എന്‍റെ ആദ്യത്തെ കഥയാണ് അഭിപ്രായങ്ങൾ അറിയിച്ച് സഹായിക്കുമെന്ന പ്രതീക്ഷയോടെ….
തേൻമല പശ്ചിമഘട്ട മലനിരകളിൽ കോഴിക്കോടിനു വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മലയോര പ്രദേശം. 22 കെഎം അകലെ താഴ്വാരത്തുള്ള താഴങ്ങാടി എന്ന പട്ടണത്തിൽ നിന്നും ഹെയർപിൻ വളവുകൾ ഉള്ള വീതികുറഞ്ഞ വഴിയിലൂടെ കയറിവരുമ്പോൾ വലതുഭാഗത്തായി തലയുയർത്തി നിൽക്കുന്ന പള്ളി, കാട്ടുമൃഗങ്ങളോടും മഹാമാരികളോടും പോരാടി കാടുവെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിത്തന്ന ഒരു പറ്റം ആത്മാക്കളെ ഓർമിപ്പിക്കുന്നു. പള്ളിയോട് ചേർന്ന് തേൻമല ഹൈ സ്കൂൾ പിന്നെ ചെറിയ ഒരു അങ്ങാടി ഇതാണ് തേൻമല. കുടിയേറ്റ കാലത്തു ഈ മലയിലെ പാറകളിൽമുഴുവൻ തേനീച്ചകളായിരുന്നുവെന്നും അതിനാലാണ് തേൻമല എന്ന പേരുവന്നതെന്നും പറയപ്പെടുന്നു. അങ്ങാടിയും കടന്നു പിന്നെയും മലകേറിചെല്ലുമ്പോൾ ഇടതുവശത്തേക്ക് ഒരു ടാറിട്ടവഴി, വശങ്ങളിൽ ബുഷ് വച്ചുപിടിപ്പിച്ച ഈ വഴിച്ചെന്നവസാനിക്കുന്നത് മലയുടെ മുകളിലെ നിരപ്പിൽ ഉള്ള കുരുവിക്കാട്ടിൽ കുര്യന്‍റെ വീടിന്‍റെ മുന്നിലാണ്. ചുറ്റുമതിലുകൾക്കുള്ളിൽ നിൽക്കുന്ന രണ്ടുനില വീട്, മുറ്റത്തു പുല്ലുപിടിപ്പിച്ച പലനിറത്തിലുള്ള പൂക്കളാൽ സമ്പന്നമായ ഉദ്യാനം. വീടിന്‍റെ പുറകുവശം മലയുടെ ചെരിവാലും മുൻവശം മറ്റു മലകളാലും ചുറ്റപ്പെട്ടിരുന്നു.
5.30 ക്ക് അലാറമടിച്ചപ്പോൾ കയ്യെത്തിച്ചു ഫോണെടുത്തു അലാറം ഓഫ് ചെയ്തു എന്നിട്ട് ഫോൺ വീണ്ടും തലയിണക്കടിയിലേക്ക് വച്ചു. ഫോണെടുത്ത വലതുകൈകൊണ്ട്തന്നെ കണ്ണൊന്നു തിരുമി എന്നിട്ട് നെഞ്ചിലേക്ക് ഒന്ന് നോക്കി, കൈകാലുകളാൽ എന്നെ ചുറ്റിവരിഞ്ഞു നെഞ്ചിലേക്ക് തലവെച്ചു എന്‍റെ പ്രിയതമ കിടപ്പുണ്ട്. അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടി മാടി ചെവിയുടെ പിന്നിലേക്ക് ഒതുക്കിയപ്പോൾ ഇക്കിളി എടുത്തതുപോലെ അവൾ തലവെട്ടിച്ചു.
കൂമ്പിയടഞ്ഞ താമരമൊട്ടുപോലത്തെ കണ്ണുകൾ, മുഖത്തിന്‍റെ വലുപ്പത്തിന് ചേരുന്ന ഭംഗിയുള്ള നാസിക, ലിപ്സ്ടിക്കിക്കൊന്നും ഇടാതെത്തന്നെ ചുവന്നു തുടുത്ത അധരങ്ങൾ അവളുടെ മുഖത്തിന്‍റെ ഭംഗിയാസ്വദിച്ച് ഞാനങ്ങനെ കിടന്നു. ഒരു 10 മിനിട്ടു കഴിഞ്ഞപ്പോൾ താഴേന്നു ചാച്ചന്‍റെ ഒച്ച കേട്ടു.
“അവൻ ഇതുവരെ എണീറ്റില്ലേടീ?”
“ഇങ്ങോട്ടൊന്നും കണ്ടില്ല, എണീക്കണ്ട സമയം ആയി”
നെഞ്ചോടു പറ്റിച്ചേർന്നുകിടക്കുന്ന ഭാര്യയുടെ നെറുകയിൽ ചുണ്ടുചേർത്തു, പിന്നെ ആ പതുപതുത്ത കവിളിൽ പതുക്കെതട്ടിക്കൊണ്ട് വിളിച്ചു
“ചിന്നൂട്ടീ, എണീക്കടീ ദേ ചാച്ചൻ വിളിക്കുന്നുണ്ട്”
ഞരങ്ങി മൂളി എന്‍റെ മുഖത്തിനു നേരെ നോക്കി അവൾ കണ്ണുതുറന്നു. അവളുടെ ആ നീലക്കണ്ണുകൾ എനിക്കെന്നുമൊരു കൗതുകമായിരുന്നു.
“ഗുഡ് മോർണിംഗ് “
“ഗുഡ് മോർണിംഗ്”
“നീ എണീറ്റെ, ഞാൻ പോയ് പശുവിനെ കറക്കട്ടെ”
“കുറച്ചുനേരംകൂടി ഇങ്ങനെ കിടക്കാം ജോച്ചായാ, നല്ല തണുപ്പല്ലേ?”
എന്‍റെ മുഖത്തേക്ക് നോക്കിയവളത് പറഞ്ഞപ്പോൾ ഞാനൊന്നു മുഖം ചുളിച്ചു
“ഹോ, എന്നാ ഒരു മണവാടീ, എണീറ്റ് പോയി പല്ലുതേക്കടീ പെണ്ണെ”
“പിന്നേ നിങ്ങടെ വായിക്ക് അത്തറിന്‍റെ മണമാണല്ലോ”
എന്നെ ഒന്നൂടെ വലിഞ്ഞുമുറുക്കി കഴുത്തിനടിയിലേക്കു മുഖം പൂഴ്ത്താൻ പോയ അവളെ വലിച്ച് എണീപ്പിച്ച് ഞാനുമെഴുന്നേറ്റു. കട്ടിലിൽനിന്നിറങ്ങി വാഷ്‌റൂമിലേക്ക് നടന്ന എന്നെ വട്ടംപിടിച്ച് അവളും ഒപ്പംവന്നു.
മുകളിലത്തെ ഞങ്ങളുടെ മുറിയിൽനിന്നിറങ്ങി താഴെ അടുക്കളയിലേക്ക് ചെന്നു. അമ്മച്ചി രാവിലെ അടുപ്പ് കത്തിക്കാനുള്ള പരിപാടിയിലാണ്.
“ഗുഡ് മോർണിംഗ് അന്നക്കുട്ടീ”
നേരെ ചെന്നു കവിളിലൊരുമ്മ കൊടുത്തു.
“കൊഞ്ചാതെ പോയി പശുനെ കറക്കടാ..”
ചിരിയോടെ പാൽപ്പാത്രം എടുത്തു കയ്യിലെക്ക് തന്നു.
അന്നക്കുട്ടി എന്ന് ഞങ്ങൾ വിളിക്കുന്ന ആനി കുര്യൻ തേൻമല സ്കൂളിലെ അധ്യാപികയാണ്. ചാച്ചൻ താഴങ്ങാടി കാനറാ ബാങ്കിന്‍റെ മാനേജർ. ഞങ്ങൾ രണ്ടു മക്കൾ മൂത്തത് ഞാൻ ജോയ്‌സ് കുര്യൻ, വീട്ടിൽ ജോക്കുട്ടൻ എന്ന് വിളിക്കും , ബി ടെക് കഴിഞ്ഞു ചാച്ചന്‍റെ പാത പിൻതുടർന്ന് ഇപ്പോൾ SBI താഴങ്ങാടി ബ്രാഞ്ചിന്‍റെ അസിസ്റ്റന്റ് മാനേജർ ആണ്. പിന്നെയുള്ളത് ഒരു അനിയത്തിക്കുട്ടി ജൂലിയ കുര്യൻ , ഇപ്പോൾ BSC കെമിസ്ട്രി പഠിക്കുന്നു. ഇനി പരിചയപ്പെടുത്താൻ ഉള്ളത് എന്‍റെ നല്ല പാതി ഡോ.സീതാലക്ഷ്മി, ടൗണിലെ ഹോസ്പിറ്റലിൽ എല്ലുരോഗവിദക്തയായി ജോലി ചെയ്യുന്നു.
