അന്നൊക്കെ എന്ത് രസമായിരുന്നു…
താൻ ഒരിക്കലും സ്കൂട്ടി ഓടിക്കാൻ പഠിക്കില്ല എന്ന് സഫ്ന പറഞ്ഞപ്പോൾ സല്ലുവിനായിരുന്നു തന്നേക്കാൾ വാശി…
തന്റെ ലൈസൻസ് കയ്യിൽ കിട്ടിയപ്പോൾ സഫ്നയോട് ബെറ്റു വെച്ച പണം തന്റെ അക്കൗണ്ടിലേക്ക് ഇട്ടു തരാൻ നിർബന്ധിച്ചതും അവളോർത്തു……
ലൈസൻസ് കിട്ടിയതും താനാണ് അവനെ ഒഴിവാക്കിയത്…….
അവൻ വയലിലേക്കും പോയി… ….
തന്റെ ചിറകിനടിയിൽ ഉണ്ടായിരുന്നപ്പോൾ അവൻ പ്രശ്നക്കാരനല്ലായിരുന്നു…
ചിന്തകൾക്കൊടുവിൽ അവൾ മയങ്ങിപ്പോയി… ….
മയക്കം കഴിഞ്ഞ് കുറേ നേരം സുഹാന മിഴികൾ തുറന്നു കിടന്നു… ….
പതിയെ കൈകൾ നിരക്കി അവൾ ഫോണെടുത്തു നോക്കി……
1:20………..
അത്ഭുതം കൊണ്ട് അവളുടെ മയക്കം വിട്ടകന്നു… ….
ഇന്നലെ ഉണർന്നതും ഇതേ സമയത്താണല്ലോ എന്നവൾ ഓർത്തു……
വാട്സാപ്പിൽ കുറേയധികം മെസ്സേജുകളുണ്ടായിരുന്നു..
സല്ലുവിന്റെ മാത്രം ഇല്ല…….!
സുഹാനയുടെ മനസ്സൊന്നിടിഞ്ഞു…
അവൾ അവന്റെ പ്രൊഫൈലിൽ വെറുതെ ടച്ച് ചെയ്തു…….
ഓൺലൈൻ……..!!
അവളൊന്നുണർന്നു പിടഞ്ഞു……
സല്ലു…
തന്റെ മകൻ ഓൺലൈനിലുണ്ട്…
ഒന്നു മിന്നി ഓൺലൈൻ ബാർ അണഞ്ഞു…
വല്ലാത്തൊരു പരവേശത്തിൽ അവൾ ധൃതിയിൽ ടൈപ്പ് ചെയ്തു…
“ ടാ… …. സല്ലു…”
ഓൺലൈൻ ബാർ തെളിഞ്ഞതും രണ്ട് ടിക് വീണു…
അടുത്ത നിമിഷം ഗ്രീൻ ടിക് വീണതും സുഹാന ശ്വാസമടക്കി ഫോണിലേക്ക് നോക്കിയിരുന്നു……
കുറച്ചു നേരത്തേക്ക് റിപ്ലെ ഒന്നും വന്നില്ല……
തന്റെ നമ്പർ അവന് മന:പാഠമാണ്..
പിന്നെ മറുപടി വൈകുന്നത്…… ?
പിണക്കം തന്നെയാണോ കാരണം..?
സുഹാന മടിയിലേക്ക് ഫോണിട്ട് ചാഞ്ഞതും
വൈബ്രേറ്റർ ഇരമ്പി ……….
ഡിസ്പ്ലേ യിൽ തെളിഞ്ഞ മെസ്സേജവൾ വായിച്ചു……
“” മയ്യത്തായിട്ടില്ല………””
ഒരു നടുക്കത്തിൽ സുഹാന വിറകൊണ്ടു…
മയ്യത്തായിട്ടില്ല………. !!!
അതിനർത്ഥം………..?
ഉടലാകെ പെരുത്ത് അവൾ വോയ്സ് കോൾ മാർക്ക് തൊട്ടു…
ബെല്ലടിച്ചു തീർന്നതല്ലാതെ സല്ലു ഫോണെടുത്തില്ല…
“” എന്താടാ……..?””
അവൾ ടൈപ്പ് ചെയ്തു വിട്ടു…
സല്ലു റീഡ് ചെയ്തെങ്കിലും മറുപടി വന്നില്ല…
“” കാര്യം പറയെടാ… …. “
അവൾ സെൻസിംഗ് മാർക് പ്രസ് ചെയ്യാനൊരുങ്ങി…
അടുത്ത നിമിഷം ഫോൺ ഒന്ന് അണഞ്ഞു മിന്നി…
സല്ലുവിന്റെ കോൾ… ….
അവൾ പെട്ടെന്നത് കോൾ ആക്കി…
“” ഇയ്യ് എന്താ പറഞ്ഞേ………?””
“” ഇങ്ങള് കണ്ടില്ലേ……….?””
സല്ലുവും ദേഷ്യത്തിലായിരുന്നു…
“” അതെന്താന്നാ ഞാൻ ചോയ്ച്ചേ… “
“” ഇങ്ങളും കൂടെ അറിഞ്ഞോണ്ടല്ലേ , ന്നെ ഈ നരകത്തിലാക്കിയത്…… “
“” അന്റെ വാപ്പയാണ് അന്നെ കൊണ്ടോയത്…… “
“” ഇങ്ങള് പറഞ്ഞിട്ട്… “
“ ഞാൻ പറഞ്ഞിട്ടൊന്നുമില്ല…….”
“ ആയ്ക്കോട്ടെ… ഇങ്ങളോടാരാ ന്നെ വിളിക്കാൻ പറഞ്ഞേ… “
ഒരു നടുക്കത്തിൽ സുഹാന പുളഞ്ഞു…
“” അന്റുമ്മയാ ഞാൻ…….”
പതറിയ സ്വരത്തിൽ അവൾ പറഞ്ഞു.
“” ആണെങ്കിൽ ഇങ്ങനെ ചെയ്യൂലാ… …. “
സല്ലുവിന്റെ സ്വരവും പതറിത്തുടങ്ങി..
കാര്യമെന്തോ ഗൗരവമാണെന്ന് സുഹാനയ്ക്ക് മനസ്സിലായി…
“” ഇയ്യ് കാര്യം പറ……….”.
അവളുടെ സ്വരം മയപ്പെട്ടു……
വിങ്ങലോടെ സല്ലു കാര്യങ്ങൾ വിശദീകരിച്ചു…
ഹോട്ടൽ ജോലിയാണ്… പതിനഞ്ചോ , പതിനാറോ മണിക്കൂറാണ് ഡ്യൂട്ടി.. ചിലപ്പോഴത് ഇരുപത് വരെയാകും…
ഒരാഴ്ചയായി പാത്രം കഴുകൽ തന്നെയാണ് ജോലി…
സുഹാന ശ്വാസം വിലങ്ങിയതു പോലെ ഇരുന്നു…
“ ബാപ്പയെവിടെ… ?””
തളർച്ചയോടെ അവൾ ചോദിച്ചു……
“ ബാപ്പ ഇവിടെങ്ങുമല്ല……””
“” അവിടില്ലേ… ….?””
സുഹാന അമ്പരപ്പോടെ ചോദിച്ചു…
“” ഇല്ലാന്ന്… …. “
അതു കേട്ടതും സുഹാന കോൾ കട്ടു ചെയ്തു……
രോഷത്തോടെ അവൾ ഷെരീഫിനെ വിളിച്ചു…
“” ഇങ്ങള് ചെക്കനെ കൊല്ലാൻ കൊണ്ടോയതാ… ….?””
ഷെരീഫ് കോൾ എടുത്ത പാടെ അവൾ ചോദിച്ചു……
ഷെരീഫിനൊന്നും മനസ്സിലായില്ല…
സുഹാന പൊട്ടിത്തെറിച്ചു തുടങ്ങി…
അവൾ പറഞ്ഞത് മുഴുവൻ ഷെരീഫ് നിശബ്ദം കേട്ടു…….
“” കഴിഞ്ഞോ… ….?””
സുഹാന മിണ്ടിയില്ല..
“” ഓന് കായുടെ വെലയറിയാഞ്ഞിട്ടാ നാട്ടിലമ്മാതിരി കാള കളിക്കണത്…… ഓൻ പന്തു കളിക്കണ പൈസ ഞാനിവിടെ നിന്ന് അങ്ങനെ തന്നെ ഒണ്ടാക്കിയതാ… “
സുഹാന നിശബ്ദയായി…
“” കൊറച്ച് പഠിക്കട്ടേന്ന്… “
