അല്പസമയത്തിനകം ദൈവം അവന്റെ ഉടുപ്പിന്നുള്ളില്‍ സൂക്ഷ്മ രൂപത്തില്‍ പ്രത്യക്ഷപെട്ടു ” ഹൂ എന്തൊരു നാറ്റം !! ഇതെന്താ ഈ പഞ്ഞി പോലത്തെ കെട്ടി വെച്ചിരിക്കുന്ന തുണി ? “
അവന്‍ പറഞ്ഞു ” പ്രഭോ , അതൊക്കെ ഞാന്‍ പിന്നീട് പറയാം…ഇപ്പോള്‍ ദയവായി എനിക്ക് മറ്റൊരു ശരീരം തന്നാലും. ഇവിടം എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല”
ദൈവം പറഞ്ഞു ” ശരി ശരി. നിന്നെ ഞാന്‍ ഒരു കൌമാരക്കാരന്റെ ശരീരത്തില്‍ പ്രവേശിപ്പിക്കാം. അത് ചിലപ്പോള്‍ നിനക്ക് പറ്റുന്നതാകും “
ദൈവം വീണ്ടും തഴുകി. അവന്റെ കണ്ണുകള്‍ അടഞ്ഞു.
കണ്ണ് തുറന്നു. ഇപ്പോള്‍ അവന്‍ ഒരു പുല്‍ത്തകിടിയില്‍ കിടക്കുകയാണ്. ഇടതു വശത്തായി ഒരു സുന്ദരിയായ പെണ്‍കുട്ടിയും കിടക്കുന്നു. അവള്‍ ചിരിക്കുന്നുണ്ട്. അവളുടെ ഒരു കൈ അവന്റെ കൈയില്‍ പിണഞ്ഞുകിടക്കുന്നു. ആ വശ്യമായ കണ്ണുകള്‍ എന്തോ മന്ത്രിച്ചു. പ്രണയം എന്ന മഹത്തായ മനുഷ്യവികാരം അവന്റെ ഉള്ളില്‍ ചിറകു വിടര്‍ത്താന്‍ ആരംഭിച്ചിരുന്നു.
അവള്‍ ചിരിച്ചു കൊണ്ട് അവന്റെ ശരീരത്തോട് ചേര്‍ന്ന് കിടന്നു. ജീവിതത്തില്‍ ഒരിക്കലും ഇല്ലാതിരുന്ന ഒരു അനുഭൂതി അവനു അപ്പോള്‍ കിട്ടിത്തുടങ്ങി …ഹൃദയമിടിപ്പ് കൂടി വന്നു. ഈ ദൈവീകാനുഭൂതി ലഭിക്കാന്‍ തക്കവണ്ണം ഒരു ശരീരം തന്നതില്‍ അവന്‍ ദൈവത്തോട് അത്യധികം കൃതാർഥനായി. ആരോടെങ്കിലും സ്നേഹം തോന്നിയാല്‍ അത് മറച്ചു വെക്കാതെ സത്യസന്ധമായി പ്രകടിപ്പിക്കണം. അതാണ് ഉത്തമരായ നായകളുടെ സ്വഭാവം മനസ്സില്‍ നുരഞ്ഞു പൊന്തിയ ആനന്ദവും ഉന്മാദവും അവന്റെ കൈകളിലേക്ക് പടര്‍ന്നു.അവന്‍ അവളെ തന്നോട് അടുപ്പിച്ച് നെറ്റിയിലും കവിളിലും മെല്ലെ മെല്ലെ ചുംബിച്ചു. ഉള്ളില്‍ നിര്‍വൃതിയുടെ ദൈവിക ഭാവം നിറയുമ്പോള്‍ അവനോര്‍ത്തു: “ദൈവമേ നന്ദി …ഈ മനുഷ്യജന്മം എത്ര ധന്യം “
പെട്ടന്നാണ് അവന്‍ അത് കേട്ടത്. കുറേ ആളുകള്‍ പല ദിക്കുകളില്‍ നിന്നുമായി അലറിക്കൊണ്ട് ഓടി വരുന്നു. അവനു ഒന്നും പിടികിട്ടിയില്ല… അവള്‍ ഭയന്ന് വിറച്ചു. അടുത്തെത്തിയ ആളുകള്‍ പെണ്‍കുട്ടിയുടെ മുടി കുത്തി പിടിച്ച് വലിച്ചു. വേറെചിലര്‍ ചേര്‍ന്ന് അവന്റെ കൈയില്‍ കടന്നു പിടിച്ചുകൊണ്ട് മറ്റുള്ളവരോട് വിളിച്ച് പറഞ്ഞു; “ഓടിവാ വേഗം,..രണ്ടു ന്യു ജെനറേഷന് പട്ടികളെ കിട്ടിയുണ്ട്”. അവനെയും അവളെയും അവര്‍ പൊതിരെ തല്ലാന്‍ തുടങ്ങി… മുഖത്തും കൈകാലുകളിലും വടി കൊണ്ടുള്ള അടി വീഴുന്നത് അവന്‍ അറിഞ്ഞു….തെരുവില്‍ അലഞ്ഞു നടന്നപ്പോള്‍ പോലും ഇതുപോലൊരു തല്ലു അവനു കിട്ടിയിട്ടില്ല.. തല്ലുന്നതിനിടയില്‍ അവര്‍ പറയുന്നുണ്ടായിരുന്നു. “നാടിന്റെ സംസ്കാരം നശിപ്പിക്കാന്‍ ഓരോന്നുങ്ങള്‍ ഇറങ്ങിക്കോളും..ജീന്‍സും ഇട്ട് മുടിയും ചീകി നടക്കുന്നു…….പട്ടികള്‍.”
തല്ലു സഹിക്കാന്‍ വയ്യാതെ അവന്‍ ഓടി… അവന്റെ പുറകെ അവരും. ഓടി തുടങ്ങിയപ്പോള്‍ അവനു സ്ഥലം ഏതാണ്ട് മനസിലായി. ഇവിടെ അവന്‍ പണ്ട് പല തവണ അലഞ്ഞു നടന്നിട്ടുണ്ട്.. ഇടവഴികള്‍ അവനു കാണാപ്പാഠം ആയിരുന്നു. ഏതോ ഒരു ഇടവഴി കയറി അവന്‍ പാഞ്ഞു. ഓടി ഓടി ക്ഷീണിച്ചു അവസാനം ഒരു വെളിമ്പ്രദേശത്ത് എത്തി. പക്ഷെ ദാഹവും ക്ഷീണവും കൊണ്ട് നിലത്തു കിടന്നു കിതച്ചു.
എന്താണ് തല്ലു കൊള്ളാന്‍ ഉണ്ടായ കാരണം എന്ന് മാത്രം അവനു മനസിലായില്ല. …ഉടനെ തന്നെ അവന്‍ ദൈവത്തെ വിളിച്ച് കരഞ്ഞു….
ഇത്തവണ ദൈവം പ്രത്യക്ഷപെട്ടത് ഒരു തെരുവുപട്ടിയുടെ രൂപത്തിലായിരുന്നു. ” കുഞ്ഞേ നിനക്കെന്തു പറ്റി? ദേഹമാസകലം മുറിവാണല്ലോ….” ഇതും പറഞ്ഞു കൊണ്ട് ദൈവം ഒരു പുല്‍നാമ്പ് മണക്കുകയും, അതില്‍ എന്തോ ഓതുകയും ചെയ്തശേഷം കടിച്ചെടുത്തു അവനു നല്‍കി.. “ദാ ഇത് ചവച്ചു തിന്നാല്‍ മതി, വേദന മാറിക്കോളും”. അവന്‍ അത് രണ്ടു കൈയും നീട്ടി വാങ്ങി. കുനിഞ്ഞു നിന്നു ആദരവ് പ്രകടിപിച്ച ശേഷം പറഞ്ഞു ” ദൈവമേ നീ എത്ര കരുണാമയന്‍.. ഇത്തവണയും എനിക്ക് അബദ്ധം പിണഞ്ഞിരിക്കുന്നു..ഈ ശരീരത്തിന് യോജിച്ച രീതികള്‍ എനിക്ക് പറ്റുന്നവയല്ല എന്ന് തോന്നുന്നു. ദയവായി മറ്റൊരു അവസരം കൂടി തന്നാലും…”
