സൂര്യനെ പ്രണയിച്ചവൾ- 14

Related Posts


പ്രണയം പുതുമഴപോലെ ഓരോ ജീവകോശത്തേയും നനച്ചു കുതിര്‍ക്കുകയായിരുന്നു ഗായത്രിയെ. ഓരോ നിമിഷവും നിറവും സുഗന്ധവും പെരുകി വര്‍ഷിക്കുന്ന ഉദ്യാനമാവുകയാണ് മനസ്സ്…

കാതില്‍ എപ്പോഴും ജോയല്‍ മന്ത്രിയ്ക്കുന്നു… കണ്ണുകളില്‍ എപ്പോഴും അവന്‍ നിലാവെളിച്ചം പോലെ കടന്നുവരുന്നു… ചുണ്ടുകളില്‍ എപ്പോഴുമവന്‍ ഇളം ചൂടായി നൃത്തം ചെയ്യുന്നു… മാറില്‍ എപ്പോഴും അവന്‍റെ നെഞ്ചോരത്തിന്‍റെ ദൃഡസ്പര്‍ശമമരുന്നു… ഏഴ് സ്വരങ്ങളുടെ താളലയങ്ങള്‍ മുഴുവന്‍, ജോയല്‍ നീയായി പരിണമിക്കുന്നു…. എനിക്കിപ്പോള്‍ നിദ്രകളില്ല. സ്വപ്നങ്ങളും. പകരം നിന്‍റെ നിശ്വാസവും ഗന്ധവുമാണ്…

അവള്‍ കിടക്കയില്‍ നിന്നുമെഴുന്നേറ്റു. ടെറസ്സിലേക്ക് പോയി. പുറത്ത് നിലാവുണ്ട്. താരാഗണങ്ങളാണ് ആകാശം നിറയെ. ഉദ്യാനത്തിലെ ക്രിസാന്തിമങ്ങളും ഹയാസിന്തുകളും ഡെയ്സിപ്പൂക്കളും ഡഫോഡില്‍സ് പൂക്കളും ഇളം കാറ്റിന്‍റെ പ്രണയോന്‍മത്തതയില്‍ ഉലഞ്ഞുയരുന്നു… അത് കണ്ട് തന്‍റെ മാറിടം ഇത്രമേല്‍ തുടിയ്ക്കുന്നത് എന്തിനാണ്? മട്ടുപ്പാവില്‍ നിന്നും പൂക്കളെ നോക്കവേ അവള്‍ ചിന്തിച്ചു. അവള്‍ പടികള്‍ വേഗത്തിലിറങ്ങി ഉദ്യാനത്തിലേക്ക് ചെന്നു. ഉള്‍ത്തുടിപ്പുകള്‍ക്ക് നിറം നല്‍കുന്ന രാത്രി… കാമുകന്‍റെ മദഗന്ധം കൊണ്ടുവരുന്ന കാറ്റ്… പുരുഷന്‍റെ കരുത്തില്‍ ഞെരിഞ്ഞുപൊടിയാന്‍ ക്ഷണിക്കുന്ന സുതാര്യ നിലാവ്… ഓ… എവിടെയും പ്രണയഹിന്ദോള സംഗീതം…

“എന്താ രാത്രിയില്‍ പതിവില്ലാതെ പൂന്തോട്ടത്തില്‍, ചോട്ടി സാഹിബാ?”

വീര്‍ ബഹാദൂര്‍ സിംഗ്, നേപ്പാളി, സ്വപ്നം മയങ്ങുന്ന വെള്ളാരം കണ്ണുകളുള്ളവന്‍, സുന്ദരന്‍, അവളോട്‌ ചോദിച്ചു. തലാങ്ങ് പര്‍വ്വതച്ചരിവില്‍, തന്നെ മാത്രം ധ്യാനിച്ചിരിക്കുന്ന സുന്ദരിയായ കാമുകിയെക്കുറിച്ച് അവന്‍ തന്നോട് പറഞ്ഞിട്ടുണ്ട്…

“ഒന്നുമില്ല, ഭയ്യാ…”

അവള്‍ ചിരിച്ചു. എന്നിട്ടും അവളുടെ വശ്യമായ നാണം ആ ചിരിയില്‍ മറഞ്ഞില്ല.

“ഇന്നെന്തോ മുകളില്‍ നിന്നും നോക്കിയപ്പോള്‍ പൂന്തോട്ടത്തിന് ഒരു പ്രത്യേക ഭംഗി…അപ്പോള്‍ അടുത്ത് നിന്നു നോക്കണം എന്ന് തോന്നി…”

“അത് വെറുതെ…”

അവന്‍ ചിരിച്ചു. അവന്‍റെ നോട്ടം തന്‍റെ കണ്ണുകളില്‍ തറഞ്ഞിരിക്കുകയാണ്. അപ്പോള്‍ ഒന്നും ഒളിക്കാന്‍ തനിക്ക് കഴിയില്ല.

“ചോട്ടി സാഹിബാ…”

അവന്‍ പറഞ്ഞു.

“പൂന്തോട്ടം ഇന്ന് കൂടുതല്‍ സുന്ദരമായി തോന്നുന്നു എങ്കില്‍, അത്അടുത്ത നിന്നു കാണണം എന്ന് തോന്നുന്നു എങ്കില്‍, അതിന് ഒരു കാരണമേയുള്ളൂ…”

അത് പറഞ്ഞ് അവന്‍ വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി. ഗായത്രിയുടെ കണ്ണുകളില്‍, ചുണ്ടുകളില്‍, ദേഹം മുഴുവന്‍, പ്രണയം നല്‍കിയ ഉന്മത്തതയുടെ സ്വര്‍ണ്ണ വെളിച്ചം നിറഞ്ഞു. അവള്‍ നാണിച്ച് അവനെ നോക്കി. പ്രണയലാവണ്യത്തിന്‍റെ കടും നിറങ്ങള്‍ അവളുടെ നാണത്തില്‍ അലിഞ്ഞുനിറഞ്ഞു.
“മുജേ ലഗ്താ ഹേ കി ആപ് കിസി കെ പ്യാര്‍ മേ ഹേ…”

ആകാശത്തിലെ നക്ഷത്രങ്ങളുടെ മുഴുവന്‍ ശോഭയും അവളുടെ കണ്ണുകളില്‍ നിറഞ്ഞു അപ്പോള്‍.

പനിനീര്‍പ്പൂക്കളിലെ മുഴുവന്‍ സുഗന്ധാമൃതവും അവളുടെ അധരത്തിലേക്ക് കുതിച്ചെത്തി അപ്പോള്‍…

ഐ തിങ്ക്‌ യൂ ആര്‍ ഇന്‍ ലവ് വിത്ത് സം വണ്‍…. ചോട്ടി സഹിബാ, എനിക്കുറപ്പാണ് നീ ആരുമായോ പ്രണയത്തിലാണ്….

വെള്ളാരം കണ്ണുകളുള്ള, തലാങ്ങ് മലഞ്ചെരിവിലേ ഇടയകന്യകയുടെ പ്രണയരക്തത്തില്‍ തീയായി പടര്‍ന്നിറങ്ങിയ സുന്ദരന്‍ എത്രപെട്ടെന്നാണ് തന്‍റെ മനസ്സ് വായിച്ചത്!

“ആരാണ് അയാള്‍ ചോട്ടി സഹിബാ?”

അവന്‍റെ പെട്ടെന്നുള്ള ചോദ്യം അവളുടെ കണ്ണുകളിലെ ഇന്ദ്രനീലവര്‍ണ്ണത്തെയിളക്കി.

“ജോയല്‍…”

അവള്‍ മന്ത്രിക്കുന്നത് പോലെ പറഞ്ഞു. അതി വിശുദ്ധമായ ഒരു വാക്ക് ഉച്ചരിക്കുന്നത് പോലെ.

“ജോയല്‍ ബെന്നറ്റ്…”

വീര്‍ ബഹാദൂര്‍ സിങ്ങിന്റെ കണ്ണുകളും വിടര്‍ന്നു. അവനവളെ സാകൂതം നോക്കി.

“ഹേ! ഭഗവാന്‍!”

പ്രാര്‍ഥനയുടെ ഒരു മന്ത്രണം അവനില്‍നിന്നും അവള്‍ കേട്ടു. അവന്‍ കണ്ണുകള്‍ പതിയെ അടച്ചു. തലാങ്ങിലെ ബുദ്ധിസ്റ്റ് മൊണാസ്ട്രിയില്‍ പുരോഹിതന്‍റെ ത്രിപിടക വാഹകനായി നിന്നിട്ടുണ്ട് അവന്‍. അതുകൊണ്ട് തന്നെ രഹസ്യാത്മകമായ മന്ത്ര സിദ്ധികളൊക്കെ ഇവന് വശമുണ്ട് എന്ന് അച്ഛന്‍ പറഞ്ഞിരുന്നു.

“എന്താ ഭയ്യാ?”

വീര്‍ ബഹാദൂര്‍ സിംഗ് കണ്ണുകള്‍ തുറന്നപ്പോള്‍ അവള്‍ ആകാംക്ഷയോടെ ചോദിച്ചു.

“ചോട്ടി സാഹിബാ…!”

അവന്‍റെ സ്വരത്തില്‍ പതര്‍ച്ചയുണ്ടോ? അവള്‍ സംശയിച്ചു.

“എന്താ? എന്താ പ്രാര്‍ഥിച്ചപ്പോള്‍ തോന്നിയത് ഭയ്യാ?”

“അത്…”

അവന്‍ ഒന്ന് പരുങ്ങി.

“എന്താണെങ്കിലും പറയൂ”

അവള്‍ വീണ്ടും ആവശ്യപ്പെട്ടു. തന്നെ കളിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവനെന്നു അവള്‍ക്ക് തോന്നി. അങ്ങനെ ആകണേ ഈശ്വരാ! അവളുടേയും ഉള്ളുരുകി.

“കുറച്ച് കുഴപ്പങ്ങള്‍ സംഭവിക്കും എന്ന് തോന്നുന്നു ചോട്ടി സാഹിബാ…”

നെഞ്ചിലേക്ക് ഒരു തീഗോളം വന്ന് പതിക്കുന്നത് പോലെ അവള്‍ക്ക് തോന്നി.

“ഗായത്രി…”

മുകളില്‍ നിന്നും ആകാംക്ഷ നിറഞ്ഞ ശബ്ദത്തില്‍ സാവിത്രി മകളെ വിളിച്ചു.

“എന്താ മമ്മി?”

അവള്‍ മുകളിലേക്ക് നോക്കി.

“പെട്ടെന്ന് ഒന്ന് വന്നെ മോളെ! വേഗം!!”

അവള്‍ മുകളിലേക്ക് വേഗത്തില്‍ കയറിച്ചെന്നു.

സാവിത്രി ടെലിവിഷന്റെ മുമ്പിലാണ്.

ആജ് തക് ഹിന്ദി ന്യൂസ് ചാനലാണ്.
“എന്താ മമ്മി?”

അവള്‍ ടെലിവിഷന്‍ സ്ക്രീനിലേക്ക് നോക്കാതെ സാവിത്രിയോട് ചോദിച്ചു.

“മോളെ, ഇത്…”

സാവിത്രി സ്ക്രീനിലേക്ക് വിരല്‍ ചൂണ്ടി.

“ഈ കുട്ടി മോള്‍ടെ കോളേജിലെ അല്ലെ? ….നോക്കിക്കേ …അല്ലെ ….? കോളേജിന്റെ പേരൊക്കെ പറയുന്നു….”

ഗായത്രി പെട്ടെന്ന് ടെലിവിഷന്‍ സ്ക്രീനിലേക്ക് മുഖം തിരിച്ചു. ഹൃദയം നുറുങ്ങിപ്പൊടിയുന്ന ശബ്ദമവള്‍ കേട്ടു.

“പുതിയ ഒരു ടെററിസ്റ്റുകൂടി ഉദയം കൊണ്ടിരിക്കുന്നു….”

ആജ് തക്കിലെ ന്യൂസ് അനലിസ്റ്റ്, അഗ്രസീവ് ജേണലിസ്റ്റ് എന്ന് പേരെടുത്ത അജിത്‌ സഹസ്രബുദ്ധെയുടെ ഉറച്ച, കനത്ത സ്വരം.

“ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ജോയല്‍ ബെന്നറ്റ്‌ മാധ്യമ പ്രവര്‍ത്തകരുടെ മുമ്പില്‍, പൊതുജനങ്ങളുടെ മുമ്പില്‍ രണ്ടു പോലീസുകാരെ വെടിവച്ച് കൊലപ്പെടുത്തുന്ന ഭീദിതമായ രംഗങ്ങളാണ് ഈ ഫൂട്ടേജില്‍ പ്രേക്ഷകര്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്….”

തുടര്‍ന്നു പല ആംഗിളുകളില്‍ നിന്നും പോലീസുകാരെ വെടിവെച്ചു വീഴ്ത്തുന്ന ജോയല്‍ ബെന്നറ്റിന്‍റെ ദൃശ്യങ്ങളും….

“പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജോയല്‍ ബെന്നറ്റിന്റെ അച്ഛന്‍ ബെന്നറ്റ്‌ ഫ്രാങ്ക് മാവോയിസ്റ്റ് ബന്ധമുള്ള കൊടുംഭീകരന്‍ ആണെന്ന് ഇപ്പോള്‍ പൂര്‍ണ്ണമായും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്…”

Leave a Reply

Your email address will not be published. Required fields are marked *