വണ്ടി നിർത്തി പ്ലാറ്റ്ഫോംമിൽ ചെന്നപ്പോൾ നമ്മുടെ കക്ഷി അവിടെ പെപ്‌സിയും കുച്ചോണ്ട് നിക്കുന്നു…
എന്റെ ചേച്ചിയാണ്…
ആത്മിക ആർ സുദേവ്…
വീട്ടിൽ ആതു എന്ന് വിളിക്കും….
അവള് ചെന്നൈയിൽ —— പഠിക്കുന്നു…
ഞാൻ മുന്നോട്ട് ചെന്നപ്പോൾ, എന്നെ കണ്ട് ആദ്യം കൈ ഉയർത്തി തുടങ്ങിയ അവൾ പിന്നെ എന്തോ ഓർത്ത് കൈ താഴ്ത്തി എങ്ങോട്ടോ നോക്കി നിന്നു… ഞാനത് കാര്യമാക്കാതെ അടുത്തേക് ചെന്നു….
“ഉം? എന്തെ വരുന്നില്ലേ?” ഞാൻ ചോദിച്ചു…
മിണ്ടാട്ടം ഒന്നും ഇല്ല… എന്തിന് മുഖത്ത് കൂടെ നോക്കുന്നില്ല…
ആ വരുന്നെങ്കി വരട്ട് എന്ന് കരുതി ഞാൻ തിരിഞ്ഞ് വണ്ടീടെ അടുത്തേക്ക് നടന്നു,… ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോ ബാഗും തൂക്കി പുറകിൽ ഉണ്ട്…
സംഭവം എന്താ ച്ചാ, അവക്ക് അവളുടെ സാധനം വേറെ ആരും എടുക്കുന്നത് ഇഷ്ടമല്ല… കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോൾ അവളൊരു പുതിയ നീല ടി ഷർട്ട് കൊണ്ടുവന്നിരുന്നു.. അത് ഞാനിങ്ങ് അടിച്ചുമാറ്റി ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ പോയി… അത് പോരാഞ്ഞിട്ട് ട്രിപ്പ് കഴിഞ്ഞ് മടങ്ങാൻ നേരം എടാ കൊള്ളാലോ നല്ല ടി ഷർട്ട് രണ്ടീസത്തേക്ക് ഞാനെടുക്കുവാണേ എന്ന് പറഞ്ഞ് ഫ്രണ്ട് എടുത്തോണ്ട് പോയി, അതിന്റെ പിറ്റേന്ന് ഫ്രണ്ട് കൊച്ചിയിലേക്കും പോയി…
ഇപ്പൊ എങ്ങിനിരിക്കണ്….
അതിന് ഞാനും അവളും മുട്ടൻ വഴക്ക്, അവസാനം അടിയായി അമ്മ വന്നു രണ്ടാൾക്കും ഓരോന്ന് ചന്തിക്ക് തന്നപ്പോ ആണ് അടങ്ങിയത്… അതിന്റ പിണക്കം ആണാ പൊട്ടിക്കാളിക്ക്…
പാർക്കിങ്ങിൽ നിന്ന് വണ്ടിയും എടുത്തു വേഗം ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു..
പണിക്കർ അങ്കിൾ എല്ലാം എപ്പഴേ വന്നിരുന്നു… ഇപ്പൊ വണ്ടി ഞങ്ങളെയും കാത്ത് നിൽക്കുവാണ്… അമ്മ വീടിന്റെ ഗേറ്റിനടുത്ത് നിൽപ്പുണ്ട്… ഞാൻ സ്കൂട്ടി മുറ്റത്തേക്ക് കേറ്റി വെച്ചു…
“ആതു… നിനക്കെന്തേലും എടുക്കാനുണ്ടേൽ വേഗം എടുത്തിട്ട് വാ… ”
അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു
“അതിന് ഞാനെങ്ങും ഇല്ല… ഞാൻ ജീനയുടെ വീട്ടിൽ നിന്നോളം… അമ്മയും മോനും കൂടങ്ങ് പോയാമതി…”
“പിന്നേ… ദേ അമ്മേ… ഇവളില്ലെങ്കി ഞാനും വരുന്നില്ല കേട്ടോ…” ഞാൻ പറഞ്ഞു…
“അതൂ തമാശ കളിക്കാൻ സമയമില്ല… ബസ്സ് നമ്മളേം കാത്ത് നിൽക്കുവാ… ”
“നമ്മളെ അല്ല… നിങ്ങളെ… ബസ്സ് നിങ്ങളേം കാത്താ നിൽക്കുന്നെ… വേഗം ചെല്ലാൻ നോക്ക്…”
“നിനക്കിപ്പോ വന്നാൽ എന്താടി പ്രശ്നം… ഒരാഴ്ച ലീവല്ലേ നിനക്ക്… ”
“ഒന്ന് പോ അമ്മേ.. വല്ലപ്പോഴും ആണ് ഒരാഴ്ച ലീവൊക്കെ കിട്ടുന്നെ… അപ്പൊ നാട്ടിൽ വന്നു സ്വസ്ഥമായി ഇരിക്കാം ന്ന്ച്ചാ അപ്പൊ തുടങ്ങും കല്യാണം ബർത്തഡേ എന്നൊക്കെ പറഞ്ഞ്… ഇന്ന് നോക്കുമ്പോ നാശം പിടിക്കാനായിട്ട് ഒരു അമ്പലയാത്ര… ”
“ടീ… വെറുതെ ദൈവകോപം വരുത്തി വെക്കണ്ട നീ…”
“ഒ…”
“ദേ സമയം പോവുന്നു… ചെല്ലാതു..”
“ഈ അമ്മയ്ക്കിത് പറഞ്ഞാലും മനസിലാവില്ലേ.. ഞാനില്ല എന്നല്ലേ പറഞ്ഞേ…” അവൾ തീർത്തു പറഞ്ഞു..
“അപ്പൊ ഞാനും വരുന്നില്ല…” ഞാനും വിട്ടുകൊടുത്തില്ല..
“നിനക്കെന്താടാ ഞാനില്ലാതെ പോയാൽ… ഞാനെന്താ നിന്റെ കെട്യോളോ…” അവളെന്റെ തലക്കിട്ടു കിഴുക്കിക്കൊണ്ട് എന്റെ നേർക്ക് വന്നു…
“അങ്ങനെ മോളിപ്പോ ഒറ്റയ്ക്ക് ഇവിടെ നിന്ന് സുഗിക്കണ്ട…” ഞാൻ അവൾക്കിട്ടൊരു തള്ള് കൊടുത്തു…
“അല്ലൂ.. ആതു.. നിർത്തുന്നുണ്ടോ…. പത്തിരുപതു വയസ്സായി കൊച്ച് പിള്ളേരാ ന്നാ രണ്ടിന്റേം വിചാരം… ബസ്സിലുള്ളവര് നോക്കുന്നത് കാണുന്നില്ലേ…” അമ്മ ഇടയ്ക്ക് കേറി പറഞ്ഞു ഞങ്ങളെ പിടിച്ചുമാറ്റി…
“രേണു ചേച്ചി… എന്താ നിങ്ങളുടെ തീരുമാനം.. നമ്മളിപ്പോ തന്നെ ഒത്തിരി ലേറ്റ് ആയി…” അപ്പോൾ ഗ്രൂപ്പ് അഡ്മിനും ട്രിപ്പിന്റെ കോർഡിനേറ്ററും ആയ ഡോക്ടർ കുട്ടേട്ടൻ ബസ്സിൽ നിന്നിറങ്ങി ഞങ്ങളുടെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു…
“അപ്പൊ നിങ്ങൾ വരുന്നില്ല ന്ന് ഉറപ്പിച്ചു?…” അമ്മ ഞങ്ങളെ നോക്കി പുരികമുയർത്തി…
ഞങ്ങൾ ഇല്ല എന്ന ഭാവത്തിൽ മൂളി…
“എന്നാ പിന്നേ വേറെ വഴിയില്ലല്ലോ…. ഞാൻ ഒറ്റയ്ക്ക് പൊക്കോളാം… ഞാൻ അച്ഛനോട് വിളിച്ചു പറഞ്ഞേക്കാം നിങ്ങള് പറഞ്ഞിട്ട് വന്നില്ലെന്ന്…”
