സൂര്യനെ പ്രണയിച്ചവൾ- 19 2

രാകേഷിന്റെ മുഖത്ത് കോപം നിറഞ്ഞു.

“ചങ്കൂറ്റമുണ്ട്….”

ജോയല്‍ തുടര്‍ന്നു.

“നിന്‍റെയൊക്കെ സിസ്റ്റം കൊന്നു തള്ളിയ ഞങ്ങളുടെ അച്ഛന്‍, അമ്മ, കൂടെപ്പിറപ്പുകള്‍ ഇവരുടെയൊക്കെ എത്രയും വേഗമങ്ങ് എത്താന്‍ ഓരോ നിമിഷവും കൊതിച്ചങ്ങു ജീവിക്കുമ്പം…ആ കൊതിയങ്ങനെ കൂടുമ്പം ഡയറക്ടര്‍ സാറേ, ചങ്കൂറ്റം, അതൊണ്ടല്ലോ ഒരൊന്നര ചങ്കൂറ്റമാ…”

അവന്‍റെ കണ്ണുകള്‍ സ്പെഷ്യല്‍ ടീമിനെ വളഞ്ഞിരിക്കുന്ന തന്‍റെ കൂട്ടാളികളില്‍ പതിഞ്ഞു.

“നിന്നെ പിടിക്കൂന്ന്‍ പ്രതിജ്ഞയെടുത്തവനാ ഞാന്‍!”

“എന്‍റെ ശവം തിന്നിട്ടേ നീ പെണ്ണ്‍കെട്ടാന്‍ കല്യാണമണ്ഡപത്തില്‍ കയറൂ എന്നല്ലേ? ഞാന്‍ കേട്ടിരുന്നു ആ പ്രതിജ്ഞ!”

“അത് ശരി! അതൊക്കെ നീ അറിഞ്ഞല്ലേ? നന്നായി!”

“അറിഞ്ഞു. അറിയാന്‍ പോകുന്ന മറ്റൊരു കാര്യം കൂടിപ്പറയാം….”

ജോയല്‍ രാകേഷിന്റെ കണ്ണുകളിലേക്ക് നോക്കി.

“പെണ്ണുകെട്ടാതെ ചാകാനാ നിന്‍റെ വിധീന്ന്!”

“അത് കൊന്ന് മാത്രം ശീലമുള്ള നിന്‍റെ കണക്ക് കൂട്ടല്‍…”

രാകേഷ് തിരിച്ചടിച്ചു.

“ഗായത്രിയോടുള്ള എന്‍റെ സ്നേഹം…അതിന്‍റെ ശക്തി നിനക്കറിയാഞ്ഞിട്ടാണ്…”

“ഗായത്രിയുടെ സ്നേഹത്തിന്‍റെ ശക്തിയോ?”

ജോയല്‍ പരിഹാസത്തോടെ ചോദിച്ചു.

“അത് എന്നെക്കാള്‍ കൂടുതല്‍ മറ്റാര്‍ക്കറിയാം?”

“ഗായത്രി ഒരിക്കലും നിന്നെ സ്നേഹിച്ചിട്ടില്ല!”

“അത് ഗായത്രിയെക്കാള്‍ കൂടുതല്‍ മറ്റാര്‍ക്കറിയാം?”

“ഒന്നോ രണ്ടോ കൊല്ലം ഒരുമിച്ച് പഠിച്ചിട്ടുണ്ടാവും..അല്ലെങ്കില്‍ പ്രേമിച്ചിട്ടുണ്ടാവും! ഒന്നോ രണ്ടോ കൊല്ലമോന്നും പ്രേമത്തിന്‍റെ ശക്തിയളക്കാനുള്ള ടൈം അല്ല ടെററിസ്റ്റേ!”

“ഒന്നോ രണ്ടോ കൊല്ലമോ?”

പരിഹാസം നിഴലിക്കുന്ന സ്വരത്തില്‍ ജോയല്‍ വീണ്ടും ചോദിച്ചു.

“ആര് പറഞ്ഞു ഒന്നോ രണ്ടോ കൊല്ലം എന്നൊക്കെ? സ്വന്തം റിസേര്‍ച്ച് ആണോ?”

“പിന്നല്ലാതെ? അല്ലാതെ നീ കണ്ട പൈങ്കിളി ഹിന്ദി സിനിമേലെ പോലെ മുഖത്ത് മീശയില്ലാത്ത നായകന്‍ പറയുന്നത് പോലെ ഏഴ് ജന്മങ്ങളായി നീ ഗായത്രിയെ പ്രേമിക്കുകയായിരുന്നോ?”
“ഹിന്ദി സിനിമ എനിക്കത്ര പഥ്യമല്ല!”

ജോയല്‍ പറഞ്ഞു.

“വളര്‍ന്നതും പഠിച്ചതും ഒക്കെ ഹിന്ദി നാട്ടില്‍ ആരുന്നെങ്കിലും..നമ്മടെ മിനിമം സിനിമാ സെന്‍സ് ലാലേട്ടന്റെ സ്ഫടികോം മമ്മൂക്കാടെ വടക്കന്‍ വീരഗാഥയുമാ…അതിലൊന്നും പൈങ്കിളി ഡയലോഗ് ഒന്നുമില്ല താനും…”

രാകേഷ് ജോയലിന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി.

“അത്കൊണ്ട് റിയലിസ്റ്റിക് ഡയലോഗാ….”

ജോയല്‍ തുടന്നു.

“ഏഴ് ജന്മമല്ല സുഹൃത്തേ…”

“പിന്നെ?”

പരിഹാസം കത്തുന്ന ചോദ്യം.

“എഴുപത് ജന്മമാണോ?”

“അല്ല…ഒരു ദിവസം! കൃത്യമായിപ്പറഞ്ഞാല്‍ പതിനെട്ട് മണിക്കൂര്‍! ഞാന്‍ ഗായത്രിയെ പ്രണയിച്ച സമയം… ഞാന്‍ ഒരു ദിവസം തികച്ച് പോലും ഗായത്രിയെ പ്രണയിച്ചിട്ടില്ല….”

ജോയലിന്റെ വാക്കുകള്‍ രാകേഷിനെ അദ്ഭുതപ്പെടുത്തി.

” ….സൂര്യന് ഭൂമിയെ പ്രണയിക്കാന്‍ നിമിഷങ്ങള്‍ മതി…”

തീവ്രമായ വികാരാവേശത്തോ ടെ ജോയല്‍ തുടര്‍ന്നു.

” ഭൂമിയ്ക്ക് ചൂട് നല്‍കാന്‍ നിമിഷങ്ങള്‍ മതി സൂര്യന്! …സൂര്യനെ പ്രണയിച്ചവളാണ് ഗായത്രി…സൂര്യനെ പ്രണയിച്ചവള്‍! സൂര്യഗായത്രി!”

രാകേഷിനു മറുപടി പറയാനായില്ല.
ഗായത്രിയ്ക്ക് രാകേഷിനോടുള്ളത് ഒരു ദിവസത്തെ പ്രണയം മാത്രമാണെന്നോ?
എന്നിട്ടും ഗായത്രിയ്ക്ക് ഇവനെ മറക്കാന്‍ പറ്റുന്നില്ലേ?

“സൌരയൂഥം നിലനില്‍ക്കുവോളം ആ പ്രണയം നിലനില്‍ക്കും ടെററിസ്റ്റിനെ പിടിക്കാന്‍ വന്ന സ്പെഷ്യല്‍ ഫോഴ്സ് ഡയറക്ടര്‍! ഈ നെഞ്ചില്‍ പ്രണയസൂര്യന്‍റെ താപമുള്ള കാലത്തോളം!”

രാകേഷിന്റെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ ഉയര്‍ത്തിയ തോക്ക് താഴ്ത്താതെ ജോയല്‍ തുടര്‍ന്നു.
ജോയലിന്റെ വാക്കുകള്‍ തന്‍റെയുള്ളിലേക്ക് തറഞ്ഞു കയറുന്നത് പോലെ രാകേഷിനു തോന്നി.
അവന്‍റെ കണ്ണുകളില്‍ ഉയരുന്നത് അഗ്നിയാണ്.

“എന്‍റെ ചങ്കൂറ്റത്തിന്‍റെ ബേസ് ആ കാണുന്നവരാ!”

ചുറ്റും തോക്ക് ചൂണ്ടി ചുറ്റും നില്‍ക്കുന്നവരെ നോക്കി ജോയല്‍ പറഞ്ഞു.
“അതുകൊണ്ട് ഞാന്‍ പറയുന്നു…”

Leave a Reply

Your email address will not be published. Required fields are marked *