നവവധു – 12

എന്റെ നോട്ടം കണ്ടിട്ടാവണം എന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കിനിന്ന അവള് പെട്ടന്ന് കണ്ണുകൾ മാറ്റി. എനിക്ക് ചെറുതായി ചിരി വന്നു. എത്ര വിൽപവറുള്ള പെണ്ണായാലും ഒരാണ് കണ്ണിലേക്ക് നോക്കിയാൽ ആ വിൽപവറൊക്കെ ചോർന്നു പോകുംപോലെ.

എന്നാ വീട്ടീന്ന് വിളിച്ചേ??? അവൾ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി. വിഷയം മാറ്റനെന്ന പോലൊരു ഭാവം ആ സ്വരത്തിൽ ഉണ്ടായിരുന്നോ???

ഒന്നൂല്ല. അവളുമാരോട് അടി കൂടിയതിന്റെ തെറിയാ. ഞാനൊന്ന് പോയേച്ചും വരാം…

പോയിട്ട് വേഗം വരുവോ??? അവളുടെ ആ നിഷ്കളങ്കമായ ചോദ്യത്തിന് ഒരായിരം അർഥങ്ങൾ ഉണ്ടായിരുന്നു.

“വരാം”…നോക്കട്ടെ എന്നു സ്ഥിരമായി പറയാറുള്ള ഞാൻ അന്നാദ്യമായി അറിയാതെ പറഞ്ഞുപോയി. പക്ഷേ ആ പറഞ്ഞത് എന്റെ നാവ് ആയിരുന്നില്ല.മനസ്സായിരുന്നു.!!!

ബൈക്കെടുത്തു വീട്ടിലേക്ക് പോയുംമുന്നേ ഞാനാ മുഖത്തേക്ക് ഒന്നൂടി നോക്കി. ഒരു വിരഹഭാവം!!!

ക്ലാസിലിരുന്നോ….ഞാനിപ്പ വന്നേക്കാം… പറയാതിരിക്കാൻ എനിക്കാവുമായിരുന്നില്ല.

അറിയാതെ തലയാട്ടിക്കൊണ്ടുള്ള ആ നിൽപ്പായിരുന്നു വീട്ടിലേക്ക് പായുമ്പോൾ മനസ്സ് നിറയെ. പെട്ടന്നെന്റെ മനസ്സ് ഇത്ര ചാഞ്ചാടാനുള്ള ഒരു കാരണവും എനിക്കറിയില്ല. അവളോട് എന്തോ….തലേന്നുവരെ ഇല്ലായിരുന്ന ഒരു പ്രത്യേക ഇഷ്ടം….ഒരു പരിഗണന….
ശ്രീ എന്നൊരു അദ്ധ്യായമേ ആ ചിന്തകൾക്കിടയിൽ ഇല്ലായിരുന്നു. ശെരിക്കും ശ്രീയോടുള്ള എതിർപ്പ് ആയിരുന്നു റോസിനോടുള്ള ഇഷ്ടമെങ്കിൽ ഇപ്പോളത് മറ്റേതോ തലത്തിലേക്ക് പോയപോലെ….

അവളോട് ഇഷ്ടമാണോ എന്നുപോലും ചോദിച്ചിരുന്നില്ല എങ്കിലും അവളാണെന്റെ പെണ്ണെന്നൊരു ഉറപ്പ്. ഇഷ്ടമാണ് എന്നൊരു ഉറപ്പ്. ആ കണ്ണുകളിൽ ഞാൻ കാണുന്ന ഭാവത്തിന് അതാണ് അർഥമെന്നു ഞാൻ വിശ്വസിക്കുന്നു….

*****

കാറ്റുപോലെയാണ് വീട്ടിലേക്ക് പോയത്. ബൈക്കിന് ഡ്യുക്കാറ്റിയുടെ പവർ. നാട്ടുകാർ വായുഗുളിക വാങ്ങാൻ പോകുവാന്ന് കരുതിക്കാണും. മിറ്റത്ത് സഡൻബ്രേക് ചവിട്ടിയാണ് നിന്നത്. ബ്രേക്കിട്ട സൗണ്ട് കേട്ട് അമ്മ ഓടിവന്നു. അമ്മയെ കണ്ടതും എന്റെ പോയ കിളി തിരിച്ചു വന്നു. അപ്പോളാണ് ഞാൻ പ്രണയമൂഡിൽ നിന്ന് ട്രാജഡി മൂഡിലേക്ക് വന്നത്. രംഗം കലുഷിതമാണെന്ന് അമ്മയുടെ മുഖം കണ്ടതെ മനസ്സിലായി. പതിവില്ലാതെ മുഖത് അമാവാസി ദിവസം അർധരാത്രി കരണ്ടുപോയ പോലുള്ള ഇരുട്ട്. ദേഷ്യം കൊണ്ടു പല്ലിറുമുന്ന പോലെ. ആ ഭാവത്തിൽ അമ്മയെ ഞാൻ ആദ്യമായി കാണുവാരുന്നു.

ബൈക്കിൽ നിന്നിറങ്ങിയ എന്റെ കാലുകൾക്ക് ചെറിയൊരു പതർച്ചയുണ്ടോ ആവോ!!! എന്തായാലും അമ്മയുടെ മുഖത്തേക്ക് നോക്കാതെ ഞാൻ മുഖം താഴ്ത്തി പതിയെ വീട്ടിനുള്ളിലേക്ക് നടന്നു.

നിക്കടാ അവിടെ…ഒരു ഗർജ്ജനം…. അത് അച്ഛനാണെന്നു ഞാനറിഞ്ഞു.

ഈ പടി ചവിട്ടിയാ ആ കാലു ഞാൻ തല്ലിയൊടിക്കും…അച്ഛൻ ഒരു അലർച്ചയോടെ അകത്തുനിന്ന് പാഞ്ഞുവരുന്നത് ഞാൻ കണ്ടു. വേരിറങ്ങിയ പോലെ ഞാൻ അവിടെ നിന്നു.

കൊന്നോടാ നീയതിനെ??? പിന്നിൽ നിന്നും അമ്മയുടെ വക .

ഞാൻ രണ്ടുപേരുടെയും മുഖത്തേക്ക് ഒന്ന് പാളിനോക്കി. ദേഷ്യംകൊണ്ട് വിറക്കുകയാണ്. എനിക്കണേ സംഭവം എന്താണെന്ന് കത്തിയതുമില്ല.

ഞാ…ഞാനെന്നാ കാണിച്ചൂന്നാ??? ചെറിയൊരു വിറയലോടെ ഞാൻ പതിയെ ചോദിച്ചു. ഉറക്കെ ചോദിക്കാൻ ധൈര്യം പോരാ..

നീ എന്നാ കോണച്ചൂന്നോ.????… പറഞ്ഞു തരാടാ….അച്ഛൻ മുറ്റത്തേക്ക് ചാടി.

ഒരടി പ്രതീക്ഷിച്ചതിനാൽ ഞാൻ നൈസായി പിന്നോട്ടും ചാടി. എന്താ സംഭവിച്ചത് എന്നുള്ള ഒരു അമ്പരപ്പ് എന്റെയുള്ളിലും ഉണ്ടായിരുന്നു എന്നതാണ് സത്യം.
പോയി വിളിച്ചോണ്ട് വാടാ എന്റെ കൊച്ചിനെ….അല്ലേ ആ മുറിയിൽ കിടന്നു ചത്തുപോകും ആ പാവം….
അമ്മയുടെ ആ ഡയലോഗ് എന്നെ വല്ലാതെ ഉലച്ചു. പ്രശ്നം ഗുരുഃതരമാണെന്നു എന്റെ ആറാമിന്ദ്രിയം വിളിച്ചോതിയതും ഞാൻ അവളുമാരുടെ വീട്ടിലേക്കോടി. അന്ന് സൗമ്യേച്ചിയുടെ വീട്ടിലേക്ക് ഓടിയത്തിലും വേഗത്തിൽ….കാരണം….കാരണം……അതിന്നും എനിക്ക് അജ്ഞാതം. ഒരുപക്ഷേ ചേച്ചി എന്റെ ഹൃദയം ആയിരുന്നിരിക്കാം.

ഓടിയെത്തുമ്പോ മുറ്റത്താരെയും കണ്ടില്ല. അകത്തു നിന്നും എന്തോ ബഹളം കേൾക്കാം. പറന്ന് എന്നു മട്ടിലാണ് ഞാൻ അകത്തെത്തിയത്. ചെന്നപ്പോ ആരതിചേച്ചിയുടെ മുറിയുടെ മുമ്പിൽ ഒരു യുദ്ധതിനുള്ള ആളുണ്ട്. അച്ചു…അവരുടെ അച്ഛൻ…സീതേച്ചി…സൗമ്യേച്ചി…ശിവേട്ടൻ…..എന്നെക്കണ്ടപാടെ എല്ലാരുടെയും മുഖത്ത് മിന്നിമറഞ്ഞ ഭാവം അതെനിക്ക് ഊഹിക്കാൻ പോലും കഴിഞ്ഞില്ല. പക്ഷേ അവരുടെ മുഖത്തൊരു ആശ്വാസഭാവം ഞാൻ മനസ്സിലാക്കി.

ജോക്കുട്ടാ….സീതേച്ചി ഓടി വന്നത് കരഞ്ഞോണ്ട്.

സ്ത്രീജനങ്ങൾ എല്ലാം കരയുവാണെന്നു ഞാൻ അപ്പോളാണ് കണ്ടത്.

എന്നാ സീതാമ്മേ…എന്നാ പറ്റി??? എനിക്കാകെ അങ്കലാപ്പായി.

അവള്…വാതില് തുറക്കണില്ലടാ…നീ…നീയിന്നലെ പോയ പിന്നാലെ മുറീ കേറി കഥകടച്ചതാ….ഇതുവരെ തുറന്നിട്ടില്ലടാ….എനിക്ക് പേടിയാകുവാടാ ജോക്കുട്ടാ….ഒന്നു വിളിക്കടാ…. സീതേച്ചിയുടെ നിലവിളി ഉച്ചത്തിലായി.

ദൈവമേ…ചേച്ചി എന്തേലും….എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി. അടിമുടി ഞാനൊന്നു വിറച്ചു. ഒറ്റനിമിഷം കൊണ്ടുഞാൻ വാതിലിനടുത്തെത്തി.

ചേച്ചിയെ…ടീ വാതില് തൊറക്ക്…. ഞാനാ ജോക്കുട്ടൻ…ഞാൻ വാതിലിൽ ആഞ്ഞടിച്ചുകൊണ്ടു വിളിച്ചു.

മറുപടിയില്ല.

പലവട്ടം വിളിച്ചെങ്കിലും ഒരുമറുപടിയും വന്നില്ല. അവസാന വിളി ഞാൻ കരഞ്ഞുകൊണ്ടാണ് വിളിച്ചത്. ചേച്ചിക്ക് എന്തോ സംഭവിച്ചു എന്ന തോന്നൽ എന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങി. ജനലിലൂടെ ശിവേട്ടൻ അകത്തേക്ക് നോക്കുന്നുണ്ട്. വേറൊന്നും സംഭവിച്ചിട്ടില്ല എന്ന് കണ്ടതിനാൽ അവർക്ക് അത്ര ഫീലിംഗ് ഒന്നുമില്ല. വാതിൽ തുറക്കാത്ത ഫീൽ മാത്രം. പക്ഷേ…. എനിക്ക്…എനിക്കെന്തോ…
ശിവേട്ടാ…പൊളിക്കാം….എന്റെ വാക്കുകൾക്ക് പെട്ടന്നൊരു ബലം വന്നു. മുഖത്തൂടെ ഒലിച്ചിറങ്ങിയ കണ്ണീർ പുറംകൈ കൊണ്ടു തുടച്ചുകൊണ്ട് ഞാൻ ശിവേട്ടനെ നോക്കി. എന്തോ അതിൽക്കൂടുതൽ കാത്തിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.

ശിവേട്ടൻ എന്നെ അമ്പരപ്പോടെ നോക്കി. എനിക്കെന്തോ അതൊരു അപമാനം പോലെയാണ് തോന്നിയത്. ആ ദേഷ്യം കാലുകളിലേക്ക് ആവാഹിച്ച് ഞാനാ വാതിലിൽ ആഞ്ഞു തൊഴിച്ചു. വീട് അടിമുടി ഒന്നു കുലുങ്ങിയോ???ആവോ…എന്തായാലും കതകിന് യാതൊരു മാറ്റവുമില്ല. ഈട്ടിത്തടിയുടെ വാതിലാണ്. ആനപിടിച്ചാലും ങേഹേ…!!!

പക്ഷേ ആ തൊഴിക്ക് പ്രതികരണമുണ്ടായി. അകത്ത് ഓടമ്പൽ മാറുന്നത് ഞങ്ങള് കേട്ടു. കേട്ടപാതി കേൾക്കാത്ത പാതി ഞാൻ മുറിക്കകത്തേക്ക് ഇരച്ചുകയറി. ഇത്രേം നേരം തീ തീറ്റിച്ചതിന് തലേന്നത്തെതുപോലെ ഒരണ്ണം കൊടുക്കാനായാണ് കേറിയതെങ്കിലും അകത്തു കണ്ട കാഴ്ച്ച എന്റെ സർവനാഡികളും മരവിപ്പിക്കുന്നതായിരുന്നു. അകത്തുള്ള രൂപം ചേച്ചി തന്നെയെന്നുറപ്പിക്കാൻ എനിക്കൊരു നിമിഷമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *