നിണം ഇരമ്പം – 1

നിണം ഇരമ്പം 1

Ninam Erambam Part 1 | Author : Anali

 


 

ഭാഗങ്ങളാക്കി നിങ്ങൾക്ക് മുൻപിൽ എത്തിക്കാൻ ശ്രമികുന്ന ഈ കഥയുടെ രണ്ടാം ഭാഗമാണ് ‘ ഇരമ്പം ‘. ഇതിന്റെ ആദ്യ ഭാഗമായ ‘ ഒരുകൂട്ടു ‘ വായിച്ചതിനു ശേഷം ഇതു വായിക്കുക. വായിച്ചു കഴിഞ്ഞ് അഭിപ്രായം തീർച്ചയായും പറയണം, അത് മോശം അഭിപ്രായം ആണെങ്കിലും പറയാൻ മടിക്കരുത്. നിങ്ങളുടെ സ്വന്തം – അണലി.

കൂരിരുട്ടിലൂടെ ഞങ്ങളുടെ ജീപ്പ് കാട്ടുവഴികൾ താണ്ടി വേഗത്തിൽ നീങ്ങി. ഇടയ്ക്കു എവിടെ നിന്നോ ഒരു നരി കൂവുന്നതിന്റെ ശബ്ദം ഞങ്ങളുടെ കാതിൽ പതിഞ്ഞു. ഞാൻ ചെറിയാൻ ചേട്ടനെ നോക്കി, യൂണിഫോം ഇടാൻ പോലും ആൾക്ക് സമയം കിട്ടിയില്ല എന്ന് എനിക്കു മനസ്സിലായി. ഒരു നീല ബനിയനും കാപ്പിപ്പൊടി കൈലിയുമാണ് പുള്ളിയുടെ വേഷം. ഇത് തലവേദന പിടിച്ച കേസ് ആണെന്ന് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സാറേ, അയാൾ ആകുലത അറിയിച്ചു. ടേക്ക് റൈറ്റ് ടു കോലിലാംകഴി നല്ലരി റോഡ്, ഫോൺ ഇരുന്നു ശബ്ധിക്കുന്നത് അനുസരിച്ചു ചെറിയാൻ ചേട്ടൻ വലതേക്കു വണ്ടി തിരിച്ചു. ഞങ്ങൾ ഒരു 10 മിനിറ്റ് യാത്ര ചെയ്തപ്പോൾ ഒരു വീടിന്റെ മുൻപിലായി വാഹനങ്ങൾ നിറുത്തി ഇട്ടിരിക്കുന്നതും ആളുകൾ നിൽക്കുന്നതും കണ്ടു. അവിടെ വണ്ടി നിർത്തി ഇറങ്ങിയപ്പോൾ ഗിരി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.

സാർ മറ്റു കൊലപാതകങ്ങളുമായി സാമ്യമുള്ള കൊല തന്നെ ആണ് ഇതും. വിക്ടിമ് ആരാണെന്നു കണ്ടു പിടിച്ചോ? ഞാൻ ചോദിച്ചു. സാർ ഒരു സ്ത്രീയാണ് വിക്ടിം, ലിസ്സി എന്നാണ് അവരുടെ പേര്. ഇവിടെ അടുത്ത് ഒരു ആശുപത്രിയിൽ നേഴ്സ് ആണ്. വയസ്സ് ഒരു 50 വരും. കെട്ടിയവനു കുമിളിയിൽ കട ആണ്, ഇടയ്ക്കു മാത്രമേ പുള്ളി ഇവിടെ വീട്ടിൽ വന്നു നിൽക്കത്തൊള്ളൂ. ഇവർക്ക് മക്കൾ ഒന്നും ഇല്ലാ. ഗിരി ഇതെല്ലാം പറയുന്നതിന് ഇടയിൽ തന്നെ ഞാൻ ആ വീട് ലക്ഷ്യം ആക്കി നടന്നു. ഉറക്ക ഷീണം കാരണം കണ്ണിൽ വണ്ടികളുടെ ഹെഡ്ലൈറ്റ് അടിക്കുമ്പോൾ വേദന തോന്നി. സാർ പെട്ടന്നു തന്നെ ബോഡി ഇവിടുന്നു എടുത്തു ഹോസ്പിറ്റലിൽ ആക്കണം, ഇപ്പോൾ തന്നെ കഴുത്തിൽ വള്ളിയും തൂക്കി പത്രക്കാർ വരും. എന്റെ പുറകെ നടന്ന് ഗിരി പറഞ്ഞു.

സാർ വീട്ടിൽ അല്ല, പുറകിൽ വീട്ടിൽ നിന്നും ഒരൽപ്പം മാറി കുളിമുറി ഉണ്ട് എന്ന് പറഞ്ഞു ആ ദിശയിലേക്ക് ഗിരി കൈ ചൂണ്ടി. ആരാണ് ഇത്രയും രാവിലെ ബോഡി കണ്ടത്? ഞാൻ തിരിഞ്ഞു എല്ലാവരോടുമായി ചോദിച്ചു. ഞാനാണ് സാറേ, ഒരു 30 വയസ്സ് തോനിക്കുന്ന യുവാവ് മുൻപോട്ടു വന്നു. അയാൾ ഒരു കൈലി മുണ്ട് മാത്രമായിരുന്നു ധരിച്ചിരുന്നത്. തന്റെ പേരെന്താ, ഞാൻ തിരക്കി. എന്റെ പേര് ജോബിൻ എന്നാണ് സാർ, രാത്രി കോഴികൾ ബഹളം വെക്കുന്നത് കേട്ടാണ് ഇറങ്ങിയത്. പാക്കാൻ പിടിക്കാൻ വന്നതാണോ എന്ന് ടോർച്ചു അടിച്ചു നോക്കിയപ്പോൾ ആണ് ഇവിടെ ഇതു കണ്ടത്, അപ്പോൾ തന്നെ ഞാൻ പോലീസിനെ വിവരം അറിയിച്ചു.

അയാൾ അത് പറഞ്ഞു തീർത്തപ്പോൾ ഞാൻ ബോഡി കിടന്ന സ്ഥലത്തേക്ക് നീങ്ങി. കോത പുല്ലുകളാൽ ചുറ്റപ്പെട്ട ഒരു പഴയ കുളിമുറിയുടെ വാതിൽക്കൽ ആണ് ബോഡി കിടക്കുന്നത്. അതിനു അരികിലായി ആളുകൾ മൂക്കും വായും പൊത്തി നില്കുന്നു. ഞാൻ തലയിൽ നിന്നും തൊപ്പി ഊരി ചെറിയാൻ ചേട്ടനെ ഏല്പിച്ച് പോക്കറ്റിൽ കിടന്ന ഒരു തൂവാല എടുത്ത് മൂക്ക് പൊത്തി, അടുത്തേക്ക് നീങ്ങി. മറ്റു കൊലപാതകങ്ങൾ പോലെ തന്നെ അതിക്രൂരമായ ഒരു കൊലപാതകമാണ് ഇതും. ആ സ്ത്രീയുടെ കൈയിൽ പലയിടത്തും എല്ലുകൾ കാണാവുന്ന അത്രയും ആഴത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. സമയമെടുത്ത് ഒരു മാനസിക രോഗിയായ കൊലയാളി ചെയ്ത കൃത്യം.

ഈ കൊലപാതകം നടന്നിട്ട് അധിക സമയം ഒന്നുമായിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. ഈ ചുറ്റുപാടു മുഴുവൻ ഇപ്പോൾ തന്നെ പരിശോധിക്കണം എന്ന് ഞാൻ അവിടെ നിന്ന പോലീസുകാരോട് പറഞ്ഞു. സാർ ഞങ്ങൾ ഇവിടെ വന്നപ്പോൾ തന്നെ പരിശോധിക്കാന്നായി കുറച്ചു പോലീസുകാരെ ചുറ്റും പറഞ്ഞു വിട്ടിട്ടുണ്ട് എന്ന് ഗിരി മറുപടി നൽകി. കഴിഞ്ഞ ഒരു മൂന്നു മണിക്കൂറിനുള്ളിൽ ഇവിടെ ഉള്ള ടവറിൽ ഏതെങ്കിലും പുതിയ മൊബൈൽ വന്നു പോയിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണം.

ഞാൻ അത് പറയുമ്പോൾ ഫോറൻസിക്കിൽ നിന്നും ഫോട്ടോഗ്രാഫർ വന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ബോഡി അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി അധികം താമസിക്കാതെ തന്നെ എന്റെ ടീമിലുള്ളവർ ഒരു ജീപ്പിലായി അവിടെ എത്തിച്ചേർന്നു. എന്നെ കണ്ടപ്പോൾ എൽസൺ അടുത്തേക്ക് വന്നു.

ഈ ഒരു മരണം കൂടിയായപ്പോൾ ഇനി മീഡിയ ഒന്നും നമുക്ക് ചെവിതല തരില്ല അല്ലേ സാറേ എന്ന് അയാൾ ചോദിച്ചു. അതിനെക്കാളും കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും എൽസൺ പറഞ്ഞത് ശരിയാണ് എന്ന് എനിക്ക് തോന്നി. കുറ്റാന്വേഷണം നടക്കുന്നതിന് ഇടയിൽ തന്നെ ഇത്രയും പെട്ടെന്ന് വീണ്ടും ഒരു കൊലപാതകം നടന്നാൽ അത് അന്വേഷണം നടത്തുന്നവരുടെ കഴിവുകേടായെ ആളുകൾ കാണു, എങ്കിലും ഇതിനിടക്ക്‌ ഇങ്ങനെ ചെയ്യുവാനുള്ള ധൈര്യം ഈ കുറ്റവാളിക്ക് ഉണ്ടെങ്കിൽ അത് ഞങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യം തന്നെ ആണ്. അവിടെ നെഞ്ചത്ത് അടിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന ഒരാളെ ചൂണ്ടി കാണിച്ചുകൊണ്ട് ഗിരി പറഞ്ഞു ഇതാണ് ആ സ്ത്രീയുടെ ഹസ്ബൻഡ്. ഞാൻ എൽസണെയും മിത്രയും കൂട്ടി ആ വീടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു.

വീടിന്റെ പുറകുവശത്തെ കതകുകൾ തുറന്നു തന്നെയാണ് കിടന്നിരുന്നത്. വീടിന്റെ അകത്ത് ചെറിയ രീതിയിലുള്ള ബലപിടുത്തത്തിന്റെ ലക്ഷണങ്ങൾ എല്ലാം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. വീട് സന്ദർശിച്ചതിന് ശേഷം ചുറ്റുപാടുകളും ഞാൻ നടന്നു പരിശോധിച്ചു. ആദ്യത്തെ രണ്ടു കൊലപാതങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ കൊലപാതകത്തിൽ കുറച്ചു കാര്യങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവിടെയും വിക്ടിം തന്നെയാണ് കതക് തുറന്നുകൊടുത്ത് കൊലയാളിയെ അകത്ത് കേറ്റിയത് പക്ഷേ മറ്റു കൊലപാതകങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഞാൻ കണ്ടത് വിക്ടിം സ്വമേധയാ കൊലയാളിയുടെ കൂടെ പോകുന്നതിനു പകരം ബലപ്രയോഗത്തിലൂടെയാണ് കൊണ്ടുപോയിരിക്കുന്നത് എന്നതാണ്.

എന്തോ കാരണം കൊണ്ട് തിരിച്ച് കൊണ്ടുവന്ന ശവശരീരം അവർ വീടിന്റെ അകത്ത് വെക്കുന്നതിനു പകരം വീടിന്റെ പുറത്തുള്ള ബാത്റൂമിൽ തിടുക്കത്തിൽ ഇട്ടിട്ട് പോയിരിക്കുന്നു. ഒരുപക്ഷേ അയൽവക്കത്തുള്ള വീട്ടിലെ ആളുകൾ ഉണർന്നെന്ന് അറിഞ്ഞിട്ടായിരിക്കും. അവിടെ കുറച്ചുനേരം പരിശോധന നടത്തിയിട്ട് പത്രപ്രവർത്തകർ അവിടെ വന്നെത്തിയപ്പോൾ ഞങ്ങൾ തിരിച്ചു പോലീസ് സ്റ്റേഷനിലേക്ക് മടങ്ങി. എല്ലാ ടിവി ചാനലുകളിലും ഈ സംഭവം തന്നെയായിരുന്നു വാർത്തയും ചർച്ചയും.

Leave a Reply

Your email address will not be published. Required fields are marked *