പാവക്കൂത്ത്‌ – 2 LikeNew 

മാനസി: ഹ്മ്മ്,, ചേച്ചി ഇന്ന് ഫ്രീ ആണോ,,, ആണെങ്കിൽ ഇന്ന് ഉച്ചയ്ക്ക് ഒന്ന് മീറ്റ് ചെയ്താലോ,,,

മായ: ഓ,, അതിനെന്താ നീ ഉച്ചയ്ക്ക് ഇങ്ങോട്ടു പോരെ,, നമുക്ക് ലഞ്ച് ഇവിടുന്ന് ആകാം,,,

മാനസി: അത് വേണ്ട ചേച്ചി,,, ഞാൻ ചേച്ചിക്ക് എൻ്റെ ലൊക്കേഷൻ സെൻറ് ചെയ്യാം,, ചേച്ചി വരുമ്പോയേക്കും ഞാൻ ഊണ് റെഡി ആക്കാം,,, (വീണ്ടും താൻ അവിടെ ചെന്ന് മായേച്ചിക്ക് ഒരു വലിയ ചിലവ് വരുത്തണ്ട എന്ന് കരുതിയാണ് മാനസി അങ്ങനെ പറഞ്ഞത്)

മായ: ഓ,, ഒരു മിനിറ്റ് മാനസി,, എനിക്ക് ഒരു കോൾ വരുന്നു,, ഞാൻ വിളിക്കാം,,,

മാനസിയോട് അങ്ങനെ പറഞ്ഞു പെട്ടെന്ന് കോൾ കട്ട് ചെയ്‌തെങ്കിലും യാഥാർഥ്യത്തിൽ മായയ്ക്ക് മറ്റൊരു കോളും വന്നിരുന്നില്ല,,,

മായ പെട്ടെന്ന് തൻ്റെ വാട്ട്സാപ്പിൽ നിന്നും ഒരാൾക്ക് മെസ്സേജ് അയച്ചു തുടങ്ങി,,,

ഹലോ,, നമ്മൾ അന്ന് ചർച്ച ചെയ്ത ആ കേസില്ലേ?? അത് സെറ്റ് ആകുന്ന ലക്ഷണം കാണുന്നുണ്ട്,, നിങ്ങൾ എപ്പോഴാ ഇനി കൊച്ചിയിലേക്ക് വരിക ??

ബുധനാഴ്ച!! മറുപടി പെട്ടെന്ന് തന്നെ വന്നു,,,

ഓക്കേ,, ലഞ്ചിന്‌ അവളും ഉണ്ടാകും,,, അതുകൊണ്ടു ആ ടൈം-സ്ലോട്ട് ഫ്രീ ആക്കി വെച്ചേക്കണം,,,

അയാളുമായുള്ള ആ ചാറ്റ് കഴിഞ്ഞ ഉടൻ മായ വീണ്ടും മാനസിയെ വിളിച്ചു,,

മായ: ഓ,, സോറി മാനസി ഒരു അർജെന്റ്റ് കോൾ ആയിരുന്നു,,,

മാനസി: ഓഹ്,, അതൊന്നും സാരമില്ല ചേച്ചി,,

മായ: ആഹ്,, അപ്പോൾ നമ്മൾ എന്താ പറഞ്ഞു വന്നേ??

മാനസി: അത്,, ചേച്ചി ഇന്ന് ഫ്രീ ആണെങ്കിൽ ഊണ് നമുക്ക് ഇവിടെ നിന്നും ആക്കാം,,,

മായ: കൊതിയുണ്ട് മോളെ,, ബട്ട് ഈ മുടിഞ്ഞ ജോലി,,, ഇവിടെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ഈ ട്രാഫിക്കിൽ പോയി വരുമ്പോയേക്കും സമയം ഒരുപാട് എടുക്കും,, അത്രയും സമയമൊന്നും എനിക്ക് ഇവിടെ നിന്നും വിട്ടു നിൽക്കാൻ പറ്റത്തില്ല,,,

അല്ലേൽ ഒരു കാര്യം ചെയ്യാം,,, ഇന്ന് ഞാൻ ഫുള്ള് ബിസിയാ,, മാനസി ഈ ബുധനാഴ്ച ഫ്രീ ആണോ ??

മാനസി: നോക്കട്ടെ,, ഹ്മ്മ് ഈ ബുധനാഴ്ച,,, (ഒരു സംശയത്തിൻറെ മൂളൽ മാനസിയുടെ വായിൽ നിന്നും പുറത്തേക്കു വന്നു) സത്യത്തിൽ താൻ എന്തിനാണ് അങ്ങനെ മൂളിയത് എന്ന് പോലും മാനസിക്ക് അറിയില്ല,, കാരണം അവൾക്കു എല്ലാ ദിവസവും ഒരുപോലെയാണ്,, എപ്പോഴും ഫ്രീയാണ്

എന്തേലും പ്രശ്നമുണ്ടോ??,,, അൽപ നേരമായിട്ടും മാനസിയുടെ മറുപടിയൊന്നും കേൾക്കാതെ വന്നപ്പോൾ മായ ചോദിച്ചു,,,

ഇല്ല ചേച്ചി,, ബുധനാഴ്ച ഞാൻ ഫ്രീ ആണ്,,,

അപ്പൊ,, ഓക്കേ,, ബുധനാഴ്ച നമുക്ക് ഇവിടെ നിന്നും ലഞ്ച് കഴിക്കാം,, അന്നത്തെ പോലെ തന്നെ റിസപ്ഷനിൽ ചെന്ന് എൻ്റെ പേര് പറഞ്ഞാൽ മതി അവർ കയറ്റി വിട്ടോളും,,,

ശരി,, ചേച്ചി,, അപ്പൊ നമുക്ക് ബുധനാഴ്ച കാണാം,,,

*****************

കഴിഞ്ഞ തവണ മാനസി ആ ഹോട്ടലിലേക്ക് പോയത് തീരെ ഒരുങ്ങാതെ ആയിരുന്നു,, മാർക്കറ്റിലും, ചില്ലറ ഷോപ്പിങ്ങിനും മറ്റും പോകുമ്പോൾ ഉടുക്കാറുള്ള ഒരു പഴകിയ സാരി ആയിരുന്നു അന്ന് അവളുടെ വേഷം,, അതിനു മീതെ മറ്റു കെട്ടുമാറാപ്പുകളോ,, ചായംപൂശലുകളോ ഒന്നും തന്നെ ഇല്ലായിരുന്നു,, അത് കാരണം,,, അവിടെ ചെന്നപ്പോൾ,, താൻ ആ കൂട്ടത്തിൽ ചേരാത്ത ഒരുവളാണെന്ന ചെറിയ അപകർഷതാ ബോധവും മാനസിക്ക് തോന്നിയിരുന്നു,,,

പക്ഷെ ഇപ്രാവശ്യം അതിനെല്ലാം മാറ്റം വരുത്തി അത്യാവശ്യം നല്ല രീതിയിൽ ഒരുങ്ങിത്തന്നെ ആയിരുന്നു മാനസി ഇറങ്ങിയത്,,, ശരിക്കും ഒരു സുന്ദരി ആയിട്ട് !!

കല്യാണത്തിനോ അതുപോലെയുള്ള മറ്റു പാർട്ടികൾക്കോ മാത്രം ഉടുക്കാറുള്ള ഒരു പച്ച സാരിയാണ് മാനസി അണിഞ്ഞത്,, അതുപോലെ അത്യാവശ്യത്തിനു ആഭരണങ്ങളും,, മെയ്ക്കപ്പും പൂശിയിരുന്നു,,

ഹോട്ടൽ റിസപ്ഷൻ ക്യൂവിൽ നിൽക്കുന്ന മാനസിയുടെ മുന്നിൽ നിന്നിരുന്നത് ഒരു മറുനാടൻ ദമ്പതികൾ ആയിരുന്നു,, തൊട്ടു പിറകിൽ ഉണ്ടായിരുന്നത് രണ്ടു മലയാളി യുവാക്കളും,,,

കോട്ടും സൂട്ടുമാണ് ആ യുവാക്കളുടെ വേഷം,, ഒറ്റ നോട്ടത്തിൽ തന്നെ വലിയ ഏതോ കമ്പനിയിൽ ജോലി ചെയ്യുന്നവരാണെന്നു ഊഹിക്കാൻ സാധിക്കും,,,

ആ രണ്ടു യുവാക്കളും കുറച്ചു നേരമായി പരസ്പരം എന്തൊക്കെയോ അടക്കം പറയുന്നത് മാനസിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു,,, അവരുടെ നോട്ടത്തിലും ഭാവത്തിലും അവർ അടക്കം പറയുന്നത് തന്നെ പറ്റിയാണെന്ന വ്യക്തമായ സൂചനയും മാനസിക്ക് കിട്ടിയിരുന്നു,, പക്ഷെ അത് എന്തായിരിക്കും എന്ന് ഊഹിക്കാൻ മാനസിക്ക് സാധിച്ചിരുന്നില്ല,,

നെക്സ്റ്റ്!!

ആ റിസപ്ഷനിൽ നിൽക്കുന്ന പയ്യൻറെ വിളി വന്നതും, മാനസിയുടെ മുന്നിൽ നിന്നിരുന്ന ആ മറുനാടൻ ദമ്പതികൾ റിസപ്ഷൻ ലക്ഷയമാക്കി നടന്നു,,

അവർ അകന്നു മാറാൻ കാത്തു നിന്ന കണക്കെ പിന്നിൽ നിന്നിരുന്ന യുവാക്കളിൽ ഒരുവൻ മാനസിയുടെ അടുത്തേക്ക് കുറച്ചു ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു,,,

നിങ്ങൾ കൊച്ചിക്കാരിയാണോ??

അവിചാരിതമായ ആ പെട്ടെന്നുള്ള ചോദ്യത്തിൽ മാനസി ചെറുതായി ഒന്ന് പതറിയെങ്കിലും,, അവൾ ‘അതെ’ എന്ന് പതിഞ്ഞ സ്വരത്തിൽ ആ ചെറുപ്പക്കാരന് മറുപടി നൽകി,,,

ഞാനും ബേസിക്കലി കൊച്ചി കാരൻ തന്നെയാ,, ബട്ട് ഇപ്പോൾ യൂറോപ്പിൽ സ്റ്റെൽഡ് ആണ്,, ഇപ്പോൾ ഒരു ബിസിനസ് ഡീൽ ക്ലോസ് ചെയ്യാൻ വന്നതാ,, അതും കോടികളുടെ ബിസിനസ് ഡീൽ,,,

അയാൾ പറയുന്നതൊക്കെ മാനസി ചെറുതായി തലയിളക്കിക്കൊണ്ടു മൂളിക്കേട്ടു,, ഒപ്പം ഇയാൾ എന്തിനാ ഇതൊക്കെ തന്നോട് പറയുന്നത് എന്ന് മനസ്സിൽ ചിന്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു,,

അപരൻ സംസാരം തുടർന്നു,,,

ഞങ്ങൾ ഇതുപോലെ ബിസിനസ് ആവശ്യങ്ങൾക്ക് വരുമ്പോൾ മിക്കവാറും ഈ ഹോട്ടലിലാണ് താമസിക്കാറു,, നിങ്ങളും ഇവിടെയാണോ താമസിക്കുന്നെ,,,

അയാളുടെ ആ ചോദ്യത്തിന് മാനസി അല്ല എന്ന അർത്ഥത്തിൽ തലയിളക്കി,,,

പിന്നെ ഇവിടെ നിങ്ങൾ മറ്റെന്തെങ്കിലും ആവശ്യത്തിന് വന്നതാണോ,, (അയാൾ വിടുന്ന ലക്ഷണമില്ല)

അതെ! ഞാൻ ഇവിടെ ഒരാളെ കാണാൻ വന്നതാ,, മാനസി നിഷ്കളങ്കമായി അയാൾക്ക്‌ മറുപടി കൊടുത്തു,, (അവളുടെ ശബ്ദം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു)

മാനസിയുടെ ആ മറുപടി കേട്ടതും,, ആ അപരൻ പിന്നിൽ നിൽക്കുന്ന തൻ്റെ കൂട്ടുകാരന് കൈകൾ ഉയർത്തി തമ്പ്സപ്പ് കാണിച്ചു,,,

ഞങ്ങൾ നാളെ രാത്രി വരെ ഇവിടെ ഉണ്ടാകും,, മാടത്തിനെ കോൺടാക്ട് ചെയ്യാൻ വല്ല വിസിറ്റിങ് കാർഡോ അല്ലെങ്കിൽ മൊബൈൽ നമ്പറോ,,,

അയാൾ പറഞ്ഞു വരുന്നതിന്റെ പൊരുൾ മനസ്സിലാകാതെ മാനസി അയാളെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കെ ആ റിസപ്ഷനിൽ നിൽക്കുന്ന പയ്യൻ വീണ്ടും ഒച്ചയിട്ടു വിളിച്ചു

നെസ്റ്റ്!!

തൻ്റെ ഊഴം വന്നു എന്ന് തിരിച്ചറിഞ്ഞതും മാനസി ഒരു കുതിപ്പിന് റിസെപ്ഷൻറ്റെ മുന്നിലെത്തി,,,

മറ്റൊരു രീതിയിൽ പറഞ്ഞാൽ ആ പയ്യന്മാരുടെ ഇടയിൽ നിന്നും ഓടി രക്ഷപ്പെട്ടു എന്നും പറയാം!!

Leave a Reply

Your email address will not be published. Required fields are marked *