സൂര്യനെ പ്രണയിച്ചവൾ- 19

ഊര്‍മ്മിള വീണ്ടും പുഴയിലേക്ക് നോക്കി.

“പിന്നെ , കല്യാണ നിശ്ചയത്തിന് ബംഗ്ലൂരില്‍ നിന്ന് ഓടിവന്നപ്പം, ഈ നദി ആദ്യമായി കണ്ടപ്പോള്‍ പ്രാര്‍ഥിച്ചു, ദേവീ, എന്‍റെ മോന്‍ ഹൃദയം നല്‍കി ഇഷ്ട്ടപ്പെട്ട പെണ്ണ്, ഗായത്രി, എന്‍റെ മരുമകളല്ല മകളാണ് അവള്‍ക്ക് പെണ്ണിന് ആയുസ്സും ആരോഗ്യവും നല്‍കണേ എന്ന് …പക്ഷെ…”

രാകേഷ് ചിരിച്ചു.
അത് കണ്ട് ഊര്‍മ്മിള സംശയത്തോടെ അവനെ നോക്കി.

“മമ്മിയ്ക്ക് ഈ പുഴേടെ പേര് എന്താണ് എന്നറിയാമോ?”

“എനിക്കറിയാം,”

വെയിലില്‍ കുളിച്ച പുഴയുടെ മേല്‍ വിതാനത്തിലേക്ക് നോക്കി ഊര്‍മ്മിള പറഞ്ഞു.

“കുന്തിപ്പുഴ. അല്ലേ?”

“അല്ല…”

“പിന്നെ?”

“ഗായത്രി…”

അവന്‍ പറഞ്ഞു.
രാകേഷില്‍ നിന്നും പുഴയുടെ പേര് കേട്ട് ഊര്‍മ്മിള അമ്പരന്നു.

“ഗായത്രിപ്പുഴയോ? അങ്ങനെ, ആ പേരില്‍ ഒരു പുഴയുണ്ടോ?”

“ഉണ്ട്!”

രാകേഷ് പറഞ്ഞു.

“ഗായത്രിപ്പുഴ….പാലക്കാടിന്‍റെ മാപ്പെടുത്ത് നോക്കിയാല്‍ കാണാം…ഭാരതപ്പുഴയുടെ ട്രിബ്യൂട്ടറി…. ഗായത്രി….ഗായത്രി ദേവിയോട് തന്നെ ഗായത്രിയെ തന്‍റെ മകന് ഭാര്യയായി തരണമേ എന്ന് പ്രാര്‍ഥിച്ചാല്‍ നടക്കുമോ അമ്മെ? സൂര്യഗിരി മലയില്‍ നിന്ന് പുറപ്പെടുന്നതാണ്‌ ഈ പുഴ…സൂര്യന്‍ ആണ് ഇവളുടെ ഉടമസ്ഥന്‍! സൂര്യഭഗവാനോട് ചോദിച്ചാല്‍ ദയാലുവായ ഈശ്വരന്‍
ചിലപ്പോള്‍ തരുമായിരിക്കും..അല്ല! തരും! ദയാലുവല്ലേ ഈശ്വരന്‍? പക്ഷെ ഗായത്രിപ്പുഴയ്ക്ക് സൂര്യദേവനെ പിരിഞ്ഞു പോകാന്‍ ഇഷ്ടമില്ലെങ്കില്‍? എങ്കില്‍ എന്ത് ചെയ്യും?”

രാകേഷ് സംസാരിച്ച വാക്കുകള്‍ ഊര്‍മ്മിളയ്ക്ക് മനസ്സിലായില്ല.
അവ ഒരു കടം കഥ പോലെ തോന്നി അവര്‍ക്ക്.
അതേ!
കടം കഥയില്‍ കുറഞ്ഞത് ഒന്നുമല്ല.
അവന്റെ മുഖത്തെ ചിരി അതാണ്‌ അര്‍ത്ഥമാക്കുന്നത്!
[തുടരും]

Leave a Reply

Your email address will not be published. Required fields are marked *