാനൊന്നരക്കൈ നോക്കിയാല്‍ നീയെന്‍റ്റെ പൊറകെ വരും. പ്ലീസ് ലവ് മീ പ്ലീസ് ലവ് മീ എന്ന്‍ കരഞ്ഞുകൊണ്ട്. പിന്നെ എന്‍റെ ബെഡ് റൂമീന്ന്‍ ചവിട്ടിയിറക്കേണ്ടി വരും എനിക്ക്.”
ദിവ്യ അവനെ അവജ്ഞയോടെ നോക്കി.
“നീ പോടാ.”
“അതുപോട്ടെ,” ലത്തീഫ് ഗൌരവത്തില്‍ പറഞ്ഞു, “ഇപ്പറഞ്ഞ കാരണമല്ലാതെ മറ്റെന്തെങ്കിലും ദിവ്യക്ക് പറയാനുണ്ടോ?”
“ഒരു കാരണം കൂടിയുണ്ട്. അതാണ്‌ ഏറ്റവും പ്രധാനം.”
എല്ലാവരും ദിവ്യയുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി.
“എന്താ അത്?”
കൂട്ടുകാരുടെ ജിജ്ഞാസ ലത്തീഫിന്‍റെ ശബ്ദത്തിലും പ്രതിഫലിച്ചു.
“നമ്മുടെ ഗ്രൂപ്പിന് ഈ സിറ്റീല്‍ ഒരു ശത്രു മാത്രമേയുള്ളൂ,” ദിവ്യ വിശദീകരിച്ചു. “ജയകൃഷ്ണനും അവന്‍റെ ഗാങ്ങും.”
അവരുടെ നെറ്റികളില്‍ ചുളിവുകള്‍ വീഴുന്നത് ദിവ്യ ശ്രദ്ധിച്ചു.
“ജയകൃഷ്ണനെപ്പോലെ ഹൈലീ ഇമ്മോറല്‍ ആയ ഒരു ഗ്യാങ്ങ്‌ ലീഡറിന്‍റെ ഗ്രൂപ്പിലെ മെമ്പറാണ് സിദ്ധാര്‍ത്ഥന്‍ എന്ന്‍ എന്‍റെ സുഹൃത്തുക്കള്‍ക്ക് എത്ര പേര്‍ക്കറിയാം?”
ദിവ്യ പുറത്തുവിട്ട വാര്‍ത്തയ്ക്ക് മുമ്പില്‍ എല്ലാവരും സംഭീതരായി.
“കോബ്രാഹില്‍സിലെ നിധിയടക്കമുള്ള ഹൈലീ സെന്‍സിറ്റീവ് ആയ പല കാര്യങ്ങളും നമ്മള്‍ ഡീല്‍ ചെയ്യുന്നുണ്ട്,” ദിവ്യ തുടര്‍ന്നു, “നമ്മളെ തകര്‍ക്കാന്‍ പലതവണ അവര്‍ ശ്രമിച്ചിട്ടുണ്ട്. ഇത്തരം ഒരു സിറ്റുവേഷനില്‍ നമ്മള്‍ അറിയുന്ന ഒരു ആന്‍റ്റീ സോഷ്യലിന്‍റെ മുമ്പിലേക്ക് പ്രേമമല്ല, മറ്റെന്തിന്‍റെ പേരിലായാലും എനിക്ക് സാധ്യമല്ല റോസിനെ എറിഞ്ഞുകൊടുക്കാന്‍!”
ലത്തീഫ് റോസ്‌ലിനെ നോക്കി.
അവളുടെ മുഖത്ത് ഭയവും പതര്‍ച്ചയും അവന്‍ കണ്ടു.
“ഈ സിദ്ധാര്‍ത്ഥന്‍ ജയകൃഷ്ണന്‍റെ ഗ്യാങ്ങിലുള്ളവനാണ് എന്ന്‍ നിനക്കറിയാമായിരുന്നോ റോസ്‌ലിന്‍?”
സ്വരം കഴിയുന്നത്ര ശാന്തമാക്കി ലത്തീഫ് ചോദിച്ചു.
“ലത്തീഫ് ദാദാ…ഞാന്‍…’
“ജസ്റ്റ് സേ യസ് ഓര്‍ നോ.”
“യെസ്,” റോസ്‌ലിന്‍ സംഭ്രമത്തോടെ പറഞ്ഞു.
ലത്തീഫ് കുറെ സമയത്തേക്ക് ആലോചനമഗ്നനായി.
എല്ലാവരും അവനെ ഉറ്റുനോക്കി.
റോസ്‌ലിനും.
ലത്തീഫ് തീരുമാനം പറയുവാന്‍ പോകുകയാണ്.
അതാണ്‌ ഗ്രൂപ്പിന്‍റെ മൊത്തം തീരുമാനം.
ലത്തീഫെടുക്കുന്ന തീരുമാനമാണ് ഗ്രൂപ്പിന്‍റെ നിയമം.
“വ്യക്തിപരമായ നേട്ടത്തെക്കാള്‍ ഗ്രൂപ്പ് ഇന്നുവരെ നിലനിന്നിട്ടുള്ളത്‌ പൊതുനന്മാക്കാണ്,” എല്ലാവരെയും നോക്കി ലത്തീഫ് പറഞ്ഞു.
“തനിക്ക് ഇഷ്ട്ടപ്പെട്ട പുരുഷനെ സ്നേഹിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും റോസ്‌ലിന്‍ ജോസഫിനുണ്ടെങ്കിലും കോബ്രാ ഗാങ്ങിന്‍റെ നിയമങ്ങളെയും താല്‍പ്പര്യങ്ങളെയും അംഗീകരിക്കാത്ത, സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധിനേടിയ ജയകൃഷ്ണന്‍റെ ഗ്രൂപ്പിലെ അംഗമാണ് സിദ്ധാര്‍ത്ഥന്‍ എന്നതിനാല്‍ കോബ്രാ ഗാങ്ങില്‍ അംഗമായിരിക്കുന്ന കാലത്തോളം റോസ്‌ലിനെ ഈ ബന്ധത്തിന് നമ്മള്‍ അനുവദിക്കുന്നതല്ല. ഇതാണ് ഗ്രൂപ്പിന്‍റെ തീരുമാനം.”
എല്ലാവരും റോസ്‌ലിനെ നോക്കി.
അവളുടെ മുഖം ശോകാകുലമായി.
കണ്ണുകള്‍ ഈറനണിഞ്ഞു.
എങ്കിലും അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
“ഇന്നത്തെ റിഹേഴ്സല്‍ കഴിഞ്ഞു,” അന്തരീക്ഷത്തിന്‍റെ പ്രത്യേകത തിരിച്ചറിഞ്ഞ് ലത്തീഫ് പ്രഖ്യാപിച്ചു.
“നാളെ വൈകുന്നേരം കൃതം മൂന്നരയ്ക്ക് ഇവിടെ വെച്ച് നമ്മള്‍ കൂടിച്ചേരുന്നതായിരിക്കും.”
“ഓരോരുത്തരും തങ്ങളുടെ സംഗീത ഉപകരണം കേയ്സിനുള്ളില്‍ അടച്ചു.
അതിനിടയില്‍ ലത്തീഫ് റോസ്‌ലിന്‍റ്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ദിവ്യയും റോസ്‌ലിനും ചിരിച്ചുകൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
റോസ്‌ലിന്‍ സാധാരണ നിലയിലെത്തിയതുകണ്ട്‌ അവന്‍ സമാധാനിച്ചു.
സംഘം ഒരുമിച്ച് പുറത്തേക്ക് നടന്നു.
“ദിവ്യാ,” പുറത്തേക്ക് നടക്കുന്നതിനിടയില്‍ ടോമി ദിവ്യയോട് ചോദിച്ചു, “നീയങ്ങനെ പറയേണ്ട കാര്യമൊന്നുമില്ല. നാളെ എന്താ നടക്കുന്നേന്ന്‍ നിനക്കെങ്ങനെയറിയാം? നീ ആരേം പ്രേമിക്കില്ല എന്ന്‍ എന്താ ഉറപ്പ്?”
ദിവ്യ അതിനു മറുപടി പറഞ്ഞില്ല.
“നീയെന്ന് മുതലാ പ്രേമവിദ്വേഷിയായേ?”
“എനിക്ക് പ്രേമത്തോടോ പ്രേമിക്കുന്നവരോടോ വിദ്വേഷമൊന്നുമില്ല സുഹൃത്തുക്കളെ,” അവള്‍ ചിരിച്ചു, “എനിക്കെന്‍റെ ഡാഡീടേം മമ്മീടെം മോളായി ജീവിക്കാനാ ഇഷ്ട്ടം. എന്നെക്കുറിച്ചുള്ള അവരുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണ്ണമാക്കാനാ എനിക്കിഷ്ട്ടം. എന്നെക്കുറിച്ചുള്ള അവരുടെ എല്ലാ സ്വപ്നങ്ങളും സത്യമാക്കാനും.”
സംഘാംഗങ്ങള്‍ ഓരോരുത്തരും അവരവരുടെ ഇരുചക്രവാഹനങ്ങള്‍ സ്റ്റാര്‍ട്ട് മുമ്പോട്ട്‌ നീങ്ങി.
ആളുകള്‍ക്ക് അതൊരു കാഴ്ച്ചയാണ്.
പതിനേഴിനും ഇരുപതിനുമിടയ്ക്കാണ് അവരുടെ പ്രായം.
നിറസമൃദ്ധമായ വസ്ത്രങ്ങളില്‍, ആരോഗ്യവും പ്രസരിപ്പും സൌന്ദര്യവും തുളുമ്പുന്ന കൌമാര സംഘം.
തെരുവുകളില്‍ അവര്‍ സംഗീതവും നൃത്തവും നിറക്കുന്നു.
കളിക്കളത്തിലായാലും കലാരംഗത്തായാലും പൊതുപ്രവര്‍ത്തനങ്ങളിലായാലും കൌമാരക്കാരായ ആ സംഘത്തെ ഒരുമിച്ചു മാത്രമേ നഗരവാസികള്‍ കണ്ടിട്ടുള്ളൂ.
പ്രായം കൊണ്ടും സംഘടനാപാടവം കൊണ്ടും മുമ്പില്‍ നില്‍ക്കുന്നത് ലത്തീഫ് തന്നെയാണ്.
എങ്കിലും അവര്‍ക്കിടയിലെ ഏറ്റവും പ്രധാന ആകര്‍ഷണകേന്ദ്രം ദിവ്യയാണ്.
ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ദിവ്യ ഗ്രൂപ്പ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ രാജശേഖര വര്‍മ്മയുടെ മകള്‍.
പതിനെട്ടാം പിറന്നാളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന അവളുടെ വശ്യസൌന്ദര്യം കാഴ്ചക്കാരുടെ ഹൃദയമിടിപ്പ് തെറ്റിക്കും.
അവളുടെ നിറസൌന്ദര്യത്തെ പതിന്മടങ്ങ്‌ ചേതോഹരമാക്കുന്ന നീള്‍മിഴികളുടെ കാന്തികതയും ഉയര്‍ന്ന തുളുമ്പുന്ന മാറിടത്തിന്‍റെ ഭംഗിയും പലരുടെയും ഉറക്കത്തെ അസ്വസ്ഥമാക്കിയിരുന്നു.
കുലീനത നിറഞ്ഞ പെരുമാറ്റത്തിലെ ആകര്‍ഷണീയതയും ക്ഷത്രിയ സഹജമായ സ്വഭാവദാര്‍ഡ്യവും അവളെ പ്രശസ്തയാക്കിയിരുന്നു.
കൂട്ടുകാര്‍ക്ക് ശുഭരാത്രി നേര്‍ന്ന്‍ തന്‍റെ സൈക്കിളില്‍ തനിച്ചുവരികയായിരുന്നു ദിവ്യ.
നിറത്തില്‍ നിന്ന്‍ തുടങ്ങുന്ന കോബ്രാഹില്‍സിലേക്കുള്ള ഒറ്റയടിപ്പാതയുടെ അടുത്തെത്തിയപ്പോള്‍ അവള്‍ സൈക്കിള്‍ നിര്‍ത്തി.
അവളുടെ കണ്ണുകള്‍ ദൂരെ, ആകാശത്തേക്ക് ഉയര്‍ന്നുയര്‍ന്ന്‍ പോകുന്ന കൊടുമുടികളിലേക്ക് നീണ്ടു.
കോബ്രാഹില്‍സ്‌.
ഒടുങ്ങാത്ത നിഗൂഡതകളും പരേതാത്മാക്കളെക്കുറിച്ചുള്ള പുരാവൃത്തങ്ങളും നിറഞ്ഞ, ഇടതൂര്‍ന്ന കാടുകള്‍ നിറഞ്ഞ പര്‍വ്വത ശിഖരങ്ങള്‍.
അവള്‍ മലനിരകളില്‍നിന്ന്‍ നോട്ടം പിന്‍വലിച്ചു.
ജനനം മുതല്‍ കാണുന്നതാണെങ്കിലും അങ്ങോട്ട്‌ നോക്കാതിരിക്കാനാവുന്നില്ല.
അവള്‍ സൈക്കിളില്‍ നിന്നിറങ്ങി.
ഒറ്റയടിപ്പാത തുടങ്ങുന്നിടത്ത് ഒരു ആല്‍മരമുണ്ട്.
ആല്‍മരചുവട്ടില്‍ ഭഗവതിയുടെ വിഗ്രഹവും.
അവള്‍ ഭഗവതിയുടെ മുമ്പിലെത്തി കൈകള്‍ കൂപ്പി.
“എന്‍റെ ഭഗവതീ…” അവള്‍ മന്ത്രിച്ചു. “എന്‍റെ ഡാഡിയെ, മമ്മിയെ, രോഹിത് അങ്കിളിന്‍റെ ആത്മാവിനെ കാത്തുകൊള്ളണേ…”
തന്‍റെ കണ്ണുകളില്‍ ജലകണങ്ങള്‍ നിറഞ്ഞിരിക്കുന്നത് അവള്‍ അറിഞ്ഞു.
രോഹിത് അങ്കിളിനെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ അങ്ങനെ സംഭവിക്കുന്നു.
അവള്‍ വീണ്ടും കോബ്രാ ഹില്‍സിലേക്ക് നോക്കി.
കോബ്രാഹില്‍സില്‍ നിന്ന്‍ വീശിയടിക്കുന്ന കാറ്റില്‍ അയാളുടെ സാന്നിധ്യമുണ്ട് എന്ന്‍ അവള്‍ക്ക് തോന്നി.
“എന്‍റെ രോഹിത് അങ്കിള്‍…”
അവളില്‍നിന്ന്‍ അറിയാതെ ഒരാമന്ത്രണം പുറത്തു വന്നു.
അയാളുടെ മുഖം തന്‍റെ മുമ്പില്‍ തെളിയുന്നത് അവള്‍ അറിഞ്ഞു.
തനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ മുതല്‍ തന്‍റെ കൈപിടിച്ചുനടക്കുമായിരുന്ന, തനിക്ക് കഥകള്‍ പറഞ്ഞുതരുമായിരുന്ന, തനിക്ക് വേണ്ടി പാടുകയും ആടുകയും ചെയ്യുമായിരുന്ന തന്നെയും കൂട്ടി മലഞ്ചെരുവുകളിലും നദീതീരത്തും പോകുമായിരുന്ന രോഹിത് അങ്കിള്‍.
പാര്‍ട്ടികളില്‍ കേള്‍വിക്കാരെ വിസ്മയത്തിലാഴ്ത്തുന്ന വിധം പാടുകയും അസാധാരണ വൈഭവത്തോടെ നൃത്തം ചെയ്യുകയും ഇപ്പോഴും തമാശപറയുകയും എല്ലാക്കാര്യത്തിലും ഉത്സാഹം കാണിക്കുകയും ചെയ്യുമായിരുന്നു രോഹിത് അങ്കിള്‍.
കഴിഞ്ഞ വര്‍ഷം വരെ.
കഴിഞ്ഞ ഏപ്രിലില്‍ ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡില്‍, തന്നെ കൂട്ടിക്കൊണ്ട് പോകുവാന്‍ രോഹിത് അങ്കിള്‍ വന്നില്ല.
പകരം ലത്തീഫും കൂട്ടുകാരും വന്നു.
അവരുടെ മുഖത്ത് ഉത്സാഹമോ സന്തോഷമോ ഇലായിരുന്നു.
അവരില്‍ നിന്നാണ് താന്‍ ആ കരള്‍ പറിക്കുന്ന വാര്‍ത്ത കേട്ടത്.
രോഹിത് അങ്കിളിന്‍റെ ജഡം കോബ്രാഹില്‍സിന്‍റെ മുകളില്‍ കിടക്കുന്നു!
രാജവെമ്പാലയുടെ വിഷമാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
“ഭഗവതീടെ മുമ്പില്‍ നിന്ന്‍ പോരാന്‍ തോന്നുന്നില്ലേ രാജകുമാരിക്ക്?”
പിമ്പില്‍ നിന്ന്‍ കേട്ട ഒരു പുരുഷശബ്ദം ദിവ്യയുടെ ചിന്തകളെ ഉലച്ചു.
അവള്‍ തിരിഞ്ഞുനോക്കി.
വിനോദ് അങ്കിള്‍ ആണ്.
കോബ്രാഹില്‍സില്‍നിന്നുള്ള ഒറ്റയടിപ്പാതയിലൂടെ അയാള്‍ നടന്നു വരികയാണ്.
കറുത്ത ജാക്കറ്റും ട്രൌസേഴ്സുമാണ് വെഷം.
തലയില്‍ ഒരു കറുത്ത കൌ ബോയ്‌ ഹാറ്റ്.
കൈയില്‍ തോക്കുണ്ട്.
“അങ്കിള്‍ വീട്ടിലേക്ക് വരുന്നോ?”
“ഞാന്‍ രാവിലെ വരാം,” വിനോദ് അറിയിച്ചു. “നാളെ രാവിലെ എട്ടുമണിക്ക് വരാന്‍ സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.”
ദിവ്യ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്‍റെ “എ” ടീമിലെ ഒരു എക്സിക്യൂട്ടീവ് ആണ് വിനോദ് മേനോന്‍.
മുപ്പതിന്മേല്‍ പ്രായം.
പക്ഷെ ചലനങ്ങിലും ഭാവങ്ങളിലും ഒരിരുപത്കാരന്‍റെ ആവേശവും പ്രസരിപ്പും.
ദിവ്യ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസില്‍, എക്സിക്യൂട്ടിവ് സ്റ്റാഫില്‍ അംഗമായി ചേര്‍ന്നിട്ട് ഒരു വര്‍ഷമേയായിട്ടുള്ളൂ.
എങ്കിലും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുധമുള്ള അയാളുടെ കഴിവുകള്‍ ഇതിനോടകംതന്നെ പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
വിനോദ് മേനോനോട് യാത്രപറഞ്ഞ് ദിവ്യ മുമ്പോട്ട്‌ നീങ്ങി.
ഇരുള്‍ വീണ നിരത്തിലൂടെ സൈക്കിള്‍ ഓടിച്ചുനീങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ വീണ്ടും മലമുകളിലേക്ക് പാളി.
നിലാവില്‍ ഒരു ഡ്രാക്കുളക്കോട്ടപോലെ ഉയര്‍ന്നു കിടക്കുന്ന കോബ്രാ ഹില്‍സ്‌.
വളരെയേറെ നിഗൂഡതകളുടെയും മരണങ്ങളുടെയും അപകടങ്ങളുടെയും ഇരിപ്പിടം.
അവിടെയെവിടെയോ പ്രാചീനത മണക്കുന്ന ഒരു ഭൂഗര്‍ഭത്തില്‍ വലിയ അമൂല്യമായ ഒരു നിധിയുണ്ട്.
അത് കേട്ടറിഞ്ഞ് പലരും രഹസ്യമായി കോബ്രാഹില്‍സിലെത്തി.
പലരുടെയും ജഡങ്ങള്‍ മലമുകളില്‍ കാണപ്പെട്ടു.
ആ മരണങ്ങളൊക്കെയും രാജവെമ്പാലയുടെ അത്യുഗ്രവിഷം മൂലമാണെന്ന് വൈദ്യന്മാര്‍ സാക്ഷ്യപ്പെടുത്തി.
ദിവ്യ പുഞ്ചിരിച്ചു.
അതൊക്കെ സത്യം തന്നെയായിരിക്കുമോ എന്നവള്‍ സന്ദേഹിച്ചു.
ഇടയ്ക്ക് അവള്‍ വാച്ചില്‍ നോക്കി.
സമയം എട്ടുമണിയാകാന്‍ പോകുന്നു.
ഇന്ന്‍ മമ്മിയുടെ വായില്‍നിന്ന്‍ നല്ലത് കേള്‍ക്കും.
ഒരു പതുതവണയെങ്കിലും മമ്മി തന്നെയിന്ന്‍ മൊബൈലില്‍ വിളിച്ചിട്ടുണ്ട്.
തിരിച്ചൊന്നും പറയാതെ കേട്ടുനിന്നാല്‍ മതി.
എങ്കിലും തന്‍റെ കാര്യത്തില്‍ മമ്മി എന്തിനാണ് ഇത്ര ഭയപ്പെടുന്നതെന്ന്‍ താന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ഗേറ്റിനു സമീപം കാവല്‍ക്കാരന്‍ നില്‍ക്കുന്നത് കണ്ടു.
അവള്‍ സാവധാനം സൈക്കിള്‍ ഓടിച്ചുവന്നു.
“ഈയിടെയായി കൂടുന്നുണ്ട് കേട്ടോ ഈ വലി.”
തന്നെക്കണ്ട് വലിച്ചുകൊണ്ടിരുന്ന സിഗരെറ്റ്‌ തിടുക്കത്തില്‍ വലിച്ചെറിഞ്ഞ ഗെയ്റ്റ് കീപ്പറോട് അവള്‍ പറഞ്ഞു.
“അത് മോളെ..ഈ തണുപ്പത്ത്…”
അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഡാഡി വന്നോ റോബര്‍ട്ട് അങ്കിള്‍?”
അയാള്‍ ഗേറ്റ് തുറക്കുന്നതിനിടയില്‍ അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
“ഒരു പത്തുമിനിറ്റ് ആയിക്കാണും മോളെ.”
“ഈശ്വരാ…!”
അവള്‍ തലയില്‍ കൈവെച്ചു.
പിന്നെ സാവധാനം ഗാരേജിലേക്ക് സൈക്കിള്‍ നീക്കി.

Leave a Reply

Your email address will not be published. Required fields are marked *