ഇൻസ്‌പെക്ടർ അവരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എനിക്കാണേൽ എന്താണ് സംഭവിക്കുന്നത് എന്ന് ഒരെത്തുമ്പിടിയും കിട്ടിയില്ല.
ഞാൻ സത്യാവസ്ഥ പറയാൻ ശ്രെമിച്ചെങ്കിലും ആരും അത് കേൾക്കാൻ കൂട്ടാക്കിയില്ല. അഭിരാമിയെ നോക്കുമ്പോൾ കരഞ്ഞുകൊണ്ടാണെങ്കിലും അവളും എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
കുറച്ച് നേരത്തെ കാര്യമായ ചർച്ചക്ക് ശേഷം മൂവരും ഞങ്ങളെ നോക്കി.
അവളുടെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
അദ്ദേഹം അവളുടെ അടുത്തേക്ക് ചെന്നു. തൊട്ടടുത്ത നിമിഷം അവളുടെ കരണം പുകച്ചൊരടി കൊടുത്തു. അയാളെ 2 പോലീസുകാർ പിടിച്ചുമാറ്റി.
” അച്ഛനേം അമ്മേനേം നാണംകെടുത്തിയപ്പോൾ സമാധാനം ആയില്ലേടി… ”
അവൾക്ക് നേരെയൊന്ന് ചീറി അയാൾ എന്നെ ഒന്ന് നോക്കി.
ഇന്നലെ വീട്ടിൽ വന്നപ്പോൾ ഉണ്ടായിരുന്ന ഭാവമല്ല ആ മുഖത്ത്. കലിപ്പിച്ചോന്ന് നോക്കി അയാൾ അവിടന്ന് ഇറങ്ങിപ്പോയി.
അതുകൂടെ ആയതും അഭിരാമി വലിയ വായിൽ കരഞ്ഞുതുടങ്ങി.
“ശവം… കിട്ടിയത് കുറഞ്ഞുപോയി ഒരഞ്ചാറെണ്ണം കൂടെ കൊടുക്കായിരുന്നു…!”
ആ അവസ്ഥയിൽ നിക്കുമ്പോഴും മനസിലേക്ക് വന്നത് അതാണ്.
അച്ഛൻ എന്റടുത്തേക്ക് വന്നു.
“ഈശ്വരാ… ഇനി എനിക്കുള്ളത് തരാനാണോ….”
ഒന്ന് പകച്ചു. അച്ഛനോട് എല്ലാം തുറന്ന് പറയണം എന്ന് തോന്നി.
” അച്ഛാ…!… ”
പറയാൻ സമ്മതിച്ചില്ല. കയ്യുയർത്തി എന്റെ ശ്രമത്തെ തടഞ്ഞു. അതോടൊപ്പം എന്റെ നെറ്റിയിലെ മുറിവിലേക്ക് അച്ഛന്റെ കണ്ണൊന്ന് പാളിവീഴുന്നത് കണ്ടു. ആ മുഖമൊന്ന് വലിഞ്ഞുമുറുകി… പിന്നേ ശാന്തമായി.
” നടക്ക്…ചെന്ന് വണ്ടീ കേറ് ”
അച്ഛന്റെ ശബ്ദം… വല്ലാത്ത ഒരു ആത്നാശക്തി ഉണ്ടായിരുന്നു അതിന്.
എന്തുകൊണ്ടോ എന്റെ തലകുനിഞ്ഞുപോയി. പുറത്തേക്കിറങ്ങുമ്പോൾ സാരിത്തുമ്പ് കൊണ്ട് വായ പൊത്തിക്കരയുകയാണ് അമ്മ.
അത് കണ്ട് എന്റെ മനസ് പിടഞ്ഞു. ഞാനമ്മയുടെ അടുത്തേക്ക് നടന്നു. തലക്ക് കൊണ്ട അടിയുടെ കനം ഇപ്പോഴും മാറിയിട്ടില്ല.
ഞാൻ അടുത്തെത്തിയതും അമ്മ കരഞ്ഞുകൊണ്ട് കൈവീശിയെന്നെ അടിച്ചു.
” അമ്മേ….!.!” ഞാൻ ഞെട്ടലോടെ വിളിച്ചു.
” ഇനി നീയെന്നെയങ്ങനെ വിളിച്ചുപോകരുത്… നീയൊക്കെയൊരു മനുഷ്യനാണോ… നീയെന്റെ വയറ്റിൽത്തന്നെ വന്ന് പിറന്നല്ലോടാ….തുഫ്… ”
അമ്മ ആദ്യമായാണ് എന്നെ അടിക്കുന്നത്. പക്ഷേ അതിനേക്കാൾ എന്നെ വേദനിപ്പിച്ചത് അമ്മയുടെ വാക്കുകളാണ്. കണ്ണ് നിറഞ്ഞു.
അത് കവിളിലൂടെ ചാലിട്ടൊഴുകി.
ആരും ഞാൻ പറയുന്നത് കൂട്ടാക്കുന്നില്ല. ആരൊക്കെ മനസിലാക്കിയില്ലേലും എന്റെ അമ്മ എന്നെ മനസിലാക്കും എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ അമ്മയും എന്നെ മനസിലാക്കാൻ തയ്യാറായില്ല.
ഞാൻ കാറിൽ ചെന്ന് ഇരുന്നു. കണ്ണിലുരുണ്ട് കൂടിയ കണ്ണീരിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല. മനസ് കിടന്ന് പിടച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും വന്ന് വണ്ടിയിൽ കയറി. പിന്നാലെ അവളും.
അവളെന്തിന് ഞങ്ങളോടൊപ്പം… ചോദിക്കാൻ നിന്നില്ല. മനസ്സിൽ നിറഞ്ഞ ദേഷ്യം പല്ല് കടിച്ചമർത്തി ഒതുക്കി.
അമ്മയുടെയും അവളുടെയും ഏങ്ങലടികൾ കാറിൽ കേട്ടുകൊണ്ടിരുന്നു.
കാർ ചെന്ന് നിന്നത് ഒരു അമ്പലനടയിൽ ആണ്. അപ്പോൾ മാത്രമാണ് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെപ്പറ്റി ഞാൻ ചിന്തിക്കുന്നത്. എനിക്ക് അതൊരു ഞെട്ടലായിരുന്നു.
ഇവളെ എന്നെക്കൊണ്ട് കെട്ടിക്കാൻ പോകുവാണോ…!
അച്ഛനോട് എല്ലാം വിളിച്ച് പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷേ ആ മുഖത്തെ ഭാവം.. അത് കണ്ടപ്പോൾ ശബ്ദമുയർന്നില്ല.
അഭിരാമിയെ ഞാനൊന്ന് കലിപ്പിച്ച് നോക്കി. അവളുടെ മുഖത്തും ഒരു പകപ്പും ഞെട്ടലും ആയിരുന്നു.
ഹോ… എന്താ താടകയുടെ അഭിനയം.
അമ്മ… അമ്മയെ കാണുമ്പോൾ എന്റെ ചങ്ക് കലങ്ങുന്നുണ്ട്. കണ്ണൊക്കെ കരഞ്ഞ് വീർത്ത്…
ഞങ്ങൾ അകത്തേക്ക് കയറി. അച്ഛൻ അവിടെ പൂജാരിയോട് സംസാരിച്ച് നിൽപ്പുണ്ട്.
വാഴയിലക്കീറിൽ പൂജിച്ച മഞ്ഞച്ചരടുമായി അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്റെ ഹൃദയമിടിപ്പ് കൂടി. ഇറങ്ങി ഓടണം എന്ന് തോന്നി. പക്ഷേ പറ്റുന്നില്ല. ശരീരം തളരുന്നപോലെ. കാലുകൾക്ക് ബലമില്ലാത്തപോലെ.
