വിടപറയുമ്പോൾ 1

ഓർമ്മത്തുള്ളികൾ ചെവിയരുകിലൂടെ ചേർന്നൊഴുകുന്നത് ശരിക്കും അറിയുന്നുണ്ട്…
വേദന സഹിക്കുന്നില്ല, ഞാനെന്റെ നാവൊന്ന് കടിച്ചുപിടിക്കട്ടെ.

കണ്ണുകളിറുക്കാൻ‌ കഴിയുന്നില്ല അതിലൂടെയാണ് ഞാനെന്നെ വിട്ട് പോകുന്നത്.
ഞാനെന്നോട് വിട പറയുകയാണ്.
ഒപ്പം,
മഴയോടും,
കരിമഷിക്കായോടും,
കരിമഷിക്കണ്ണുകൾ
തുളുമ്പി നിൽക്കും
നേർപാതിയോടും…

ഇപ്പോഴും എനിക്ക് കാണാം പ്രിയേ…
നിന്റെ നീർമിഴിപ്പൂക്കൾക്കെന്റെ- ചങ്കിലെച്ചോരതൻ നിറമായത്…
വൈകിയെങ്കിലും ഞാനറിയുന്നു,
എന്റെ ചോരയ്ക്ക് നിന്റെ കണ്ണുനീരെന്നർത്ഥമുണ്ടെന്ന്…

വെട്ടിപ്പിടിച്ച മണ്ണൊട്ടും കൂടെ വന്നില്ല,
തെക്കേപ്പുറത്തൊരിത്തിരി മണ്ണെന്നെ തിന്ന് മടുക്കുവാൻ കൊതിപൂണ്ട് നിൽപ്പാണ്.

വെട്ടിയരിഞ്ഞതും വലിച്ചിട്ട് തൊഴിച്ചതും നിന്നെയായിരുന്നെങ്കിലും നന്മയേ,
ഒടുവിലൊരുതുള്ളിയില്ലാതെ
വറുതിയായ് പോയതെന്റെ ചോരയും,
എന്റെ ജീവനുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *