കുറെ അങ്ങിനെ നടന്നപ്പോ ജോസ്‌മി ചായ കുടിക്കാൻ വിളിച്ചു . അവളുടെ വീട്ടിൽ ക്ഷണം സ്വീകരിച്ചു വന്നവരെല്ലാം പോയി . പിന്നെ അടുത്തുള്ള വീടുകളിലെ രണ്ടുമൂന്നു ചേച്ചിമാരും പിന്നെ അവളും പിന്നെ കൊറേ പിള്ളേരും പിന്നെ ഞാനും ജോബിയും .ജോസ്മിക്ക് ഞാൻ പാട്ടുപാടുന്ന കാര്യം അറിയാം. അവൾ അതവിടെ മൊത്തം പാട്ടാക്കി . പിന്നെ എല്ലാരുംകൂടി എന്നെ പാട്ടുപാടാൻ നിർബന്ധിക്കാൻ തുടങ്ങി .
കൂട്ടത്തിൽ അവളെ ഞാൻ നോക്കിയപ്പോ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു മുഖം താഴ്‌ത്തി . പിന്നെ വേറൊന്നും ഞാൻ നോക്കീല . ഹിന്തോള രാഗത്തിൽ ഏതാണ്ടൊക്കെ ചേർത്ത് സുന്ദരിയെ വാ എന്ന ഗാനം ഒരു കാച്ചുകാച്ചി . പാടിയതെല്ലാം അവളെ നോക്കിമാത്രമായിരുന്നു . പാടിക്കഴിഞ്ഞതും അവിടുള്ള എല്ലാവരും കൂടി കയ്യടിക്കാനും പൊക്കിപ്പറയാനും തുടങ്ങി . കൂട്ടത്തിൽ അവൾ ഒന്നും പ്രതികരിക്കാതെ എന്റെ മുഖത്തു നോക്കിയിരുന്നു .
അങ്ങിനെ , ചായകുടിച്ചുകൊണ്ടിരുന്നപ്പോ ജോയൽ വന്നു എന്റെ കാതിൽ പറഞ്ഞു
” ചായ കുടിച്ചിട്ട് പുറത്തുവാ , ഒരു കാര്യം പറയാനുണ്ട് ”
” എന്താടീ കാര്യം ”
“അതൊക്കെയുണ്ട് , വന്നിട്ട് പറയാം , വേഗം വാ ”
“ഞാൻ വരാം ”
എനിക്ക് മനസ്സിലായി മറ്റവളും കൂടെ ഉണ്ടാവുമെന്ന് . ഞാൻ വേഗംതന്നെ ചായ കുടിച്ചു അവിടെനിന്നും ഇറങ്ങി ജോയലിനെ നോക്കി . അപ്പോളതാ അവർ വീട്ടിൽ നിന്നും കുറച്ചുമാറി ഒരു മരചുവട്ടിലിരിക്കുന്നു . ജോയൽ എന്നെ കൈകാട്ടി വിളിച്ചു .
എന്നിട്ടു അവർ അവിടെനിന്നും എണീറ്റ് നടക്കാൻ തുടങ്ങി . ഞാനും പിന്നാലെ നടന്നു .കുറച്ചു നടന്നപ്പോൾ അവർ നടത്തം നിർത്തി ആരേലും പരിചയമുള്ളവർ ആ പരിസരത്തുണ്ടോ എന്നുനോക്കി .ജോയൽ എന്റെ അടുത്ത് വന്നു പറഞ്ഞു
“ഷാഹു ചേട്ടന് അഖില ചേച്ചിയോട് സംസാരിക്കണോ?”
അഖില അതാണവളുടെ പേര് , രൂപംപോലെതന്നെ നല്ല അഴകുള്ള പേര്
“അഖിലയോ അതാരാടീ ?”
“പോ ചേട്ടാ അറിയാത്തപോലെ , ആ ചേച്ചീടെ പേരാ അഖിലാന്നു ”
“ഓ ”
“ആ ചേച്ചിക്ക് എന്തോ ചേട്ടനോട് സംസാരിക്കാനുള്ളത് പോലെ എനിക്ക് തോന്നി അതാ ഞാൻ വരാൻപറഞ്ഞതു ”
“ഞാൻ എന്ത് സംസാരിക്കാനാടീ ”
“എനിക്കറിയില്ല , അത് നിങ്ങടെ ഇഷ്ടം .ആ ചേച്ചിയോട് ഞാൻ പറഞ്ഞു ചേട്ടന് ചേച്ചിയെ ഇഷ്ടാണ് എന്ന് . ഇനി നിങ്ങളായി നിങ്ങടെ പാടായി . ഞാൻ പോണു . പിന്നെ ആ മുന്നോട്ടു നടന്നാൽ ഒരു കയറ്റമുണ്ട് അവിടെ നിന്നും ഇടത്തോട്ടു കയറിയാൽ ഒരു ചെറിയ ചർച് ഉണ്ട് അവിടെയെങ്ങും ആരും വരില്ല . ജോബിച്ചേട്ടനും ചേച്ചിയും അവിടെ എവിടെയെങ്കിലുമുണ്ടാകും . അങ്ങോട്ട് പൊക്കോ .”
“” നീയാലുകൊള്ളാല്ലോടീ കുരുട്ടടക്കെ . എന്തായാലും താങ്ക്‌സ് ….”
അവൾ ഒരു ചിരിയും പാസ്സാക്കി തുള്ളിച്ചാടി പോയി .
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അഖില അവിടെ എന്നെ നോക്കി നിൽക്കുവായിരുന്നു . ഞാൻ നോക്കുന്നതുകണ്ടപ്പൊ പെട്ടെന്ന് മുഖം തിരിച്ചു . ഞാൻ അവളുടെ അടുത്തേക്ക് നടന്നു . എന്റെ കാലുകൾ വിറയ്ക്കാൻ തുടങ്ങി തൊണ്ടയിലെ വെള്ളം വറ്റി . അവളുടെ അടുത്ത് എത്താറായപ്പോൾ അവൾ പതുക്കെ നടന്നുതുടങ്ങി , ഞാൻ നടന്നു അവളുടെ ഒപ്പം എത്തി . അങ്ങിനെ ഞങ്ങളുടെ തോളുകൾ മുട്ടിമുട്ടീല എന്ന അകാലത്തിൽ ചേർന്ന് നടന്നു . എനിക്ക് മിണ്ടാൻ വാക്കുകൾ കിട്ടുന്നുണ്ടായില്ല , എന്ത് പറയണം എന്നറിയാതെ നടക്കുമ്പോളതാ ഒരു കുയിൽനാദം പോലെ
“ഷാജഹാൻ എന്നല്ലേ പേര് .”
അല്ലേലും ലേഡീസ് ആദ്യം എന്നല്ലേ
” അ അതെ ജോയൽ പറഞ്ഞല്ലേ ?
” ഹമ് എന്റെ പേര് അഖില ”
“ജോയൽ പറഞ്ഞു . അഖില എന്ത് ചെയ്യുന്നു”
” ഞാൻ +2 പഠിക്കുന്നു . ഇയാളോ ?”
” ഞാൻ ഗാനമേളയും കാര്യങ്ങളുമൊക്കെ ആയങ്ങു പോണു ”
“ഒരു ലവർ ഉണ്ടായി അത് പൊളിഞ്ഞു എന്നൊക്കെ ജോയൽ പറഞ്ഞു , ആ ഒഴിവു നികത്താനാണോ എന്നെ വേണ്ടത് ?”
“അയ്യോ , അങ്ങിനൊന്നുമല്ലട്ടോ . ഞാൻ അവളോടൊന്നും പറഞ്ഞില്ല ഇയാളോട് ഇഷ്ടോണെന്നു പറയാൻ ”
“അപ്പൊ ഇയാൾക്കെന്നെ ഇഷ്ടല്ലേ ?”
” അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ . അവളോട് പറഞ്ഞില്ലന്നല്ലേ പറഞ്ഞത് . കണ്ടപ്പോ മുതൽ ഞാൻ ഇയാളുടെ പിന്നാലെ ഉണ്ടല്ലോ , അത് ഇയാളും കണ്ടതല്ലേ . പിന്നെന്താ ഇങ്ങനെ ചോതിക്കുന്നെ ? ഇതുപോലൊരു പെണ്ണിനെ ഇഷ്ടല്ലന്നു പറയണമെങ്കിൽ ഞാൻ വെറും പൊട്ടനായിരിക്കണം .”
