“മോളിങ്ങ് വന്നേ.”
തിരുമേനി ഗൗരിയുടെ തോളിൽ കൈയിട്ട് അങ്ങുദൂരെയുള്ള ഒരുകാട്ടിലേക്ക് വിരൽ ചൂണ്ടികൊണ്ടുപറഞ്ഞു.
“ദേ, അതാണ് ചന്ദനക്കാട്. ആ കാട്ടിൽ നിറയെ ചന്ദനത്തിന്റെ മരങ്ങളാണ്, പൂജക്കുവേണ്ടിയുള്ള ചന്ദനം അവിടെനിന്നാണ് കൊണ്ടുവരാറ്.”
“തിരുമേനി, പോകാം.”
രാമൻ കാറിനുള്ളിലേക്ക് കയറി.
“നമ്മളിപ്പോ എവിട്യാ മുത്തശ്ശാ ”
കൈയിലുള്ള കരിക്ക് കുടിച്ചുകഴിഞ്ഞ് അതിന്റെ തൊണ്ട് തോട്ടിലേക്ക് എറിയുന്നതിനിടയിൽ ഗൗരി ചോദിച്ചു.
“ദേ, നോക്ക്. ”
തിരുമേനി വിരൽചൂണ്ടിയ സ്ഥലത്തേക്ക് ഗൗരി സൂക്ഷിച്ചുനോക്കി
വെളുത്തബോർഡിൽ കറുത്ത
അക്ഷരങ്ങൾ പകുതിമാഞ്ഞനിലയയിൽ എന്തോ എഴുതിവച്ചിരിക്കുന്നു.
അടുത്തേക്കുചെന്ന ഗൗരി അക്ഷരങ്ങൾ പെറുക്കിയെടുത്തുവായിച്ചു.
‘ബഹ്മപുരം.’
തണുത്ത കാറ്റ് എങ്ങുനിന്നോവന്ന് അവളെ ചുറ്റിപ്പറ്റിനിന്നു.
കൺപീലികൾവരെ ആ ഇളങ്കാറ്റിൽ തുള്ളിക്കളിച്ചു.
തിരുമേനി കാറിലേക്കുകയറിയിട്ടും ഗൗരി എന്തോ ചിന്തിച്ചുകൊണ്ട് പുറത്തുതന്നെനിന്നു.
“നീ വരണില്ല്യേ ?..”
സൈഡ്ഗ്ലാസ് താഴ്ത്തി തിരുമേനി പുറത്തേക്കുതലയിട്ട് ചോദിച്ചു.
“മ് ”
ഒന്നുമൂളികൊണ്ട് ഗൗരി കാറിന്റെ മുന്നിലെഡോർതുറന്ന് അകത്തേക്കുകയറി.
രാമൻ കാർ സ്റ്റാർട്ട്ചെയ്ത് ബ്രഹ്മപുരം എന്നബോർഡിന് ചാരെയുള്ള മൺപാതയിലൂടെ മുന്നോട്ട് ചലിപ്പിച്ചു.
ഗൗരി നിശ്ശബ്ദപാലിച്ച് ഓരോകാഴ്ചയും മനസിൽ ഒപ്പിയെടുക്കുകയായിരുന്നു.
പെട്ടന്ന് വളവുതിരിഞ്ഞ് എതിരെയൊരു ജീപ്പ് പാഞ്ഞുവന്നു. കൂടെ മൂന്നാല് കാറുകളുമുണ്ടായിരുന്നു.
അതിലൊരുകാർ അവരുടെ സൈഡിൽ നിർത്തിപറഞ്ഞു.
“കാട്ടാന ഇറിങ്ങിയിട്ടുണ്ട്, അങ്ങോട്ട് പോകേണ്ട”
ഭയന്നുവിറച്ച രാമൻ കാർ ഒതുക്കിനിറുത്തി.
“തിരുമേനി, എന്താ ചെയ്യാ ?..”
പിന്നിലേക്ക് തിരിഞ്ഞുകൊണ്ട് അയാൾ ചോദിച്ചു.
“മുന്നോട്ട് എടുത്തോളൂ അവയൊന്നും ചെയ്യില്ല്യാ.”
കനത്തസ്വരത്തിൽ തിരുമേനി പറഞ്ഞു.
രാമൻ ഗിയർമാറ്റി കാർ മുന്നോട്ടെടുത്തു.
വൈകാതെ ദൂരെനിന്നുതന്നെ ആനയുടെ ചന്നംവിളി കേൾക്കുന്നുണ്ടായിരുന്നു.
“മുത്തശ്ശാ, നിക്ക് പേട്യാവ്ണ്.”
ഗൗരി തിരിഞ്ഞിരുന്ന് തിരുമേനിയോട് പറഞ്ഞു.
“ഏയ്, ന്തിനാ പിടിക്കണേ, നമ്മളെപ്പോലെയാണ് അവരും.”
പുഞ്ചിരിതൂവികൊണ്ട് തിരുമേനി അശ്വാസിപിച്ചപ്പോൾ അല്പം ധൈര്യംവന്നപോലെ ഗൗരി മുൻപിലേക്ക് നോക്കിയിരുന്നു.
രണ്ടാമത്തെ വളവുതിരിഞ്ഞതും മൺപാതക്ക് കുറുകെ അഞ്ച് ആനകൾ മണ്ണിൽകുളിച്ചു നിൽക്കുന്നു.
തിരുമേനിയുടെ കാർ കണ്ടതും രണ്ടാനകൾ കാറിനുനേരെ ചിന്നം വിളിച്ചുകൊണ്ട് പാഞ്ഞുവന്നു.
രാമൻ ഭയംകൊണ്ട് ഡോർ തുറന്നയുടെനെ തിരുമേനി തടഞ്ഞു.
“രാമാ അബദ്ധം കാണിക്കരുത്.”
ശേഷം തിരുമേനി പുറത്തേക്കിറങ്ങി കാറിന്റെ മുൻപിലേക്കുനിന്നു.
ആക്രമിക്കാൻ വന്ന ആനകൾ തുമ്പികൈ ഉയർത്തി വലിയശബ്ദമുണ്ടാക്കി.
കാറിലിരുന്നുകൊണ്ട് ഒരു കാഴ്ചക്കാരിയെപ്പോലെ ഗൗരി നോക്കിയിരുന്നു.
ആന തന്റെ അടുത്തേക്ക് പാഞ്ഞുവന്നതുകണ്ട തിരുമേനി വലതുകൈ ഉയർത്തി അവിടെ നിൽക്കുവാൻ ആവശ്യപ്പെട്ടു.
“ഇന്നോളമത്രെയും നിന്റെവഴിയിൽ ഞാൻ തടസംനിന്നിട്ടില്ല്യാ. മ്, മറിനിൽക്കാ.”
തിരുമേനിയുടെ വാക്കുകളെ ഗൗനിക്കാതെ അതിലൊരുഗജം അക്രമിക്കാണെന്ന രീതിയിൽ മുന്നോട്ടുവന്നു.
അദ്ദേഹം മിഴികളടച്ച് വിഘ്‌നേശ്വരനെ മനസിൽ ധ്യാനിച്ചു.
” ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ”
‘ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാംതയേ “
അദ്ദേഹത്തിന്റെ അടുത്തേക്കുപാഞ്ഞുവന്ന ആന മുട്ടുമടക്കി തൊഴുതുനിന്നു.
മറുത്തൊന്നുംപറയാതെ ശങ്കരൻ തിരുമേനി കാറിലേക്കുകയറി.
“രാമാ , വണ്ടിയെടുത്തോളൂ.”
അദ്ദേഹം കൽപ്പിച്ചു.
അദ്‌ഭുദത്തോടെ തിരിഞ്ഞുനോക്കിയ ഗൗരിയുടെ തുടുത്തകവിളിൽ തിരുമേനി ഒന്നുതടവി.
മൺപാതയിലൂടെ ഒരുപാടുനേരം രാമൻ വണ്ടിയോടിച്ചു.
ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ, അംമ്പലത്തിന്റെ അരികിലൂടെ കാർ കടന്നുപോയി.
തിരുമേനി അവിടെക്കു നോക്കിതൊഴുന്നതുകണ്ട ഗൗരി അതിനെപറ്റി ചോദിച്ചു.
