സണ്ണി സങ്കടത്തോടെയാണ് പറഞ്ഞത്.
അത് കേട്ട് മിയക്ക് കരച്ചിൽ വന്നു.
“ മമ്മീ… മമ്മി കൂടുതലൊന്നും പറയണ്ട..ഇച്ചായന്റെ ഏത് കുറവും ഞാനല്ലേ അനുഭവിക്കേണ്ടേ… ?
എനിക്കത് പ്രശ്നമല്ല… മമ്മിക്കെന്തേലും പ്രശ്നമുണ്ടെങ്കിൽ അതെനിക്ക് വിഷയവുമല്ല… വാ ഇച്ചായാ… നമുക്ക് പോകാം,…”
മിയ, സണ്ണിയുടെ കയ്യിൽ പിടിച്ചു.
“നിക്കെടീ അവിടെ… നീയെന്താടാ ചോദിച്ചേ… ?
എനിക്കേതാ പ്രശ്നം ന്ന്, അല്ലേ… ?
എനിക്കെല്ലാം പ്രശ്നമാടാ… എന്നാലും ഇപ്പോ എനിക്കറിയേണ്ടത് എന്തിനാ നീ ചന്ദ്രേട്ടനെ തല്ലിയേന്നാ…. അത് പറയാതെ നീയിവിടുന്ന് പോവില്ല…”
ബെറ്റി പകയോടെ അവനെ നോക്കി.
“എന്റെ മമ്മീ.. ഞാനയാളെ തല്ലിയൊന്നുമില്ല… അയാള് വെറുതേ പറഞ്ഞതാ…”
“അങ്ങിനെ വെറുതേയെന്തെങ്കിലും പറയുന്ന ആളല്ല ചന്ദ്രേട്ടൻ… അയാള് കുടുംബത്തിൽ പിറന്നവനാ… നിന്നെ പോലെ അനാഥനല്ല…”
സണ്ണിക്ക് നിയന്ത്രണം വിട്ട് തുടങ്ങിയിരുന്നു. അവന്റെ സ്വഭാവം വെച്ച് പൊട്ടിത്തെറിക്കേണ്ടതാണ്. പക്ഷേ, ഇവിടെയത് വയ്യ… ഇത് തന്റെ ഭാര്യയുടെ കുടുംബമാണ്.. ഇവിടെ ഒരു പ്രശ്നവും ഉണ്ടാക്കാൻ പാടില്ല.
“ഞാനയാളെ തല്ലിയിട്ടില്ല…തല്ലുമെന്ന് പറഞ്ഞു… കഴുത്തിനൊന്ന് പിടിക്കുകേം ചെയ്തു.. അതിന് വ്യക്തമായ കാരണവുണ്ട്….അതെന്താണെന്ന് അയാളോട് തന്നെ ചോദിച്ചാ മതി… ഇതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല… വാടീ…”
സണ്ണി, മിയയുടെ കയ്യും പിടിച്ച് സ്റ്റപ്പിനടുത്തേക്ക് നടന്നു.
“ചന്ദ്രേട്ടനെന്തേലും പറഞ്ഞാ നീ തല്ലുവോടാ…?
എന്നാ അതൊന്ന് കാണണമല്ലോ…ചന്ദ്രേട്ടൻ പലതും പറയും…അതൊക്കെ നീയങ്ങ് കേട്ടാ മതി… അവൻ തല്ലാൻ നടക്കുന്നു.. തെണ്ടിച്ചെറ്റ….”
സണ്ണിയുടെ നിയന്ത്രണം വിട്ടു.
അവൻ മിയയുടെ കയ്യിലെ പിടി വിട്ട് സ്റ്റപ്പിറങ്ങി, ബെറ്റിയിരിക്കുന്നതിന്റെ തൊട്ട് മുന്നിൽ വന്ന് നിന്നു.
“ അയാള് പറയുന്നത് മുഴുവൻ കേൾക്കാൻ എനിക്ക് സൗകര്യമില്ല…. എന്നോട് പറഞ്ഞ തന്തയില്ലാത്തരം ഇനി പറഞ്ഞാ വായിലൊറ്റ പല്ലും കാണൂലാന്ന് ഞാനയാളോട് പറഞ്ഞിട്ടുണ്ട്…. വീട്ടിലേക്ക് ഇഴഞ്ഞേ പോകൂന്നും പറഞ്ഞിട്ടുണ്ട്… നിങ്ങളെന്തോ ചെയ്യും..?”
സണ്ണി പൊരുതാനുറച്ച് തന്നെ ചോദിച്ചു. മിയ അൽഭുതത്തോടെയും, സന്തോഷത്തോടെയും ഭർത്താവിനെ നോക്കി.ആ പറഞ്ഞത് അവൾക്ക് ശരിക്കും ഇഷ്ടപ്പെട്ടു.
എന്നാൽ ബെറ്റി അൽപമൊന്ന് പേടിച്ചു. അവന്റെ മുഖഭാവം അവളെ പേടിപ്പെടുത്തുന്നതായിരുന്നു.
എങ്കിലും കീഴടങ്ങാൻ അവൾ തയ്യാറായില്ല.
“നീ ചന്ദ്രേട്ടനെ ഞൊട്ടും… അങ്ങേരെ നിനക്കറിയില്ല… അയാള് പലതും പറയും..
അതിനൊക്കെ തല്ലാൻ നീയാരാ..?
വിവരമറിയും നീ…?
മമ്മിയെന്തിനാണ് ചന്ദ്രനങ്കിളിന് വേണ്ടി ഇത്ര വാദിക്കുന്നതെന്ന് മിയക്ക് മനസിലയില്ല. എന്നാൽ സണ്ണിക്ക് ചിലതെല്ലാം മനസിലായി തുടങ്ങിയിരുന്നു.
“ ഒന്നും അറിയാനില്ല… തല്ലുമെന്ന് പറഞ്ഞാ സണ്ണി തല്ലിയിരിക്കും… ഇനി ആ മാതിരി വർത്താനം പറഞ്ഞ് എന്റടുത്ത് വന്നാ തീർച്ചയായും ഞാൻ തല്ലും… നിങ്ങള് എന്താന്ന് വെച്ചാ ചെയ്തോ…”
വെല്ലുവിളി പോലെയാണ് സണ്ണി പറഞ്ഞത്.
“അയാളെന്ത് പറഞ്ഞെന്നാടാ തെണ്ടീ…
കുറേ നേരമായല്ലോ നീ കുരക്കുന്നേ..?”
“അയാൾക്ക് നിങ്ങളെ മകളെ വേണമെന്ന്… കുറേ കാലമായിട്ട് ഉളള ആഗ്രമാണെന്ന്… എന്തായാലും അയാളത് നടത്തുമെന്ന്…
എന്താ ഇത് മതിയോ തല്ലാനുള്ള കാരണം… ?
ഇത്രയൊക്കെ എന്റെ ഭാര്യയെ പറ്റി എന്റെ മുഖത്ത് നോക്കി പറഞ്ഞവനെ ഞാൻ പിന്നെ എന്തോ ചെയ്യണം… ?
സണ്ണിയുടെ സ്വഭാവം വെച്ച് അയാളിപ്പോ ഹോസ്പിറ്റലിൽ കിടന്നേനെ… ഡാഡിയുടെ സുഹൃത്തായത് കൊണ്ട് മാത്രം ഞാൻ വേണ്ടാന്ന് വെച്ചതാ…”
സണ്ണി വലിഞ്ഞ് മുറുകിയ മുഖത്തോടെയാണത് പറഞ്ഞത്. അവന് ദേഷ്യം നിയന്ത്രിക്കാനായില്ല.
മിയ, പൊട്ടിത്തെറിക്കാൻ പാകത്തിൽ നിൽക്കുയാണ്.. ഡാഡിയുടെ പ്രായമുള്ള ചന്ദ്രനങ്കിൾ തന്നെപ്പറ്റിയാണോ ആ പറഞ്ഞത്… ?
എങ്കിൽ തല്ലിയാ പോര.. കൊല്ലണം ആ ചെറ്റയെ…
ബെറ്റിയാണേൽ ഇനിയെന്താണ് പറയേണ്ടതെന്ന് തിരയുകയാണ്.
ഹേയ്… ചന്ദ്രേട്ടൻ ഒരിക്കലുമത് പറയില്ല. മിയയെ സ്വന്തം മകളെപോലെയാണ് കാണുന്നത്. ഇതിവൻ കള്ളം പറയുകയാണ്. പിടിച്ച് നിൽക്കാൻ വേണ്ടി വായിൽ തോന്നിയത് പറയുകയാണ്..
