സുഹൃത്തുക്കളേ, വർഷങ്ങളായി ഈ സൈറ്റിൽ കഥകൾ വായിക്കുന്ന ഒരാളാണ് ഞാൻ. ഒരുപാട് കഥകൾ വായിച്ചപ്പോൾ എനിക്കും എഴുതാനൊരു മോഹം. ഇവിടത്തെ മഹാരഥന്മാരായ സ്മിത, സാഗർ കോട്ടപ്പുറം, അൻസിയ, യയാതി, PPS, Leena, മാസ്റ്റർ, പവിത്രൻ തുടങ്ങിയവരുടെ മുന്നിൽ ഒന്നുമല്ലെന്നറിയാം. എന്നാലും ഒരെളിയ ശ്രമം. സഹകരിക്കുക.
മുന്നിലൊഴുകിയകലുന്ന വാഹനങ്ങളിലൊന്നും തന്നെ തന്നെയോ തന്റെ നെഞ്ചിൽ വിങ്ങുന്ന വേദനയ്‌ക്കോ കാരണമോ ആശ്വാസമോ നൽകാൻ തക്കവണ്ണം ആരുമുള്ളതായി സുധയ്ക്ക് തോന്നിയില്ല. കാരണം, ഈ നഗരത്തിൽ താനൊറ്റയ്ക്കാണ്. കൂടെ ആരെല്ലാമോ ആകുമായിരുന്നെന്ന് തോന്നിയവൻ ആരുമല്ലാതായ ഈ ദിവസം, ഇത്രയും തിരക്കുണ്ടായിട്ടും ആ ആൾക്കൂട്ടത്തിനിടയിൽ അവൾ അന്യയായും ഏകയായും അനുഭവപ്പെട്ടു. ഉരുണ്ടു നിന്ന മിഴിനീർകണങ്ങൾ പെയ്യാൻ വെമ്പിയത് പോലെ കാത്തുനിൽക്കുന്നു. ഇടനെഞ്ച് ക്രമാതീതമായി മിടിക്കുമ്പോളും ദീർഘനിശ്വാസങ്ങളാൽ തന്റെ മനസിനെ കടിഞ്ഞാണിടാൻ സുധ ശ്രമപ്പെട്ടു കൊണ്ടിരുന്നു. ഇനിയുമീ ബസ് സ്റ്റോപ്പിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും അവന്റെ സാമീപ്യത്തിന്റെ ഓർമകൾ തന്നെ ഭ്രാന്തിയാക്കുമെന്ന ചിന്തകളാൽ സ്റ്റീൽ ബെഞ്ചിൽ നിന്നും ഹാൻഡ്ബാഗും വലിച്ചെടുത്ത് റോഡിലേക്കിറങ്ങി. കൈ കാട്ടിയ ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷ പൂർണ്ണമായും നിശ്ചലമാകും മുന്നേ തന്നെ ‘ജവാഹർ നഗർ, വെള്ളയമ്പലം’ എന്ന് പറഞ്ഞു കൊണ്ട് അവൾ ചാടിക്കയറുകയായിരുന്നു. ചക്രങ്ങൾ മുരൾച്ചയോടെ വീണ്ടും മുന്നിലേക്ക് ഉരുളാൻ തുടങ്ങിയതോടെ അവളുടെ മനസ് അതിനേക്കാൾ എത്രയോ വേഗത്തിൽ പിന്നിലേക്ക് പാഞ്ഞു.
‘ശിവൻ’. അവനെന്നാണ് തനിക്ക് പ്രിയപ്പെട്ടവനായതെന്ന് സുധക്കറിയില്ല. പക്ഷേ, പ്രിയപ്പെട്ടവനായി. കോളേജ് ജീവിതത്തിലെ പ്രണയപരാജയത്തിന് ശേഷം ഇനി മറ്റൊരുത്തന്റെ മനോനില മാറുംവരെ തന്റെ ജീവിതം തട്ടിക്കളിക്കാൻ കൊടുക്കില്ലെന്ന ദൃഢപ്രതിജ്ഞയിലൂടെ വീണ്ടും ജീവിതത്തിലേക്ക് തിരികെ വന്നവൾ. പ്രണയം മനസിലുണ്ടാകേണ്ട അഗ്നിയാണെന്നും അത് മാംസമുരയുന്ന ഘർഷണത്താൽ ചൂട് പിടിക്കേണ്ടതല്ലെന്നും നല്ല ബോധ്യമുള്ളവളായത് കൊണ്ട്, തന്നെ നിർബന്ധിപ്പിച്ചും പ്രലോഭിപ്പിച്ചും കാമം പകരാൻ നീട്ടിയ ക്ഷണങ്ങളെല്ലാം നിരസിച്ചപ്പോൾ പ്രണയത്തോട് അറപ്പും വെറുപ്പും വർധിച്ചു. ആ വാശിയിൽ പുസ്തകങ്ങൾ കൂട്ടിരുന്നു നൽകിയത് ബിരുദാനന്തര ബിരുദവും സെക്രട്ടറിയേറ്റിൽ റവന്യൂ വകുപ്പിൽ ഭേദപ്പെട്ട ജോലിയും. ബാധ്യതകളൊന്നുമില്ലാത്ത
കുടുംബത്തിൽ പഠനം കഴിഞ്ഞയുടൻ വിവാഹമുണ്ടാകും എന്ന സാമാന്യബോധം കൊണ്ടെത്തിച്ചത് ഇങ്ങനെയൊരു രക്ഷപ്പെടലിലേക്കായിരുന്നു. എന്നാൽ, അതൊന്നും അവസാനമായിരുന്നില്ല. പുതിയ അവസരങ്ങളിലേയ്ക്ക് ചുവട് വെയ്ക്കാൻ അവൾ തന്റെ ചുറ്റുപാടുകളെ മെരുക്കിയെടുക്കുവായിരുന്നു. സ്വന്തം കാലിൽ നിൽക്കാൻ, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ, താൻ വെറുമൊരു പെണ്ണല്ല എന്നും നാളെ സുധ എന്ന പേര് കേൾക്കുമ്പോൾ ലോകമറിയുന്ന ഒരു പദവി കേൾവിക്കാരിൽ ഉണ്ടാകണം എന്നൊരു ഉറച്ച തീരുമാനവുമായിരുന്നു.
എല്ലാം ഒത്തു വന്നു എന്ന് തോന്നിയ വേളയിൽ, ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് തിരിയാൻ തുനിഞ്ഞിരിക്കുന്ന നിമിഷത്തിലാണ്, അർജന്റ് ഫയൽ എന്ന പേരിൽ ഒരു ചുവപ്പ് നാടക്കെട്ടിൽ കുറച്ച് കടലാസ് തുണ്ടുകൾ പ്യൂൺ വഴി തന്റെ മുന്നിലെത്തുന്നത്. ഒപ്പം അപേക്ഷകനായി അവനും. ‘ശിവൻ’. സുന്ദരനല്ലെങ്കിലും സുമുഖൻ. ക്ഷീണിച്ചതാണെങ്കിലും പ്രതീക്ഷ നിറഞ്ഞ കണ്ണുകൾ. കൈ കൂപ്പി മുന്നിൽ നിന്ന അവനോട് ആവർത്തിച്ചു പറഞ്ഞു മുന്നിലിരുത്തി. കെട്ടഴിച്ച ഫയലിൽ കോറിയിട്ട അക്ഷരങ്ങൾ കണ്ണിലേക്കെത്തുന്നതിന് മുൻപ് തന്നെ അവയൊക്കെ ചെവിയിലേക്ക് അവൻ തന്നെ എത്തിച്ചു തന്നു. കൂടെച്ചേർക്കേണ്ട എല്ലാ ഡോക്യുമെന്റുകളും അടിയിൽ ഓരോന്നായി വെച്ചിരിക്കുന്നു. അതിൽ നിന്നും ഒരുപാട് നാളുകളായി കാര്യസാധ്യത്തിനു വേണ്ടിയുള്ള അപേക്ഷകളും നിവേദനങ്ങളും പ്രാർത്ഥനകളും കഴിഞ്ഞ്, ആരുടെയൊക്കെയോ കനിവിന്റെയോ കൈമടക്കിന്റെയോ കാരുണ്യത്താൽ തന്റെ മുന്നിലെത്തിയതാണ് ആ കടലാസുതുണ്ടുകളും അതിൽ അഭയമന്വേഷിക്കുന്ന അവനും എന്ന് മനസിലായി. കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ് വകുപ്പുമേധാവിയുടെ മേശമേലേക്ക് എത്തിക്കാൻ വേണ്ടി ആ കടലാസിന് ചുവടിലെന്റെ കൈയൊപ്പ് പതിഞ്ഞപ്പോൾ ആസ്വാസത്തിന്റെ നിശ്വാസം കൊണ്ട് ഒരു നെഞ്ച് ഉയർന്നു താഴുന്നത് ഞാൻ കണ്ടു. ഒപ്പം ബെല്ലടിയൊച്ച കേട്ട് ക്യാബിനിലേക്ക് വന്ന പ്യൂൺ നാരായണേട്ടന്റെ കൈകളിലേക്ക് ഫയൽ നൽകി ‘പറ്റുമെങ്കിൽ ഇന്ന് തന്നെ ഇയാൾക്കിത് സാങ്ഷൻ നൽകാൻ സാറിനോട് പറഞ്ഞേക്കൂ’ എന്ന എന്റെ റെക്കമെന്റേഷൻ കൂടി അവൻ പ്രതീക്ഷിച്ചില്ല. നാരായണേട്ടൻ ക്യാബിൻ വിടുമ്പോൾ ഞാൻ ഞെട്ടിയിരുന്നു. കാരണം, അടുത്ത ഫയലിലേക്ക് നീങ്ങേണ്ടിയിരുന്ന എന്റെ വലംകൈ അവന്റെ കൂപ്പുകൈകൾക്കിടയിലായിരുന്നു. കണ്ണീരിനാൽ അവന്റെ ചുണ്ടുകൾ നനഞ്ഞിരുന്നു. ചെയ്ത ഉപകാരത്തിന് എന്താണ് തിരികെ വേണ്ടത് എന്ന് അവന്റെ കണ്ണുകൾ എന്നോട് ചോദിക്കുന്നത് എനിക്കൂഹിക്കാമായിരുന്നു. കാരണം, നിത്യേന കാണുന്ന കണ്ണുകളിലെ വികാരം തന്നെയായിരുന്നു അവന്റെ കണ്ണുകളിലും അപ്പോൾ കണ്ടിരുന്നത്. എന്തോ ആ കണ്ണുകളിലെ നിഷ്കളങ്കതയിൽ എന്റെ കണ്ണുകളും ഈറനാവാൻ തുടങ്ങുമെന്നായപ്പോൾ ഞാൻ കൈ പിൻവലിച്ചു. അറിയാതെയാണെങ്കിലും ചെയ്തത് തെറ്റായി എന്ന
