“ആരോടും പറയാൻ… ഇപ്പൊ അടുത്ത് ഉള്ളത് നീയല്ലേ”…
“ഇവിടെ ഇപ്പൊ കേൾക്കാൻ വേറെ ആരാണ് ഉള്ളത്”…. ??
“എന്നാ, പറഞ്ഞാൽ അനുസരണയുള്ള മൊതലാണെങ്കിൽ കൊള്ളാം”…
“പറഞ്ഞതിന്റെ വിപരീതമേ ചെയ്യൂ അവള്… പിന്നെ ഏത് പടച്ചോനോടാ പറയേണ്ടത്”….. ??
“ഇപ്പൊ എന്താ ഇത്ര സീരിയസ് മാറ്റർ”… ??
“തനിച്ചോറങ്ങുല്ല, അസത്ത് അത് തന്നെ”….
“എന്റൊപ്പം താഴത്തെ മുറിയിൽ കിടന്നോളാൻ പറഞ്ഞാൽ ങേഹേ…. ജീവൻ പോയാലും കേക്കത്തില്ല”….അമ്മ പറഞ്ഞു.
“അതിനിപ്പോ, നമ്മുക്ക് എന്ത് ചെയ്യാൻ സാധിക്കും അമ്മേ”…?
“ങാ… മൂന്നാല് ദിവസത്തെ കാര്യമല്ലേയുള്ളൂ… സാരമില്ല അവളത് അഡ്ജസ്റ്റ് ചെയ്തോളും അമ്മയെന്തിനാ ഇത്രയും ടെന്ഷനടിക്കുന്നെ”….
“അവള് ഒറങ്ങീല്ലെങ്കീ…. അവളാരെയും ഒറക്കത്തില്ല ഈ വീട്ടിൽ… അതല്ലേ സ്വഭാവം”… !?!
“ഈ വീട്ടിൽ ആർക്ക് അസുഖം വന്നാലും വേണ്ടില്ല… അവൾക്കു വരരുത്…. ഇവിടെ ആർക്കും സ്വൈര്യം തരില്ല അവള്.”…
“എന്താ അമ്മേ ഇത്…. അവള് കൊച്ചല്ലേ.”… ?
“മം… അതെ, അതെ കൊച്ച്… അത് പത്തിരുപതു വർഷം മുൻപ്….
ഞാൻ അവളുടെ ഈ പ്രായത്തിലേയ്, രണ്ടു പെറ്റു…
എന്നിട്ട അവളുടെ കാര്യം പറയുമ്പം മാത്രം കൊച്ച്. ”
“കെട്ടിച്ചു വിടാനുള്ള പ്രായമായി… എന്നിട്ടും ഇപ്പോഴും കൊച്ചാണ് പോലും കൊച്ച്.”…
ഞാൻ ചിരിച്ചു കൊണ്ട് അത് നിസ്സാരമാക്കി തള്ളി…
“അമ്മ വെറുതെ അവളെ പറഞ്ഞിട്ടെന്താ കാര്യം, പണ്ടേ അവള് അങ്ങനെ തന്നെയാണ്…
പിന്നെ, ഇപ്പം അവളെ പറഞ്ഞിട്ട് ഫലമുണ്ടോ അമ്മേ “…?
“നീയൊരുത്താനാ അവളെ ഇത്ര കൊഞ്ചിച്ചു വഷളാക്കിയ ആള്.”….
“ഞാനെന്തു പറഞ്ഞാലും അവളുടെ ഭാഗം പിടിക്കാൻ നീയുണ്ടല്ലോ.”..??
“ആ…. അവളെയും കൊണ്ട് അനുഭവിക്കുന്നത് ഇപ്പൊ ഞാനാ… ഈ കഴിഞ്ഞ ദിവസങ്ങളിൽ അവൾ എന്നെ പെടുത്തിയ പാട് ചില്ലറയല്ല.
അതാ ആ ജാൻസി പെണ്ണിനെ ഞാൻ ഇങ്ങോട്ട് വിളിച്ചേ… അവൾക്ക് കൂട്ടിന് ”
“അവള് ഞങ്ങടെ, “ലാസ്റ്റല്ലേ” അമ്മേ, അത് കൊണ്ട് ഇത്തിരി അന്നപുന്നാരം ആയിപ്പോയി അതാ “…
“ആ ഇനി അനുഭവിച്ചോ”… ദേഷ്യത്തോടെ അമ്മ പറഞ്ഞു.
അതെങ്ങനെയാ… അമ്മയ്ക്ക് മക്കളോട് ഒരിത്തിരി സ്നേഹം വേണ്ടായോ….??.
ലോകാവസാനമുണ്ടായാൽ, പോലും ഞാനും, എന്റെ കെട്ടിയോനും ഒരു തട്ടാനും മാത്രം ജീവിച്ചിരുന്നാൽ മതിയെന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണ് അമ്മ…..
അവർക്ക് അവരുടെ കെട്ട്യോനോടല്ലാത്ത വേറെ ആരോടും പ്രത്യേകിച്ച് കടപ്പാടോ സ്നേഹമോ ഇല്ല….
പിന്നെല്ലേ, സ്മിത. അതൊരു പെണ്ണായതിന്റെ പേരിൽ പരുക്കുകളില്ലാതെ കൊണ്ട് പോകുന്നു…..
അങ്ങേരുടെ പെരുമാറ്റ ശൈലി അത്രക്ക് നല്ലതായത് കൊണ്ടാണല്ലോ, അമ്മേടെ കൂടെ താഴത്തെ മുറിയിൽ കിടക്കാൻ പറഞ്ഞാൽ അവൾ കൂട്ടാക്കാത്തതും….
അതെ…. അത് തന്നെയാണ് കാരണം… അതൊന്നു ഇപ്പോൾ അമ്മയോട് ചൂണ്ടി കാണിക്കാൻ ഒക്കില്ലലോ…
ഞങ്ങളുടെ അച്ഛൻ മരിച്ചിട്ട് പത്തു വർഷമായി, അതിനു ശേഷം അമ്മേടെ കൂടെ കൂടിയതാണ് ആ വിദ്ധ്വാൻ….
മറ്റൊന്നുമല്ല അമ്മേടെ സൗന്ദര്യം കണ്ട് മയങ്ങി പിന്നാലെ വന്നതാണ്….
പിന്നീട് ഒരു രജിസ്റ്റർ വിവാഹം നടത്തി ഒന്നിച്ചു ജീവിതവും തുടങ്ങി…
ഈ വീടും സ്വത്തും എല്ലാം എന്റെ അച്ഛൻ ഉണ്ടാക്കിയ സമ്പാദ്യമാണ്,
ഞാനും പുള്ളിയുമായി ഒരിക്കലും ചേരില്ല അത് കൊണ്ട് അങ്ങേരെ ഞാൻ മൈൻഡ് ചെയ്യത്തുമില്ല…..
ഈ വീട്ടിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു നിന്നാൽ പ്രശ്നങ്ങൾ തീർന്ന ദിവസമുണ്ടാവില്ല….
അതൊക്കെ കൊണ്ട് തന്നെയാണ് ഞാൻ നാടുവിട്ടത് തന്നെ…..
അതിനു തക്കതായ പാര അങ്ങേരു തന്നെ എനിക്കിട്ട് പണിതു തന്നു….
എന്റെ ജോലി…
അതും ചെന്നൈയിൽ…
ഞാൻ ജോലി ചെയ്തു സമ്പാദിക്കുന്നതിൽ വലിയ ഒരു പങ്ക് സ്മിതയുടെ ചിലവിനു വേണ്ടി ഞാൻ അയച്ചു കൊടുക്കും.
അല്ലാതെ പുള്ളി അവളെ സ്വന്തം മോളെ പോലെ നോക്കുമെന്ന വിശ്വാസമെനിക്കിമില്ല….
അയാൾക്ക് എപ്പോഴും അവളുടെ മേൽ ചെറിയ ഒരു നോട്ടമുണ്ട്….
അത് മനസിലാക്കി കൊണ്ട് തന്നെയാണ് അവൾ അമ്മയുടെ മുറിയിൽ കിടന്നുറങ്ങാത്തത് എന്ന് മനസിലാക്കാൻ വലിയ അപാരബുദ്ധിയുടെ ആവശ്യമൊന്നുമില്ല…
