കൊച്ചി നഗരം വിട്ട് വേറെ എങ്ങോട്ടെങ്കിലും പോവുക എന്നത് വിജയിനെ സംബന്ധിച്ച് ചിന്തിക്കാൻ പോലും ആകുന്ന കാര്യം ആയിരുന്നില്ല.
പക്ഷേ അമ്മയുടെ ഉറച്ച തീരുമാനത്തിന് മുൻപിൽ വിജയദേവ് മുട്ടുമടക്കേണ്ടി വന്നു.
ഈ അധ്യയന വർഷമാണ് ജയയ്ക്ക് വയനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയത്.
സ്കൂളിന് വലിയ ദൂരത്ത് അല്ലാതെ സൗകര്യപ്രദമായ ഒരു പഴയകാല ഓട് മേഞ്ഞ വീട് താമസത്തിനായി ലഭിച്ചു.
അതിൻറെ ഉടമസ്ഥൻ അത് വാങ്ങിച്ച ശേഷം അവിടെ താമസിച്ചിട്ടില്ല.
ഇതിനു മുൻപ് ആരൊക്കെയോ അവിടെ വാടകയ്ക്ക് താമസിച്ചിരുന്നു അവരൊക്കെ സ്ഥലം മാറി പോവുകയോ മറ്റു സൗകര്യപ്രദമായ വീടുകൾ ലഭിച്ചു മാറുകയോ ചെയ്തതായിരുന്നു.
സ്കൂളിലേക്ക് നടന്ന് പോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടാണ് പഴയ വീട് ആണെങ്കിലും അത് വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്.
വലിയ വാടകയൊന്നും അതിൻറെ ഉടമസ്ഥൻ പറഞ്ഞിരുന്നില്ല. എറണാകുളത്തെ സ്വന്തമായി ഉണ്ടായിരുന്ന ഇരുനില കെട്ടിടം രണ്ട് നിലയും വാടകയ്ക്കായി നൽകിയിട്ടാണ് ജയ ടീച്ചർ വയനാട്ടിലേക്ക് വന്നത്. അതുകൊണ്ട് വയനാട്ടിലെ വീടിൻറെ വാടകയ്ക്കായി വേറെ പണം മാറ്റിവെക്കേണ്ടി വന്നില്ല.
സ്കൂളിൽ തന്നെയുള്ള ഒരു അധ്യാപകനാണ് വീട് അവർക്ക് തരപ്പെടുത്തി കൊടുത്തത്. ഈ അധ്യാപകന്റെ ഭാര്യയുടെ ഒരു ബന്ധുവിന്റെ ഉടമസ്ഥതയിലാണ് ഈ വീട്. അത് പൊളിച്ചു അവിടെ ഒരു കടമുറി പണിയുവാൻ ആയി അയാൾക്ക് പ്ലാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു. എങ്കിലും ബാങ്ക് ലോൺ മറ്റും കിട്ടുന്നതിന് ഉണ്ടായ കാലതാമസം നിമിത്തം അത് മാറ്റി വച്ചിരിക്കുകയാണ്.
എന്നാൽ സ്കൂളിൽ ഹെഡ്മിസ്ട്രസ് ആയി ചാർജ് എടുത്തതിനുശേഷം കൂടുതൽ പരിചയപ്പെട്ട മോളി ടീച്ചറിൽ നിന്നും അവിടെ താമസിച്ചിരുന്ന പഴയ വാടകക്കാർ ഒഴിഞ്ഞു പോയത് സംബന്ധിച്ച് ചില സംശയങ്ങളൊക്കെ പറഞ്ഞിരുന്നു. ജയ ടീച്ചർക്ക് വീട് തരപ്പെടുത്തി കൊടുത്ത അധ്യാപകൻ ആ നാട്ടിലെ ഒരു പ്രതാപിയായ കുടുംബാംഗവും ഇടതുപക്ഷ ചായ്‌വുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനും ആയിരുന്നതിനാൽ ആരും ജയ ടീച്ചറോട് പ്രസ്തുത വീട് സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും വിശദീകരിച്ചിരുന്നില്ല.
വെറുതെ എന്തിന് അയാളുടെ വിരോധം സമ്പാദിക്കണം എന്നുള്ളതായിരുന്നു എല്ലാവരുടെയും മനോഭാവം അവനവൻ അവനവൻറെ കാര്യം നോക്കി ജീവിക്കുക എന്ന തത്വം.
മോളി ടീച്ചറിൽ നിന്ന് അറിഞ്ഞതിൽ പ്രകാരം ആ വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് അറിഞ്ഞത്. എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി ജയ ടീച്ചർക്ക് അസ്വാഭാവികമായി ഒന്നും തന്നെ അവിടെ അനുഭവപ്പെട്ടില്ല. അതുകൊണ്ട് ടീച്ചർ അതിനെക്കുറിച്ച് കൂടുതലൊന്നും ചികഞ്ഞ് അറിയാൻ പോയും ഇല്ല.
വിജയ് വയനാട്ടിൽ വന്നതിനുശേഷം ആകെ അസ്വസ്ഥനായിരുന്നു കൊച്ചി പോലുള്ള ഒരു നഗരത്തിലെ തിരക്കിൽ നിന്നും ആളൊഴിഞ്ഞ ഒരു ഓണം കേറാം മൂലയിലേക്ക് അമ്മ തന്നെ കൂട്ടിക്കൊണ്ടുവന്നത് തനിക്ക് ഉള്ള ഒരു ശിക്ഷയായാണ് വിജയ്ക്ക് തോന്നിയത്.
അതുകൊണ്ടുതന്നെ അവൻ ജയ ടീച്ചറോട് സംസാരിക്കുന്നത് തന്നെ വിരളമായി മാറി ആ വീട്ടിൽ ആകെ മൂന്നു മുറികളും അടുക്കളയും ഒരു വലിയ ഹാളും പിന്നെ സാധനങ്ങൾ ഒക്കെ സ്റ്റോർ ചെയ്ത് വയ്ക്കാനുള്ള ഒരു മുറിയും ആണ് ഉണ്ടായിരുന്നത് ജയ ടീച്ചറിന്റെ മുറിയ്ക്ക് മാത്രമേ അറ്റാച്ച്ഡ് ആയി ബാത്റൂം ഉണ്ടായിരുന്നുള്ളൂ.
കനകാംബിരി അമ്മയ്ക്ക് വാർദ്ധക്യസഹജ്മായ അസുഖങ്ങൾ നിമിത്തം കട്ടിലിൽ നിന്ന് സ്വയം എഴുന്നേറ്റുപോയി തൻറെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുക എന്നതും സംസാരിക്കുക എന്നതും പ്രയാസമായിരുന്നു. അതുകൊണ്ട് അവർക്ക് ട്യൂബ് ഇട്ടിരുന്നു അത് മൂലം അവർ അങ്ങനെ ബാത്റൂമൊന്നും ഉപയോഗിച്ചിരുന്നില്ല.
കനകാംബിരി അമ്മയുടെ കാര്യങ്ങൾ നോക്കുന്നതിനായി ആദിവാസി വിഭാഗത്തിൽപ്പെട്ട പ്രായമുള്ള ഒരു മുനിയമ്മ എന്ന സ്ത്രീയെ പണം കൊടുത്ത് നിർത്തിയിരുന്നു ആദിവാസി വിഭാഗത്തിൽ പെട്ട സ്ത്രീയായിരുന്നു പക്ഷേ കാണുവാൻ ഒരു ഐശ്വര്യം ഉണ്ടായിരുന്നു കൂടാതെ മലയാളം നന്നായി സംസാരിക്കുകയും ചെയ്തിരുന്നു.
