യക്ഷയാമം – 10 Like

“അതെ, അതുതന്നെ വാ..”
ചെറിയ ഇടനാഴികയിലൂടെ അവർ മുന്നോട്ട് നടന്നു.

ഇടനാഴികയിലൂടെ നീങ്ങി രണ്ടാമത്തെ മുറിയുടെ വാതിലിന്റെ മുൻപിൽ അവർ നിന്നു.
മാറാല പിടിച്ചുദ്രവിച്ച ആ വാതിൽപൊളി ഗൗരി പതിയെ തുറന്നു. വവ്വാൽ കൂട്ടങ്ങൾ വലിയശബ്ദത്തോടുകൂടി പുറത്തേക്ക് വന്നു.
ആ തിരക്കിൽപെട്ട ഒരു വവ്വാൽ
അമ്മുവിന്റെ നെറ്റിയിൽ വന്നടിച്ചു.
ശേഷം വവ്വാൽ നിലത്തു വീണ് ഭയപ്പെടുത്തുന്ന ശബ്ദത്തിൽ നിലവിളിക്കാൻ തുടങ്ങി.

“ആഹ്,അമ്മേ..”
വേദനയെടുത്ത അമ്മുവിന്റെ കണ്ണിൽനിന്നും മിഴിനീർക്കണങ്ങൾ ഒഴുകാൻ തുടങ്ങി.

“ഏയ്‌, ഒന്നുല്യ അമ്മു പേടിക്കേണ്ട, ഞാനില്ലെ,വാ..”

മുറിയാകെ ചുമർ ചിത്രങ്ങളാൽ നിറഞ്ഞുനിന്നിരുന്നു.
ഭയപ്പെടുത്തുന്ന ചുടലഭദ്രയുടെ വിവിധ ഭാവങ്ങൾ.

കൗതുകത്തോടെ ഗൗരി അതെല്ലാം നോക്കിക്കണ്ടു.

കിഴക്കേ ഭാഗത്തെ ആണിയിൽ ചുടലഭദ്രയുടെ ഒരുപടം തൂക്കിയിട്ടിരിക്കുന്നത് കണ്ട ഗൗരി അമ്മുവിനോട് അതെടുക്കാൻ പറഞ്ഞു.
വിറക്കുന്ന കൈകൾകൊണ്ട് അമ്മു അതെടുത്തതും കൈയ്യിൽനിന്നും വഴുതിവീണതും ഒരുമിച്ചായിരുന്നു.

താഴെവീണ പടത്തിന്റെ ചില്ലുകൾ ചിന്നംഭിന്നമായി തെറിച്ചു വീണു.

രണ്ടടി പിന്നിലേക്ക് വച്ച ഗൗരി അണിയിൽതൂക്കിയ താക്കോൽകൂട്ടങ്ങളെ ശ്രദ്ധിച്ചു.
അതിൽ നിന്നും 9 താക്കോലുകളുള്ള ഒരു കൂട്ടം അമ്മു വലതുകൈ നീട്ടിയെടുത്തു.
ശേഷം തിരിഞ്ഞുനടന്ന അവർ
സീതപറഞ്ഞ രണ്ടാമത്തെ മുറിയിൽകയറി.
ചുറ്റിലും നോക്കിയ അമ്മു ജാലകത്തിനോട് ചെറിയ ചെറിയ മേശപ്പുറത്ത് ഒരു മൺകൂജയിരിക്കുന്നത് കണ്ടു.

“ഗൗര്യേച്ചി ദേ..”
അമ്മു ചൂണ്ടിക്കാണിച്ചു.

അവർ രണ്ടുപേരും ജാലകത്തിനോട് ചാരിനിന്നു.
അമ്മു ആ കൂജയിൽ തന്റെ വലതുകൈ ഇട്ടു.

“ആഹ്, ”
വേദനകൊണ്ട് അവൾ പെട്ടന്നു തന്നെ കൈ പിൻവലിച്ചു.

ഉടനെ ഗൗരി ആ കൂജ കമഴ്ത്തിപിടിച്ചു.
അതിൽ നിന്നും രണ്ട്‌ താക്കോൽ താഴേക്ക് വീണു.
കൂടെ കുറച്ചു കുപ്പിച്ചില്ലുകളും വളപ്പൊട്ടുകളും.

താക്കോൽ കൈക്കലാക്കിയ അവർ ആദ്യത്തെ മുറിയിലേക്ക് വീണ്ടും നടന്നു.
തെക്കുഭാഗത്തെ മൂലയിൽ അവർ സൂക്ഷമായി പരിശോദിച്ചു.
പൊടിപടലങ്ങൾ നിറഞ്ഞുനിന്നകാരണം കാൽപാടുകൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.

ഗൗരി തന്റെ കൈകൾകൊണ്ട് നിലത്ത് പറ്റിപ്പിടിച്ച പൊടിപടലങ്ങളെ തുടച്ചുനീക്കി.
പതിയെ അവിടെ കാൽപാടുകൾ തെളിഞ്ഞുവന്നു.

ഒറ്റനോട്ടത്തിൽ തന്നെ അതൊരു സ്ത്രീയുടെയാണെന്ന് ഗൗരിക്ക് മനസിലാക്കാൻ കഴിഞ്ഞു.

അവൾ അമ്മുവിനോട് ആ കാൽപാദത്തിന്റെ മുകളിൽ കയറിനിൽക്കാൻ പറഞ്ഞു.

ഭയം തോന്നിതുടങ്ങിയതുകൊണ്ടായിരിക്കാം അമ്മു ആദ്യം വിസമ്മതിച്ചു.
പിന്നീട് ഗൗരിടെ നിർബന്ധിപ്രകാരം അവൾ ആ പാദത്തിന്റെ മുകളിൽചവിട്ടിനിന്ന് 6 അടി നടന്നു.
7മത്തെ അടി വച്ചഭാഗത്ത് ചെറിയ ശബ്ദവ്യത്യാസം അനുഭവപ്പെട്ടു.

ഗൗരി വേഗം അവിടെ തന്റെ കൈകൾകൊണ്ട് വൃത്തിയാക്കി.

ചെറിയ താക്കോൽദ്വാരം കണ്ട അവൾ അമ്മുവിനോട് തുറക്കാൻ ആവശ്യപ്പെട്ടു.
തന്റെ കൈയ്യിലുള്ള വലിയ താക്കോലുപയോഗിച്ച് അവൾ ആ രഹസ്യ അറയുടെ വാതിൽ പതിയെ തുറന്നു.
ദ്രവിച്ച വിജാവിരിയുടെ ഭീതിപ്പെടുത്തുന്ന ശബ്ദം ചുറ്റിലും പരന്നു.

“വാ,”
ഗൗരി പതിയെ പടവുകളിലൂടെ താഴേക്ക് ഇറങ്ങി.

എവിടെയോ നീർച്ചോലയൊഴുകുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

അകത്തേക്ക് ചെല്ലുംതോറും അന്ധകാരം വ്യാപിക്കാൻ തുടങ്ങി.

അവസാന കൽപടവിൽ ചെന്നുനിന്ന അവർ ഇടത്തെഭാഗത്തെ ചുമരിനോടു ചാരിയുള്ള ചെറിയ അറ തന്റെ കൈയ്യിലുള്ള അവശേഷിക്കുന്ന താക്കോൽ ഉപയോഗിച്ച് തുറന്നു.

അതിൽനിന്നും വീണ്ടും മൂന്ന് താക്കോലുകളും ഒരു ബാഗും കിട്ടി.
ബാഗിനെ തിരിച്ചും മറിച്ചും നോക്കിയത്തിനു ശേഷം ഗൗരി കൈവശം വച്ചു.

അകത്തേക്ക് അടുക്കുംതോറും മാംസത്തിന്റെ രൂക്ഷഗന്ധം ചുറ്റിലും പരക്കാൻ തുടങ്ങി.

അമ്മുവിന്റെ നാസികയിലേക്ക് അടിച്ചുകയറിയ ദുർഗന്ധം വായിലൂടെ ഛർദ്ദിച്ചുകൊണ്ട് പുറത്തേക്ക് വന്നു.

“ഗൗര്യേച്ചി നിക്ക് പേടിയാവുന്നു. നമുക്ക് തിരിച്ചു പോകാം.”
കിതച്ചുകൊണ്ട് അമ്മു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *