✍️… കഴിഞ്ഞ ഓണത്തിന് അത്തപ്പൂക്കളമിടുമ്പോഴാണ് ജയന്തിയുടെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്.. നീലിമയും ശരത്തും രണ്ട് ദിവസം മുൻപാണ് എത്തിയത്.. നേരെ അവന്റെ വീട്ടിലേക്ക് പോയി അവിടെ ഒരു ദിവസം നിന്നാണ് ഓണമാഘോഷിക്കാൻ അവർ ജയന്തിയുടെ അടുത്തേക്ക് വന്നത്.. നാല് ദിവസം കഴിഞ്ഞാൽ രണ്ടാളും ബഹ്റയ്നിലേക്ക് തിരിച്ച് പോവുകയും ചെയ്യും..
ജയന്തിക്ക് വീട്ടിലേക്കാരേലും വരുന്നത് വർഷത്തിലൊരിക്കൽ മകളും, മരുമോനും മാത്രമാണ്.. കല്യാണം കഴിഞ്ഞതിന് ശേഷം കൃത്യമായി എല്ലാ ഓണത്തിനും അവരെത്തുകയും ചെയ്യും..അവർ വരുന്നത് പ്രമാണിച്ച് എല്ലാ ഒരുക്കങ്ങളും ജയന്തി നടത്തിയിട്ടുണ്ട്.. വീടും പരിസരവും പണിക്കാരെ വെച്ച് വൃത്തിയാക്കി.. വീടൊന്ന് പെയ്ന്റടിപ്പിച്ചു.. അവർ കിടക്കുന്ന മുറിയിലെ എ സി മാറ്റി പുതിയത് വെച്ചു…
ശരത്തിന് ഇങ്ങോട്ട് വരുന്നത് ഇഷ്ടമാണ്.. ടൗണിൽ ജീവിച്ച അവന് ഈ നാട്ടുമ്പുറവും, പഴയ വീടും, നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന പാടങ്ങളും എല്ലാം കാണുന്നത് വലിയ ഇഷ്ടമാണ്..
അവിടെ കമ്പനി വക ഫ്ലാറ്റിലാണ് നീലിമയും ശരത്തും താമസം.. ഭക്ഷണമൊന്നും അവർ അധികം പാചകം ചെയ്യാറില്ല..കൂടുതലും പുറത്ത് നിന്നാണ്..
ഈ ഓണത്തിന് താൻ തന്നെ വിഭവമൊരുക്കണമെന്ന് നീലമക്കൊരാഗ്രഹം..അമ്മയിന്ന് അടുക്കളയിൽ കേറിപ്പോകരുതെന്നാണ് അവളുടെ ഓർഡർ..
ചോറ് മുതൽ പായസം വരെ അവളുണ്ടാക്കാമെന്നാണ് പറയുന്നത്..അടുക്കളിൽ ചുറ്റിത്തിരിയുന്ന അമ്മയേയും കണവനേയും പുറത്താക്കി അടുക്കള വാതിൽ നീലിമ അകത്ത് നിന്നടച്ചു..
ഈ വർഷത്തെ ഓണം കുളമായല്ലോ അമ്മേ എന്ന് പറഞ്ഞ് ശരത്ത് മുൻ വശത്ത് കോലായിൽ വന്നിരുന്നു..
“” കുട്ടാ… നമുക്കെന്നാ പൂക്കളമിട്ടാലോ… ?.
ഉച്ചയാവാതെ അവളേതായാലും നമ്മളെ അടുക്കളയിലേക്ക് കയറ്റില്ല…””..
അത് തരക്കേടില്ലെന്ന് ശരത്തിനും തോന്നി.. കാരണം ഇവിടെ പൂക്കളമിടുന്നത് പൂക്കൾ കടയിൽ നിന്ന് വാങ്ങിച്ചിട്ടല്ല.. ഈ വിശാലമായ തൊടിയിൽ തന്നെയുണ്ട് പല ജാതി ചെടികളും പൂക്കളും.. അതിൽ പറിച്ചെടുത്ത് മുറ്റത്ത് പൂക്കളമിടുന്നത് ഈ ഓണത്തിന് കിട്ടാവുന്ന ഏറ്റവും നല്ല ഒരനുഭവമായിരിക്കും..
“”പിന്നെന്താമ്മേ… നമുക്ക് പൂക്കളമിടാം… “..
മരുമോന്റെ ഉൽസാഹം കണ്ട് ജയന്തിക്ക് സന്തോഷമായി..
“” എന്നാ നമുക്ക് പൂവ് പറിച്ചാലോ…””..
“” ഉം… ഞാൻ റെഡി…””..
ശരത് ഉൽസാഹത്തോടെ മുറ്റത്തേക്കിറങ്ങി..
ജയന്തി പൂ പറിക്കാനുളള പാത്രവുമായി തൊടിയിലേക്കിറങ്ങി..
അമ്മായമ്മയും മരുമോനും വിശേഷങ്ങളൊക്കെ പറഞ്ഞ് തൊടിയിലൂടെ നടന്ന് പൂക്കൾ പറിച്ചു..
കുറഞ്ഞ നേരം കൊണ്ട് അവർക്ക് വേണ്ടതിലധികം പൂക്കൾ കിട്ടി..
അതുമായവർ തിരിച്ച് വന്നു…
“” കുട്ടാ,അമ്മ കുളിച്ച് വരാം… നീയും പോയി കുളിച്ചിട്ട് വാ… അത് കഴിഞ്ഞ് നമുക്ക് പൂക്കളമിടാം…””..
ജയന്തി അവളുടെ മുറിയിലേക്ക് പോയി..ശരത്തും കുളിക്കാനായി പോയി..
അര മണിക്കൂറിനുള്ളിൽ തന്നെ രണ്ടാളും കുളികഴിഞ്ഞെത്തി…
ആദ്യം തന്നെ ശരത്ത് കോലുകൊണ്ട് മുറ്റത്തൊരു ചിത്രം വരച്ചു.. പിന്നെ രണ്ടാളും ചേർന്ന് അതിൽ പൂക്കളമിട്ട് തുടങ്ങി.. ഇഷ്ടം പോലെ പൂക്കളുണ്ടായിരുന്നത് കൊണ്ട് നന്നായിത്തന്നെ അവർ പൂക്കളമിട്ടു.. നാട്ടിലെ മഴയെ പറ്റിയും, ഗൾഫിലെ ചൂടിനെ പറ്റിയും രണ്ടാളും വാ തോരാതെ സംസാരിച്ച് കൊണ്ടാണ് പൂക്കളമിട്ടത്..
ശരത്ത് നല്ലൊരു ചെറുപ്പക്കാരനായതിൽ ജയന്തിക്ക് നല്ല സന്തോഷം തോന്നി.. നീലിമക്ക് പറ്റിയ ചെറുക്കനെ അവൾ തന്നെ കണ്ടെത്തിയതിൽ ആദ്യം ഇഷ്ടക്കേടുണ്ടായിരുന്നെങ്കിലും ശരത്തിന്റെ നല്ല പെരുമാറ്റം ജയന്തിയെ മാറ്റിച്ചിന്തിപ്പിച്ചു.. ഒരു മകനെപ്പോലെ ജയന്തി അവനെ സ്നേഹിച്ചു.. ശരത്തും സ്വന്തം അമ്മയെപ്പോലെയാണ് ജയന്തിയെ കണ്ടത്..
