“പണ്ട് കൊക്കിനെ പിടിച്ചു കള്ളിൻ്റെ കൂടെ കഴിച്ചേന്നതു ഓർമ്മയുണ്ടോ കണ്ണാ”?
“അച്ചാച്ചനും വർഗീസ് ചേട്ടനും കുടിക്കും”
“നമ്മള് വറുത്ത കൊക്കിറച്ചി വെറുതെ തിന്നും. അന്ന് എല്ലാരുമുണ്ടായിരുന്നല്ലേ കണ്ണാ”?
“വെറുതെ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളോർക്കുന്നെ രേണു. ആവശ്യമുള്ള കാര്യങ്ങൾ ചിന്തിച്ചാ പോരെ”?
ഞാൻ രേണുവിനെ എന്നിലേക്ക് ചേർത്ത് പിടിച്ചു. ഇല്ലേൽ വീണ്ടും ഒറ്റക്കാണെന്നും പറഞ്ഞു മോങ്ങാൻ തുടങ്ങും.
“മീൻ വളർത്തുന്നതിനെ പറ്റി രേണുവിന്റെ അഭിപ്രായം എന്താ? നമുക്ക് താഴത്തെ ആ കണ്ടം ഒരു കുളം പോലെയാക്കിയാലോ”?
ഞാൻ ശ്രദ്ധ മാറ്റാൻ ടോപ്പിക്ക് മാറ്റി.
“ഇവിടെ ശരിയാവില്ല കണ്ണാ”
“ഇവിടെ മത്സ്യ കൃഷിയുണ്ടല്ലോ. കാരാപുഴ റിസേർവോയറിൽ മീൻ വളർത്തുന്നില്ലേ? അല്ലാതെയും പലരും വളർത്തുന്നുണ്ട്”
“പക്ഷെ ഇവിടെ വളർത്തിയിട്ടു പ്രത്യേകിച്ച് കാര്യമുണ്ടെന്നു തോന്നുന്നില്ല കണ്ണാ”
“എന്നാ താറാവ് നോക്കാം. പൗൾട്രി ഫാമിന്റെ അപ്പുറത്ത് വിഗോവ താറാവുകളെ വളർത്താം”
“ശരിയാ കണ്ണാ. ഇത് നല്ലൊരു ഫാം ആക്കണം. പലതരം പച്ചക്കറികൾ, പഴങ്ങൾ ഒക്കെ വേണം. തറവാട് നിക്കുന്ന തേങ്ങിൻതോപ്പ് നാലേക്കറ് വളച്ചെടുത്തു ബാക്കിയൊക്കെ ഫാം ആക്കാം. പാടത്തിന്റെ സൈഡിലെ ഒഴിഞ്ഞ ഭാഗത്തു ഒരു കുടില് പോലെയുണ്ടാക്കാം. മതില് വേണ്ട. മരങ്ങൾ വെച്ച് ബയോളജിക്കൽ വേലി ഉണ്ടാക്കാം. വീടിനു ചുറ്റും പൂന്തോട്ടം വേണം. പട്ടികളെ വാങ്ങണം. ഗ്രേറ്റ് ഡെയിൻ മതി”
“അതെന്താ രേണു”
“പെറ്റ്സ് ലുക്ക് ലൈക് ദേർ ഓണേഴ്സ് എന്നാ ആൾക്കാര് പറയുന്നെ. നിന്നെപ്പോലെയാ ഗ്രേറ്റ് ഡെയിൻ”
“ഗൂഫി ആൻഡ് കവാർഡ് ആയ ഡോഗോ”?
“അല്ല. മജെസ്റ്റിക് ആൻഡ് റിസേർവ്ഡ് ആയ ഡോഗ്. ദേയ് ആർ ദ അപ്പോളോ ഓഫ് ഡോഗ്സ് എന്നല്ലേ. അപ്പോളോയെ പോലെയുള്ള നിനക്ക് അത് പോലെയുള്ള ഒരു പട്ടിയാ ചേരുന്ന പെറ്റ് കണ്ണാ”
“പോയാലോ രേണു? നേരം ഇരുട്ടായി തുടങ്ങി”
ഞങ്ങൾ വീട്ടിലെത്തി. ഞാൻ ആ പഴയ തറവാട് മുറ്റത്ത് നിന്ന് ഒന്ന് നോക്കി. ചുവരിലെ ചായം മങ്ങിതുടങ്ങിയിരിക്കുന്നു. ഉത്തരത്തിൽ ചിതലുണ്ട്.
“വീട് മെയിന്റനൻസിന് സമയമായല്ലേ രേണു. ഇനി മലേന്നു ചെമ്മണ്ണു കൊണ്ട് വന്നു ഉരുട്ടി തുണിയിലാക്കി തേച്ച് പിടിപ്പിക്കണം. ഉത്തരം ഊരി വേറെയൊന്നു കേറ്റണം. എന്തൊക്ക കഷ്ടപാടുകളാ. മൂത്താശാരി ആണെങ്കിൽ ഇന്നോ നാളെയോന്ന് പറഞ്ഞിരിക്കുവാണ്. വേറെ ആർക്കും ഇതിന്റെ പണി ഒന്നും അറിയില്ല. പണ്ടെങ്ങാണ്ട് ഉണ്ടാക്കി ഇട്ടതല്ലേ”
“ ഒരുപാട് കാശും ചിലവാകും”
“അതും ശരിയാ. ഇത്രയും വലിയ വീട് കൊണ്ടു നടക്കാൻ ബുദ്ധിമുട്ടാ രേണു. പഞ്ചായത്ത് ചിലപ്പോ പൊളിക്കാൻ സമ്മതിക്കൂല. അതോണ്ട് ഈ വീട് നമുക്ക് വേറെ വല്ല ആവശ്യത്തിനും കൊടുക്കാം. ഫാം ടൂറിസം ഒക്കെ പോലെ. എന്നിട്ട് ആ കയറി വരുന്നിടത്ത് – കവുങ്ങ് ഒക്കെ നിക്കുന്നവിടെ – ഒരു ചെറിയ വീടുണ്ടാക്കാം”
“വീട് ഉണ്ടാക്കുമ്പോ ബെഡ് റൂം ഉള്ളിൽ മൂന്ന് റൂമുള്ള തരത്തിലുണ്ടാക്കണം”
“അതെന്തിനാ രേണു”?
“ഒരു സ്റ്റഡി റൂം. പിന്നെ ഉറങ്ങാൻ ഒരു റൂം. സെക്സിന് മാത്രം വേറെ ഒരു റൂം. എനിക്ക് ബെഡ്‌റൂമിൽ വെച്ച് ചെയ്യുന്നത് ഇഷ്ടമില്ല കണ്ണാ. സാങ്റ്റം സാങ്റ്റോറം… അത് ഉറങ്ങാൻ മാത്രമുള്ള സ്ഥലമല്ലേ. നല്ല വൃത്തിയായിട്ടിരിക്കണം”
“രേണുവിൻ്റെ ഇഷ്ടം പോലെയുള്ള ഒരു വീടുണ്ടാക്കാം”
വേഗം കുളിച്ച് ഞാൻ വിളക്ക് വെക്കാനും മറ്റ് പരിപാടികൾക്കുമായി കാവിലേക്ക് നടന്നു.
*******
“വെറുതേ ഇരുന്നിട്ട് എന്തോ പോലെ അല്ലേ കണ്ണാ”
“ഇവിടെ ഒന്നും ഇല്ലല്ലോ. ഒക്കെ കുറ്റിക്കാട്ടൂരിലല്ലേ”
അത്താഴം കഴിഞ്ഞ് പുറത്ത് ചന്ദ്രനെ നോക്കി മുറ്റത്ത് ഇരിക്കുകയാണ് രേണു. ഞാൻ വാഴ നാരിൽ ചെമ്പകപ്പൂ കൊരുത്ത് രേണുവിന്റെ കഴുത്തിൽ ഇട്ടു.
“ലാപ്ടോപ്പിൽ സീരിയൽ ഉണ്ട് രേണു”
രേണു അകത്തേക്ക് കയറി വന്നു.
“ഇപ്പൊ ചെമ്പകത്തിന്റെ മണോം ഉണ്ട് എന്റെ അമ്മക്കുട്ടിക്ക്”
