ദേവസുന്ദരി – 6

പിറ്റേന്ന് മുതൽ എന്താണ് സംഭവിച്ചതെന്ന് ഒരുപിടിയുമില്ല. ദിവസങ്ങൾ ഓടിമറയുകയായിരുന്നു. ഇത്രയും ദിവസം താടക അവധിയിൽ ആയിരുന്നു. അവളില്ലാത്തപ്പോൾ അവളുടെ ജോലി കൂടി എന്റേതാണ്. അവൾ എന്നെ അറിയിക്കേണ്ടതായിരുന്നു ലീവ് ആണെന്ന്. അതിനായിരിക്കാം ഒരുപക്ഷെ അന്ന് ഫ്ലാറ്റിലേക്ക് വന്നത്. അന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയല്ലോ. എന്നെ ഇൻഫോം ചെയ്തുകാണും എന്നോർത്ത് ഓഫീസിലെ ആരും ഒന്നും പറഞ്ഞുമില്ല. ഞാനൊട്ട് ചോദിക്കാൻ പോയുമില്ല.

ഒരാഴ്ച കടന്ന് പോയത് അറിഞ്ഞില്ല. ശനിയാഴ്ച ഉച്ചവരെ ഓഫീസ് ഉണ്ടായിരുന്നു. ശെരിക്കും ശനി ലീവ് ആണ്. പക്ഷേ മാനേജർ ശനിയാഴ്ച ഉച്ചവരെ ഓഫീസിൽ വേണം. താടക ഇല്ലാത്ത സ്ഥിതിക്ക് അത് എന്റെ തലയിലാണല്ലോ.
ഓഫീസിൽനിന്നിറങ്ങി ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിലൂടെ ഇഴഞ്ഞ് ഫ്ലാറ്റിലെത്തിയപ്പോഴേക്കും ഒരു സമയമായി.

ഫ്ലാറ്റിലേക്ക് കേറുമ്പഴേ കണ്ടു എന്തോ ചർച്ചയിലായിരുന്ന മാതാപിതാക്കളെ…

എന്ത് പറ്റിയോ എന്തോ… അമ്മേടെ മുഖം ഒരുകൊട്ടയുണ്ട്.

എന്നെയൊന്ന് നോക്കുന്നൂടിയില്ല. ഞാൻ അല്ലിയെ ഒന്ന് നോക്കി. പെണ്ണ് ഒന്നും മിണ്ടാണ്ട് അടങ്ങി ഇരിക്കണുണ്ട്.

” എടാ നിനക്കെന്നെയിന്ന് കല്യാണത്തിന് കൊണ്ടോവാൻ പറ്റുവോ… ”

അവരേം നോക്കി സോഫയിൽ ഇരിപ്പുറപ്പിച്ചതെ അമ്മയെന്നെ നോക്കി ചോദിച്ചു.

” അതിനിന്നല്ലല്ലോ നാളെയല്ലേ കല്യാണം..! ”

ഞാൻ സംശയത്തോടെ അമ്മയെ നോക്കി.

അപ്പൊ അതാണ് കാര്യം. ഇന്ന് അച്ഛൻ വരുന്നില്ലാന്ന് പറഞ്ഞുകാണും.

” എന്നാലും സന്ധ്യക്ക്‌ ഒന്നവിടെ കയറിയിറങ്ങാടാ…”

അമ്മ കൊഞ്ചുന്ന പോലെ പറഞ്ഞു.

” എനിക്ക് വയ്യാമ്മേ… അച്ഛനെ കൂട്ടിക്കൂടെ… ”

” അങ്ങേര് വരൂല… നീയൊന്ന് വാ കണ്ണാ… നല്ല മോനല്ലേ… ”

ഹോ എന്താ പത…! പതയിൽ മുക്കിക്കൊല്ലാൻ ആണോ…

“അധികം പതപ്പിക്കണ്ട പോയേക്കാം… ഇനി അതിന് മുഖോം വീർപ്പിച്ച് ഇരിക്കേണ്ട…”

അമ്മയുടെ കവിള് വലിച്ച് വിട്ട് ഞാൻ പറഞ്ഞു. അതോടെ പുള്ളിക്കാരിയുടെ മുഖം തെളിഞ്ഞിട്ടുണ്ട്.

അതിന്റെ പ്രതിഫലനമെന്നോണം കവിളിൽ ചുണ്ട് ചേർത്ത് ഒരു സ്നേഹപ്രകടനവും നടന്നു.

അമ്മയുടെ അടുത്ത കൂട്ടുകാരിയുടെ മോളുടെ കല്യാണം ആണെന്നാണ് പറഞ്ഞത്. പോകാൻ വല്യ താല്പര്യം ഇല്ലെങ്കിലും അമ്മ ഇടയും എന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ് ഇപ്പൊ ഇതിന് സമ്മതിച്ചിരിക്കുന്നത്.

അല്ലേലും അമ്മയുടെ ഒരാഗ്രഹത്തിനും ഞാനിന്നേവരെ എതിര് നിന്നിട്ടില്ല.

വൈകുന്നേരം കുളിച്ച് റെഡി ആയി ഞാനും അമ്മയും കല്യാണത്തിന് പോകാൻ തയ്യാറായി നിന്നു. അല്ലി വരുന്നു എന്ന് പറഞ്ഞെങ്കിലും അവളോട് നാളെ വന്നാൽ മതിയെന്ന് അമ്മ പറഞ്ഞു. അച്ഛൻ വല്യച്ഛന്റെ അടുത്തൊട്ട് പോയതിനാൽ അല്ലിയെ ജിൻസിയോടൊപ്പം അവളുടെ ഫ്ലാറ്റിൽ ആക്കി ഞങ്ങൾ ഇറങ്ങി.

ബാംഗ്ലൂരിന്റെ തിരക്കിലൂടെ ഞങ്ങളുടെ കറുത്ത എന്റവർ പാഞ്ഞു. കുറച്ച് ദൂരമുണ്ട് കല്യാണവീട്ടിലേക്ക്. അമ്മക്ക് ബാംഗ്ലൂരിലെ വഴിയൊക്കെ കാണാപ്പാടമാണ്. കല്യാണം കഴിഞ്ഞ് കുറേകാലം ഇവിടെ ആയിരുന്നു അച്ഛനും അമ്മേം. അച്ഛനും ഇവിടെ ബിസിനസ്‌ ആയിരുന്നു. അല്ലിയെ കാരിയിങ് ആയപ്പോ ആണ് ഞങ്ങൾ നാട്ടിലേക്ക് പോകുന്നത്.
അമ്മ പറഞ്ഞുതന്ന വഴിയിലൂടെ ഞാൻ കാർ പായിച്ചു. അവസാനം ഒരു വലിയ വീടിന് മുന്നിൽ അമ്മ കാർ നിർത്താൻ പറഞ്ഞു.

ബംഗ്ലാവ് പോലെ തോന്നിക്കുന്ന വലിയ ഒരു വീട്. മുഴുവൻ സ്ട്രിങ് ലൈറ്റിനാൽ അലങ്കരിച്ചിരുന്നു അവിടമാകെ. കുറേ ആളുകളുണ്ട് മുറ്റത്തൊക്കെ. അലങ്കാരമൊക്കെ കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി.

” അമ്മ ഇറങ്ങി അകത്തേക്ക് പൊയ്ക്കോ… ഞാൻ കാർ പാർക്ക് ചെയ്തിട്ട് വന്നേക്കാം…”

അമ്മയെ ഇറക്കി ഞാൻ കുറച്ചുമാറി കാർ ഒതുക്കിയിട്ടു.

അലങ്കാരങ്ങൾ നോക്കി നാടന്ന് പയ്യെ ഞാൻ വീടിന്റെ കോമ്പൗണ്ടിലേക്ക് കേറി.

അമ്മ വീട്ടിന്റെ മുന്നിൽ തന്നെ എന്നെയും നോക്കി നിൽക്കുന്നുണ്ട്.

ഞാൻ അമ്മയുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി.

എന്നാൽ ഒരുനിമിഷം എന്റെ കാലുകൾക്ക് വിലങ്ങുവീണു. ഒരടിപോലും വെക്കാനാവാതെ ഞാൻ അവിടെ തറഞ്ഞുനിന്നു.

ഒരു നീല ഗൗണിൽ ആഭരണങ്ങളൊക്കെ അണിഞ്ഞ് അണിഞ്ഞൊരുങ്ങി നിൽക്കുന്ന അഭിരാമി. അവൾ അതീവ സുന്ദരി ആയിരിക്കുന്നു. ഇളം ചുവപ്പ് നിറമാർന്ന ചുണ്ടുകൾ നനവിൽ തിളങ്ങുന്നുണ്ടായിരുന്നു. വിടർത്തിയിട്ട അവളുടെ പനങ്കുല പോലുള്ള മുടിയിഴകൾ അവിടെ വച്ചിരുന്ന പെടസ്റ്റൽ ഫാനിന്റെ കാറ്റിൽ പാറിപറക്കുന്നുണ്ടായിരുന്നു. അവളുടെ ദേവസൗന്ദര്യത്തിൽ ഭ്രമിച്ചൊരുനിമിഷം ഞാൻ നിന്നുപോയി.

അവളുടെ കാപ്പിപ്പൊടിക്കണ്ണുകൾ എന്നിലേക്ക് വന്ന് പതിക്കുന്നത് ഞെട്ടലോടെ ഞാൻ മനസിലാക്കി.

മനസിൽ ഒരു കുഞ്ഞുറുമ്പോളം മാത്രം അവശേഷിച്ചിരുന്ന പ്രതീക്ഷയും അവസാനിച്ചിരിക്കുന്നു. അവൾ ഇനിയൊരിക്കലും എന്റെയാവില്ല. നാളെ അവളുടെ കല്യാണമാണ്.

മനസിലൂടെ കടന്നുപോയ ചിന്തകളെ ചവിട്ടി മെതിച്ച് ഒരു പുഞ്ചിരിയോടെ ഞാൻ അവൾക്ക് നേരെ നടന്നു.

അവളുടെ മുഖത്ത് വിരിഞ്ഞ പുച്ഛഭാവം കണ്ട് ഒന്ന് ശങ്കിച്ചെങ്കിലും ഞാൻ നടത്തം നിർത്തിയില്ല.

അവളുടെ അടുത്തെത്തി ഒരു ഹാപ്പി മാരീഡ് ലൈഫ് ആശംസ പറയാൻ വാ തുറന്നതും അവൾ പറഞ്ഞത് കേട്ട് ഞാനൊന്ന് നടുങ്ങി.

” കുറച്ചേലും ഉളുപ്പുണ്ടോടോ വിളിക്കാത്ത കല്യാണത്തിന് വരാൻ…! ”

അത്യാവശ്യം ശബ്ദമുയർത്തി തന്നെ ആയിരുന്നു അവൾ അത് ചോദിച്ചത്.

അവിടെ ഉണ്ടായിരുന്ന അത്രയും പേരിലേക്കും അവളുടെ മുഖത്ത് കണ്ട പുച്ഛഭാവം വ്യാപിക്കുന്നത് ഞാൻ അമ്പരപ്പോടെ കണ്ടു.

ഇതിൽപ്പരം അപമാനം വേറെ കിട്ടാനില്ല. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വരേണ്ടിയിരുന്നില്ല…
ഞാൻ അമ്മയെ ഒന്ന് നോക്കി. അമ്മയുടെ മുഖം വിവർണമാണ്. അതൂടെ കണ്ടതും എന്നിലേക്ക് ദേഷ്യം ഇരച്ചെത്തി.

അത് മനസിലാക്കിയതും അമ്മ വേഗം ഇറങ്ങിവന്ന് എന്റെ കയ്യിൽ കയറിപ്പിടിച്ചു.

” മോനു വേണ്ടടാ…. നമ്മക്ക് പോവാ..”

അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ആൾക്കൂട്ടത്തിന് നടുവിൽ അപമാനിതയായി ആ മുഖം കുനിഞ്ഞു. ഒരിക്കലും നിറയരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്ന എന്റെ അമ്മയുടെ കണ്ണുകൾ അവൾ കാരണം നനഞ്ഞിരിക്കുന്നു.

ഞാൻ അവളെയൊന്ന് തുറിച്ചു നോക്കി.

അവളുടെ മുഖത്തൊരു പകപ്പ് ആയിരുന്നു.അമ്മ എന്നെയും വലിച്ച് ആ ആൾക്കൂട്ടത്തിന് നടുവിലൂടെ പുറത്തേക്ക് നടന്നു.

” പവിത്രേ… ഡീ നിൽക്ക് പോവല്ലേ…!”

പുറകീന്ന് ഒരു സ്ത്രീ വിളിച്ചുപറഞ്ഞുകൊണ്ട് ഞങ്ങളുടെ പുറകെ വരുന്നുണ്ടായിരുന്നു.

അതാവാം അമ്മയുടെ കൂട്ടുകാരി.

എന്നാൽ അമ്മ അതിന് ചെവികൊടുക്കാതെ നേരെ കാറിൽ കയറി ഇരുന്നു. ഒരു സംസാരത്തിന് താല്പര്യമില്ലാത്തോണ്ട് ഞാൻ അവരെ മൈൻഡ് ചെയ്യാതെ കാർ മുന്നോട്ടെടുത്തു.

അമ്മ കരയുകയായിരുന്നു.

” കണ്ണാ… സോറീട… ഞാൻകാരണം എന്റെ കുഞ്ഞ്… ”

Leave a Reply

Your email address will not be published. Required fields are marked *