തല വെട്ടിപ്പുളക്കുന്ന പോലെ തോന്നുന്നു. വല്ലാത്ത തലവേദന. കണ്ണടക്കുമ്പോൾ മനസില് നിറയുന്നത് ചാരുബെഞ്ചിൽ ഇരുന്ന് പൊട്ടിച്ചിരിക്കണ താടകയുടെയും ഒപ്പം കണ്ട ചെറുപ്പക്കാരന്റെയും മുഖമാണ്.
ഫോൺ റിങ് ചെയ്യുന്ന ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
Unknown നമ്പർ ആണ്. ഞാൻ കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു.
” ഏട്ടാ…ഞാൻ അമലാണ്. ഇപ്പോഴെങ്ങനുണ്ട്… സോറി… ഞാൻ അറിഞ്ഞില്ലായിരുന്നു… ഇന്നലെ ഞാനും ഓഫീസിൽ പോയില്ലായിരുന്നു. അതാ അറിയാൻ വൈകിയേ… പിന്നേ മിനിഞ്ഞാന്ന് ആ വെപ്രാളത്തിനിടക്ക് നമ്പർ വാങ്ങാനും മറന്നു. ഇന്ന് രഘു ഭായ് പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്…പുള്ളിയാ ഇപ്പൊ നമ്പർ തന്നത്…”
” ആഹ്… അമലേ… കുഴപ്പൊന്നൂല്ലടാ… വയറൽ ഫീവർ ആയിരുന്നു. ക്ഷീണം കൂടിയപ്പോ ഒന്ന് വീണുപോയി. ഇപ്പൊ ഒരു കുഴപ്പോം ഇല്ല… ഞാൻ നാളെ മിക്കവാറും ഓഫീസിൽ വരും… അമ്മക്ക് ഇപ്പൊ എങ്ങനുണ്ട്… ”
” അമ്മയെ റൂമിലേക്ക് മാറ്റി… കുഴപ്പം ഒന്നുമില്ല. നാളേക്കഴിഞ്ഞു ഡിസ്ചാർജ് ആവമെന്ന് പറഞ്ഞു. ”
അങ്ങനേ ഓരോന്നൊക്കെ അവനോട് സംസാരിച്ച് ഇരിക്കുമ്പോഴാണ് അല്ലി റൂമിലേക്ക് കയറി വന്നത്.
” ശെരിടാ… നാളെക്കാണാം… ”
എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടു.
” എന്താടി…!!”
മുറിയിലേക്ക് കയറിവന്ന അല്ലിയെനോക്കി ഞാൻ ചോദിച്ചു.
“മ്മ്ച്ചും…”
അവൾ ചുമല് കൂച്ചിക്കാണിച്ചു.
” ഞാനിന്നിവിടെയാ കിടക്കണേ… ”
എന്നുമ്പറഞ്ഞ് അവൾ ബെഡിലേക്ക് കയറി എന്നോട് ചേർന്ന് കിടന്നു.
” ഇത് പതിവില്ലാത്തതാണല്ലോ… പോയി അപ്പുറത്തെങ്ങാൻ കിടക്ക് ശവമേ… ”
അവളെ എന്നീന്ന് അടർത്തി മാറ്റാൻ ശ്രെമിച്ചുകൊണ്ട് ഞാൻ പറഞ്ഞു. പക്ഷേ പോകില്ല എന്ന വാശിയിൽ ആയിരുന്നു അവൾ.
ഇത്രയും നേരം കൊണ്ട് താടക എന്റെയല്ല എന്ന സത്യം ഞാൻ ആക്സപ്റ്റ് ചെയ്ത് കഴിഞ്ഞിരുന്നു. ഓരോന്ന് ചിന്തിച്ച് കിടന്ന ഞാൻ ഇടക്കെപ്പഴോ ഉറങ്ങിപ്പോയി. എന്നെ പറ്റിപ്പിടിച്ച് അല്ലിയും.
പിറ്റേന്ന് അല്ലിയാണ് എന്നെ വിളിച്ചുണർത്തുന്നത്. കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട് പെണ്ണിന്റെ.
” ഡാ ഏട്ടാ…നീയിന്നോഫിസിൽ പോണില്ലേ… കുറച്ചുമുന്നേ ജിൻസിയേച്ചി വന്ന് നിന്നോട് വെയിറ്റെയ്യാൻ പറയാൻ പറഞ്ഞു. പുള്ളിക്കാരി ഡ്രോപ്പെയ്യാന്ന്… ”
അത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു ആക്കിയ ചിരിയുണ്ടായിരുന്നു. ഇവളിത് എന്ത് ഭാവിച്ചാണാവോ.
അതിനൊന്ന് കനപ്പിച്ച് മൂളി ഞാൻ എണീറ്റു ഫ്രഷ് ആവാൻ കേറി.
എല്ലാം കഴിഞ്ഞിറങ്ങുമ്പോൾ ഹാളിൽ ജിൻസിയുടെ സംസാരം കേൾക്കാമായിരുന്നു. കുറഞ്ഞ സമയം കൊണ്ട് അവൾ അമ്മയെ കയ്യിലെടുത്തിട്ടുണ്ട്. അമ്മ അങ്ങനെ ഒന്നും വീഴാത്തതാണ് ഇപ്പൊ എന്ത് പറ്റിയാവോ. എന്തായാലും ജിൻസിയേം അമ്മുവിനേം അമ്മക്ക് നല്ലോണം പിടിച്ചിട്ടുണ്ട്
എന്നെക്കണ്ടതും അമ്മ സംസാരം നിർത്തി എനിക്ക് കഴിക്കാനെടുത്തുവച്ചു. അതും കഴിച്ച് അമ്മക്ക് ഒരു ഉമ്മയും കൊടുത്ത് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ ജിൻസി എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
” എഹേം….”
അല്ലിയോന്ന് മുരടനക്കിയപ്പോൾ പുള്ളിക്കാരിയൊന്ന് ഞെട്ടി. മുഖത്തേക്കിരച്ചുകയറിയ നാണത്താൽ കുനിഞ്ഞ മുഖത്തോടെ ജിൻസിയിറങ്ങിനടന്നു.
അവൾക്ക് പിന്നാലെ ഞാനും.
കറിലിരുന്ന് ഓരോന്നൊക്കെ സംസാരിച്ച് ഞങ്ങൾ യാത്ര തുടർന്നു. എന്നെ ഓഫീസിനു മുന്നിൽ ഇറക്കി യാത്ര പറഞ്ഞ് ജിൻസി പോകുന്നത് ഒരു നെടുവീർപ്പോടെ ഞാൻ നോക്കിനിന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ടെൻഷനോടെയാണ് ഓഫിസിലേക്ക് കയറിയിരുന്നതെങ്കിൽ ഇന്ന് അങ്ങനെയൊരു ചിന്തയും എന്റെ മനസിലൂടെ കടന്നുപോയില്ല. അവിടെ ഉണ്ടായിരുന്നവരെയൊക്കെ വിഷ് ചെയ്തു. അവരൊക്കെ രോഗവിവരങ്ങൾ അന്വേഷിച്ചു. ഇവരൊക്കെ എങ്ങനെ അറിഞ്ഞു എന്നൊരു ചിന്ത വന്നുവെങ്കിലും അതാലോചിച്ചു തലപുണ്ണാക്കാൻ നിക്കാതെ ഞാൻ എന്റെ കാബിനിലേക്ക് ചെന്നു.
രണ്ട് ദിവസം കൊണ്ട് കുറെയേറെ ഫയലുകൾ എന്റെ ടേബിളിൽ വന്ന് കിടപ്പുണ്ട്. ഞാനത് നോക്കുന്നതിൽ മുഴുകി.
