നാട്ടിൻ പുറ ശുദ്ധമനസ്സായ ആ സ്ത്രിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ വീണ്ടും ഇരുട്ടിലാണ് തപ്പുന്നതെന്ന ബോധമുണ്ടായിരുന്നു.
” നിനക്ക് ഈ വീക്ക് ഷോ ഉള്ളതല്ലേ വേദാ?”
“ഉം “
ഞാൻ മൂളി
” ഈ വീക്ക് കുര്യച്ചൻ കൊന്നു എന്നു പറയപ്പെടുന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ പ്രോഗ്രാമാണ്.പിന്നെ നാളെ എന്നത് ഇന്നവസാനിച്ചെങ്കിൽ മാത്രമല്ലേ “
പറഞ്ഞു തീരും മുന്നേ അരവിയുടെ ഫോൺ റിംഗ് ചെയ്തു.
“സ്വാതിയാണ്”
എന്നും പറഞ്ഞ് അരവി ഫോണെടുത്തു.
” അവൻ ചിറ്റൂരുണ്ട് നമ്മളോടതു വഴി ചെല്ലാൻ.”
അരവിന്ദ് കോൾ കട്ട് ചെയ്ത ശേഷം പറഞ്ഞു. എനിക്കെന്തോ ഉത്സാഹം കെട്ടിരുന്നു. ഞാൻ ജോണ്ടിയുടെ ക്യാമറ വാങ്ങി വെറുതെ അതിലെ വീഡിയോസ് നോക്കി.ആ കാലുകളെ പറ്റിയായി ചിന്ത.ടേബിളിലിരിക്കുന്ന ന്യൂസ് പേപ്പർ സൂം ചെയ്തു.മാതൃഭൂമി. തിയ്യതി കാണാൻ പറ്റുന്നില്ല രണ്ടായി മടക്കിയ ആ പത്രത്തിലെ ഹെഡിംഗ് ഞാൻ വായിച്ചു.
‘ഹൃദയം കവർന്ന്.’
വലതു കൈയുയർത്തി അഭിവാദ്യം ചെയ്യുന്ന മോദിയുടെ ചിത്രം. പിന്നെ ഇലക്ഷൻ റിസൽട്ട്.
ഈ വാർത്ത ഇന്നലെത്തെ പത്രത്തിലെ വാർത്തയല്ലേ? ഞാനതേ പറ്റി അരവിയോട് പറഞ്ഞു.
” അരവി അത് ഇന്നലെത്തെ പത്രമാണ്”
” ആയിരിക്കാം ആ വീട്ടിൽ ആളുണ്ടെന്ന് ബോധ്യമായതല്ലെ പിന്നെന്താ?”
അവനോടിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
ഞാൻ കൈയെത്തിച്ച് അവന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു. അതിൽ സജീവ് എന്ന് സേവ് ചെയ്ത നമ്പർ ഡയൽ ചെയ്തു. സ്വിച്ച്ഡോഫ് തന്നെ .
“നിനക്ക് പിന്നിൽ മരണമുണ്ട്, ആവശ്യമുണ്ടെങ്കിൽ ജീവൻ അപകടത്തിലാണെന്ന് നിനക്ക് ബോധ്യമാവുമ്പോൾ മാത്രം ഈ നമ്പറിൽ വിളിക്കുക”
എന്നൊരു മെസ്സേജയച്ചു. മെസ്സേജ് ഡെലിവേർഡായതിന്റെ മെസ്സേജ് ഫോണിൽ തിരിച്ച് വന്നു.
” അരവി സജീവിന്റെ ഫോൺസ്വിച്ചോഫല്ല “
“പിന്നെ?”
” സജീവ് സ്വിച്ചോഫായ മറ്റേതെങ്കിലും നമ്പറിലേക്ക് കോൾ ഡൈവേർട്ടിംഗ് പോലെ എന്തോ ഫോണിൽ ചെയ്തു വെച്ചിട്ടുണ്ട്. “
” അത് നിനക്കെങ്ങനെ മനസിലായി?”
“ഫോൺ ഓൺ ചെയ്യുമ്പോൾ നിനക്ക് ഡെലിവേർഡ് മെസേജ് വരുമല്ലോ എന്നോർത്താണ് ഞാനാ നമ്പറിലേക്ക് മെസ്സേജിട്ടത്. നമുക്കപ്പോൾ സജീവിനെ കോൺഡാക്ട് ചെയ്യാലോ എന്നോർത്ത്. പക്ഷേ ഇതിപ്പോ …..”
ഫോൺ തിരികെ ഞാനവന്റെ പോക്കറ്റിലേക്കിട്ടു. എവിടെയോ കുരുക്കുകൾ അഴിയുന്നുണ്ടെന്നൊരു തോന്നൽ.
“നമ്മുടെ സഹായം ആവശ്യമാണെങ്കിൽ സജീവ് വിളിക്കും. എന്റെ മനസങ്ങനെ പറയുന്നു.”
പറഞ്ഞു കൊണ്ടിരിക്കേ അരവിയുടെ ഫോൺ ശബ്ദിച്ചു. ഡ്രൈവ് ചെയ്തു കൊണ്ട് തന്നെ അവൻ ഫോണെടുത്തു അതിൽസജീവ് കോളിംഗ് എന്ന് ഫോണിൽ തെളിഞ്ഞു.
“വേദ സജീവ് വിളിക്കുന്നു. നീ എടുക്ക് “
അരവി ഫോണെനിക്ക് നേരെ നീട്ടി.
” വേണ്ട നീയെടുക്ക് അതാണ് ബെറ്റർ”
ഞാൻ പറഞ്ഞു .അരവി വണ്ടിയൊതുക്കി ഫോൺ അറ്റണ്ട് ചെയ്തു.
“ഹലോ ……
…………
“ഹലോ……
ലൗഡ് സ്പീക്കറിലിടാൻ ഞാനവന് ആഗ്യം കാണിച്ചു.അരവി ലൗഡിലേക്ക് മാറ്റി.
“സജീവ് അല്ലേ?”
മറുവശത്ത് നിന്നും കന്നടയിലായിരുന്നു മറുപടി
“നീവ് യാരു ?”
അറിയാവുന്ന കന്നഡ അരവിയും പുറത്തെടുത്തു.
“ഇതു സജീവ് അല്വാ?”
“ആവ്തു സജീവ് ?”
“തീർത്ഥം ലാബ് സജീവ് ?”
“അല്ല, നീവ് യാരു….?”
“തീർത്ഥ നീം ഹുഡുഗ അല്വാ…?”
“അല്ല.”
“ഈ നമ്പർ എല്ലീന്തു സിഖിത്തു….?”
(ഈ നമ്പർ എവിടുന്നു കിട്ടി?)
“ഈ മൊബെയിൽ നൻക് ബിദ്ദി സിക്കിതു.. “
“നീവു ഈക തൊന്തരയല്ലിയിദേ, നീവ് ഈക എല്ലി ഇദിരാ , നിം പത്നി മത്തേ ഹുഡുകയിദു ജാവിനാവു തൊന്തരയല്ലിയിദേ., ”
( നിങ്ങൾ അപകടത്തിലാണ്, നിങ്ങളെവിടെയാണ്? നിങ്ങളുടെ ഭാര്യയുടേയും കുഞ്ഞിന്റേയും ജീവൻ അപകടത്തിലാണ് )
മറുവശത്ത് വീണ്ടും ശബ്ദമില്ല
“ഹലോ……. ഹലോ……. “
” ആരാ വിളിച്ചത്?”
മറുവശത്ത് ഒരു മലയാളി സ്ത്രീ സ്വരം. പെട്ടന്ന് കോൾ ഡിസ്കണക്റ്റായി.
” അരവി അത് സജീവ് തന്നെയാണ് . ഞാനയച്ച മെസ്സേജ് മലയാളത്തിലാ അത് വായിച്ചിട്ടാ അയാൾ തിരിച്ച് വിളിച്ചത്. നമുക്ക് എന്താ ചെയ്യാൻ കഴിയുക? ലൊക്കേഷൻ ട്രെയ്യ്സെയ്താലോ”
