സീത പറഞ്ഞവസാനിപ്പിച്ചപ്പോൾ ഗൗരി അവളുടെ കൈവിരലുകളിലേക്ക് സൂക്ഷിച്ചുനോക്കി.
പറഞ്ഞത് ശരിയാണ്
അവളുടെ മോതിരവിരൽ നിൽക്കുന്ന സ്ഥാനം ശൂന്യമായിരുന്നു.
“ഒന്നരവർഷത്തിനുശേഷം ഇപ്പോൾ നിങ്ങളാണ് വന്നത്. ദയവുചെയ്ത് അയാളുടെ അടിമത്വത്തിൽ നിന്ന് എന്നെ മോചിപ്പിക്കണം.”
ഗദ്ഗദം അലട്ടുന്ന സ്വരത്തിൽ അവൾ പറഞ്ഞു.
“പക്ഷെ എങ്ങനെ അതെടുക്കും?..”
ഗൗരി സംശയം പ്രകടിപ്പിച്ചു.
“ഗൗര്യേച്ചി, വേണ്ട. അവശ്യല്ല്യാത്ത പണിക്ക് പോണ്ടട്ടോ.”
അമ്മു അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
“വഴി ഞാൻ പറഞ്ഞുതരാം,”
സീത പതിയെ നടന്നു.
” ഈ വാതിൽ തുറന്ന് ഇടനാഴികയുടെ തുടക്കത്തിലെ രണ്ടാമത്തെമുറിയിൽ കയറുക.
അവിടെ കിഴക്കുഭാഗത്ത് ഒരാണിയിൽ ചുടലഭദ്രയുടെ പടമുണ്ടാകും.
അതിന്റെ പിന്നിൽ മൂന്ന് താക്കോൽ കൂട്ടങ്ങൾ ഉണ്ട്.
5ഉം, 7ഉം, 9 ഉം. അതിൽ 9 എണ്ണമുള്ള താക്കോൽ കൂട്ടമെടുത്ത് തിരിഞ്ഞു നടക്കുക.
മുറിയിൽനിന്ന് പുറത്തേക്കുകടന്ന്
മുൻപിൽ കാണുന്ന ഇടനാഴികയിലൂടെ വീണ്ടും മുന്നോട്ട് നടക്കണം.
ശേഷം ആദ്യം കാണുന്ന മുറിയുടെ താക്കോൽ ആ താക്കോൽകൂട്ടത്തിലുണ്ടാകും.
അതുതിരഞ്ഞുപിടിച്ച് വാതിൽ തുറന്ന് അകത്തേക്കുകടക്കണം
അവിടെ ജാലകത്തിനോടുചാരി ഒരു പഴയ മൺകൂജയുണ്ടാകും അതിനകത്ത് രണ്ടുവലിപ്പത്തിലുള്ള താക്കോലുണ്ട്.
അതെടുത്ത് പുറത്തുകടന്ന് വീണ്ടും തിരിച്ചുനടക്കുക.
ശേഷം ആദ്യം കയറിയ മുറിയിലെ
തെക്കുഭാഗത്തെ മൂലയിൽ ഒരു കാൽപാദത്തിന്റെ അടയാളമുണ്ട്.
അതിന്റെ മുകളിൽ ചവിട്ടിനിന്ന് 6 അടി മുൻപിലേക്കുനടക്കണം.
ഏഴാമത്തെ അടിവക്കുന്നത് രഹസ്യ അറയുടെ വാതിലിന്റെ മുകളിലായിരിക്കും.
അവിടെയൊരു താക്കോൽ പഴുതുണ്ട്.
കൈയിലുള്ള വലിയ താക്കോലുപയോഗിച്ച് ആ വാതിൽ തുറക്കണം. അപ്പോൾ
താഴേക്ക് കുറച്ചു കല്പടവുകൾ കാണാം.
ഭയം കൂടാതെ, താഴേക്ക് ഇറങ്ങി അവസാന പടിയിൽ നിൽക്കുക. അതിന്റെ ഇടതുവശം ചേർന്ന് ഒരു ചുമരുണ്ടാകും. അവിടെയും ഒരു അറയുണ്ട്. അതിന്റെ താക്കോലാണ് കൈയിലുള്ള ചെറുത്. അതുതുറന്നാൽ വീണ്ടുമൊരു താക്കോൽ കൂട്ടമുണ്ടാകും അതെടുത്ത് താഴേക്കിറങ്ങിയാൽ മൂന്ന് വാതിലുകൾ കാണാം. അതിൽ തലയോട്ടി പതിച്ച ഒരു മുറിയുണ്ട് അതുതുറന്ന് ചുടലഭദ്രയുടെ വലിയ വിഗ്രഹത്തിന്റെ അടുത്ത് ചുവന്നപട്ടിലായിരിക്കും. ആ ചെപ്പ്.”
ഇതെല്ലാം കേട്ട് ഗൗരി അമ്പരന്നുനിന്നു.
“പക്ഷെ ഗൗരിക്ക് അതെടുക്കാൻ കഴിയില്ല. ഇവൾക്കെ പറ്റു.”
സീത അമ്മുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
“ഇല്ല്യാ, എനിക്ക് പറ്റില്ല്യ.”
അമ്മു തീർത്തുപറഞ്ഞു.
“അമ്മു, ദുഷ്ട്ടനായ മാർത്താണ്ഡന്റെ ചതിയിൽപെട്ടതല്ലേ സീത. എന്റെ മനസുപറയുന്നു ഇതോടുകൂടി എല്ലാം അവസാനിക്കും ന്ന്.”
ഗൗരി അവളെ പറഞ്ഞുമനസിലാക്കി.
“പക്ഷെ ഗൗര്യേച്ചി മുത്തശ്ശനറിഞ്ഞാൽ..”
“മുത്തശ്ശനൊന്നുമറിയില്ല്യ. നീ ധൈര്യമായിട്ടിരിക്ക്.”
ഗൗരി അവളെ പറഞ്ഞുസമ്മതിപ്പിച്ചു.
ശേഷം സീതക്കുനേരെ തിരിഞ്ഞു.
“ഞങ്ങൾ പോകാം. പക്ഷെ ഞങ്ങളുടെ ജീവന് സംരക്ഷണം നൽകണം.”
“ഹഹഹ..”
സീത ആർത്തട്ടഹസിച്ചു.
“നീയിപ്പോഴും ഒരുകാര്യംമറന്നു ഗൗരി.
അമാവാസിയിലെ കാർത്തികയിലാണ് നിന്റെ ജനനം.
നിന്നെ അപായപ്പെടുത്താൻ മാർത്താണ്ഡൻ വരെ ഭയക്കും.”
പുഞ്ചിരിപൊഴിച്ചുകൊണ്ട് സീത പറഞ്ഞു.
“മ്, പോയ്‌കോളൂ…”
സീത വലതുകൈ ഉയർത്തി പോകുവാൻ ആംഗ്യം കാണിച്ചു.
ഗൗരി അമ്മുവിന്റെ കൈയ്യുംപിടിച്ച് ആ വീടിന്റെ ഉമ്മറത്തേക്ക് ചെന്നു.
അടഞ്ഞുകിടക്കുന്ന തിരുട്ടിവതിൽ പതിയെ തുറന്നതും പൊടിയും,മാറാലയും ഒരുമിച്ച് മുകളിൽനിന്നും താഴേക്ക് പതിച്ചു.
ഗൗരി പിന്നിലേക്ക് തിരിഞ്ഞുനോക്കി.
പുഞ്ചിരിപൊഴിച്ചുകൊണ്ട് സീത അവിടെത്തന്നെ നിൽക്കുകയായിരുന്നു.
പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞിരുന്ന ചെറിയ ഹാളിന്റെ മധ്യത്തിലായി അവർ നിന്നു.
ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും രൂക്ഷഗന്ധം ചുറ്റിലും പരന്നു.
“ഗൗര്യേച്ചി, അതാ..”
അമ്മു വിരൽചൂണ്ടിയ ഭാഗത്തേക്ക് ഗൗരി നോക്കി.
