യക്ഷയാമം – 4

അവൾ തന്റെ ബാഗും മറ്റുമെടുത്ത് ഇറങ്ങാൻ തയ്യാറായി.

ട്രൈൻ പതിയെ പ്ലാറ്ഫോമിലേക്ക് വന്നുനിന്നു
വീണ്ടും ഗൗരി പിന്നിലിരിക്കുന്ന അയാളെതന്നെ നോക്കി.
പക്ഷെ അവിടെ ശൂന്യമായിരുന്നു.

“ദേവീ… ഒരു നിമിഷംകൊണ്ട് ആ ഏട്ടൻ എങ്ങോട്ടുപോയി.?”

ഗൗരി വേഗം തന്റെ ബാഗും മറ്റുമെടുത്ത് അയാളിരുന്ന സീറ്റിന്റെ അരികിലേക്ക് ചെന്നുനോക്കി.

“ഒരു യാത്രപോലും പറയാതെ പോയോ..”
നിരാശയോടെ അവൾ തിരിഞ്ഞുനടന്നു.

മഴ കനത്തുപെയ്യാൻ തുടങ്ങി. ഡോറിനരികിലേക്കുചെന്ന ഗൗരിയെ മഴ ചീതലടിച്ചുകൊണ്ട് സ്വാഗതംചെയ്തു.

തണുത്തകാറ്റേറ്റ് അവളുടെ തുടുത്തകവിളുകൾ മരവിക്കാൻ തുടങ്ങി.
വലതുകൈ പുറത്തേക്കുനീട്ടി ഗൗരി മഴയെ അടുത്തറിഞ്ഞു.

ട്രെയിനിൽ നിന്നുകൊണ്ടുതന്നെ അവൾ പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തേക്കും നോക്കി.

“മുത്തശ്ശൻ വരാന്നാണല്ലോ പറഞ്ഞേ..
ന്നിട്ട് ആളെവിടെ…”

മഴ കനത്തതോടെ അല്പനേരംകൂടെ ഗൗരി ട്രെയിനിൽതന്നെ നിന്നു.

ദൂരെ മഞ്ഞുമൂടിയ പ്ലാറ്റ്ഫോമിലൂടെ ഒരാൾ കുടപിടിച്ചുകൊണ്ട് വരുന്നത് ഗൗരി ശ്രദ്ധിച്ചു.

ആറടി പൊക്കത്തിൽ, കാവിമുണ്ടുടുത്ത്
നരബാധിച്ച തലമുടികളുമായി, നെഞ്ചുവിടർത്തികൊണ്ട് ഒരാൾ.

നഗ്നപാദങ്ങൾ തറയിൽ പതിക്കുമ്പോൾ കെട്ടിനിൽക്കുന്ന ജലം രണ്ടു ഭാഗങ്ങളിലേക്കായി ഒഴുകി അദ്ദേഹത്തിന് വഴിയൊരുന്നുണ്ടായിരുന്നു.

നെഞ്ചിലെ നരച്ച രോമങ്ങൾക്കിടയിലൂടെ കഴുത്തിൽ കെട്ടിയ രക്ഷകളും
കൂടെ ഓം എന്നെ ചഹ്നത്തിൽ പതിച്ച ലോക്കറ്റും തെളിഞ്ഞു നിൽക്കുന്നതും കാണാം.

കറുപ്പും,ചുവപ്പും, മഞ്ഞയും നിറത്തിലുള്ള ചരടുകൾ മെടഞ്ഞ് വലതുകൈയ്യിൽ കെട്ടി അതിന്റ കൂടെ സ്വർണത്തിന്റെ കൈചെയ്നിൽ രുദ്രാക്ഷം കോർത്തിണക്കിയിരിക്കുന്നു.

ശക്തമായ കാറ്റിൽ ദേഹത്തേക്ക് പതിച്ച മഴത്തുള്ളികൾ നെറ്റിയിൽ ചാലിച്ച ചന്ദനത്തെ മയ്ക്കാനുള്ളശ്രമം അദ്ദേഹം വലതുകൈകൊണ്ട് തടഞ്ഞ് കട്ടിയുള്ള മീശയെ അദ്ദേഹം ഒന്നുതടവി.

മഴമേഘങ്ങൾ പൊതിഞ്ഞ ഇരുണ്ട അന്തരീക്ഷത്തിൽ അദ്ദേഹത്തിന്റെ തേജസ്സാർന്ന മുഖം തെളിഞ്ഞു നിന്നു

ആർത്തുപെയ്യുന്ന മഴയുടെ കുസൃതികലർന്നലീലയെ വകവക്കാതെ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ഗൗരിയുടെ അടുത്തേക്കുവന്നു.

അദ്ദേഹത്തെ അടിമുടിയൊന്നുനോക്കിയ ഗൗരി
അദ്‌ഭുദത്തോടെ നിന്നു.

കീഴ്ശ്ശേരി മനക്കലെ ശങ്കരൻ തിരുമേനി.

“മുത്തശ്ശൻ.”
ഗൗരിയുടെ തണുത്തുവിറച്ച ചുണ്ടുകൾ പറഞ്ഞു.

“മോളെ…ഗൗരീ…”
പൗരുഷമാർന്ന സ്വരത്തിൽ അദ്ദേഹം വിളിച്ചു.

“മുത്തശ്ശാ… ”
മഴയെ വകവക്കാതെ അവൾ പുറത്തേക്ക് ചാടിയിറങ്ങിയതും. ഘോരമായ ശബ്ദത്തിൽ ഇടിയും മിന്നലും ഭൂമിയിലേക്ക് ഒരുമിച്ചിറങ്ങി.
ഒരുനിമിഷം മുൻപെങ്ങും കാണാത്ത തരത്തിലുള്ള ശക്തമായ കാറ്റ് ഒഴുകിയെത്തി. കാറ്റിന്റെ ലാളനത്തിൽ വൈദ്യുതികമ്പികൾ കൂട്ടിമുട്ടി വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു.
പ്രകൃതിയുടെ ഭാവമാറ്റത്തെ ശ്രദ്ധിക്കാതെ ഗൗരി മൂത്തശ്ശന്റെ അരയിലൂടെ കൈയിട്ട് കെട്ടിപിടിച്ചു.

“രാമാ…. ഈ പെട്ടീം സാധനങ്ങളും എടുത്തോളൂ…”

കൂടെവന്ന ഡ്രൈവറോട് തിരുമേനി പറഞ്ഞു.

“എങ്ങനെയുണ്ടായിരുന്നു യാത്ര മ്..?
പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

“നിക്ക് ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട് മുത്തശ്ശാ..”

“മ്.. കേൾക്കാലോ, ആദ്യം വീട്ടിലേക്ക് പോകാം, വാ…”

ഗൗരിയെ ചേർത്തുപിടിച്ചുകൊണ്ട് അദ്ദേഹം പ്ലാറ്റ്‌ഫോമിലൂടെ നടന്നു.

പെട്ടന്ന് കുറുകെ ഒരു കരിമ്പൂച്ച മുന്നിലേക്ക് ചാടി.
കാലെടുത്തുവച്ച ശങ്കരൻ തിരുമേനി ഒരുനിമിഷം നിന്നു.

കറുത്ത് ഉരുണ്ട രൂപത്തിലുള്ള കരിമ്പൂച്ചയുടെ വാൽ അറ്റുപോയിരുന്നു അതിന്റെ മഞ്ഞകലർന്ന കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയ തിരുമേനി പെട്ടന്ന് പുറകിലോട്ട് തിരിഞ്ഞു നോക്കി.

പകൽ വെളിച്ചത്തിലും പ്ലാറ്റ്‌ഫോമിന്റെ മുകളിലെ കമ്പിയുടെ ഇടയിലിരുന്നുകൊണ്ട്
ഒരു മൂങ്ങ അദ്ദേഹത്തെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കഴുത്തിൽകെട്ടിയ രക്ഷകളെ അദ്ദേഹം വലംകൈകൊണ്ട് ചേർത്തുപിടിച്ചു.

“മഹാദേവാ… അപശകുനമാണല്ലോ….?”

തുടരും…

Leave a Reply

Your email address will not be published. Required fields are marked *