കനൽ പാത – 2

Related Posts


എന്റെ ആദ്യ വരവായിട്ടു കൂടി നിങ്ങൾ തന്ന ഏറ്റവും വലിയ പ്രോത്സാഹനത്തിനും അഭിപ്രായങ്ങൾക്കും ഹൃദയത്തിന്റെ ഭാക്ഷയിൽ നന്ദി അറിയിക്കുന്നു .
കാലം, അന്നും ഇന്നും ഒരു ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കും പൂർണമായി പിടികൊടുക്കാതെ മനുഷ്യരാശിക്കെതിരെ നിഴൽ യുദ്ധം നടത്തി കൊണ്ടേയിരിക്കുന്നു.
ഭൂമിയുടെ ഉത്ഭവത്തിലും മനുഷ്യൻ ഉണ്ടായിരുന്നില്ല അവസാനത്തിൽ മനുഷ്യൻ ഉണ്ടാവുകയുമില്ല. ആ യാതാർത്ഥ്യത്തിനു പുറകേ മനുഷ്യൻപൊയ്കൊണ്ടേയിരിക്കുമ്പോഴും കാലം പലപ്പോഴും ,ഒഴിയാത്ത ആവനാഴിയിലെ അസ്ത്രങ്ങൾ എയ്തു കൊണ്ടിരുന്നു. അതിലൊന്നു മാത്രമാണ് കൊറോണ ! നമ്മൾ സുരക്ഷിതരായാൽ നമ്മുടെ കുടുംബവും സമൂഹവും സുരക്ഷിതമാകും.
നന്ദൻ നിർബന്ധിച്ച വാക്കുകൾ ഓർത്തുകൊണ്ട് കനൽപാതയുടെ രണ്ടാം ഭാഗവും നിങ്ങൾക്കു മന്നിൽ അവതരിപ്പിക്കുന്നു. തെറ്റുകൾ വന്നു പോയിട്ടുണ്ടെങ്കിൾ സദയം ക്ഷമിക്കാനപേക്ഷ
എന്ന്
സ്നേഹത്തോടെ♥️♥️♥️
ഭീം♥️
ആരാണെന്നറിയാതെ അവളും മാഷിന്റെ മുഖത്ത് നോക്കി .
”ഗുഡ് മോണിംഗ് സാർ…” കുട്ടികൾ ഏകസ്വരത്തിൽ മഷിനോട് പ്രഭാതവന്ദനം പറഞ്ഞപ്പോഴാണ് ,ഇതാണ് വിജയൻ മാഷെന്ന് അവൾക്ക് മനസ്സിലായത്.
”ഓ… വിജയൻ മാഷാണല്ലേ…?”
പുഞ്ചിരിയോടവൾ ചോദിച്ചു.
”ഞാനാരെങ്കിലും ആയിക്കോട്ടെ നിങ്ങൾക്കെന്താ … ആരോട് ചോദിച്ചിട്ടാണ് നിങ്ങൾ ഇതിനകത്ത് കയറി എന്റെ കുട്ടികളെ പഠിപ്പിക്കുന്നത്…” വലിയ ശബ്ദത്തിൽ,മാഷ് ദേഷ്യത്തോടെ കടുപ്പിച്ചു.
വിജയൻ മാഷിൽ നിന്നും ഇങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല. തീയിൽ നിൽക്കുന്ന അവസ്ഥയായിരുന്നു അവൾക്ക്.ചെയ്തത് മണ്ടത്തരമായിപോയെന്ന് തോന്നാതിരുന്നില്ല.
ധൈര്യം ചോർന്നു പോകാതെ അവൾ വീണ്ടും ചിരിക്കാൻ ശ്രമിച്ചു.
”സാർ … എന്റെ പേര് അൻസിയ … ഞാൽ… ”
തോന്ന്യാസം കാണിച്ചിട്ട് പേര് പറയുന്നോ? എന്തധികാരത്തിലാണ് ഇതിനകത്ത് കയറിയത്? അത് പറയൂ….”
മാഷ് ദേഷ്യം കൊണ്ട് വിറച്ചു.
ഉള്ള ധൈര്യം ചോരുന്നതായി അവൾക്ക് തോന്നി. തന്നെ നോക്കുന്ന കുട്ടികളുടെ കണ്ണിൽ അംബരപ്പ് പ്രകടമാകുന്നത് അൻസിയ ശ്രദ്ധിച്ചു.
അവളുടെ ദേഹം വിറക്കാൻ തുടങ്ങി .കണ്ണുകളിൽ ഇരുട്ട് പടരുന്നു. തല ചുറ്റി നിലത്ത് വീഴുമെന്ന് അവർക്ക് തോന്നി. എന്നിരുന്നാലും വിജയൻ മാഷിനടുത്തേയ്ക്ക് നടക്കാൻ രണ്ട് മൂന്നു സ്റ്റെപുകൾ മുന്നോട്ട് വെച്ചു.അതു കണ്ടപ്പോൾ മാഷൊന്നു പരുങ്ങി.
ഒരു നിമിഷം അവരുടെ കണ്ണുകൾ കൂട്ടിമുട്ടി .അവളുടെ കണ്ണുകൾ നനഞ്ഞുവോ? അയാൾക്ക്‌ സംശയമായി.പെട്ടെന്ന് കണ്ണുകൾ മാറ്റിയിട്ട് അർദ്ധോക്തിയിൽ വീണ്ടും അവളെ നോക്കി.
”നിങ്ങൾ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ? എനിക്കിവിടെ മറ്റൊരാളിന്റെ ആവശ്യമില്ല.”
അയാൾ അറുത്തുമുറിച്ച്‌ പറഞ്ഞു.
” അ … അത് …. മാഷേ… ഞാൻ ….”
”നിങ്ങളറങ്ങി പോണം … എനിക്കിവിടെ ആരുടെയും ആവശ്യമില്ലന്ന് പറഞ്ഞില്ലേ ….”
അവളെ മുഴുപ്പിക്കാൻ സമ്മതിക്കാതെ അയാൾ ഇടക്ക് കയറി പറഞ്ഞു.
പിൻന്മാറാൻ അവളും തയ്യാറായില്ല. എങ്ങനെയോ സംഭരിച്ച ധൈര്യത്തോടെ കുട്ടികൾ കേൾക്കാത്ത വിധം മാഷിനടുത്തെത്തി പറഞ്ഞു…
” മാഷേ… കുട്ടികളുടെ മുന്നിൽവെച്ച് ഇങ്ങനെ അപമാനിക്കരുത്. പ്ലീസ്….”
വിജയൻ മാഷ് അല്പമൊന്നടങ്ങിയെങ്കിലും ദേഷ്യം വിട്ടുമാറിയിരുന്നില്ല.
”നിങ്ങൾ ഞാൻ ചോദിച്ചതിന് ഉത്തരം പറയാത്തതെന്താ..?”
ചീറ്റ പുലിയെ പോലെ നിൽക്കുന്ന ഇയാൾക്ക് മുന്നിൽ പൂച്ചയെ പോലെ നിന്നിട്ടും കാര്യമില്ല. അപമാനിതയായി ഇറങ്ങി പോകുന്നതിനേക്കാൾ ധൈര്യത്തോടെ രണ്ട് വാക്ക് പറഞ്ഞിട്ട് പോകാം എന്നോർത്ത് അവൾ ക്ലാസിന് പുറത്തിറങ്ങി.
” മാഷേ… ചെയ്തത് വലിയ തെറ്റ് തന്നെയാണ്… ഞാൻ പൊയ്‌ കൊള്ളാം. വന്നു പോയില്ലേ… ഈ ക്ലാസ്സ് തീർക്കാനുള്ള സമയമെങ്കിലും തരണം.ഇനിയും മാഷിന് എന്നെ അപമാനിക്കണമെങ്കിൾ ക്ലാസ്സ് കഴിഞ്ഞ് ഓഫീസിലേക്ക് വരാം…”
അത് കേട്ട് വിജയൻ മാഷ് ഇതികർത്തവ്യമൂഡനായി നിന്നു പോയി.
റോഡിലൂടെ ഒന്നു രണ്ട്സൈക്കിളുകൾ കടന്നു പോയി. ഘട ഘടാ …. സൗണ്ടുണ്ടാക്കി ഒരോട്ടോയും . അപ്പോഴാണ് റോഡിനപ്പുറത്തെ മതിലിനകത്ത് നിന്ന് ഐഷാ താത്ത നോക്കുന്നത് കണ്ടത്.
ചുണ്ടനക്കവും കൈ ആഗ്യവും കണ്ടപ്പോൾ അവിടെന്താണ് സംഭവം എന്നാണ് താത്ത ചോദിക്കുന്നതെന്ന് മാഷിന് മനസ്സിലായി. ഒന്നുമില്ലായെന്ന് തലയാട്ടി കൊണ്ട് മാഷ് അടുത്ത ക്ലാസിലേയ്ക്ക് കയറി.
ക്ലാസ്സെടുക്കുമ്പോഴും .. ആരാണിവൾ? എന്താണ് ഇവളുടെ ഉദ്ദേശം എന്ന ചിന്ത അയാളുടെ മനസ്സിനെ കലുഷിതമാക്കി. ഇടയ്ക്ക് കുട്ടികളും പുതിയ ടീച്ചറെ പറ്റി അന്വേഷിക്കാതിരുന്നില്ല.ക്ലാസ്സ് കഴിഞ്ഞിരുന്നെങ്കിൾ … അവൾക്കെന്താണ് പറയാനുള്ളതെന്ന് അറിയാമായിരുന്നു.
ആകാംശാഭരിതമായ നിമിഷങ്ങൾ മണിക്കൂറുകൾക്ക് വഴിമാറി.
ക്ലാസ്സ് കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങി. മാഷും അവർക്കൊപ്പം ഇറങ്ങി. അവിടെയും വിജയൻ മാഷിന് അതിശയമാണ് തോന്നിയത്.ഇന്നലെവരെ ,ചലപിലാന്ന് ബഹളം വെച്ച് കളിച്ച് ചിരിച്ച് റോഡിലേക്ക് ഇറങ്ങുന്ന കുട്ടികളെയല്ല കാണാൻ കഴിഞ്ഞത്. വളരെ അച്ചടക്കത്തോടെ വരിവരിയായി നടന്നു പോവുകുന്ന അനുസരണയുള്ള കുട്ടികളെയാണ് കണ്ടത്. ഭാവവ്യത്യാസങ്ങളില്ലാതെ കുട്ടികൾ അവളോടും യാത്ര പറയുമ്പോൾ മാഷിന്റെ മുത്തേയ്ക്ക് പാളി വീഴുന്ന അവളുടെ നോട്ടം കാണാതിരിക്കാൻ അയാൾക്കായില്ല.
ഇന്നലെ വരെ ഇല്ലാത്ത ശീലങ്ങൾ കുട്ടികളിൽ കണ്ടപ്പോൾ അത്ഭുതമല്ല മറിച്ച് അതിശയമാണ് മാഷിന് തോന്നിയത്.
ഇവൾ ആള് കൊള്ളാല്ലാ… ഒറ്റ ദിവസം കൊണ്ട് പിള്ളാരെ പോലും വരുതിക്ക് വരുത്തിയിരിക്കുന്നു.
അതിശയിപ്പിക്കുന്ന നിമിഷങ്ങളാണ് കടന്നു പൊയ്കൊണ്ടിരുന്നതെങ്കിലും അവളാരാണ്… എന്താണ് ഉദ്ദേശം എന്നറിയാനുള്ള ത്വര മാഷിൽ നിമിഷം പ്രതി വളർന്നു വന്നു.
കുട്ടികൾ പോയതിനു ശേഷം വിജയൻ മാഷ് ഓഫീസിലേയ്ക്ക് നടന്നു.
ചെറിയൊരു മുറിയാണ് ഗുരുകുലം ഓഫീസ്‌.ഒരു മേശയും ,മേശയ്ക്ക് ഇരു മുഖമായി രണ്ട് കസേരയുമല്ലാതെ മറ്റൊന്നും അവിടെ ദർശിക്കാനാകില്ല. അടച്ചുറപ്പില്ലാത്ത ഗുരുകുലം ട്യൂഷൻ സെന്ററിനെ സംബന്ധിച്ച് അതിന്റെയും ആവശ്യം ഉള്ളതായി തോന്നില്ല.
ചിന്താമണ്ഡലത്തിൽ ഒഴുകി വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയാതെ,മാഷ് കസേരയിൽ ചാഞ്ഞ് മലർന്നിരിക്കുമ്പോൾ…മുരടനക്കികൊണ്ട് അൻസിയ കയറിവന്നു.
മനപ്പൂർവ്വം അല്ലങ്കിലും ഒരു നിമിഷം വാലിട്ടെഴുതിയ കണ്ണുകളിൽ മാഷിന് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.
പെട്ടെന്ന്നോട്ടം പിൻവലിച്ച് കസേരയിൽ നിവർന്നിരുന്നു.
”ഞാൻ… ഇവിടിരുന്നോട്ടെ?…”
മറ്റൊന്നും ചോദിക്കാനില്ലാത്ത പോലെ അവൾ ചോദിച്ചു.
” ഇരിക്കൂ…”
മേശമേൾ കൈമടക്കി കുത്തി ഇരുന്നു കൊണ്ട് അയാൾ അവൾക്ക് അനുമതി കൊടുത്തു.
മാഷ് വീണ്ടും ആ കണ്ണു കളിലേക്ക് നോക്കി. കാന്തിക ശക്തിയുള്ള കമലനയനങ്ങൾ അയാളെ വലയം ചെയ്തു.
” മാഷേ… ക്ഷമിക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തതെന്ന് തോന്നുന്നില്ല.എന്നിരുന്നാലും …. റിയലിസോറി.”
ഒറ്റ ശ്വാസത്തിൽ അവളിൽ നിന്ന് പെട്ടെന്നൊരു ക്ഷമാപണം ഉണ്ടാകുമെന്ന് മാഷ് പ്രതീക്ഷിച്ചില്ല.
”നിങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് തന്നെ ബോദ്ധ്യമായെന്ന് ഞാനും വിശ്വസിക്കുന്നു. വീണ്ടും വീണ്ടും ഇങ്ങനെ ക്ഷമാപണത്തിന്റെ ആവശ്യവും ഇല്ല.”
വളരെ ശാന്തനായാണ് മാഷിന്റെ പ്രതികരണം.
” മാഷേ… ഞാനൊന്നു പറഞ്ഞോട്ടെ…”
”ഇവിടെ തുടരാനാണ് ഭാവമെങ്കിൾ …ഒരാളിന്റെകൂടി ആവശ്യം ഇവിടില്ല. അത് മാനേജ് ചെയ്യാൻ എനിക്കറിയാം.”
”മാഷേ… ഞാനൊന്ന് പറയട്ടെ… പ്ലീസ്…”
”നിങ്ങൾ മിസ്സാണോ മിസ്സിസ്സാണോ ?”
”മിസ്സ്”
” ങ്ഹാ … നോക്കു മിസ്സ് അസിൻയാ… നിങ്ങളുടെ ന്യായങ്ങൾ കേൾക്കാൻ എനിക്ക് താല്പര്യമില്ല. ചോദിച്ചതിന് നിങ്ങൾ ഉത്തരം പറയാതെ മറ്റെന്തൊക്കെയോ ആണ് പറയാൻ ശ്രമിക്കുന്നത്.”
” മാഷേ… ഞാൻ….”
പ്രതീക്ഷിച്ച ഉത്തരം കിട്ടാതായപ്പോൾ പറയാനുള്ള അവസരം അവൾക്ക് കൊടുത്തില്ല.
അയാൾ അവളെ മുഴപ്പിച്ച് നോക്കി.
”ഞാൻ വലിഞ്ഞ് കയറി വന്നതൊന്നുമല്ല.”
അവൾക്കും ദേഷ്യം വന്നു. ആ മുഖത്ത് നിഴലിച്ച വികാരം എന്താണെന്ന് പെട്ടെന്ന് മാഷിന് ഊഹിക്കാൻ കഴിഞ്ഞില്ല.
മേശമേലിരുന്ന പേന അവളുടെ കൈകളിൽ ഞെരിഞ്ഞമരുന്നത് അയാൾ ശ്രദ്ധിച്ചു. ക്രോധം നിഴലിച്ച അവളുടെ കണ്ണുകളിൽ തൽക്ഷണം ശാന്തതയുടെ ഓളങ്ങൾ തെളിഞ്ഞു.
വീണ്ടും നാലു കണ്ണുകൾ കൂട്ടിമുട്ടി .
ഇളം ചുവന്ന റോസാദളങ്ങളുടെ ഛായം ഒപ്പിയെടുത്ത വീതിയുള്ള ചുണ്ടുകളിൽ നറുപുഞ്ചിരി പടർന്നെന്ന് മാഷിന് തോന്നി.
” പിന്നെ…?”
ഇപ്പോൾ ഭാവഭേദങ്ങളില്ലാത്ത മാഷിന്റെ ചോദ്യം കേട്ട് അവൾക്ക് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല.
” മാഷ് എപ്പോഴോ ആരോടോ പറഞ്ഞിരുന്നോ ഇവിടെവേക്കൻസി ഉണ്ടെന്ന്….? അതറിഞ്ഞാണ് ഞാൻ വന്നത്. വന്നപ്പോൾ കുട്ടികൾ മാത്രം. മാഷിനെ കണ്ടില്ല.എന്നാൽ അതൊരു സർപ്രൈസ് ആയിക്കോട്ടെന്ന് വിചാരിച്ചാണ് ക്ലാസ്സിലേക്ക് കയറിയത്… അ … അത് … ഇങ്ങനെയൊരു പുലിവാലാ കൂന്ന് വിചാരിച്ചില്ല.”
അവളുടെ ചോരച്ചുണ്ടുകൾക്കിടയിൽ നിന്നും അടർന്നുവീണവാക്കുകൾ കേൾക്കുന്നുണ്ടായിരുന്നെങ്കിലും, താൻ ഒരാളെ വേണമെന്ന് ആരോടെങ്കിലും പറഞ്ഞായിരുന്നോ… എന്നായിരുന്നു ചിന്തയ്ക്കു പിന്നിലെ ചോദ്യം.
” മാഷ്… ആരോടെങ്കിലും ആവശ്യപെട്ടായിരുന്നോ…?”
അവളുടെ ചോദ്യം വിജയൻ മാഷിനെ ചിന്തയിൽനിന്നുണർത്തി.
ശരിയാണ്…ആറേഴു മാസം മുൻ മ്പ് തന്റെ സുഹൃത്ത് രാജ്നോട് വെറുതെ പറഞ്ഞിരുന്നു… ഒരു സാർ കൂടി ഉണ്ടായിരുന്നെങ്കിൾ ഗുരുകുലം ഒന്ന് ബലപ്പെടുത്താമായിരുന്നെന്ന്. അതൊരു തമാശയായിട്ട് പറഞ്ഞതായിരുന്നല്ലൊ…
” ങ്ഹാ… പറഞ്ഞായിരുന്നു.”
മാഷിന് അത് സമ്മതിക്കേണ്ടി വന്നു. ആ ജാള്യതയും മുഖത്ത് പ്രകടമായി.
ഈ സമയം,ആയിരം നെയ് വിളക്കിന്റെ പ്രകാശം അവളുടെ കണ്ണുകളിൽ തെളിഞ്ഞു.
”അത് കുറേ കാലമായതാണ്. തമാശയ്ക്ക് എപ്പോഴോ പറഞ്ഞൊരു വാക്ക് .അത് കേട്ടാണോ നിങ്ങൾ ഇറങ്ങി പുറപ്പെട്ടത് ?”
” മാഷ് വെറുതെ പറഞ്ഞതാണെങ്കിലും രണ്ട് നാൾ മുൻമ്പാണ് എന്റിക്ക വിളിച്ച് പറഞ്ഞ് പൊയ്കൊള്ളാൻ. ഇവിടെ വന്നപ്പോൾ…..”
അവൾ അർദ്ധോക്തിയിൽ നിർത്തിയിട്ട് അയാളെ നോക്കി.
യഥാസ്ഥിതിയറിയാതെ കുറ്റപ്പെടുത്തിയതിൽ അയാൾക്ക് കുറ്റബോധം തോന്നി.
മാഷ് നോക്കുമ്പോൾ …, തന്നെ നോക്കിയിരിക്കുന്ന അവളുടെ മുഖത്ത് നിരാശയുടെ ഒരംശംപോലുമില്ല.മറിച്ച് ഒരു വിജയിയുടെ പുഞ്ചിരി മാത്രം.
അകത്തേക്ക് വീശിയ കാറ്റിന്റെ ലാളനയിൽ, ചോര തുടിക്കുന്ന അവളുടെ വീർത്ത കവിളുകളിൽ ഇടതൂർന്ന അളകങ്ങൾ ഇളകിയാടി ചേർന്നു കിടന്നു.
” രാജ്നെ അറിയോ… അൻസിയായ്ക്ക് ”
അയാൾ സാകൂതം ചോദിച്ചു.
” അറിയില്ല മാഷേ… ഇക്കേടെ ഏതോ ഫ്രണ്ടായിരിക്കും”
മുന്നിലേക്ക് ചിതറി കിടന്ന മുടികളെ അവൾമാടിയൊതുക്കി.
” എവിടെയാണ് അൻസിയ താമസിക്കുന്നത് ?”
”ഇവിടന്ന് രണ്ട് രണ്ടര കിലോമീറ്റർ അപ്പുറത്താണ്.”
” ആയിക്കോട്ടെ … സ്ഥലപേര് പറയൂ…”
”കൊയിത്തൂർക്കോണം”
”അവിടെ അടുത്താണോ?”
ചോദ്യങ്ങളും ഉത്തരങ്ങളും അനസ്യൂയം തുടരുമ്പോഴും മാഷ് അൻസിയായുടെ മുഖത്ത്നിന്നും നോട്ടം മാറ്റിയിരുന്നില്ല.
” അല്ല. ഇശ്വരവിലാസം യു പി എസ് സ്കൂളിന്റെ നാലാമത്തെ വീടാണ്.”
സ്വയം അറിയാതെ ,കയ്യിലിരുന്ന പേനയുടെ ക്യാപ് ഊരുകയും അടയ്ക്കുകയും ചെയ്തിരുന്ന അവൾ ഇടയ്ക്കിടയ്ക്ക് അയാളെയും നോക്കുണുണ്ടായിരുന്നു.
” ഇടയ്ക്ക് പോത്തൻകോടൊക്കെ പോകുന്നത് കൊണ്ട് ബസ്സിൽ ഇരുന്ന് കണ്ടുകാണുമായിരിക്കും. ഓർമ കിട്ടുന്നില്ല. ബൈ ദ ബൈ ….ആരാ…. അൻസിയായുടെ ഇക്ക?”
” തൻസീർ കൊച്ചു വീട്.ഇക്ക ഗൾഫിലാണ്.”
വിജയൻ മാഷിന്റെ ചോദ്യങ്ങൾക്കുത്തരം പറയാൻ അവൾക്കേതൊരു മടിയുമുണ്ടായിരുന്നില്ല.
”അതെന്താ ഈ … കൊച്ചു വീട്?”
മാഷിന് തന്നോടുള്ള ദേഷ്യം മുഴുവനും മാറിയെന്ന് മനസ്സിലായി. കുറച്ച് നാൾ ഇവിടെ തുടരണം. ഇനി മറ്റൊരു സ്ഥലം കണ്ടു പിടിക്കാൻ വയ്യ.
”അത്… വീട്ട് പേരാണ് മാഷേ… അങ്ങനെയാണ് അറിയപ്പെടുന്നത്.”
”ഓ… റിയലി… ?
”അതെ…”
പേരിലും പെരുമയിലും സമ്പന്നതയിലും കൊയിത്തൂർ കോണത്ത് പേരെടുത്ത ഒരു മുസ്ലീം തറവാടായിരുന്നു കൊച്ചു വീട്.മുഹമ്മദ് ഹാജിയുടെയും ജമൈലാബീബിയുടെയും പത്ത് മക്കളിൽ ഇളയവനാണ് യാസിർ ഹാജി. കുടുംബഷെയർ വീതം വെയ്പ്പിൽ ഒരേക്കറും തറവാടും, നാട്ടുനടപ്പനുസരിച്ച് ഇളയവനായ യാസിർ ഹാജിക്ക് തന്നെ കിട്ടി. മറ്റുള്ളവർ കിട്ടിയതും വാങ്ങി ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി ചേക്കേറി.
യാസിർ ഹാജിയ്ക്കും ആരിഫായ്ക്കും രണ്ട് മക്കളാണ്. മൂത്തവൻ തൻസീർ .ഇളയവൾ അൻസിയ .
പെണ്ണ് പിടിയും ചീട്ടുകളിയും ,വേണ്ടാത്ത ബിസ്സിനസ്സ് ചെയ്തും കുടുംബം തുലച്ച യാസിർഹാജി കടം കയറി മുടിഞ്ഞ് ഒരുനാൾ തുണ്ടു കയറിൽ ജീവിതം തീർത്തു. അവസാനം കൊച്ച് വീട് എന്ന നാമം മാത്രം ബാക്കിയായി.
കടക്കാരുടെ ശല്യം സഹിക്കവയ്യാതായപ്പോൾ അഞ്ച് സെന്റ് പുരയിടം മാത്രം ബാക്കിയിട്ട് തറവാടും വിൽക്കേണ്ടി വന്നു.
രണ്ട് കഞ്ഞു മക്കളെയും നേഞ്ചോട് ചേർത്ത് പൊട്ടി കരയാൻ വിധിച്ച,വിധിയെ തോല്പിക്കാതെ ആരിഫായ്ക്ക് മുന്നിൽ മറ്റൊരു വഴിയുണ്ടായിരുന്നില്ല.
നാട്ടിലെ കിട്ടുന്ന കൂലി പണികളൊക്കെ അവർ ചെയ്തു. അപ്പോഴും സമ്പന്നതയിൽ ജീവിക്കുന്ന ബന്ധുക്കളാരും ആ മൂന്നു ജീവനെ തിരിഞ്ഞു നോക്കിയില്ല. അതിനു കാരണം യാസിർഹാജിയുടെ ദുർനടത്തം തന്നെയായിരുന്നു.ആരിഫായുടെ കുടുംബക്കാർക്കും വളരെ അധികം അവരെ സഹായിക്കാൻ കഴിഞ്ഞില്ല. പേരും പെരുമയുമല്ലാതെ സാമ്പത്തികമായി അവരും പിന്നിലായിരുന്നു.
ജീവിതം പോരാടാൻകൂടി ഉള്ളതാണെന്ന് ഇതിനോടകം ആരിഫയെ അനുഭവം പഠിപ്പിച്ചു.
ഉമ്മായുടെ കഷ്ടപാട്കണ്ട് തൻസീർ പത്താംതരത്തിൽ പഠനം നിർത്തി ജോലിക്കിറങ്ങി.
‘മുല്ല പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം’ എന്ന കവിതാശലകത്തിന്റെ ആശയം പോലെ തന്നെ അവനിലും വലിയ ജീവിത പാഠങ്ങളുണ്ടായിരുന്നു. തൻസീറിന്റെ നാല് വയസ്സിന്റെ ഇളപ്പമാണ് അൻസിയാക്ക്. വർണ്ണിക്കാനാകാത്തവിധം സൗന്ദര്യത്തിന്റെ ഉടമയായ അൻസിയ പഠിത്തത്തിലും മുൻപന്തിയിലായിരുന്നു. തൻസീറിന് കഞ്ഞു പെങ്ങളെ ജീവനായിരുന്നു. ഒത്തിരി പരാതീനകൾ ഉണ്ടായിരുന്നിട്ടും എല്ലാം അറിഞ്ഞു ജീവിക്കാൻ അവളെയും അനുഭവങ്ങൾ
പഠിപ്പിച്ചിരുന്നു.എന്നിരുന്നാലും തൻസീർ അൻസിയയ്ക്ക് ഒരു കുറവും വരുത്തിയിരുന്നില്ല.
ഇലകൾ കൊഴിയുന്നത് പോലെ മാസങ്ങൾ വർഷങ്ങൾക്ക് വഴിമാറിയപ്പോൾ ഭൂമിയിലെ സകലചരാചരങ്ങൾക്കും വേഷമാറ്റങ്ങളുണ്ടായി കൊണ്ടിരുന്നു.
ആരിഫായുടെ അകന്നൊരു ബന്ധു തൻസീറിനെ കണ്ടുമുട്ടാനിടയായത് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. അയാൾ തൻസീറിനെ ഗൾഫിലേയ്ക്ക് കൊണ്ടുപോയി.
തന്റെ ഉമ്മയുടെ ജീവിത പാഠം ഉൾകൊണ്ടുകൊണ്ട്തന്നെ തൻസീറും ജീവിതത്തോട് പടപൊരുതി. ബാപ്പയിലൂടെ നഷ്ടപെട്ടതൊക്കെ, ഏറെ കുറെ തിരികെ പിടിച്ചു. ജീവിതം അല്പം ഭേതപ്പെട്ട നിലയിലെത്തിയതോടെ ഡിഗ്രി പൂർത്തിയാക്കിയ അൻസിയായെ കെട്ടിച്ച് വിടാനുള്ള ധൃതിയായിരുന്നു ആരിഫാ ഉമ്മാ യ്ക്ക്. എന്നാൽ തൻസീറിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. അഭിപ്രായം മാത്രമല്ല. ആ വീട്ടിലെ അവസാനവാക്കും അയാളുടേത് തന്നെ.
പെങ്ങളെങ്കിലും പഠിച്ചൊരു ജോലി വാങ്ങണം എന്നൊരാഗ്രഹം അയാളുടെ ചിരകാലാഭിലാക്ഷമായിരുന്നു.അങ്ങനെയാണ് ദുബായിലെ ഒരിന്ത്യൻ സ്കൂളിൽ, തൻസീറിന്റെ അടുത്ത സുഹൃത്ത് അൻസിയാക്ക് ജോലി വാങ്ങി കൊടുക്കാമെന്ന് തൻസീറിനു വാക്ക് കൊടുത്തത് . ഇക്കായുടെ ആഗ്രഹപ്രകാരം അവൾ B Edഎടുത്തു. വിസ ശരിയാകുന്നത് വരെ അടുത്തുള്ള ട്യൂഷൻ സെന്ററിൽ പ്രാക്ടീസിന് പോകാനാാണ് അയാൾ പറഞ്ഞത്.വീടിനടുത്തുള്ള സെന്ററിലൊക്കെ ധാരാളം ടീച്ചേഴ്സ് ഉള്ളതുകൊണ്ട് നിരാശയായിരുന്നു ഫലം. അങ്ങനെ ഇരിക്കുമ്പോഴാണ് ഗുരുകുലത്തിൽ ഒരാൾ വേണമെന്ന് തൻസീർ അറിയിച്ചതിനെ തുടർന്ന് വിജയൻ മാഷിന്റെ ട്യൂഷൻസെന്ററിലെത്തിയത്.
വിജയൻ മാഷ് ചിന്താമഗ്നനായി…
ഒരു ടീച്ചർ കൂടുന്നതിൽ തനിക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല .ഉണ്ടെങ്കിൾ ജോലിഭാരം കുറയും.എന്നാൽ കുട്ടികൾ തരുന്ന ഫീസ് തന്നെ വളരെ കുറവാണ്. ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നുവെന്നേയുള്ളു. അതിനിടയിൽ മറ്റൊരു കുരിശ്കൂടി. വയ്യ… എങ്ങനെയെങ്കിലും പറഞ്ഞയച്ചേ… പറ്റു.
” മാഷ്… മറുപടി പറഞ്ഞില്ല….?”
അൻസിയായുടെ ശബ്ദം കേട്ട് ചിന്തകൾക്ക് വിരാമം വീണ അയാൾ അവളുടെ മുഖത്തേക്ക് വീണ്ടും നോക്കി.
ഹൊ, എന്തൊരു അഴകാണ് ഇവൾക്ക് … ഈ കണ്ണുകളിൽ നോക്കിയിരുന്നാൽ ദേവേന്ദ്രന്റെ മനസ്സ് പോലും ആടി പോകും. ഈ സുന്ദരമായ മുഖത്ത് നോക്കി താൻ എന്താണ് പറയേണ്ടത്…?
മുറിയിലേക്ക് അലയടിക്കുന്ന മന്ദമാരുതന്റെ തഴുകലിൽ ഉല്ലസിക്കുന്ന മുടിയിഴകള ഒതുക്കി കൊണ്ട് അവളയാളെ വീണ്ടും ഉണർത്തി.
” മാഷേ… മാഷെന്താ… ഒന്നും പറയാത്തത്?”
അയാൾ കസേരയിൽനിന്നെഴുനേൽറ്റ് അഞ്ചടി പൊക്കമുള്ള ചുവരിനടുത്തേക്ക് നടന്ന് പുറത്തേക്ക് നോക്കി.
ഓഫീസിലെ ആ ചുവർമാത്രമാണ്
കൺകട്ട കൊണ്ടുണ്ടാക്കിയത്.ബാക്കി, മെടഞ്ഞ ഓലകൊണ്ട് കുത്തിമറച്ചിരിക്കുന്നു.
ചുവരിനും ഉത്തരത്തിനും ഇടയിലൂടെ വീശുന്ന കാറ്റിൽ നേർത്ത ചൂടും ലയിച്ചിരുന്നു.
അകലെ ഇളകിയാടുന്ന തെങ്ങോലകളിൽ വിശ്രമിക്കുന്ന കാക്കകൾ. മറ്റു ചില ഓല തുമ്പുകളിൽ ഊഞ്ഞാലാടുന്ന വെള്ള കൊക്കുകൾ.
അയാൾ തിരിഞ്ഞ് അൻസിയായെ നോക്കി.
”അൻസിയ കരുതും പോലുള്ള സാഹചര്യമല്ല ഇവിടുള്ളത്.മറ്റൊരു ജോലി തരപ്പെട്ടാൽ അവിടെ നിർത്തും ഈ ഗുരുകുലം.”
സത്യമാണെങ്കിൾ പോലും മാഷ് അത്രയും ആ മുഖത്ത് നോക്കി പറഞ്ഞൊപ്പിച്ചു.
” അതുവരെ എനിക്ക് തുടരാമല്ലൊ മാഷെ… ചിലപ്പോൾ വിസ ശരിയായാൽ നേരത്തെ ഞാൻ പോകും.”
ഒരണു പോലും പിൻതിരിയാൻ അവൾ തയ്യാറായിരുന്നില്ല. അതിനും അവൾക്ക് പറയാൻ ഒരു കാരണമുണ്ട്…
പഠിത്തം കഴിഞ്ഞ് എത്ര നാളായി നാല് മതിലിനുള്ളിലെ വലിയ വീട്ടിൽ അടച്ചിട്ട കിളിയെ പോലെ ജീവിക്കുന്നു. ആകെ സംസാരിക്കുന്നത് ഉമ്മയോട് മാത്രം. ഇക്ക പറഞ്ഞിട്ടാണ് B Edപോലും എടുത്തത്. പറക്കാൻ ഇനി എത്രനാൾ കാത്തിരിക്കണം എന്നാർക്കറിയാം? ട്യൂഷൻ പ്രാക്ടീസിന് പോകാൻ പറഞ്ഞപ്പോൾ സന്തോഷം അടക്കാനായില്ല. മതിൽ കെട്ടിനു പുറത്തെ ലോകം കാണാനുള്ള മനസിന്റെ വെമ്പൽ തിരച്ചറിഞ്ഞപ്പോൾ ഉമ്മായെ കെട്ടിപ്പുണർന്ന് ഉമ്മ കൊടുത്തു പോയി .സ്കൂട്ടിയോ കാറോ എടുത്ത് പോയാൽ മതിയെന്നാണ് ഉമ്മ പറഞ്ഞതെങ്കിലും ബാഗും തൂക്കി നടക്കാൻ ഒരാനന്ദം തോന്നി.
ഗ്രാമത്തിലെ, വലിയ തിരക്കില്ലാത്ത റോഡായിരുന്നിട്ടും, ശുദ്ധവായുവിനെ മലിനമാക്കി പാഞ്ഞ് പോകുന്ന വാഹനങ്ങളുടെ പുക ദോഷമാണെന്നറിയാമായിരുന്നിട്ടും അതാസ്വദിച്ച് പോയി.
സൂര്യനുദിച്ചിട്ടും വിട്ടുമാറാൻ കൂട്ടാക്കാതെ മടിച്ചുനിന്ന തണുപ്പിനെപുൽകി വേഗം നടക്കുമ്പോൾ എത്ര പേരാണ് കുശലാന്വേഷണം നടത്തിയത്. കണ്ട് മറന്ന എത്രയെത്ര മുഖങ്ങൾ…
ഗ്രാമവും, ഗ്രാമഭംഗികളും തിരിച്ചറിയുന്ന മുഖങ്ങളും കണ്ടാസ്വദിച്ച് നടക്കുമ്പോൾ വിസ വരാതിരുന്നങ്കിലെന്ന് ഒരു നിമിഷം അൻസിയ ചിന്തിച്ചു പോയി.
”മാഷേ… ശംബളം മോഹിച്ച് ഓടി വന്നതൊന്നുമല്ല ഞാൻ .അതോർത്തു ടെൻഷനടിക്കണ്ട. അല്ലങ്കിലും ഞാൻ ശംബളം ചോദിച്ചില്ലല്ലോ…”
അവൾ വെളുക്കെ ചിരിച്ചു.
ഹെ‌ഹാ… ഇതൊരു ഒഴിയാബാധയാണോ? മാഷിന് അങ്ങനെ ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല.
വളരെ ശാന്തത വിളിച്ചോതുന്ന മുഖമാണെന്ന് തിരിച്ചറിഞ്ഞ അവൾ മാഷിനോട് കൂടുതൽ ഫ്രണ്ട് ലി ആകാൻ ശ്രമിച്ചു.
” മാഷേ… വെളുപ്പിന് കുളിച്ച്, മുഖത്ത് ഛായവും പുരട്ടി,ഉടയാത്ത ട്രെസ്സും ധരിച്ച്, തോളിലൊരു ബാഗും തൂക്കി റോഡരുകിലൂടെ നടന്ന് ഈ… ഗുരുകുലത്തിലെത്തിയപ്പോൾ വലിയൊരു ഉദ്വോഗം കിട്ടിയൊരു ഫീൽ….”
വിജയൻ മാഷ് അത് കേട്ട് വാ പൊളിച്ചിരുന്നു പോയി.
”പിന്നെ……”
”പിന്നെ……?” മാഷ് അറിയാതെ ചോദിച്ചു പോയി.
” പിന്നെ… ഇക്ക ജോലി ശരിയാക്കിയാൽ ഉടനെ പൊയ്ക്കൊള്ളാം. അതുവരെ… അതുവരെയെങ്കിലും… ഞാൻ ഇവിടെ തുടർന്നോട്ടെ മാഷേ …”
അറച്ചറച്ചാണ് അവൾ പറഞ്ഞതെങ്കിലും ആ വാക്കുകളുട നീളം സന്തോഷവും പ്രതീക്ഷകളും നിറഞ്ഞിരുന്നതായി മാഷിന് തോന്നി.
ഈ സൗന്ദര്യം തുടർന്നും കാണാൻ തന്റെ മനസ്സ്കൊതിക്കുന്നുവോ?…’ ഒരു സത്രീകളോടും അവരുടെ സൗന്ദര്യത്തോടും ഇതുവരെ തോന്നാത്തൊരു ആകർഷണം തനിക്ക് ഇവളോട് തോന്നുന്നതെന്താണ്…..?അമ്മേ… ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടുന്നില്ലല്ലോ.
ഈ യാചനക്കു മുന്നിൽ താനെന്താണ് പറയുക? വരണമെന്നോ…വരണ്ടായെന്നോ…? ആ കണ്ണുകളിൽ നോക്കുമ്പോൾ എന്തെന്നില്ലാത്തൊരു അനുഭൂതി ആന്തരാത്മാവിൽ നിറയുന്നു.
മാഷിന്റെ ഇമവെട്ടാതെയുള്ള നോട്ടം ശ്രദ്ധിച്ച അവളിൽ വല്ലാത്തൊരു നാണം ഉടലെടുത്തെങ്കിലും അത് പുറമെ കാണിച്ചില്ല.
മാഷ് മേശമേലിരുന്ന ബുക്കിൽ നിന്നും ഒരു പേപ്പർ കീറിയെടുത്ത് ഫോൺ നമ്പരെഴുതി അവൾക്ക് നേരെ നീട്ടി.
അവളത് വാങ്ങി നോക്കി.
”ബുദ്ധിമുട്ടാകില്ലങ്കിൽ വൈകിട്ട് വിളിക്കുകയോ വാട്ട്സ്ആപ്പിൽ വരുകയോ ചെയ്യു… ആലോചിച്ചിട്ട് അപ്പോൾ പറയാം.”
അത്രയും പറഞ്ഞിട്ട് മാഷ് പുറത്തേയ്ക്കിറങ്ങി നടന്നു.
ഒരു നിമിഷം അവൾ ആ പോക്ക് നോക്കി ഇരുന്നു പോയി.
” ഒരു സ്ത്രീയെ തനിച്ചിരുത്തിയിട്ട്…. പോകുന്നെന്ന് പോലും പറയാതെ … ഛെ…”
എവിടെയെങ്കിലും അയാളുണ്ടോയെന്ന് നോക്കിയിട്ട് റോഡിനോരം ചേർന്ന് അവൾ നടന്നു.
പകലിനെ പൊള്ളിക്കുന്ന അസഹ്യമായ ചൂട് വകവയ്ക്കാതെ നടക്കുകയാണ് അൻസിയ .ഓർമകളിൽ മിന്നിമറയുന്നത് കഴിഞ്ഞ മണിക്കൂറുകളിലെ സംഭവങ്ങൾ മാത്രം. വേണ്ടാന്ന് വിചാരിക്കുമ്പോഴും ഓർക്കാൻ പ്രേരിപ്പിക്കുന്ന മുഖം വിജയൻ മാഷിന്റേത് തന്നെ.
ആദ്യം കണ്ടപ്പോഴുള്ള അംബരപ്പും ദേഷ്യവുമല്ലാതെ നീണ്ടു നിൽക്കുന്ന ആളിക്കത്തൽ ആ മുഖത്ത് കണ്ടിരുന്നില്ല.
എന്തൊരു പൗരുഷമാണ് കാണാൻ. അഞ്ചര അടിയിൽ കൂടുതൽ തോന്നിക്കുന്ന പൊക്കം അധികം വെളുപ്പോ,അധികം കറുപ്പോ തോന്നിക്കാത്ത കളർ.ഷേവ് ചെയ്ത് മിനുസപ്പെടുത്തിയ തുടുത്ത കവിളുകൾ കട്ടിയുള്ള മീശയ്ക്ക് ഭംഗി കൂട്ടി .മേശപ്പുറത്ത് കൈകൾ മടക്കി,കസേരയിൽ അലസമായി മാഷിരുന്നപ്പോൾ… അറിയാതെ എത്രനേരമാണ് തന്റെ കണ്ണുകൾ ആ കൈകളിലെ കറുത്ത രോമരാജികളിൽ പതിഞ്ഞിരുന്നത്.
ഒന്നും മിണ്ടാതെ പുറത്തിറങ്ങിയപ്പോഴാണ് അയാൾ ധരിച്ചിരുന്ന മെറൂൺ കളർഷർട്ട് കണ്ണിൽ തെളിഞ്ഞത്.തന്റെ ചുരിദാറിന്റെ ഷാളും മെറൂൺ കളറല്ലേ?
ഛെ… താനെന്തൊക്കെയാണ് ചിന്തിക്കുന്നത്…? അയാൾ എങ്ങനെയൊക്കെയായാൾ തനിക്കെന്താ … അയാൾ കല്യാണം കഴിച്ചതാണോ അല്ലയോ എന്നു പോലും തനിക്കറിയണ്ട ആവശ്യമില്ല.തന്റെ ഉദ്ദേശം വേറെയാണ് അത് മതി .
”ഇനി കല്ല്യാണം കഴിച്ചതാണോ…?” ശ്ശൊ… ആവശ്യമില്ലാത്ത ചോദ്യങ്ങൾ താൻതന്നോട് തന്നെ ചോദിക്കുന്നുവല്ലോ അള്ളാഹുവേ…
”പുതിയ അവതാരാണല്ലോ… ഈ നാട്ടീ… കണ്ടിട്ടില്ലാല്ലോ…”
ആ ചോദ്യമാണ് അവളെ സ്വബോധത്തിലെത്തിച്ചത്.
ഹോളുകൾ മാറിയിട്ട ഉടുപ്പിന്റെ ബട്ടൻസും,നിലത്തിഴയുന്ന മുണ്ടിന്റെ കോന്തലയും ,ഒട്ടിയ കവിളിന്റെ സയഡിലേയ്ക്ക് പിരിച്ച് വെച്ച നരവീണ മീശയും, വെള്ളി കയറി അലസമായി കിടക്കുന്ന തലമുടിയും മെലിഞ്ഞ ശരീരവും.നിലത്തുറക്കാത്ത കാലും
കണ്ടാലറിയാം മദ്യപിച്ച് ലക്കുകെട്ടുള്ള പോക്കാണന്ന്.
ആരാണീ… വൃത്തികെട്ടവൻ…?
ഉൾപേടിയോടെ റോഡിനിരുവശവും നോക്കിയെങ്കിലും ആരെയും കാണാത്തതു കൊണ്ട് അവൾ വേഗം നടന്നു. അല്ല അതൊരു ഓട്ടം തന്നെയായിരുന്നു.
”ഓ… ഒരുക്കുരൻ പീസാണല്ലോടി നീ.ഞാ … ഞാനിവിക്കെ തന്നെണ്ട്…”
പുറകിൽ നിന്നും വിളിച്ചു പറയുന്നത് അവൾ കേട്ടിട്ടും മൈന്റ് ചെയ്യാതെ, ഒരർത്ഥത്തിൽ ജീവനും കൊണ്ടോടുക തന്നെയായിരുന്നു അവൾ.
ഈ അവസരത്തിൽ, തന്നെ തനിച്ചാക്കി പോയ മാഷിനോട് അവൾക്ക് ദേഷ്യം തോന്നി.
പകലിനെ ചുട്ട്കരിക്കുകയാണ് സൂര്യൻ.
നെറ്റിതടത്തിലൂടെ കിനിഞ്ഞിറങ്ങിയ വിയർപ്പു കണങ്ങൾ ത്രെഡ് ചെയ്ത പുരികങ്ങളിൽ തങ്ങി നിന്നു.ചെന്താമര കവിളുകൾ പൊള്ളുന്ന ചൂടിൽ ചുവന്നു തുടുത്തു.
അവിടവിടെയായി റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന വൃക്ഷങ്ങളുടെ തണൽ ഒരാശ്വാസമാണെങ്കിലും ഒരു പെണ്ണായ അവൾക്ക് അവിടെ നിൽക്കാൻ സാധിക്കില്ലല്ലോ.
കുടയെടുക്കാൻ മറന്ന സമയത്തെ അവൾ മനസ്സാ ശപിച്ചു.
മെയിൻ റോഡിലെത്തിയപ്പോൾ അര മണിക്കൂർ നടക്കാനേയുള്ളുവെങ്കിലും ബസ്സിൽ പോകാൻ തീരുമാനിച്ച് ഷീറ്റിൽ പണിത ചെറിയ ബസ്റ്റാന്റിൽ കയറി നിന്നു. ഒന്ന് രണ്ട് പുരുഷൻമാരും പ്രായം ചെന്ന ഒരു സ്ത്രീയും അവിടെ നിൽക്കുന്നതവൾക്കൊരു ധൈര്യം കിട്ടി.
”നീയ്യ്… മ്മ്ടെ ആരിഫാന്റെ ഓളല്ല…?”
”അതെ…”
ഹൊ,തനിക്ക് പരിചയമില്ലാത്തവർ പോലും തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇക്ക പറയുമായിരുന്നു താൻ ഉമ്മാടെ തനി പകർപ്പാണെന്ന്. ആ ഛായയായിരിക്കും ഈ ഉമ്മയിൽ നിന്നും ഇങ്ങനൊരു ചോദ്യം.
മറ്റൊന്നും ചോദിക്കാത്തത് ഭാഗ്യമെന്ന് അവൾ കരുതി .അല്ലങ്കിൾ, കുട്ടികളെ പഠിപ്പിച്ചിട്ട് അരിവാങ്ങേണ്ട ഗതികേട് ഇപ്പോ ഉണ്ടോന്നുള്ള ചോദ്യം കൂടിവന്നേനെ.
പെട്ടെന്നാണ് വിജയൻ മാഷിന്റെ രൂപം റോഡിന്റെ മറുസയഡിൽ പ്രത്യക്ഷപ്പെട്ടത്.കടയിൽ നിന്നിറങ്ങി കൈ കഴുകിയിട്ട് വീണ്ടു മാഷ്അകത്തു കയറിയപ്പോഴാണ് മുന്നിലെ കടയുടെ ബോർഡവൾ ശ്രദ്ധിച്ചത്.
” ഹസീനാ ഹോട്ടൽ”
നിമിഷങ്ങൾക്കകം പുറത്തിറങ്ങിയ മാപ്പ് ബസ്റ്റാന്റിൽ നിൽക്കുന്ന അൻസിയായുടെ മുഖത്തേക്കാണ് നോക്കിയത്. അവൾ ചിരിച്ചെന്ന് വരുത്തിയെങ്കിലും കണ്ടഭാവം നടിക്കാതെ അയാൾ നടന്നു നീങ്ങുകയാണുണ്ടായത്.
എന്തൊരു മനുഷ്യനാണിയാൾ? മിണ്ടിയില്ലെങ്കിൾ തനിക്കെന്താ… തന്റെ ആരുമല്ലല്ലോ.
അങ്ങനെ ചിന്തിച്ചവൾ ആശ്വാസം കണ്ടെത്തി.
ഉച്ച ഊണിന്റെ ഷീണത്തിലും പുറത്തെ ചൂടിന്റെ കാഠിന്യത്തിലും ചെന്ന് കിടന്ന പാടേ മാഷ് ഉറങ്ങി പോയി.ഉണർന്നപ്പോൾ സന്ധ്യയോടടുത്തു. വേഗം കുളിച്ചു റെഡിയായി.
അയാൾ ഓർക്കുകയായിരുന്നു…..
എന്നും ആറരയ്ക്ക് ലക്ഷി അമ്മ ചായകൊണ്ടു തരും. റോഡിലേയ്ക്കുള്ള സർവ്വീസ് അപൂർവ്വമാണ്. വളരെ കൂട്ടുകാർ ഇല്ലാത്തതാണ് കാരണം. ഉള്ളവർ ഗൾഫിലും. പിന്നെയുള്ള സമയങ്ങൾ പുസ്തകങ്ങളുടെ ലോകത്തും. ഇടയ്ക്ക് അമ്മ കഞ്ഞിയുമായി വരും.
തിളച്ച് മറിയുന്ന പുത്തരികഞ്ഞിയിൽ വറ്റൽമുളകും ചെറു ഉള്ളിയും തേങ്ങാ പാലും ചേർത്തൊരു രസികൻ കഞ്ഞി. ചിലപ്പോൾ നെത്തോലി പൊടിയോ കൊഞ്ചുപൊടിയോ,ഇഞ്ചി ചേർത്ത ചമ്മന്തിയും കാണും. പിന്നെയുള്ള പുസ്തകവായന അമ്മയുടെ മടിയിൽ കിടന്നാണ്. ആ സമയങ്ങളൊക്കെയും അമ്മയുടെ കൈവിരലുകൾ തന്റെ മുടിയിഴകിൽ തഴുകി കൊണ്ടിരിക്കും. അതിനിടയ്ക്കാണ് അമ്മ കഥകളുടെ ഭാണ്ഡം അഴിച്ച് വിടുക. ചിലപ്പോൾ ഭാവി മരുമകളുടെ ഭാവനയുമുണ്ടാകും.
താനൊരു കുംടുംബമായി കാണണമെന്ന് തന്റെ അമ്മയുടെ ജന്മ സ്വപ്നമായിരുന്നു. നല്ലൊരു ജോലി കിട്ടട്ടേയെന്ന് പലപ്പോഴും ഒഴിഞ്ഞ് മാറിയത് താൻ തന്നെയല്ലെ?അതല്ലെ അമ്മയുടെ ആഗ്രഹത്തിന് വിലങ്ങുതടിയായത്.
ഇപ്പോൾ അമ്മയ്ക്കറിയില്ലല്ലോ അമ്മയുടെമോൻ തനിച്ചാണന്ന്.
അമ്മയെ ഓർക്കുമ്പോൾ തന്നെ അയാളുടെ ഇടനെഞ്ച് തേങ്ങി പോകും. ഭൂമിയിൽ ഇത്രമേൾ ഒരമ്മ മകനെ സ്നേഹിച്ചിട്ടുണ്ടോന്നറിയില്ല.
അഭ്രപാളികളിൽ തെളിയുന്ന ഓർമകൾ അയാളുടെ കണ്ണുകളെ ഈറനണിയിച്ചു. അപ്പോഴേയ്ക്കും ഹോട്ടലെത്തിയിരുന്നു.
രാത്രി അത്താഴം കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്കുള്ള യാത്ര വേഗം എത്താനുള്ള കുറുക്കുവഴിയിലൂടെയാണ്. കടൽ പോലെ പരന്നു കിടക്കുന്ന ആനതാഴ്ചിറയുടെ ബണ്ടിലൂടെ മൊബൈൽ വെളിച്ചത്തിലൂടെ മാഷ് നടന്നു.
ധരണിമടിയിൽചായുന്ന കാതടപ്പിക്കുന്ന രജനീഗീതം ചീവീടുകൾ അനസ്യൂതം തുടർന്നു. ചിറയുടെ വലിയ ബണ്ടിനടിയിലൂടെ അക്കരെ പാടങ്ങളിയേക്ക് പാഞ്ഞ് പോകുന്ന വെള്ളത്തിന്റെ ഇരമ്പൽ ദൂരെ നിന്നും കേൾക്കാം.
അമ്മയുടെ മുഖമല്ലാതെ മറ്റൊരു സ്ത്രീയുടെ മുഖമോർത്താൽ അൻസിയായുടെ മുഖമാണ് മാഷിന് ഓർമ വരുന്നത് ….
ചന്ദനത്തിൽകടഞ്ഞെടുത്ത പോലെ ആ വെളുത്ത് കൊഴുത്ത മേനിയിൽ കണ്ണെടുക്കാതെ എത്ര വട്ടമാണ് കൊതിയോടെ നോക്കിയിരുന്നു പോയത്. പഴുത്ത മാങ്ങാ പൂളിന്റെ നിറം ചാലിച്ച കൈകളിൽ തെളിഞ്ഞ് കാണുന്ന കുഞ്ഞു രോമങ്ങൾക്ക് എന്തൊരഴകാണ്. ത്രെഡ് ചെയ്ത് നീട്ടിയ പുരികങ്ങൾ വീതിയുള്ള നെറ്റി തടത്തിന് ചന്തംകൂട്ടിയിരിക്കുന്നു. നീണ്ട മൂക്കുകൾക്കും തുടുത്ത കവിളുകൾക്കും പ്രകാശം പരത്താനെന്ന പോലെ കാലം പണിതീർത്ത വാലിട്ടെഴുതിയ നയനങ്ങളിൽ രണ്ട് ചന്ദ്രൻ ഉദിച്ച പോലെ തോന്നും. റോസാദളങ്ങൾ ചേർത്ത് വെച്ച് ചുവപ്പിച്ച ആ ചെംചുണ്ടുകളിൽ മതിമറന്ന്
നോക്കിയിരുന്നുപോയില്ലേ താൻ.വികാര സിരകളെ ത്രസിപ്പിക്കുന്ന ആ പൂവുടലിനെ മാറ്റുകൂട്ടാനെന്നവണ്ണം രണ്ട് നീർമാതളങ്ങൾ ആ നെഞ്ചിൽ തലയെടുത്തു നിൽക്കുന്നു.
കരിമ്പടം പുതച്ചുറങ്ങുന്ന അന്ധകാരത്തെ ഭേദിച്ച് മുന്നോട്ട് ആരോ ആനയിക്കുന്ന പോലെ നീങ്ങുമ്പോഴും അയാൻസിയ എന്ന സൗന്ദര്യധാമം അയാളിൽ നിറഞ്ഞുനിന്നു.
മാഷ് ഓർക്കുകയായിരുന്നു………
എത്രയോ സത്രീകളെ കണ്ടിരിക്കുന്നു, അന്നൊന്നും ഇതുപോലെ ആരെയും ശ്രദ്ധിച്ചിരുന്നില്ല.തന്റെ മുന്നിൽ ക്ഷണിക്കപ്പെടാതെ കയറി വന്ന അതിഥി ആയതു കൊണ്ടാണോ? അറിയില്ല!…….
അൻസിയ മുസ്ലീം കുട്ടിയല്ലെ? പിന്നെന്തിന്താണ് നെറ്റിയിൽ ചന്ദന കുറിചാർത്തിയിരുന്നത്…..?
അതും വെറുതെ ഒരു ചോദ്യമായി അവശേഷിക്കുമ്പോൾ അയാളുടെ കയ്യിലിരുന്ന ഫോൺ ശബ്ദിച്ചു.
പുതിയ നമ്പർ എന്നു മാത്രമല്ല ഗൾഫിന്റെ കാളുമാണ്. ബെൽ തീരുന്നത് വരെ ആരാണെന്നുള്ള സംശയത്തിന് വിരാമമിട്ട് കാൾ പെർമിഷൻ കൊടുത്ത് ഫോൺ കാതോട് ചേർത്തു.
” ഹലോ…”
”ഹായ്… ഹലോ…”
”ആരാണ് നിങ്ങൾ…?”
കാളിന്റെ ഉടമ ആരെന്നറിയാനുള്ള തിടുക്കം മാഷിൽ, ആകാംശയുണ്ടായി.
” ടാ…. ഞാനാടാ… എന്നെ അറിയില്ലേ…?”
”അറിയാമെങ്കിൾ ഞാൻ ചോദ്യം ഒഴിവാക്കുമായിരുന്നു. താങ്കൾ ആരാണ്?”
വിയൻ മാഷ് ചോദ്യം ആവർത്തിച്ചു.
”ടാ… കോപ്പേ… ഞാനാ… നിയാസ്.”
”അളിയാ… നീ …. നീയായിരുന്നോ?
മനസ്സിലായില്ലടാ … മുത്തേ…, നിന്റെ ശബ്ദം ഒരുപാട് മാറി പോയിട്ടാ …”
മാഷിൽ, പെട്ടെന്നുണ്ടായ സന്തോഷം ഇരുട്ടിനെ പോലും മറന്നു.
” മച്ചു… സുഖാണോടാ… എത്ര നാളായി നിന്റെ നമ്പരിനു വേണ്ടി ഞാൻ അലഞ്ഞു.”
നിയാസ് തന്റെ ആത്മഗതം അറിയിച്ചു.
”സുഖം മച്ചാനെ .പിന്നെങ്ങനെ കിട്ടി എന്റെ നമ്പർ?”
”അതൊക്കെ പിന്നെ പറയാം… എനിക്ക് സുഖമാണോന്ന് നീ … ചോദിക്കാത്തതെന്താടാ …”
നിയാസ് ഇടയ്ക്ക് പരിഭവം കലർത്തി.
”എന്റെ ചക്കരേ… നീ ആണെന്നറിഞ്ഞപ്പോൾ …. സന്തോഷം കൊണ്ടാടാ….. മറന്നു പോയി.”
”ഹ …ഹ…ഹ…ഹ… ” നിയാസിന്റെ ചിരി മാഷിന്റെ കാതിൽ മുഴങ്ങി.ഗാംഭീരമുള്ള ചിരി.
”നിയാസു ….. സുഖമാണോടാ…”
”സുഖം… സുഖം.
ടാ… ഫോൺ പെട്ടെന്ന് എന്റെ ലക്ഷി അമ്മയ്ക്ക് കൊടുത്തേ…”
വിജയൻ മാഷിൽ,നൊമ്പരത്തിന്റെ അന്ധകാരം മനസ്സിലേക്ക് പാഞ്ഞു. ചില നിമിഷം കൂരിരുട്ടിൽ നിശ്ചലം നിന്നുപോയി.
നിയാസ്, വിജയൻ നേഞ്ചോട് ചേർത്ത് വെച്ച ചങ്ക് ഫ്രണ്ടാണ്. വർഷങ്ങളായി അവൻ ഗൾഫിലാണ്.ഞാൻ പോയി രക്ഷപെട്ടാൽ നിന്നെയും കൊണ്ട് പറക്കും, എന്ന് പറഞ്ഞ് പോയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
ആഗ്രഹിച്ചതൊന്നും കിട്ടാതെ വീണ്ടും ആഗ്രഹങ്ങൾക്ക് പുറകേ ഓടിയ വിജയൻ,എന്നോ അവനെ മറന്നു പോയി. അവനെയെന്നല്ല ഭൂരെയുള്ള ഒട്ടുമിക്ക സുഹൃത്തുക്കളെയും.
കഴിഞ്ഞു പോയ കാലത്തിന്റെ ഓർകൾ അവർ പങ്കുവെച്ചു.
മാഷ്, തന്റെ പച്ചയായ ജീവിതത്തിന്റെ കുത്തിനോവിക്കുന്ന കഥ പറഞ്ഞപ്പോൾ അച്ഛനേയും അമ്മയേയും പറ്റി പറയാതിരിക്കാൻ കഴിഞ്ഞില്ല.
മറുതലയ്ക്കൽ, ഫോണിൽ നിന്നൊരു തേങ്ങൾ കേട്ടുവോ? അതെ ! നിയാസ് മൗനത്തിലാണ്.
എന്റെ ലക്ഷി അമ്മ, അവന്റെയും അമ്മയായിരുന്നു. വല്ലപ്പോഴും കോളേജവധിക്ക് അവൻ വീട്ടിൽ വരുമ്പോൾ വയലേലകളും തെങ്ങിൻ തോപ്പുകളും, കടൽ പോലെ പറന്നു കിടക്കുന്ന ആനതാഴ്ചിറയുടെ ബണ്ടുകളിൽ പടർന്നു പന്തലിച്ച് കിടക്കുന്ന പറങ്കിമാവിൻ തണൽ വീഥിയിലൂടെയൊക്കെ ഞങ്ങൾ നടക്കുമ്പോൾ അവന്റെ കൈ കോർത്ത് അമ്മയും കാണും.
വീടെത്തിയാൽ ആഹാരത്തിനു മുന്നിൽ ഞങ്ങൾ ഇരിക്കാറില്ല. ഓട് പാകിയ കഞ്ഞു വീടിന്റെ ഉമ്മറത്തോ മുറ്റത്ത് തേൻമാവിൻ ചുവട്ടിലോ നിന്ന് സൊറ പറഞ്ഞ് ചിരിക്കുമ്പോഴാണ് അമ്മ ആഹാരവുമായി പുറകേ നടക്കുന്നത്.
കളിച്ച്ചിരിച്ച് മുട്ടിൽ ഇഴയുന്ന കുഞ്ഞിനു പുറകേ ഓടി നടന്ന് ആഹാരം വാരിക്കൊടുക്കുന്ന സന്തോഷവതിയായ അമ്മയെ പോലെയാണ് ലക്ഷി അമ്മ ഞങ്ങളെ ഊട്ടുന്നത്.
സായന്തനത്തിൽ അവൻ യാത്ര പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നനയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ അവൻ അമ്മയുടെ കണ്ണുകളിൽ വാത്സല്യത്തിന്റെ ഉമ്മ കൊടുക്കും. അവന്റെ ചുണ്ടിൽ പറ്റുന്ന കണ്ണുനീരിന്റ ഉപ്പംശം നാക്കു കൊണ്ട് നുണയുമ്പോൾ അവന്റെ കണ്ണുകളിൽ നീർകണങ്ങൾ നിറയും,എന്റെയും.
” നിയാസേ….
ടാ…. നിയാസേ…”
വർഷങ്ങൾ മനസ്സിൽകോറിയിട്ട വഴിയായതിനാൽ രാത്രിയാണോ പകലാണോ നടക്കുന്നതെന്നുള്ള ചിന്ത വിജയനെ അലട്ടിയിരുന്നില്ല.
”ടാ… നിയാസൂ …”
പലവട്ടം വിളിച്ചപ്പോഴാണ് അവൻ വിളി കേട്ടത്. അവന്റെ ഹൃദയത്തിന്റെ വിങ്ങൾ അപ്പോഴും മാഷിന് കേൾക്കാമായിരുന്നു.
”ഡാ……. ടാ… നീ … നീ … വിജീ … നീ … തനിച്ചായി പോയാടാ…….. എന്റെ റബ്ബേ….. എന്ത് പരീക്ഷണമാണ് നീ എന്നെ കാണിക്കുന്നത്?” ഇടവിട്ടിടവിട്ടുതിർന്നുവീണ അവന്റെ ഇടനെഞ്ചിലെവാക്കുകൾ മാഷിനെയും തളർത്തി .
” പൊള്ളുന്ന വേദനയുമായി കനൽപാതയിലൂടെ നടക്കുമ്പോഴല്ലേടാ… നഷ്ടങ്ങളുടെ യാതാർത്ഥ്യങ്ങളെ തേടുന്നത്.”
തന്റെ നോവുകൾ വിജയനെയും നൊമ്പരപ്പെടുത്തിയെന്ന് നിയാസിന് തോന്നി.
നീണ്ട നിമിഷങ്ങൾക്കൊടുവിൽ ഫോൺ ടിസ്കണക്ട് ചെയ്തപ്പോൾ വിജയൻ മാഷ് വീടെത്തിയിരുന്നു.
ചെന്ന പാടേ കിടക്കയിലേക്ക് മറിഞ്ഞ് തലയിണയെ പുൽകുമ്പോൾ കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു.
ആ സമയത്ത് ഫോണിൽ വാട്സാപ്പ് ട്യൂൺ നിലക്കാതെ മുഴങ്ങി.
തുടരും…
NB : ”എന്നെ …. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ച വിജയൻ എന്ന വിജയൻ മാഷിന്റെ പച്ചയായ ജീവിതമാണ് ഈകുഞ്ഞുകഥയിലൂടെ പറയുന്നത്.
ഇഷ്ടമായാൽ അഭിപ്രായം കൂടി പറയുക. ഒരു ലൈക്കും.
നിർത്തണമെങ്കിൾ അതും പറയണം. എന്റെ തൂലികയെ ഒരിക്കലും എടുക്കാനാകാത്ത അനന്തതയിലേക്ക് വലിച്ചെറിയാം.”
സ്നേഹത്തോടെ… നിങ്ങളുടെ♥️♥️♥️
ഭീം♥️

Leave a Reply

Your email address will not be published. Required fields are marked *