മെല്ലെ തന്റെ സായാഹ്‌ന കച്ചേരി തുടർന്നുകൊണ്ട് അയാൾ മുന്നോട്ട് നടന്ന് തൊട്ട് അടുത്ത് കണ്ട മറ്റൊരു തെരുവ് വിളക്കിന്റെ പ്രകാശത്തിന് കീഴിലേക്ക് നീങ്ങി നിന്ന് തന്റെ വീടിന്റെ ദിശയിലേക്ക് നോക്കി ആരെയോ കാത്ത് നിൽക്കാൻ തുടങ്ങി. അയാളുടെ ചുണ്ടിൽ
അപ്പോഴും പ്രാണസഖി അവ്യക്തമായി തത്തിക്കളിക്കുന്നുണ്ടായിരുന്നു.
അയാൾ പതിയെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അതിൽ നിന്നും ഒരു നംബർ തപ്പിയെടുത്ത് ആരെയോ വിളിച്ചു. കോൾ കണക്ട് ആയി എന്ന് തോന്നിയതും അയാൾ ഷൂവിന്റെ തുമ്പ് കൊണ്ട് തറയിൽ പടർന്നു നിന്ന പുല്ലുകളിൽ ഒന്നിനേ മെല്ലെ തട്ടിക്കൊണ്ട് ഉറക്കെ ചോദിച്ചു
ഹല്ല…സാറേ…..നേരം കുറേ….ആയല്ലോ….. സാറിത് എവിടെപ്പോയി കിടക്കുന്നു……
മറുതലയ്ക്ക നിന്ന് മറുപടി വന്നതിന്റെ സന്തോഷം ആ മുഖത്ത് പ്രകടമായിരുന്നു. കൊച്ചു കുട്ടികളേ പ്പോലെ താളത്തിൽ കാലുകൊണ്ട് പുല്ലിൽ തട്ടി അയാൾ തന്റെ സംസാരം തുടർന്നു.
ആണോ….. ആ…ഞാനിത്തിരി മുന്നോട്ടിങ്ങ് നടന്നു…..ഓ…..ശരി……ഓക്കെ…ഞാൻ ദേ…ഈ രണ്ടാമത്തെ സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിലുണ്ട്.
മറുപടി പറഞ്ഞ് ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് വച്ചുകൊണ്ട് അയാൾ വീണ്ടും പാതിയിൽ നിന്ന് പോയ തന്റെ പാട്ടിന്റെ പിന്നാലെ കൂടീ. സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു. അയാളുടെ മുകളിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ പറന്നു കളിക്കുന്ന അസംഖ്യം പ്രാണികളിൽ ചിലത് അയാളേ പരിചയപ്പെടാൻ എന്നവണ്ണം അയാളുടെ അടുത്തേക്ക് മെല്ലെ വിരുന്നു ചെന്നു. അവരേ തട്ടിക്കളഞ്ഞുകൊണ്ട് തനിക്കെതിരെ വയലേലകളിലേക്ക് പടർന്നു കിടക്കുന്ന ഇരുട്ടിലേക്ക് നോക്കിനിന്നു.
അങ്ങ് ദൂരെ റോഡിന്റെ മറുപുറത്ത് നിന്ന് ഒരു സ്കൂട്ടറിന്റെ അരണ്ട വെട്ടം കണ്ടതും അയാൾ ഒരൽപ്പം ആവേശത്തിലായി.
മ്….വരുന്നുണ്ടെന്ന് തോന്നുന്നു… അയാൾ മെല്ലെ ആത്മഗതം ചെയ്തിട്ട് പതിയെ റോഡിന്റെ മധ്യഭാഗത്തേക്ക് കയറി നിന്നു.
അപ്പോൾ ഒരു കറുത്ത ആക്ടീവാ സ്കൂട്ടറിൽ ഉലഹന്നാൻ അയാളുടെ മുന്നിൽ വന്നു ബ്രേക്കിട്ടു. അടുത്ത വർഷം റിട്ടയർ ആകുന്ന ഉലഹന്നാൻ സഹദേവന് ജേഷ്ഠ സഹോദരനേ പോലെയാണ്. സഹദേവന് മാത്രമല്ല ഓഫീസിൽ ഏതാണ്ട് എല്ലാവർക്കും അങ്ങനെ തന്നെയാണ്.
ഹ…വീട്ടിൽ നിന്നാൽ പോരായിരുന്നോ….ഞാൻ വീട്ടിൽ കയറിയപ്പോൾ സുഭദ്രയാ പറഞ്ഞത് ,താൻ മുൻപോട്ട് നടന്നെന്ന്. വാ… കയറ്… സമയം പോയി.
രാത്രിയുടെ കോലാഹലങളേ വിറപ്പിച്ചുകൊണ്ട് ഒരു അരണ്ട ശബ്ദത്തിൽ ഞരങ്ങിയ തന്റെ ആക്ടീവയുടെ ആക്സിലേറ്ററിൽ ഒന്ന് പിടിച്ച് തിരിച്ച് ഇരപ്പിച്ച് ആ ശബ്ദത്തിനേ മറി കടക്കാൻ എന്നോണം തന്റെ നരച്ച മീശ പറപ്പിച്ച് കൊണ്ട് ഉലഹെന്നാൻ ഒരൽപ്പം ഉറക്കെ വിളിച്ച് ചോദിച്ചു.
എന്നിട്ട് മെല്ലെ ഒരൽപ്പം മുന്നോട്ട് നീങ്ങി സഹദേവന് ഇരിക്കാൻ സ്ഥലമൊരുക്കി. സമയം കളയാതെ സഹദേവൻ ആക്ടീവയുടെ പിന്നിലേക്ക് കയറിയിരുന്നു.
അതേ.. കുപ്പി കിട്ടിയോ?
അതൊക്കെ അപ്പോഴേ ഒപ്പിച്ചു.
മ്…സൂപ്പർ, അപ്പോൾ പിന്നേം കത്തിച്ച് വിട്ടോ….സാറേ….. സഹദേവൻ കാൽ രണ്ടും പൊക്കി ഫൂട്ട് റസ്റ്റിലേക്ക് വച്ച് ഒന്ന് ഞെളിഞ്ഞിരുന്നു.
ഉലഹന്നാൻ പതിയെ ആക്ടീവ മുന്നോട്ടെടുത്തു. അമിതഭാരം വലിക്കുന്നതിന്റെ പരിഭവം ഒരു ഉയർന്ന കരച്ചിൽ പോൽ പ്രകടിപ്പിച്ചു കൊണ്ട് ആക്ടീവ പതിയെ ചലിച്ച് തുടങ്ങി.
അതേ, സാറിന്റെ ഈ ശകടം നമ്മളേ രണ്ടുപേരേം കൂടെ താങ്ങുമോ?
മ്….. ഈ വയസൻമാരേ അങ്ങനെ നിസ്സാരരായി കാണേണ്ട. പാമ്പും പഴയതാ നല്ലത് എന്നൊരു ചൊല്ലുണ്ട്.
അതുപറഞ്ഞ് അയാൾ ഉറക്കെ ചിരിച്ചു.
മ്….അതു ശരിയാ…….
ഞാൻ പറഞ്ഞതല്ലേ എന്റെ വണ്ടി എടുക്കാമെന്ന്? അപ്പോ സാറിനാ നിർബന്ധം.
ഓ…അതു….സാരമില്ല, ….. ഞാൻ സ്വന്തമായി വാങ്ങിയ ആദ്യ വണ്ടിയാ. പെങ്ങമ്മാരേ കെട്ടിച്ചതും, വീടുണ്ടാക്കിയതും ഒക്കെ കഴിഞ്ഞ് സ്വന്തമായി എനിക്ക് എന്റേതെന്ന് പറഞ്ഞ് ഞാൻ വാങ്ങിയ ഏക വസ്തു. ഇവന്റെ പുറത്തിരിക്കുമ്പോ എനിക്ക് വല്ലാത്ത ഒരു പോസിറ്റീവ് എനർജിയാ, അതുകൊണ്ടല്ലേ പിള്ളാരൊക്കെ എത്ര കളിയാക്കിയിട്ടും ഞാനിവനേ വിടാത്തത്. ഒറ്റയ്ക്ക് യാത്ര ചെയ്യാനാകും വരെ ഇവന്റെ പുറത്തിങ്ങനെ പോകണമെന്നാണ്….. എന്റെ ഒരു ഇത്.
