കൂടുമ്പോൾ ഇമ്പം 1
[ Irul Mashi ]
ജംഗ്ഷനിൽ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കും വഴി സ്വാതിയുടെ മനസ്സിൽ പല ചിന്തകൾ കടന്ന് കൂടി, ‘വയസ് ഇരുപത്തിയഞ്ച് കഴിഞ്ഞു, ഇതുവരെ പി എസ് സി പഠിക്കാൻ ഇറങ്ങിയിട്ട് ഒരു ലിസ്റ്റിൽ പോലും വരുന്നതുമില്ല, ഇനി വീട്ടുക്കാർ ആരുടെയെങ്കിലും തലയിൽ പിടിച്ചു വെയ്ക്കുമോ എന്തോ… അച്ഛൻ ആണെങ്കിൽ പറയണ്ട, ആകെ ഉള്ളൊരു ആശ്വാസം അവരുടെ പൈസക്ക് അല്ല പഠിക്കുന്നത് എന്നത് ആണ്, അല്ല അച്ഛനോട് ചോദിച്ചാലും തരാൻ ഒന്നും പോകുന്നില്ല, പിന്നെന്തിനാണ് ചോദിക്കാൻ നിൽക്കുന്നത്…എല്ലാം കൂടി ആലോചിച്ചിട്ട് പ്രാന്ത് പിടിക്കുന്നു…’
“മക്കളെ ലത അവിടെ ഇല്ലേ…?” പുറകിൽ നിന്ന് കേട്ട ചോദ്യത്തിൽ അവൾ ചിന്തയിൽ നിന്ന് ഉണർന്നു.
ആരാ ഇതിപ്പോ എന്ന് നോക്കാൻ അവൾ പെട്ടെന്ന് തിരിഞ്ഞ് നോക്കി. തൊഴിലുറപ്പ് കഴിഞ്ഞ് പോകുന്ന രാധമാമി.
“എന്തോ മാമി ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്നു.” അവൾ പറഞ്ഞു.
“ഇന്ന് പണിക്ക് വന്നില്ല അവൾ അതോണ്ട് ചോദിച്ചത്…” അവർ അതും പറഞ്ഞ് നടന്ന് പോയി.
സ്വാതിയും തിരിഞ്ഞ് തന്റെ വീട് ലക്ഷ്യമാക്കി നടന്നു. അവൾ വീണ്ടും ഓരോന്ന് ആലോചിച്ചു തുടങ്ങിയപ്പോഴേക്കും മുക്ക് കഴിഞ്ഞ് തന്റെ വീടിന്റെ മുന്നിൽ എത്തിയിരുന്നു.
അകത്തേക്ക് കേറുമ്പോൾ തന്നെ അടുക്കളയിൽ നിന്ന് അമ്മയുടെ അലപ്പ് അവൾ കേട്ടു. അതൊന്നും ശ്രദ്ധിക്കാതെ അവൾ നടന്ന് മുറിയിലേക്ക് പോയി.
“…അല്ലെങ്കിലും ഞാൻ ഇവിടെ ഒരുത്തി കിടന്ന് ഇങ്ങനെ പട്ടിയെ പോലെ പണിയെടുത്താൽ മതിയല്ലോ… ഞാൻ ഇവിടെ കിടന്ന് ചത്താലും മക്കൾക്കും തന്തക്കും ഒന്നുമില്ല… അല്ലെങ്കിൽ ഒരു പെൺകൊച്ചു ഉള്ള വീടാണ്, തള്ളക്ക് എന്തെങ്കിലും ഒരു സഹായം ചെയ്യാം എന്നൊന്നുമില്ല, അവൾ കാലത്തെ ഇറങ്ങും പഠിപ്പിക്കാനും പഠിക്കാനും എന്നൊക്കെ പറഞ്ഞ്, എന്നിട്ട് വല്ല പ്രയോജനവും ഉണ്ടാന്ന് ചോദിച്ചാൽ ഏ ഹേ ഞാൻ ഇതുവരെ കണ്ടിട്ടില്ല… പെണ്ണേ ചോതി… നീ അവിടെ എന്ത് എടുക്കേണ്, വന്നയുടനെ കേറി ഫോണും കുത്തി കിടക്കുന്നായിരിക്കും തമ്പ്രാട്ടി… ഇങ്ങോട്ട് വാടി…” അമ്മയുടെ അലപ്പ് കേൾക്കാൻ വയ്യാതെ സ്വാതി പതിയെ അടുക്കളയിലേക്ക് ചെന്നു.
“എന്തിനു തള്ളേ ഇങ്ങനെ കിടന്ന് അലെയ്ക്കണ… ഞാൻ ഇങ്ങോട്ട് വന്ന് കേറിയത് അല്ലേ ഉള്ളൂ…” സ്വാതി അല്പം ദേഷ്യത്തോടെ പറഞ്ഞു.
“എടീ, ട്രുണ്ടുമണിക്ക് തോല് ഓടിക്കാൻ പോയിട്ട് വന്നപ്പോൾ ജനലിൽ കൂടി എങ്ങാണ്ട് പൂച്ച കേറി മീൻകറി മുഴുവൻ തിന്നെടി… ഇനി വേറെ മീൻ പോലും ഇല്ല, വല്ല മോര് എങ്ങാനും കാച്ചി ചോറ് തിന്നാം, ഞാനും തിന്നില്ല, മണി നാല് ആയില്ലേ… നീ അത് ഒന്ന് അടുപ്പിലോട്ട് വെച്ചാണ്…”
സ്വാതി പിന്നെ ഒന്നും മിണ്ടാതെ കറി അടുപ്പത്തു വെച്ചു, ഉച്ചക്ക് അവളും ഒന്നും കഴിച്ചിരുന്നില്ല. കറി ആയ ഉടനെ രണ്ട് പേരും അടുക്കളയിൽ ഇരുന്ന് ചോറ് കഴിച്ച് തുടങ്ങി.
“എന്റെ കൊച്ച് വല്ലതും കഴിച്ചോ എന്തോ…” ലത സ്വയം പറയുന്നത് കേട്ട് സ്വാതി അമ്മയുടെ മുഖത്തേക്ക് നോക്കി.
“അല്ലേലും അവർക്ക് അവരുടെ മോന്റെ കാര്യം അന്വേഷിക്കാൻ എന്തൊരു ഓർമ്മ, നമ്മൾ വല്ലതും കഴിച്ചാലും ഇല്ലേലും ഇവിടെ ആർക്കും ഒരു
പരാതിയുമില്ല…” സ്വാതി മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.
“എന്റെ കൊച്ചിന് എന്നോടു സ്നേഹം ഉള്ളത് കൊണ്ട് ഞാനും ഇത്തി സ്നേഹം കൂടുതൽ കാണിക്കും, അല്ലേലും നിന്നെ ഒക്കെ കെട്ടിച്ചു വിട്ടാൽ പിന്നെ എന്നെ നോക്കാൻ എന്റെ ചെറുക്കൻ അല്ലേ ഉള്ളൂ… നീയും നിന്റെ തന്തേം ഒക്കെ കണക്കാ…” ലത പറഞ്ഞു നിർത്തി.
സാധാരണ നാട്ടിൻപുറങ്ങളിലെ വീടുകളിലെ പോലെ തന്നെ ഒരു മകനും മകളും ഉള്ളയിടത്ത് മകനോട് അല്പം സ്നേഹം കൂടുതൽ തന്നെയായിരുന്നു അവിടെയും. അതൊക്കെ കാണുമ്പോൾ സ്വാതിക്ക് ഇടക്ക് നല്ല ദേഷ്യം വരും എന്നാലും ഒന്നും മിണ്ടാതെ ഇരിക്കാനേ നിവർത്തി ഉള്ളൂ, അല്ലെങ്കിൽ വല്ലതും പറഞ്ഞ് തർക്കം തുടങ്ങിയാൽ ചെവി കേൾക്കാൻ പറ്റില്ല.
