അജ്ഞാതന്‍റെ കത്ത് – 3

” അരവി കം ഫാസ്റ്റ് “

ഞാൻ അരവിയെ കൂട്ടി ഏഴാം ഫ്ലോർ ലക്ഷ്യം വെച്ച് ഓടി.സജീവ് ആത്മഹത്യ ചെയ്തതല്ല എന്ന ഒരു തോന്നൽ എനിക്കു ഉണ്ടായിരുന്നു. അങ്ങനെ ചെയ്യാൻ അയാൾ തീരുമാനിച്ചിരുന്നെങ്കിൽ ഒരിക്കലും അയാൾ ആ മെസ്സേജ് അയക്കില്ലായിരുന്നു. എന്തിനേയോ അയാൾ ഭയപ്പെട്ടിരുന്നു.
ലിഫ്റ്റ് തൊട്ടു മുന്നേ മുകളിലേക്ക് പോയതിനാൽ ഞങ്ങൾക്ക് ഏഴാം നില വരെ ഓടിക്കയറുകയേ നിവൃത്തിയുണ്ടായുള്ളൂ. മുകളിലെത്തിയ ഞങ്ങൾ രണ്ട് പേരും പട്ടിയെ പോലെ അണച്ചു തുടങ്ങി.
കോറീഡോറിനവസാനത്തെ റൂമായിരുന്നു 307. അപ്പോ ഞങ്ങളെ പോലെ വേറെയും ചിലർ അവിടെത്തി . കോളിംഗ് ബെല്ലടിക്കാൻ നിൽക്കാതെ ഡോർ ഹാൻഡിലിൽ പിടിക്കാനാഞ്ഞ എന്നെ അരവിന്ദ് വിലക്കി,പോക്കറ്റിലെ കർച്ചീഫെടുത്തു ഹാൻഡിൽ തിരിച്ചപ്പോഴേക്കും ഡോർ തുറന്നു.
ഞാൻ മൊബൈൽ ക്യാമറ ഓൺ ചെയ്തു മുറിയുടെ ഓരോ ഭാഗവും ഒപ്പി.ടേബിളിൽ പാതിയായ മദ്യവും ഗ്ലാസും കുറച്ച് ചിപ്സും. മീതെ കറങ്ങുന്ന ഫാൻ. ടിവിയിൽ ന്യൂസ് ചാനൽ ഓടുന്നു.സെറ്റിയിൽ അഴിച്ചിട്ട മുഷിഞ്ഞ വസ്ത്രങ്ങൾ. വലിച്ച സിഗരറ്റു ചാരം ആഷ്ട്രേ കവിഞ്ഞ് ടീപ്പോയ്മേലും വീണിരുന്നു. കുത്തിയണച്ച ഒരു സിഗരറ്റിന്റെ കുറ്റി തറയിൽ കിടന്നു. അടിച്ചു വൃത്തിയാക്കാതെ ഇട്ടതിന്റെ പൊടികൾ മുറിയിൽ നിറയെ. വെയ്സ്റ്റ് ബാസ്ക്കറ്റ് നിറയെ ഇന്ത്യകിംഗ്സിന്റെ (സിഗരറ്റിന്റെ) പാക്കറ്റുകൾ .ഫ്രിഡ്ജിന്റെ മീതെ ചെറിയ വിരലിനത്ര വരുന്ന കുപ്പിയിൽ എന്തോ ദ്രാവകം അടുത്ത് തന്നെ സിറിഞ്ചും നീഡിലും.തീർത്ഥത്തിൽ നിന്നും കിട്ടിയ സൈസ് വ്യത്യാസമുള്ള ചെറിയ സിറിഞ്ച് .
ടോയ്‌ലറ്റിൽ വെള്ളം വീഴുന്ന ശബ്ദം, അരവി പതിയെ ഡോർ തള്ളിത്തുറന്നു, തൊട്ടു മുന്നേ ഉപയോഗിച്ചത് പോലെ അതിന്റെ ഫ്ലഷ് ടാങ്കിൽ വെള്ളം നിറയുന്നുണ്ടായിരുന്നു. ഞാനാ ടോയ്ലറ്റ് മൊത്തം പിടിച്ചു.
ബാൽക്കണ്ണിയിൽ അരയാൾ പൊക്കത്തിൽ സ്റ്റീൽ കമ്പി കെട്ടിയിട്ടുണ്ട്. അവിടെയും ഒരു സിഗരറ്റ് കുറ്റി.
പുറത്ത് ബൂട്ടുകളുടെ ശബ്ദം.
അരവി കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു.തുടർന്ന് പോക്കറ്റിൽ നിന്നും ഐഡി കാർഡെടുത്ത് കഴുത്തിലിട്ടു.രണ്ട് പോലീസുകാർക്കൊപ്പം താഴെ ഉണ്ടായിരുന്ന ഫ്ലാറ്റിലെ താമസക്കാരാണെന്നു തോന്നുന്ന ചിലരും അവിടേക്ക് വന്നു.കൂടെ താഴെ വെച്ച് എന്നോട് സംസാരിച്ച മനുഷ്യനുമുണ്ടായിരുന്നു.
ഫോണിൽ വീഡിയോ എടുക്കുന്നത് കണ്ടിട്ടാവും

” നിങ്ങളാരാ?”
അവയിൽ ഒരു പോലീസുകാരൻ ചോദിച്ചു.

“സർ ഞങ്ങൾ വിഷൻ മീഡിയാ റിപ്പോർട്ടേഴ്സാ. ന്യൂസ് കവർ ചെയ്യാൻ വന്നതാ “

“മരണപ്പെട്ടയാൾ ആത്മഹത്യ ചെയ്യുന്നതിന് മുന്നേ നിന്നോട് വിളിച്ച് പറഞ്ഞിട്ടാണോ താഴോട്ട് ചാടിയത്? കറക്ട് ടൈമിംഗാണല്ലോ”

പരിഹാസം കലർന്നിരുന്നു അയാളുടെ സംസാരത്തിൽ.അരവിയുടെ കഴുത്തിലെ ഐഡി കാർഡിലേക്കയാൾ സൂക്ഷ്മമായി നോക്കുന്നുണ്ടായിരുന്നു.

“ആരാ മുറിയിൽ ആദ്യം കയറിയത്.”

“ഞങ്ങളാ സാർ”

ഞാൻ പറഞ്ഞു.

” ഉം…… എല്ലാരും വെളിയിൽ പോയേ “

പോലീസുകാരന്റെ നിർദ്ദേശ പ്രകാരം ഞങ്ങൾ പുറത്തിറങ്ങിയ അതേ സമയം തന്നെയാണ് ജോണ്ടിയുടെ കോൾ വന്നത്.

” മേഡം പെട്ടന്ന് താഴെ വരണം,… “

ഫോൺ കട്ടായി .ജോണ്ടി എന്തോ കണ്ട് ഭയന്നിട്ടുണ്ട്. അവന്റെ സ്വരം മാറിയിരുന്നു. പോലീസ് വന്ന സ്ഥിതിക്ക് ഫ്ലാറ്റിനുള്ളിൽ പ്രത്യേകിച്ചിനി ജോലിയൊന്നുമില്ല എന്നറിയാവുന്നതിനാൽ ഞങ്ങൾ എത്രയും വേഗം ജോണ്ടിയുടെ അടുത്തെത്തി.

“ചേച്ചി വൈറ്റ് സ്ക്കോഡ “

“എവിടെ?”

“ഞാൻ ചേച്ചിയെ വിളിച്ചപ്പോൾ അത് ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. അതിലൊരു പർദ്ദയിട്ട സ്ത്രീയാ ഉണ്ടായിരുന്നത്. ഞാൻ നമ്പർ നോട്ട് ചെയ്തിട്ടുണ്ട്. “

കൈവെള്ളയിലെഴുതി നമ്പറവൻ കാണിച്ചു.
KA 05 AE 5..
കർണാടക റജിസ്ട്രേഷൻ.
അരവിയും ജോണ്ടിയും സജീവ് മരിച്ചു കിടക്കുന്നതിനടുത്തേക്ക് നീങ്ങി.ഞാൻ സാമുവേൽ സാറിനെ വിളിച്ചു.

“ഹലോ…..”

“എന്താണ് വേദ ഈ സമയത്ത് ?”

“സാറിപ്പോ എവിടെയാ?”
“ഞാൻ വീട്ടിലുണ്ടെടോ…. എന്താ കാര്യം”

“എനിക്ക് സാറിനെ കാണണം. കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.”

“താൻ വാടോ.താൻ വന്നിട്ട് ഇന്നലെ കണ്ടില്ലെന്ന് മേരി പരാതിയും പറഞ്ഞു. നീയിപ്പോ എവിടെ “

” ഞാൻ ആലുവയിലാണ്. ബാക്കി വന്നിട്ട് പറയാം.”

ഞങ്ങളവിടുന്നിറങ്ങാൻ നേരം റിപ്പോർട്ടർ സാബുവും,റോഷനും തിടുക്കത്തിൽ ന്യൂസ് കവർ ചെയ്യാൻ തുടങ്ങി.

സുനിതയോട് ലേറ്റാവുമെന്ന് വിളിച്ചു പറഞ്ഞപ്പോഴും എന്റെ ജീവിതത്തിലെ മറ്റൊരദ്ധ്യായത്തിലേക്കുള്ള യാത്രയാണിതെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. ഞാനായിരുന്നു ഡ്രൈവ് ചെയ്തത്.ജോണ്ടിയേയും അരവിയെയും സ്റ്റുഡിയോയിൽ വിട്ട് ഞാൻ നേരെ സാമുവേൽ സാറിന്റെ വീട് ലക്ഷ്യം വെച്ച് നീങ്ങി.അരവി വരാമെന്ന് പല തവണ പറഞ്ഞിട്ടും വേണ്ടായെന്ന് പറഞ്ഞ് ഒഴിവാക്കിയതെന്തിനാണെന്ന് തിരിച്ചറിയുന്നില്ല.
വല്ലാത്ത ദാഹം ഇടയ്ക്ക് കാർ നിർത്തി ഒരു കടയിൽ കയറി ഒരു ബോട്ടിൽ വെള്ളം വാങ്ങി തിരിച്ചു വന്നു വീണ്ടും യാത്ര തുടർന്നു.

ചെവിക്കു പിന്നിൽ കഴുത്തിൽ ഒരു തണുപ്പ് ലോഹക്കുഴൽ പോലെ.ഇടതു കൈയാൽ ഞാനത് തൊട്ടു നോക്കി.അതൊരു പിസ്റ്റളാണെന്നു തിരിച്ചറിയും മുന്നേ

” ഞാൻ പറയുന്നതിനനുസരിച്ച് ഇനി കാർ മുന്നോട്ട് പോവണം”

കുപ്പിച്ചില്ലുപോലെ ചെവിയിൽ ഒരു പെൺ സ്വരം പതിഞ്ഞിരുന്നു. ശത്രുവിന്റെ സ്വരം

ഭയം കണ്ണുകളിലേക്ക് കുടിയേറി

” പിന്നോട്ട് നോക്കണ്ട. സ്ട്രൈറ്റ് and ഫസ്റ്റ് റൈറ്റ്. “

തൃപ്പുണിത്തുറ റെയിൽവേ സ്റ്റേഷൻ റോഡ്, രക്ഷപ്പെടാൻ ഒരു പഴുതുമില്ല. ഒരു ട്രെയിൻ വരുന്ന ശബ്ദം കേൾക്കാം. പിന്നിൽ എത്ര പേരുണ്ടെന്നു വ്യക്തമല്ല. സ്റ്റേഷൻ പരിസരത്തൊന്നും ഒരൊറ്റ മനുഷ്യനില്ല. വണ്ടി ഞാൻ നിർത്തി.

“നിർത്തരുത് നേരെ പോകണം.”

” ഞാൻ നിർത്തിയതല്ല, ഓഫായതാണ്. സ്റ്റാർട്ടാവുന്നില്ല, “

ശബ്ദത്തിൽ വല്ലാത്ത എളിമ കലർത്തി ഞാൻ പറഞ്ഞപ്പോഴും നെഞ്ച് ഭയം കൊണ്ട് പടപടാ മിടിക്കുകയായിരുന്നു.
പിന്നിലിരിക്കുന്ന സ്ത്രീയുടെ മുഖം കാണാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല.അവർ പല തരത്തിൽ വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു കൊണ്ടേ ഇരുന്നു.
ഞാനവയെല്ലാം ചെയ്തു നോക്കുന്നതായി നടിച്ചു. എന്റെ പിൻകഴുത്തിലെ തണുപ്പ് മാറി. അതായത് അവർ വണ്ടി എങ്ങനെ സ്റ്റാർട്ടാക്കിക്കാം എന്ന ചിന്തയിലേക്കെത്തിയെന്നു സാരം.
എങ്ങനെയും ജീവൻ രക്ഷിക്കണം, എന്നോ ശരിയാക്കിയിട്ടും വീട്ടിലെടുത്തു വെക്കാൻ മറന്ന സോഡാ മേക്കറിന്റെ സിലിണ്ടർ വെള്ളക്കുപ്പിക്കൊപ്പം സൈഡിൽ. പിന്നിൽ ഒരാളു മാത്രമേ ഉള്ളൂ എന്ന് കുറച്ചു നേരം കൊണ്ട് എനിക്കുറപ്പായി.

” കീ ഊരി വീണ്ടും ഇട്ട് ഒന്നുകൂടി സ്റ്റാർട്ട് ചെയ്തു നോക്കൂ “

Leave a Reply

Your email address will not be published. Required fields are marked *