സൂര്യനെ പ്രണയിച്ചവൾ- 14

അജിത്‌ സഹസ്രബുദ്ധെ തുടര്‍ന്നു.

“മാത്രമല്ല കുപ്രസിദ്ധ ചൈനീസ് ആയുധമാഫിയ തലവന്‍ ഷുണ്യാന്‍ പെങ്ങുമായും ബെന്നറ്റ്‌ ഫ്രാങ്ക് അടുത്ത് ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും ലഭ്യമായിട്ടുണ്ട്.

ഗായത്രി ബോധരഹിതയായി നിലം പതിച്ചു. സാവിത്രിയ്ക്ക് ഒന്നും മനസ്സിലായില്ല. അവരുടനെ പരിചാരകരെ വിളിച്ചു. മുഖത്ത് വെള്ളം തളിച്ചുവെങ്കിലും ഗായത്രി ബോധത്തിലേക്ക് വന്നില്ല. അവളെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. **************************************************************************

കഥ പറഞ്ഞ് കഴിഞ്ഞ് റിയ നോക്കുമ്പോള്‍ ഷബ്നത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്…. അടക്കാനാവാത്ത വികാരത്തള്ളലില്‍ അവള്‍ റിയയെ കെട്ടിപ്പിടിച്ചു. റിയ അവളുടെ പുറത്തും തലമുടിയിലും സ്നേഹത്തോടെ വാത്സല്യത്തോടെ തലോടി.

“ഞാനറിഞ്ഞില്ല എന്‍റെ റിയേ…”

വിതുമ്പലിനിടയില്‍ അവള്‍ പറഞ്ഞു.

“ഇതുപോലെ ഒരു കഥയും പേറി നടക്കുന്നയാളാണ് ജോയല്‍ എന്ന്! ജോയലിന്റെ കഥയ്ക്ക് മുമ്പില്‍ നമ്മുടെ കഥകളൊക്കെ എത്ര നിസ്സാരം!!”

റിയക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

“ഞാനിപ്പോള്‍ വരാം!”

ആലിംഗനത്തില്‍ നിന്നുമകന്നുകൊണ്ട് ഷബ്നം പറഞ്ഞു. അത് പറഞ്ഞ് അവള്‍ പുറത്ത് കടന്നു. ഹാളില്‍ അവള്‍ ആരെയും കണ്ടില്ല. അവള്‍ മുറ്റത്തേക്ക് ഇറങ്ങി. അവിടെ വീരപ്പന്‍ സന്തോഷിനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു ജോയല്‍.
“എന്താ ഷബ്നം?”

സന്തോഷ്‌ അവളോട്‌ ചോദിച്ചു.

“എനിക്ക് ജോയലിനോട് ഒരു കാര്യം…”

“രഹസ്യമോ? അങ്ങനെ ഒരു രഹസ്യം നമുക്കിടയില്‍ പതിവില്ലല്ലോ…”

ജോയല്‍ നെറ്റി ചുളിച്ചുകൊണ്ട് ഷബ്നത്തേ നോക്കിപ്പറഞ്ഞു.

“പ്ലീസ്! ഒരു മിനിറ്റ്!”

അവള്‍ അപേക്ഷയുടെ സ്വരത്തില്‍ പറഞ്ഞു.

“ചെല്ല്!”

സന്തോഷ്‌ ജോയലിന്റെ നേരെ കണ്ണുകള്‍ കാണിച്ചു. അവള്‍ മുറ്റത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി.

“പറയൂ, ഷബ്നം…”

ജോയല്‍ പറഞ്ഞു.

അവള്‍ കൈകള്‍ കൂപ്പുന്നത് കണ്ടപ്പോള്‍ അവനൊന്ന് അന്ധാളിച്ചു.

“എന്തായിത്? എന്താ നിനക്ക് പറ്റിയെ?”

“ഞാന്‍…”

അവളുടെ കണ്ണുകള്‍ നിറയുന്നത് അവന്‍ കണ്ടു.

“ശ്യെ! എന്താ കുട്ടീ ഇത്?”

അവന്‍ ചുറ്റും നോക്കി.

“റിയേ, എടീ, ഇങ്ങോട്ടൊന്ന് വന്നെ!”

“വേണ്ട!!”

ഷബ്നം വിലക്കി.

“റിയയെ വിളിക്കണ്ട…എനിക്ക് …”

അവള്‍ കണ്ണുകള്‍ തുടച്ചു.

“എനിക്ക് ഏട്ടനോട് … ഒരു കാര്യം കണ്‍ഫസ്സ് ചെയ്യാനുണ്ട്… അത് പറഞ്ഞില്ലേല്‍ എനിക്ക് സമാധാനമുണ്ടാവില്ല….”

“അവള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ജോയലിന് മനസ്സിലായില്ല.

“റിയയ്ക്ക് അറിയാം … എനിക്ക് ഏട്ടനെ ഇഷ്ടമാണ് ..അല്ല ആയിരുന്നു….എനിക്ക് വല്ലാത്ത ഇഷ്ടമായിരുന്നു …ഇഷ്ടമാണ് …പക്ഷെ …അല്‍പ്പം മുമ്പ് …”

അവളുടെ വാക്കുകള്‍ വിക്കുകയും ശ്വാസം ഉയരുകയും ചെയ്തു. സുന്ദരിയായ ആ പെണ്‍കുട്ടിയില്‍ നിന്നും പുറത്തേക്ക് വന്ന വാക്കുകള്‍ കേട്ട് അവനൊന്നന്ധാളിച്ചു.

“മോളെ, നീ…”

അവന്‍ കയ്യുയര്‍ത്തി. വിലക്കാനെന്ന പോലെ.

“ഇല്ല ഏട്ടാ…”

മിഴിനീരിനിടയില്‍ അവള്‍ പുഞ്ചിരിച്ചു.

“എനിക്ക് ജീവനേക്കാള്‍ ഇഷ്ടമായിരുന്നു…ഇപ്പഴും ആണ് …പക്ഷെ ഇപ്പഴത്തെ ഇഷ്ടം ആദ്യത്തെ പോലെയല്ല…”

അവളൊന്നു നിര്‍ത്തി അവനെ നോക്കി.

“ഇപ്പോള്‍ എനിക്ക് എന്‍റെ സ്വന്തം ഏട്ടനെപ്പോലെ, എന്‍റെ മൂത്ത സഹോദരനെപ്പോലെ…അതെ ..അതുപോലെയാണ് …കാരണം അല്‍പ്പം മുമ്പ് റിയ എന്നോടെല്ലാം പറഞ്ഞു… അത് വരെ എനിക്ക് ഏട്ടനെ എന്‍റെ സ്വന്തമായി കിട്ടണം എന്നൊക്കെ ..എന്നൊക്കെ …എന്താ പറയുക? ഒരു തനി നാടന്‍ പെണ്ണിനെപ്പോലെ ഞാന്‍ ചിന്തിച്ചു, സ്വപ്നം കണ്ടു, പക്ഷെ….”

ജോയല്‍ അദ്ഭുതത്തോടെ അവളുടെ ഓരോ വാക്കും സശ്രദ്ധം കേട്ടു.

“പക്ഷെ റിയ എന്നോട് ഗായത്രിയെക്കുറിച്ച് പറഞ്ഞു ഇപ്പോള്‍….”

ഷബ്നം തുടര്‍ന്നു.

ഗായത്രിയുടെ പേര് ഉച്ചരിച്ചപ്പോള്‍ അവന്‍റെ മുഖഭാവം എന്താണ് എന്ന് ഷബ്നം ശ്രദ്ധിച്ചു. പ്രത്യേകിച്ച് ഒരു ഭാവമാറ്റം അവന്‍റെ മുഖത്ത് കാണാതെ വന്നപ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടു.
“ആ കഥ കേട്ടുകഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ ഏട്ടന്‍ എനിക്ക് കാമുകന്‍ അല്ല, എനിക്ക് സ്വന്തം ഏട്ടനാണ് എന്ന് ഞാന്‍ ഉറപ്പിച്ചു, മനസ്സിനെ പഠിപ്പിച്ചു….”

അപ്പോഴേക്കും റിയ അങ്ങോട്ട്‌ വന്നു.

“എന്താ ജോയല്‍?”

റിയ ചോദിച്ചു.

“എന്താന്നോ? എന്നുവെച്ചാല്‍?”

ഒന്നും മനസ്സിലാകാതെ ജോയല്‍ ചോദിച്ചു.

“എന്നുവെച്ചാല്‍ റിയേ റിയേ എന്ന് എന്തിനാണ് എന്നെ വിളിച്ച് ഇങ്ങോട്ട് വരുത്തിയത് എന്ന്!”

റിയ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.

“ആ! അതോ!”

പെട്ടെന്ന് ഓര്‍മ്മിച്ച് ജോയല്‍ പറഞ്ഞു.

“ഈ കുട്ടി എന്‍റെ മുമ്പീന്നു കരയാനോക്കെ തുടങ്ങീപ്പം…അന്നേരം വിളിച്ചതല്ലേ? എന്നിട്ട് കരച്ചില്‍ ഒക്കെ നിര്‍ത്തി ഹാപ്പിയായി കൂളായി വന്നപ്പഴാണോ നീ വരുന്നേ?”

“അത് ശരി!”

അവള്‍ മുഖം ചുളിച്ച് അവനെ നോക്കി.

“മിസ്റ്റര്‍ ജോയല്‍!”

അവള്‍ ഗൌരവത്തില്‍ പറഞ്ഞു.

“താങ്കള്‍ റിയേ എന്ന് വിളിച്ചതിനും എന്‍റെ വരവിനുമിടയില്‍ ഏകദേശം മൂന്ന്‍ മിനിറ്റ് വ്യത്യാസമേ സംഭവിച്ചിട്ടുള്ളൂ…”

പെട്ടെന്ന് അവള്‍ ഷബ്നത്തേ നോക്കി.

“അല്ല നീയെന്തിനാ കരഞ്ഞേ?”

“അത്…”

ഷബ്നം ജോയലിനെ നോക്കി.

“അല്ല..അതിപ്പം വീണ്ടും ഇവിടെ പറയണ്ട!”

അവന്‍ ഷബ്നത്തിന് നേരെ തിരിഞ്ഞ് അല്‍പ്പം ശബ്ദമുയര്‍ത്തിപ്പറഞ്ഞു.

“ആഹാ!”

റിയ രണ്ടുപേരെയും മാറി മാറി നോക്കി.

“വീണ്ടും പറയണ്ട എന്നുവെച്ചാല്‍? എന്താടി അത്?”

“അത് റിയേ…”

ഷബ്നം ആദ്യമൊന്ന് ലജ്ജിച്ചു.

പിന്നെ ജോയലിന്റെ നേരെ അല്‍പ്പം ദൈന്യതയോടെ നോക്കി.

“അത് ഞാന്‍ എന്‍റെ മനസ്സിലെ ആ കാര്യം ജോ ..അല്ല ഏട്ടനോട് പറഞ്ഞ് ഒന്ന് ക്ലീനാക്കുവാരുന്നു….”

“ഏട്ടനോ?”

റിയ ഷബ്നത്തേ അദ്ഭുതപ്പെട്ടു നോക്കി.

“അതെ, ഏട്ടന്‍…ആങ്ങള, സഹോദരന്‍…കൂടെപ്പിറപ്പ്‌…”

അവള്‍ ദൃഡമായ സ്വരത്തില്‍ പറഞ്ഞു.

“നെനക്കറിയാല്ലോ…”

ഷബ്നം തുടര്‍ന്നു.

“എനിക്ക് ഏട്ടനോട് ആദ്യം തോന്നിയ ഇഷ്ടം..നീ ഗായത്രിയുടെ കഥ പറയുന്നത് വരെ എനിക്ക് ഏട്ടനോട് ഉണ്ടായിരുന്ന ഇഷ്ടം എന്താണ് എന്ന് നിനക്കറിയില്ലേ? പക്ഷെ ഗായത്രിയുടെ കഥ കേട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ..ഇനിയും ഞാന്‍ ഏട്ടനെ ആ രീതിയില്‍ കാണരുത് എന്ന് ..അതൊന്നു പറഞ്ഞു തിരുത്തി മനസ്സൊന്നു ക്ലീനാക്കാന്‍ വന്നതാ ഞാന്‍ ..അന്നേരം ഞാന്‍ ഒന്ന് കരഞ്ഞു ..അത്കൊണ്ടാ ഏട്ടന്‍ നിന്നെ വിളിച്ചെ…”
“ഒരു പുന്നാര ഏട്ടനും അതിലും പുന്നാര അനീത്തീം!”

റിയ ചിരിച്ചു.

“എന്‍റെ പൊന്നെ, ഞാന്‍ ആദ്യം ഈ സാധനത്തിനെ പ്രൊപ്പോസ് ചെയ്തതാ…കാണാന്‍ അത്ര വലിയ കുഴപ്പമില്ല അതുകൊണ്ട് ഐ ലവ് യൂ പറഞ്ഞാല്‍ എന്നെ കയ്യും നീട്ടി സ്വീകരിക്കും പിന്നത്തെ സീന്‍ സ്വിറ്റ്സര്‍ലന്‍ഡ് അല്ലേല്‍ ന്യൂസിലാന്‍ഡിലെ ഏതേലും തടാകക്കരയില്‍ ചാം ച്ച ചോം ചച്ച ചുമര് ച ച്ച ചാ എന്നൊക്കെ ഡ്യൂവറ്റ് പാടി കുറച്ചൊക്കെ മരം ചുറ്റി പ്രേമം ഒക്കെ ആസ്വദിക്കാം എന്നൊക്കെ ഞാന്‍ വിചാരിച്ചു എന്‍റെ പെണ്ണേ…പക്ഷെ…”

Leave a Reply

Your email address will not be published. Required fields are marked *