യാത്രക്കിടയിൽ ഇരു വശങ്ങളിലും നോക്കിയിരുന്നു. ഏഴു വർഷത്തിനിടയിൽ നാട്ടിലെ മാറ്റങ്ങൾ അൽഭുതപ്പെടുത്തി എല്ലായിടവും സൂപ്പർമാർക്കറ്റുകളും ഫ്ലാറ്റുകളും നിറഞ്ഞിരിക്കുന്നു നാടിന്റെ സംസ്കാരവും അതിവേഗം മാറുന്നു എന്ന് ദിവസേനയുള്ള പ്രതവാർത്തകളിൽ നിന്നും മനസ്സിലാകാറുണ്ട്. മുൻപ് റോഡുകളെല്ലാം കുണ്ടും കുഴിയുമായിരുന്നു. ഇപ്പോൾ അതെല്ലാം മാറിയിരിക്കുന്നു. തണുത്ത കാറ്റ് മുഖത്തേക്കടിച്ചതും അവൻ സുഖമായിട്ടൊന്ന് മയങ്ങി
കണ്ണു തുറന്നപ്പോഴേക്കും ജീപ്പ് വീട്ടിലേക്ക് തിരിയുന്ന നാൽക്കവലയിൽ എത്തിയിരുന്നു. തിയേറ്ററിന്റെ അടുത്തെത്തിയതും ആക്രാന്തത്തോടെ തല പുറത്തേക്കിട്ടു നോക്കി തിയേറ്ററിൽ പുതിയ സിനിമകള്‍ ഓടുന്നു. ഉമ്മയറിയാതെ സെക്കൻറഷോക്ക് പോയിരുന്ന ആ കാലം ചലച്ചിത്രത്തിലെന്നപോലെ ഉള്ളിലൂടെ ഓടി മറഞ്ഞു. റഹീമിന് വീടു കണ്ടിട്ട് പെട്ടെന്ന് മനസ്സിലായില്ല.
പഴയ വീടിന്റെ ഇടിഞ്ഞു വീഴാറായ ഭാഗങ്ങൾ പൊളിച്ച് പണിയാൻ പണമയച്ചിരുന്നു. മാത്രമല്ല പെയിന്റൊക്കെ ചെയ്ത് വ്യത്തിയാക്കിയിരിക്കുന്നു വണ്ടി വന്ന് നിന്നതും വരാന്തയിൽ കാത്തുനിന്നിരുന്ന ഉമ്മ ഓടി വന്നതും ഒരുമിച്ചായിരുന്നു.
“എന്റെ മോനെ, എത്ര നാളായടാ നിന്നെ ഒന്ന് കണ്ടിട്ട് കെട്ടിപ്പിടിച്ച ഉമ്മയുടെ കണ്ണിൽ നിന്നും തന്റെ നെഞ്ചിലേക്ക് നനവ് പടരുന്നത് അവൻ അറിഞ്ഞു. ഉമ്മാന്റെ പിന്നിലതാ മറ്റ് രണ്ടുപേർ കൂടി കണ്ണീർ തൂകുന്നു. ഏഴു വർഷത്തെ പീഢനങ്ങൾ മുഴുവൻ മറക്കാൻ ആ ഒറ്റ നിമിഷം അവനു മതിയായിരുന്നു
റജലയെ പെട്ടെന്ന് മനസ്സിലായി. റഹീനയെ മനസ്സിലാക്കാൻ പാടുപെട്ടു താൻ പോകുമ്പോൾ മെല്ലിച്ച് ഇല്ലിക്കോലു പോലിരുന്ന ഏഴാം ക്ലാസ്സുകാരി. കാലം അവളുടെ മേനിയിൽ കാണിച്ച കരവിരുത് ചില്ലറയല്ല എന്നു തോന്നിപ്പോയി! വെളുത്ത് തുടുത്ത് സുന്ദരിയായിരിക്കുന്നു. ഉമ്മയും അൽപം തടിച്ചിട്ടുണ്ട്.
ബാഗും പെട്ടിയുമെല്ലാ മെടുത്ത് വച്ച് ഉമ്മയിൽ നിന്നും രൂപ വാങ്ങി ടാക്സിക്കാരന് കൊടുത്തു. അളിയനെക്കൊണ്ട് കൊടുക്കാൻ സമ്മതിച്ചില്ല.
അവൻ ഉമ്മയുടെ കയ്യും പിടിച്ച അകത്തേക്ക് നടന്നു. കസേരയിലിരുന്നു
“മോനിരിക്കു , ഉമ്മ ചായ എടുക്കാം’
“വരട്ടെ ഉമ്മാ.. എനിക്കൊന്നു കുളിക്കണം. ജീപ്പിലല്ലേ വന്നത്, ദേഹത്ത് മൊത്തം പൊടിയാണ്.”
” എന്നാ ചൂട് വെള്ളത്തില് കുളിച്ചാ മതി. ക്ഷീണവും മാറും. നീ ഈ വേഷോന്ന് മാറ്. ഞാനിത്തിരി വെള്ളം ചൂടാക്കാം.”
അപ്പൊഴേക്കും റഹീന അവന്റെ ബാഗെടുത്ത് മുറിയിൽ വെച്ചിരുന്നു. കുഞ്ഞിന്റെ കരച്ചിലു കേട്ടതും അവൾ പെട്ടെന്ന് പോയി തന്റെ മുറിയാകെ വൃത്തിയാക്കിയിരിക്കുന്നു. പണ്ട് പൊളിഞ്ഞ് തുടങ്ങിയിരുന്ന ചെങ്കള്ളൂ ചുവരുകൾ കാണാനില്ല. സിമൻറിട്ട് പെയിൻറടിച്ചിരിക്കുന്നു. താൻ ഗൾഫിലെ ചൂടിൽ കിടന്നനുഭവിച്ചതിന്റെ ഫലം, തനിക്കുള്ള ലുങ്കിയും തോർത്തും കട്ടിലിൽ വച്ചിരുന്നു. റഹീം ഷർട്ടും പാൻറും ഊരി ലുങ്കിയുടുത്തു. തോർത്തെടുത്ത് തോളിലിട്ടു.
“നീ കുളിമുറീലേക്ക് നടന്നോ. വെള്ളം ഞാൻ കൊണ്ട് വരാം, എണ്ണേം സോപ്പും അവ്ടേണ്ട’ അതും പറഞ്ഞ് റജല അടുക്കളയിലേക്ക് നടന്നു. തന്നേക്കാൾ രണ്ടു വയസ്സിനു ഇളയതാണവൾ, രണ്ടു കൂട്ടികളായപ്പോൾ തന്റെ ഇത്തയാണെന്നാണ് അവളുടെ വിചാരം, അവൻ ഉള്ളാലെ ചിരിച്ചു.
അവൾ വെള്ളവുമായെത്തി, ഒപ്പം ഉമ്മയും. “അധികം തലയിൽ ഒഴിക്കണ്ടാ. പെട്ടെന്ന് വെള്ളം മാറിക്കുളിച്ചാ ജലദോഷം വരും”
“ഉമ്മാക്കെന്താ, ഞാൻ കൊച്ചു കൂട്ടിയല്ല. ഇപ്പൊ ഒരു ജലദോഷോം വരില്ല’
“നീയെത്ര വലുതായാലും ഉമ്മാക്കിപ്പഴും കൂട്ടി തന്നെയാ..?”
ചൂട് വെള്ളത്തിൽ കുളിച്ചപ്പോ ഒരു സുഖം. യാത്രാ ക്ഷീണമൊക്കെ മാറി. ബാഗിൽ നിന്നും ടീ ഷർട്ടെടുത്തിട്ടു. ചായക്ക് നല്ല ദോശയും ചമ്മന്ത്രീം സാമ്പാറും. എന്താ അതിന്റെ സ്വാദ്. ലോകത്തെവിടെ പോയാലും ഇതിന്റെ സ്വാദ് കിട്ടില്ല.
“ഇഷ്ടായോടാ. നിനക്ക് ദോശ ഇഷ്ടായോണ്ടാ ഇതുണ്ടാക്കീത്” റജലാന്റെ സോപ്പിടൽ. അളിയനെയവൾ ശ്രദ്ധിക്കുന്നതുപോലുമില്ല.
“എന്റെ റജിലേ. ഇതിന്റെ ഒരു സ്വാദ് ഒരിടത്തും കിട്ടില്ല. ‘
