ഗോൾ – 6അടിപൊളി  

അവന്റെ ഇഷ്ട വിഭവമായിരുന്നു അത്…

ഒരു ഇറച്ചിക്കഷ്ണം അവന്റെ പാത്രത്തിൽ നിന്ന് സുഹാന എടുത്ത് വായിലേക്കിട്ടു…

സാധാരണ അങ്ങനെ അവൾ ചെയ്യാറുള്ളതാണ്‌……

അപ്പോഴത് സല്ലു ശ്രദ്ധിക്കാറില്ലായിരുന്നു..

പക്ഷേ, ഇത്തവണ അവൻ മുഖമുയർത്തി നോക്കി…

നടുവിരലിലും പെരുവിരലിലും പറ്റിയ ചാറ്, അവൾ വിരലുകൾ കൂട്ടിപ്പിടിച്ച് നുണഞ്ഞു കൊണ്ട് അവനെ നോക്കി……

“” ഇയ്യ് ഒമാനിലേക്കല്ലേ പോയത്…… ? ജയിലിലേക്കൊന്നുമല്ലല്ലോ… ഇങ്ങനെ സ്വഭാവം മാറാൻ……….”

അവന് മാത്രം  കേൾക്കാൻ പറ്റുന്നസ്വരത്തിൽ സുഹാന പറഞ്ഞു……

സല്ലു അതു കേട്ടതും. മുഖം താഴ്ത്തി കഴിച്ചു തുടങ്ങി…

ഫ്ളാസ്കിലെ ചായ ഗ്ലാസ്സിൽ പകർത്തി , ദേഷ്യത്തോടെ ഇടിച്ചു മേശപ്പുറത്ത് വെച്ചിട്ട്

സുഹാന പിന്തിരിഞ്ഞു…

അവൾ തട്ടമെടുത്ത് , ഒന്ന് വീശി കഴുത്തിൽ ചുറ്റിക്കൊണ്ട് സല്ലുവിനെ തിരിഞ്ഞു നോക്കി…

അവനും അവളെ നോക്കിയിരിക്കുകയായിരുന്നു…

കണ്ണുകൾ കൂർപ്പിച്ച്, അവനെ ഒരു നോട്ടം നോക്കി , അവൾ കിച്ചണകത്തേക്ക്‌ മറഞ്ഞു…

സല്ലു ഭക്ഷണം കഴിഞ്ഞതും വീണ്ടും മുകളിലെ മുറിയിലേക്ക് പോയി……

ഇത്തവണ അവൻ വാതിൽ ചാരിയിരുന്നില്ല…

ജോലികൾ ഒതുക്കിയ ശേഷം സുഹാനയും മുകളിലേക്ക്‌ കയറി..

അവനെന്തെങ്കിലും സംസാരിക്കുമോ എന്നറിയാനായി അവൾ സല്ലുവിന്റെ മുറിയിലേക്ക് കയറിച്ചെന്നു…

ടേബിളിനു മുകളിൽ ഒരു ചെറിയ ഫുട്ബോൾ അവൾ കണ്ടു …

ശ്രദ്ധിച്ചു നോക്കിയപ്പോൾ അവൾക്ക് അവന്റെ വാട്സാപ്പ് ഡി. പി. ഓർമ്മ വന്നു……

ഇതിന്റെ ഫോട്ടോയാണ് എടുത്തിട്ടിരിക്കുന്നത്……

സുഹാന മുറിയിലേക്ക് കയറിയത് അറിഞ്ഞെങ്കിലും സൽമാൻ അനങ്ങിയില്ല..

വാരി വലിച്ചിട്ടിരിക്കുന്ന അവന്റെ വസ്ത്രങ്ങൾ എടുത്ത് അവൾ മുറി വിടാൻ ഒരുങ്ങിയതും സല്ലു കിടക്കയിൽ നിന്ന് അനങ്ങി…

“” ഇങ്ങടെ അക്കൗണ്ടിൽ പൈസയുണ്ടോ… ?””

സുഹാന തിരിഞ്ഞു നിന്നു…

“”ന്നെ കണ്ടൂടാത്ത അനക്ക് എന്റെ പൈസ എന്തിനാ… ?”

സല്ലു അവളെ ഒന്ന് നോക്കിയ ശേഷം കിടക്കയിലേക്ക് മുഖം അമർത്തി……

സുഹാന പുറത്തുള്ള വാഷിംഗ് മെഷീനരികിലേക്ക് നീങ്ങി……

അവൾ വസ്ത്രങ്ങൾ മെഷീനിലിട്ട് തിരികെ വരുമ്പോൾ സല്ലു , അവളുടെ മുറിയിൽ നിന്ന് ധൃതിയിൽ ഇറങ്ങിപ്പോകുന്നത് മിന്നായം പോലെ സുഹാന കണ്ടു..

അവൾ പെട്ടെന്ന് തന്റെ മുറിയിലേക്ക് കയറി..

പ്രത്യക്ഷത്തിൽ ഒന്നും അവൾക്ക് കാണാൻ സാധിച്ചില്ല……

കിടക്കയിലുള്ള തന്റെ ഫോൺ മിന്നിയണയുന്നത് കണ്ടു കൊണ്ട് അവൾ പെട്ടെന്ന് ഫോണെടുത്തു നോക്കി……

പ്രീവിയസ് ലിസ്റ്റിൽ ഫോൺ പേ കണ്ടതും അവൾക്ക് സംഗതി മനസ്സിലായി……

ശബ്ദം പുറത്തു വരാതിരിക്കാൻ സൈലന്റ് മോഡിലിട്ടായിരുന്നു ഓപ്പറേഷൻ…

സുഹാന അകമേ ഒന്ന് ചിരിച്ചു…

റീ- ചാർജ്ജ് ചെയ്തതാണ്..

അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും സല്ലു തല വലിച്ചു പിൻമാറുന്നത് അവൾ കണ്ടില്ലെന്ന് നടിച്ചു…

പിൻ നമ്പർ അവനറിയാം……

തനിക്ക്‌ ഫോൺ – പേ റെഡിയാക്കി തന്നതും അവനാണ്…

ഇതു പോലെ തന്നെയാണ് പലപ്പോഴും അവൻ ഫോൺ റീ ചാർജ്ജ് ചെയ്യുന്നത്.

പഴയ സല്ലുവിന്റെ കള്ളത്തരം ഉള്ളിലേക്ക് വന്നതും സുഹാനയുടെ മനം കുളിർത്തതിന്റെ ബഹിർസ്ഫുരണം അധരങ്ങളിലുമുണ്ടായി..

സമയം ഉച്ച കഴിഞ്ഞിരുന്നു…

പുറത്ത് ഉണക്കാനിട്ട വസ്ത്രങ്ങളുമായി സുഹാന കയറി വന്നപ്പോൾ സല്ലുവിന്റ മുറിയിൽ നിന്ന് പാട്ടു കേട്ടു…

അവൾ ചെന്ന് നോക്കിയപ്പോൾ പാട്ടുകേട്ട് നല്ല ഉറക്കത്തിലാണ് കക്ഷി……

അവൾ ഉണർത്താൻ പോയില്ല…

മേലാക്കത്ത് സല്ലുവിന് കൂട്ടുകാർ കുറവാണ്…

അതുകൊണ്ട് തന്നെയായിരിക്കുംആരും വിളിക്കാത്തതും കാണാൻ വരാത്തതെന്നും സുഹാന ഊഹിച്ചു……

വൈകുന്നേരമായി……

ഷെരീഫിന്റെയും സഫ്നയുടെയും സുൾഫിക്കറിന്റെയും വോയ്സുകൾക്ക് മറുപടി കൊടുത്ത് റൂമിനു പുറത്തിറങ്ങിയതും സല്ലു ആരോടോ ഫോണിൽ സംസാരിക്കുന്നത് അവൾ കേട്ടു..

നാളെ വരുമെന്ന് ഉറപ്പു കൊടുത്തുള്ള സംസാരം കേട്ടതും അവൾക്ക് സംശയമായി……

ആരോടാണ് സംസാരം… ?

ആരാണ് മറുവശത്ത്… ?

അവൾ ചെവിയോർത്തെങ്കിലും പിന്നീടു വന്ന സംസാരത്തിന് വ്യക്തത ഉണ്ടായില്ല……

അബ്ദുറഹ്മാൻ വന്നു……

ചായയുമായി ചെന്നത് സുഹാന തന്നെയായിരുന്നു…

അവളുടെ മുഖത്തു നിന്നും സല്ലുവിന്റെ മാറ്റം അബ്ദുറഹ്മാൻ വായിച്ചെടുത്തു……

“ ഒരു കാര്യമുണ്ട് ഉപ്പാ… …… “

സുഹാന മുഖവുരയിട്ടു……

അബ്ദുറഹ്മാൻ മുഖമുയർത്തി..

നിസ്ക്കാരം കഴിഞ്ഞ് ഫാത്തിമയും സിറ്റൗട്ടിലേക്ക് വന്നു…

“” സുനൈനയുടെ നാത്തൂന്റെ മോളുടെ നിക്കാഹുണ്ട്……. “

“”ന്നേക്കൊണ്ട് ആവൂല്ല ട്ടോ മോളെ… …. “

ഫാത്തിമ ആദ്യം തന്നെ നയം വ്യക്തമാക്കി……

“” സഫ്നയ്ക്ക് ഒരു പവൻ തന്നതാ………. “

സുഹാന ഫാത്തിമയെ നോക്കി പറഞ്ഞു……

“ സല്ലു ഉണ്ടല്ലോ… ഇയ്യും ഓനും കൂടെ പോയാൽപ്പോരെ… ….?””

അബ്ദുറഹ്മാൻ ചൂരൽക്കസേരയിലേക്ക് ചാഞ്ഞു…

“ ഓൻ വരുമോന്നാ… ….””

സുഹാന സംശയിച്ചു……

“” അത് ഞാൻ പറഞ്ഞോളാം…””

“” പൊന്ന്, ഇക്ക കടയിൽ പറഞ്ഞിട്ടുണ്ട്…… എല്ലാവരോടും ചെല്ലാനാ പറഞ്ഞിരിക്കുന്നത്…””

“” എനിക്കെന്തായാലും വരാൻ പറ്റില്ല… ഇലക്ഷനടുത്തു…… “

അബ്ദുറഹ്മാനും യാത്രയിൽ നിന്ന് ഒഴിഞ്ഞു…

അടുത്തയാഴ്ചയാണ് കല്യണം…

മട്ടന്നൂരെത്തണം…

ഒന്നു വന്നുപോയിട്ട് അധികമാകാത്തതിനാൽ സുൾഫിക്കയുടെ വരവിന്റെ കാര്യം സംശയത്തിലാണെന്ന് വോയ്സ് ഇട്ടിരുന്നു…

മൂസ ഇവിടില്ല……..

പിന്നെ താനേയുള്ളു……

സുൾഫിക്ക ഇല്ലാതെ റൈഹാനത്തിന്റെയും മക്കളുടെയും കൂടെ പോകുന്ന കാര്യം ആലോചിച്ചതേ സുഹാനയ്ക്ക് മടുപ്പു തോന്നി……

ഇപ്പോൾ സല്ലു ഉള്ളതും ഇല്ലാത്തതും കണക്കാണ്…

അത്താഴത്തിന് സല്ലുവിനെ വിളിക്കേണ്ടി വന്നില്ല……

സംസാരങ്ങളൊന്നും ഉണ്ടായില്ല എന്ന് മാത്രം…

ഭക്ഷണം കഴിഞ്ഞതും സല്ലു മുറിയിലേക്ക് പോയി……

പാത്രങ്ങളൊക്കെ കഴുകി സുഹാന മുകളിലെത്തിയതും സല്ലു കിടന്നിരുന്നു…

അന്ന് സുഹാന സ്വസ്ഥമായി കിടന്നുറങ്ങി…

അവൾ അല്പം വൈകിയാണ് എഴുന്നേറ്റത്……

മുറിക്കു പുറത്തിറങ്ങിയതും കുളിച്ചു വേഷം മാറി നിൽക്കുന്ന സല്ലുവിനെ അവൾ കണ്ടു…

പന്തു കളിക്കാൻ പോകുമ്പോൾ കൊണ്ടുപോകുന്ന ബാഗിലേക്ക് ഡ്രസ്സ് എടുത്തു വെക്കുന്നു…

“” ഇയ്യ് എങ്ങോട്ടാ… ….?””

സുഹാന അഴിഞ്ഞ മുടി വാരിക്കെട്ടിക്കൊണ്ട് ചോദിച്ചു…

സൽമാൻ മിണ്ടിയില്ല…

ഇന്നലെ സല്ലു ഫോൺ ചെയ്ത കാര്യം സുഹാനയ്ക്ക് ഓർമ്മ വന്നു…

“” എവിടേക്കാണെന്നാ ചോയ്ച്ചേ………. “

അവൾ ശബ്ദമുയർത്തി…

“” പണിയുണ്ട്……..””

അവളുടെ മുഖത്തു നോക്കാതെ അവൻ പറഞ്ഞു…

“” പണിയോ………..!!?””

സുഹാന വിശ്വാസം വരാതെ എടുത്തു ചോദിച്ചു…

സല്ലു മറുപടി പറയുന്നതിനു മുൻപേ , പുറത്ത് ഒരു ബൈക്കിന്റെ ഹോണടി കേട്ടു……

തിടുക്കത്തിൽ ബാഗുമെടുത്ത് സല്ലു അവളെ കടന്ന് പടികളിറങ്ങി……

സുഹാനയും അവനു പിന്നാലെ പടികളിറങ്ങി……

“”ടാ …… ഏടേക്കാണെന്ന് പറഞ്ഞിട്ടു പോടാ… …. “