“വേണ്ടാ ഉമ്മാ ഇനി ശരിയാവൂലാ.” ഞാൻ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി.
പിന്നെ കുറച്ചു ദിവസം പകൽ ഞാൻ വീട്ടിൽ തന്നെ കഴിഞ്ഞു കൂടി, പിന്നെ പിന്നെ വൈകീട്ട് കുളിയൊക്കെ കഴിഞ്ഞ് ബൈക്ക് എടുത്ത് ദേവൻ കടയിൽ ചെന്നിരിക്കും. അവിടെ നിന്നും സിഗരറ്റും, പിന്നെ ബിവറേജസ്സിൽ കയറി ഒരു ഫുള്ളും വാങ്ങി തിരിച്ച് വരും. കല്യാണ ദിവസം അടുക്കുന്തോറും ദേവൻ ആകെ നെർവസ്സ് ആകുന്നപോലെ തോന്നി.
“എന്താടാ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ…”
ഇതുവരെ ഇല്ല. പക്ഷെ എനിക്ക് പേടിയുണ്ട്. ആലിസിസും, അവളുടെ വീട്ടുകാരും എന്റെ കല്യാണ കാര്യം ഇതിനകം അറിഞ്ഞുകാണും. വീട്ടുകാർക്ക് എതിർപ്പുണ്ടെങ്കിലും, ആലിസ് എന്നെ തന്നെ വിവാഹം കഴിക്കൂ എന്ന് നിർബന്ധിച്ചാൽ ഒരു പക്ഷെ ഞാൻ മതം മാറാൻ തയ്യാറാണെന്നുവരെ അവൾ പറഞ്ഞ് ഒരു പക്ഷെ അവരുടെ വീട്ടുകാർ അതിനു സമ്മതിച്ചലോ. എനിക്ക് ആകെ പേടിയാവുന്നു
“രവി…. എടാ, നമുക്ക് രാജാക്കാട് പോലിസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്താലോ…..നിനക്ക് കല്യാണം കഴിയുന്നതുവരെയെങ്കിലും പ്രൊട്ടക്ഷൻ തരാൻ പറഞ്ഞ്……”
എന്റൊ ബുദ്ധിയിൽ തോന്നിയ ഒരു കാര്യം ഞാൻ പറഞ്ഞു…
“വേണ്ടാ, രവി. അവിടുത്തെ എസ്.ഐ. അവളുടെ ബന്ധുവാ. പിന്നെ അതുമതി ഈ കല്യാണം മുടങ്ങാൻ.”
“ശരി, നീ എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോ, ഞാനും പ്രകാശനും, കുര്യാക്കോസും എന്തിനും നിന്നോടൊപ്പമുണ്ട്. ഇനി വിശേഷമൊന്നുമില്ലെങ്കിൽ നമുക്ക് കല്യാണ ദിവസം ഓഡിറ്റോറിയത്തിൽ വെച്ച് കാണാം” എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. അങ്ങിനെ നവംബർ 30 തിങ്കളാഴ്ച വന്നെത്തി. അന്നാണ് ദേവൻ കല്യാണം. ഞാൻ രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി ബൈക്കിൽ എൻ.ആർ. സിറ്റിയിലിയെ സ്കൂളിൽ ഏതാണ്ട് 9 1/2 മണിക്ക് തന്നെ എത്തി. നാട്ടിലാണെങ്കിൽ ഞാനും എപ്പോഴും വെള്ള മുണ്ട് ഉടുക്കാറുള്ളു. കുറച്ച് കഴിഞ്ഞതും, ഒരു ജീപ്പിൽ മൊയുതുട്ടിക്കായും, കുര്യാക്കോസും, പ്രകാശനും കുടുംബസമേതം എത്തി. കല്യാണത്തിനു വന്നവരെ ഞങ്ങൾ പെണ്ണിന്റെ വീട്ടുകാരായും ചെറുക്കൻ വീട്ടുകാരായും ചമഞ്ഞ് സ്വീകരിച്ച് പന്തലിൽ ഇരുത്തി. വന്നവർക്കെല്ലാം ഞങ്ങൾ കുടിക്കാൻ നാരങ്ങാ ജൂസ് കൊടുത്തു. പത്തുമണിയോടു കൂടി പെണ്ണിന്റെ വീട്ടുകാർ ഒക്കെ എത്തി.
അവരെയെല്ലാം കല്യാണ മണ്ഡപത്തിനോടു ചേർന്നുള്ള മുറിയിലാക്കി. പിന്നേയും ആൾക്കാർ എത്തി കൊണ്ടേയിരിന്നു. മണി പത്തരകഴിഞ്ഞു. ചെറുക്കന്റെ വീട്ടുകാരെ കാണാനില്ല. ദേവൻ മൊബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ഞങ്ങൾ ആകെ ടെൻഷനിലായി. ഇനി വരുന്ന വഴി വല്ല ആക്സിഡൻറും. അതാണ് ആദ്യം മനസ്സിൽ തോന്നിയത്. അത് അല്ലെങ്കിലും അങ്ങിനെ തോന്നു. ഉടനെ തന്നെ പ്രകാശനെ എന്റെ ബൈക്കിൽ രാജക്കാടിലേക്ക് പറഞ്ഞു വിട്ടു.
സമയം പത്ത് മുൻപത്തിയഞ്ച്. ഇപ്പോഴും ചെറുക്കനോ, ചെറുക്കന്റെ വീട്ടുകാരോ എത്തിയിട്ടില്ല. അപ്പോഴേക്കും പെണ്ണിന്റെ വലിയച്ചൻ ദിവാകരൻ നായർ ഇറങ്ങി വന്ന്…എന്താ ചെറുക്കനും കൂട്ടരും എത്തിയോ, ഇല്ലാ എന്ന് പറഞ്ഞപ്പോൾ എന്താ അവർ വൈകുന്നത്. മൂഹൂർത്തം കഴിയാൻ S ഇനി ഇരുപത്തഞ്ച് മിനിട്ടേ ബാക്കിയുള്ളു. നിങ്ങൾ ആരെങ്കിലും ഒന്ന് പോയി അന്വേഷിക്കാമോ എന്നൊക്കെ ചോദിച്ചു.
അന്വേഷിക്കാനൊക്കെ ആൾ പോയിട്ടിണ്ടു. നിങ്ങൾ വിഷമിക്കാതെ, അകത്ത് പോയി ഇരിക്കിൻ എന്ന് മൊയ്തുട്ടീക്കാ പറഞ്ഞപ്പോൾ അദ്ദേഹം അകത്തോട്ട് നടന്നു. പത്തുമിനിട്ടിനകം പ്രകാശൻ തിരിച്ചു വന്നു. അപ്പോൾ സമയം പത്ത് നാൽപ്പത്തി അഞ്ച്. എന്നേയും, കുര്യോക്കോസിനേയും, മൊയുതുട്ടിക്കായേം മാറ്റി നിർത്തി അവൻ പറഞ്ഞു. രാവിലെ ആലിസിന്റെ വീട്ടുകാർ അവനെ ഒരു ജീപ്പിൽ കയറ്റി കൊണ്ടുപോയി. അതുകൊണ്ട്, ഈ കല്യാണം നടക്കില്ല. ഞങ്ങളെല്ലാവരും ഒരു നിമിഷം അന്ധാളിച്ചുപോയി. കല്യാണത്തിനുള്ളതെല്ലാം ഒരുക്കി നിൽക്കുന്ന പെൺകുട്ടിയുടെ വീട്ടുകാരോട് ഇനി എന്ത് സമാധാനം പറയും. ടീച്ചർക്കാണെങ്കിൽ, ഇവിടെ ബന്ധു ബലം കുറവ്. മൊയ്ക്കുട്ടിക്കാ തുടർന്നു. പെണ്ണിന്റെ അമ്മ രാജി ടീച്ചർ അവർക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ കുറച്ച് വർഷം മുൻപ് ഇറങ്ങി പുറപ്പെട്ടതാ.
