അമലൂട്ടനും അനുക്കുട്ടിയും – 1

മിഠായ് തെരുവൊരു ബീവി
സൽക്കാര മിടുക്കുള്ള ബീവി
മീഞ്ചന്ത വഴിക്കൊന്ന് കേറീ മൊഞ്ചുള്ള നടക്കാവ് താണ്ടി
പുതിയാപ്പ ബീച്ചില് കേട്ടോ ബാബൂക്ക പാടണ പാട്ട്
കല്ലായ് വീശണ കാറ്റിള്ളോ സന്തോയം പൂക്കണ ചൂര്
അങ്ങട് തട്ടി ഇങ്ങട് തട്ടി തമ്മില് തമ്മിൽ പുഞ്ചിരി കൂട്ടി
എല്ലാരുമിവിടൊരു കൂട് പത്തിരിചുട്ട് ഒപ്പന തട്ടി ഇത്തിരി മുക്കിൽ നമ്മള് കൂടി ഒന്നായിട്ടിരിക്കണ നാട്
ബാപ്പോ…. മുത്താണ് ഞമ്മട കോയ്ക്കോട്

പ്രദീപേട്ടൻ പാടി തീർത്തതും എറണാകുളം വിടുന്നതിലുള്ള എൻ്റെ സങ്കടം പാടെ മാറി ഞാൻ ചിരിക്കുവാൻ തുടങ്ങി

എൻ്റെ ചിരി കണ്ട് പ്രദീപേട്ടൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു

മോനെ എനിക്ക് ഇപ്പോൾ 42 വയസ്സുണ്ട് ഇക്കാലമത്രയും ഞാൻ ജീവിച്ചത് ഈ കോയ്ക്കോട്ടാണ് അത്കൊണ്ട് മോനൊന്നുകൊണ്ടും പേടിക്കണ്ട
സ്നേഹിക്കാൻ മാത്രമറിയാവുന്നവരാണ് കോയ്ക്കോട്ടുകാർ,
കോയ്ക്കോട്ടുകാരുടെ സ്നേഹം എന്താണെന്ന് മോന് മനസ്സിലാവും…..

പിന്നെ കോയ്ക്കോടെന്ന് പറഞ്ഞാൽ സുലൈമാനിക്ക് പ്രസിദ്ധമാണ് കോയ്ക്കോട്ട് നിന്നും സുലൈമാനി കുടിച്ചിട്ട് മോൻ ലോകത്ത് വേറെ എവിടെ ചെന്ന് കുടിച്ചാലും അതിൻ്റെ ടേസ്റ്റ് കിട്ടില്ല കാരണം ഞങ്ങളാ സുലൈമാനിയിൽ സ്നേഹവും കൂടി ചേർത്താണ് നൽകുന്നത്

പലതരത്തിലുള്ള വ്യത്യസ്തമായ പലഹാരങ്ങളും നല്ല കോയ്ക്കോടൻ ഹൽവയും കുലുക്കി സർബത്തും കുൽഫിയും നല്ല കോയ്ക്കോടൻ ദം ബിരിയാണിയും കടൽത്തീരവും ബീച്ചും നമ്മുടെ മിഠായ്തെരുവും മാനാഞ്ചിറയും എന്തിനേറെ പറയണം മോനെ…

മോൻ നോക്കിക്കോളൂ കോയ്ക്കോട്ടെത്തിക്കഴിയുമ്പോൾ ജനിച്ചുവളർന്ന നാട് വിട്ട് പോരേണ്ടി വന്ന മോൻ്റെ എല്ലാ സങ്കടവും മറിക്കോളും
ഇനി അമൽ മോൻ കോയ്ക്കോടിൻ്റെ മുത്താണ്
എന്ന് പറഞ്ഞ്കൊണ്ട് പ്രദീപേട്ടൻ എൻ്റെ മുടിയിൽ തഴുകി…

വണ്ടി അങ്കമാലി ഡിപ്പോയിൽ കയറി

മോനേ ഇവിടെ 10 മിനിട്ട് ഹാൾട്ടുണ്ട് മോന് ചായ കുടിക്കണോ???
കുടിക്കണമെങ്കിൽ വാ …

വേണ്ട പ്രദീപേട്ടാ ഞാൻ ചായ കുടിച്ചിട്ടാ കയറിയത്…

ആണോ എങ്കിൽ ഞാൻ പോയിട്ട് വരാം

ശരി ഏട്ടാ….
ഞാൻ സീറ്റിൽ തന്നെ ഇരുന്നു ….

അയ്യോ ഇത്രയും നേരമായിട്ടും ഞാൻ എന്നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലെ??? സോറി എല്ലാവരും ക്ഷമിക്കുക….

എൻ്റെ പേര് അമൽ നിങ്ങൾ ഇപ്പോൾ കാണുന്നത് സന്തോഷത്തോടെ ജീവിക്കുവാനായുള്ള എൻ്റെ ഒളിച്ചോട്ടമാണ്
അതിൻ്റെ കാരണം നിങ്ങൾക്ക് വഴിയേ മനസ്സിലാവും
എന്നെപ്പറ്റി അറിയുന്നതിനു മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട രണ്ട് പേരുണ്ട് ഞാനീ ഭുമിയിൽ അവതരിക്കുവാൻ പ്രയത്നിച്ച രണ്ടു പേര്
അതെ എൻ്റെ മാതാപിതാക്കൾ തന്നെ …….

എൻ്റെ അച്ഛൻ്റെ പേര് രാജീവ് .
വീട് എറണാകുളം ജില്ലയിലെ പാലാരിവട്ടത്താണ്

വലിയ സ്വത്ത് വകകളോ ഒന്നുമില്ലാത്ത ഒരു ഇടത്തരം കുടുംബം അച്ഛൻ്റെ അച്ഛൻ വില്ലേജ് ഓഫീസിൽ ലാൻഡ് അക്വിസ്സിഷൻ ഡിപ്പാർട്ട്മെൻ്റിലായിരുന്നു ജോലി ചെയ്തിരുന്നത്‌ അമ്മ വയ്യാതെ കിടപ്പിലാണ് .

4 മുറി കളോട് കൂടിയ അത്യാവശ്യം നല്ലൊരു രണ്ട് നില വീട് തന്നായിരുന്നു ഞങ്ങളുടേത്.
അങ്ങനെ +2 നല്ല മാർക്കിൽ പാസ്സായ എൻ്റെ അച്ഛനെ എഞ്ചിനിയറിംഗ് പഠിക്കുന്നതിനായ് അപ്പുപ്പൻ കോഴിക്കോട്ടേക്കയച്ചു.

അവിടെ വെച്ചാണ് അച്ഛൻ എൻ്റെ അമ്മയെ കണ്ടുമുട്ടുന്നത് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി കല്യാണി ….
അമ്മയുടെ വീട്ടിൽ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഒരേക്കർ സ്ഥലത്ത് പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച ഒരു നില വീടായിരുന്നു അമ്മയുടെ .
വീട് കൂടാതെ അമ്മയുടെ പേരിൽ കുറച്ച് സ്ഥലവുമുണ്ടായിരുന്നു….

അങ്ങനെ കോളേജിൽ പഠിക്കാനെത്തിയ ഇരുവരും പരസ്പരം ഇഷ്ടത്തിലാവുന്നു രണ്ടാം വർഷം പഠിച്ചോണ്ടിരിക്കുമ്പോഴാണ് അച്ഛൻ്റെ അമ്മ മരണമടയുന്നതും അച്ഛൻ തിരികെ എറണാകുളത്തേക്ക് പോരുന്നതും. അങ്ങനെ സങ്കടങ്ങൾക്കൊടുവിൽ അച്ഛൻ വീണ്ടും കോളേജിൽ എത്തി പഠനം തുടരുന്നു..
രാജീവും കല്യാണിയും വീണ്ടും അവരുടെ പ്രണയ ലോകത്തേക്ക് യാത്രയാവുന്നു…..

എഞ്ചിനിയറിംഗ് കഴിഞ്ഞ് തിരികേ അച്ഛൻ വീട്ടിലേക്ക് മടങ്ങിയത് കല്യാണി അമ്മയുടെ കയ്യും പിടിച്ചാണ് .
അമ്മയുടെ അച്ഛൻ The great വിശ്വനാഥ മേനോൻ അന്യജാതിയിൽപെട്ട ഒരാളെ വിവാഹം കഴിച്ച കാരണത്താൽ ഇനി ഒരിക്കലും തന്നെക്കാണാൻ കോഴിക്കോട്ടേക്ക് വരണ്ടാന്ന് പറഞ്ഞു കൂടെ തൻ്റെ ശവം പോലും കാണാൻ യോഗ്യതയില്ലാന്നൊരു സ്ഥിരം സിനിമാ ഡയലോഗും…
പക്ഷെ അമ്മയ്ക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല

കാരണം എൻ്റെ അച്ഛനും അമ്മയും പരസ്പരം അത്രയേറെ സ്നേഹിച്ചിരുന്നു…..

അങ്ങനെ അച്ഛൻ എറണാകുളത്ത് തന്നെയുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്ക് കയറി .

രാജീവൻ്റെയും കല്യാണിയുടെയും പ്രണയ സാക്ഷാത്ക്കാരമായ് ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ ഈ ഭൂമിയിലേക്ക് പിറന്നു വീണു .
എൻ്റെ തലവെട്ടം കണ്ടതും അച്ഛൻ്റെ അച്ഛൻ ഒരു വസ്തു അളക്കാൻ പോയ വഴി പാമ്പ് കടിയേറ്റ് വടിയായ് ……

———————————-

അങ്ങനെ ഞാൻ അച്ഛൻ്റെയും അമ്മയുടെയും പുന്നാര അമലൂട്ടനായ് പതിയെ പതിയെ വളരുവാൻ തുടങ്ങി കുഞ്ഞിലെ മുതൽ ബ്രീത്തിംഗ് പ്രോബ്ലമുള്ളതിനാൽ എന്നെ സ്കൂളിൽ ചേർത്തത് ഒരു വർഷം വൈകിയാണ്…

പഠനമൊക്കെ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു പഠിക്കുവാനും പടം വരക്കുവാനും നല്ല കഴിവുണ്ടായിരുന്നു എനിക്ക്. ചിത്രരചനയിൽ നിറയെ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട് ചെറുപ്പം മുതലെ കമ്മീഷണർ, ഇൻസ്പെക്ടർ ബൽറാം സിനിമയൊക്കെ കണ്ട് കണ്ട് ഒരു SI ആവണമെന്നതായിരുന്നു എൻ്റെ ആഗ്രഹം.
ഒറ്റ മകൻ ആയതിനാൽ കല്യാണിയമ്മ ഒത്തിരി പുന്നാരിപ്പിച്ചാണ് എന്നെ വളർത്തിയത് .
എന്നെ കാണുന്ന ഏതൊരാളും പറയുന്നത് കല്യാണിയമ്മയെ അതേപോലെ പതിപ്പിച്ചു വെച്ചിരിക്കുവാണെന്നാണ്, അമ്മയുടെ അതേ സ്വഭാവഗുണവും.

ജീവിതത്തിൽ സന്തോഷത്തിൻ്റെ നാളുകളായിരുന്നു പിന്നീട് അങ്ങോട്ട്…

———————————–

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം പതിവ്പോലെ രാവിലെ ബ്രേക്ക്ഫാസ്റ്റും കഴിപ്പിച്ച് ഉച്ചക്കത്തേക്കുള്ള ചോറും തന്ന് എന്നെ കല്യാണിയമ്മ സ്കൂളിലേക്കയച്ചു ….

സ്കൂൾ വിടുന്നതിന് കുറച്ച് മുൻപായ് അച്ഛൻ എന്നെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ട് പൊന്നു എന്താ നേരത്തേ കൂട്ടിയത് എന്ന് ചോദിച്ചിട്ടും അച്ഛൻ മറുപടിയൊന്നും പറയുന്നില്ല
അച്ഛൻ്റെ മുഖമാകെ വല്ലാതെയിരിക്കുന്നു .
ഒന്നും അറിയാതെ ഞാനാ കൈവിരലിൽ തൂങ്ങി വീട്ടിലെത്തി വാതിൽക്കൽ ആളുകൾ കൂടി നിൽക്കുന്നുണ്ട്
ഞാൻ പതിയെ അകത്തേക്ക് കയറി
അവിടെ കണ്ടത് എൻ്റെ ഹൃദയം തകരുന്ന കാഴ്ചയാണ് എൻ്റെ കല്യാണിയമ്മ ഞങ്ങളെ തനിച്ചാക്കിപ്പോയിരിക്കുന്നു ……

അലറിക്കരഞ്ഞുകൊണ്ട് ഞാൻ അമ്മയുടെ മൃദ ശരീരത്തിൽ കെട്ടിപ്പിടിച്ചു…
ആരൊക്കെയോ വന്ന് എന്നെ ആശ്വസിപ്പിക്കുന്നുണ്ട് പക്ഷെ ആശ്വാസ വാക്കുകൾക്കൊന്നും എനിക്ക് നഷ്ടമായത് തിരിച്ചു തരാനാവില്ലല്ലോ ?????

Leave a Reply

Your email address will not be published. Required fields are marked *