കുറ്റവും ശിക്ഷയും – 1
[ Flying Monk ]
മൂട്ടിൽ വെയിലടിച്ചിട്ടും മനസമാധാനത്തോടെ കിടന്നുറങ്ങി കൊണ്ടിരുന്ന ഞാൻ ഫോണിന്റെ നിർത്താതെയുള്ള ചിലപ്പ് കേട്ടാണ് എണീറ്റത്.ഏത് നായിന്റെ മോനാ ഉറങ്ങാൻ സമ്മതിക്കാത്തേ എന്നും മനസ്സിൽ ആലോചിച്ചു കൊണ്ട് ബെഡിന് സൈഡിൽ വച്ചിരുന്ന ഫോൺ കൈ നീട്ടി എടുത്ത് ആരാന്ന് പോലും നോക്കാണ്ട് ചെവിയിലേക്ക് വെച്ച് ഒരു തരം ദേഷ്യത്തോടെ ഞാൻ ഹലോ എന്ന് പറഞ്ഞു.
“നേരം ഇത്രോമായിട്ടും നിനക്ക് എണീക്കാനായില്ലേ കണ്ണാ…” അപ്പുറത്ത് നിന്ന് അമ്മയുടെ ശബ്ദം ഫോണിലൂടെ കേട്ടതും ഞാൻ ഞെട്ടി പിടഞ്ഞു എണീറ്റു.
“ഹാ…അമ്മാ ഞാൻ എണീറ്റ് കുളിക്കാൻ നിൽക്കായിരുന്നു…”ഞാൻ എണീറ്റിട്ടില്ല എന്ന കാര്യം സമ്മതിക്കാതെ ഞാൻ ഒരു കള്ളം പറഞ്ഞു.
“ഓഹ്…കൂടുതൽ കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട…പെട്ടെന്ന് എണീറ്റ് റെഡിയായി ഫുഡും കഴിച്ച് ഓഫീസ് റൂമിലിരിക്കുന്ന ഫയലുമെടുത്ത് ഉച്ചക്ക് മുന്നേ ഇങ്ങോട്ട് വാ…” കള്ളം കൃത്യമായി തൂക്കി കൊണ്ട് അമ്മയുടെ ഉത്തരവിറങ്ങി.
“അമ്മക്ക് പോകുമ്പോ അതും എടുത്തോണ്ട് പൊക്കൂടെ…വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട്…” ഇനി അങ്ങോട്ട് പോണല്ലോ എന്നാലോചിച്ചു ഞാൻ ഒരു മടുപ്പോടെ പറഞ്ഞു.
“അമ്മ മറന്നതാടാ കണ്ണാ…അമ്മേടെ പൊന്നല്ലേ…പ്ലീസ് ഒന്ന് കൊണ്ട് താടാ…” അമ്മ എന്നെ സമ്മതിപ്പിക്കാൻ വേണ്ടി കെഞ്ചിയതും
“ആഹ്…കൊണ്ടേ തരാം…” ഒരു മടുപ്പോടെ തന്നെ ഞാൻ സമ്മതിച്ചു.
“ഇനിയും ഉറങ്ങല്ലേ…അത്രേം അർജന്റ് ഫയലാണ്…”അമ്മ വീണ്ടും ഓർമിപ്പിച്ചതും
“ആഹ്…ശെരി എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് മലർന്നു കിടന്നു.ഒന്നൂടെ ഉറങ്ങാൻ തോന്നിയെങ്കിലും അമ്മ ഭദ്രകാളിയാവുമെന്ന് ഓർത്തതും ഞാൻ എണീറ്റ് ബാത്റൂമിൽ കയറി.എല്ലാം കഴിഞ്ഞ് ഇറങ്ങി ഒരു വൈറ്റ് ടീഷർട്ടും ബ്ലാക്ക് ജോഗ്ഗറും വലിച്ചു കയറ്റി ഞാൻ താഴേക്ക് നടന്നു.ഡൈനിങ് ടേബിളിൽ എനിക്ക്
കഴിക്കാനുള്ളത് അടച്ചു വെച്ചിട്ടുണ്ട്,അത് ഒന്ന് തുറന്നു നോക്കിയതും എന്റെ മൂഡ് മൊത്തം പോയി.അങ്ങനെ ഓഫീസ് റൂമിൽ കയറി ഫയലുമെടുത്ത് ഇറങ്ങാൻ നിന്നതും ആ പാത്രത്തിൽ വീണ്ടുമെന്റെ കണ്ണുടക്കി.കഴിച്ചില്ലെങ്കിൽ അമ്മ പിന്നെ പച്ച വെള്ളം പോലും തരില്ല എന്നോർത്തതും ഞാൻ ആ പാത്രം തുറന്ന് അതിലെ ഉപ്പുമാവെടുത്ത്
കഴിച്ചു.എത്ര പറഞ്ഞാലും ഈ പണ്ടാരം തന്നെ പിന്നേം പിന്നേമുണ്ടാക്കും പിന്നെ ഒണക്ക പുട്ടും…വേറെ എത്ര നല്ല സാധനങ്ങളുണ്ട്…ആരോട് പറയാൻ ആര് കേൾക്കാൻ…അങ്ങനെ അതും കഴിച്ച് പാത്രവും കഴുകി ഞാൻ ഇറങ്ങി.ഓഫീസിലെത്തി വണ്ടിയും പാർക്ക് ചെയ്ത് ഞാൻ അകത്തോട്ടു കയറി.എന്നെ കണ്ടതും അറിയാവുന്ന പലരും എന്നെ നോക്കി
ചിരിച്ചു,അവർക്കും തിരിച്ചു ചിരിയും കൊടുത്ത് കൊണ്ട് ഞാൻ എൻക്വയറി ഡെസ്കിൽ അമ്മ എവിടെയാണെന്ന് ചോദിച്ചതും ക്യാബിനിലുണ്ടെന്ന് മറുപടി കിട്ടി.അത് കേട്ടതും ഞാൻ അമ്മയുടെ ക്യാബിനിലേക്ക് നടന്നു.അടഞ്ഞു കിടന്ന ഡോർ ഒന്ന് നോക്ക് പോലും ചെയ്യാതെ തുറന്ന് അകത്തു കയറിയതും കണ്ടു ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത
മുഖവുമായി മുന്നിലിരിക്കുന്നവരോട് ആക്രോശിക്കുന്ന അമ്മയെ.അത് കണ്ടതും ഞാൻ തുറന്ന അതേ പോലെ വാതിലടച്ച് പുറത്തേ വെയ്റ്റിംഗ് ഏരിയയിലെ ചെയറിലിരുന്നു.ഇതിവിടെ വന്നാൽ എനിക്ക് സർവ്വ സാധാരണയാണ് എന്ന് വന്നാലും ഇങ്ങനെയെന്തേലും കാണും.അങ്ങനെ വെയ്റ്റിംഗ് ഏരിയയിലിരിക്കുമ്പോൾ എന്റെ കണ്ണുകൾ അവിടമാകെ ഓടി നടന്നു,അവസാനമത് “സുചിത്ര ശ്രീധർ IPS,ADGP” എന്ന
ബോഡിൽ വന്നു നിന്നു.അതേ ഈ നഗരത്തിന്റെ ADGP യുടെ ഒരേയൊരു പുത്രനാണ് നോം,Mr.സായ് കിരൺ എന്ന കണ്ണൻ,സൽഗുണ സമ്പന്നൻ.ഇപ്പൊ ഡിഗ്രീം കഴിഞ്ഞ് വീട്ടിൽ ചൊറീം കുത്തിയിരിക്കുന്നു.ഒന്നിനും ഇപ്പൊ പോണ്ടാ എന്നാണ് IPSക്കാരിയുടെ ഉത്തരവ്,അത് കൊണ്ട് വീട്ടിൽ സുഖവാസം,അതിനും കുറച്ചു
കാരണങ്ങളുണ്ട്,എല്ലാം ആദ്യമേ പറഞ്ഞ എന്താ ഒരു ത്രില്ല്…
