ഞാൻ ശ്രീലാൽ, ലാലുവെന്നും, ശ്രീ എന്നൊക്കെ സ്നേഹമുള്ളവർ വിളിക്കും….. ബ്ലാ …ബ്ലാ ..ബ്ലാ…..ബ്ലാ
രേഖ ടീച്ചർ പോലും വിചാരിച്ചു കാണില്ല ഇങ്ങനൊരു ഇൻട്രോ ഞാൻ പറയുമെന്ന്. ക്ലാസ്സിൽ ആകെ മൊത്തം ഇരുപതുപേരെന്തോ ഉണ്ടെന്ന് തോനുന്നു. അതിൽ ഒരു അഞ്ച് തരുണീമണികളും. അവരുടെ മുഖത്തേക്ക് എന്റെ ശ്രദ്ധ പോയതേ ഇല്ലെങ്കിലും ഇടക്ക് കണ്ണ് വെട്ടിച്ചു നോക്കുമ്പോൾ എല്ലാവരും ഭയങ്കര പ്രതീക്ഷയോടെ എന്നെ നോക്കുന്നുണ്ട്. വല്യേട്ടൻ സ്റ്റൈലിൽ നല്ലൊരു ഹീറോ പരിവേഷം തന്നെ കിട്ടി എല്ലാരുടെയും മുന്നിൽ. ടീച്ചർക്ക് പോലും എന്റെ മുഖത്തു നോക്കാൻ ചെറിയ ചമ്മൽ ഉള്ളതുപോലെ തോന്നി. ചിലപ്പോ എന്റെ പ്രായമേ അവർക്കും കാണൂ. എന്റെ ഓരോ പ്രാന്തിന് വീണ്ടും പഠിക്കാൻ തോന്നിയതിന് രേഖ കൊച്ചെന്തു പിഴച്ചു അല്ലെ ….
ആദ്യത്തെ ദിവസം ആയതുകൊണ്ട് ക്ലാസ്സൊന്നും ഇല്ല. എല്ലാവരും പരസ്പരം പരിചയപ്പെടലും കത്തിയടിയും ഒക്കെയായി സമയം പോയതറിഞ്ഞില്ല. ക്ലാസിന്
വെളിയിൽ ഇറങ്ങിയപ്പോഴേക്കും നാട്ടിൽ ഉള്ള കുറച്ച് കൂട്ടുകാർ വന്നു എന്നെയും തേടി. അവരൊക്കെ എഞ്ചിനീറിങ് രണ്ടാം വർഷ വിദ്യാർഥികൾ ആണ്. ഞാൻ കൂടി കോളേജിൽ എത്തിയപ്പോഴേക്കും പിള്ളേരുടെ ലെവൽ ഒന്ന് മാറി. അവസാനം ഇതൊരു പൂരപ്പറമ്പ് ആവാതിരുന്നാൽ മതിയായിരുന്നു. അവരുടെ കൂടെ ക്യാന്റീനിൽ ഒന്ന് പോയി ഓരോ ചായയൊക്കെ കുടിച്ചു. അവിടുള്ള ഫൈനൽ ഇയർ പിള്ളേർക്കൊക്കെ എന്നെ പരിചയപ്പെടുത്തി കൊടുത്തു. എല്ലാവർക്കും ഒരു തരം അത്ഭുതം. കാരണം അവരാരും ഇത് പഠിച്ചിട്ട് ജോലികിട്ടിയ അധികം ആരെയും കണ്ടിട്ടില്ല. അല്ലേൽ തന്നെ ബി ടെക്കുകാരെ മുട്ടിയിട്ട് നാട്ടിൽകൂടെ നടക്കാൻ പറ്റുന്നില്ല. പുതിയ ട്രെൻഡ് പ്രകാരം ഇത് കഴിഞ്ഞവനൊക്കെ ഒരു ജോലിയും കിട്ടാതെ ബാങ്ക് കോച്ചിങ്ങിന് പോകുന്ന സമയത്താണ് എന്നെപ്പോലൊരു പൊട്ടൻ ഉള്ള ജോലിയും കളഞ്ഞിട്ട് വീണ്ടും പഠിക്കാൻ വന്നിരിക്കുന്നത്…
………..
എന്തായാലും കൊള്ളാം… നല്ല ഇടിവെട്ട് പീസുകൾ കുറേ ഉണ്ട്. സമയം ഉണ്ടല്ലോ വഴിയേ ഓരോന്നിനെ പരിചയപ്പെടാം. പഴ ടീച്ചേഴ്സിനെ ഒക്കെ കണ്ട് വീണ്ടും പരിചയം പുതുക്കി. ഉച്ചയ്ക്ക് ക്ലാസ് തീർന്നതുകൊണ്ട് വീട്ടിലേക്ക് പോയി. വൈകുന്നേരം ലച്ചുവിനെ കൂട്ടാൻ പോയപ്പോൾ ബി ടെക് പിള്ളേരൊക്കെ ക്ലാസ് കഴിഞ്ഞ് പുറത്തേക്ക് വരുന്നുണ്ട്. അന്ന് വിരട്ടാൻ വന്ന പിള്ളേർ രണ്ടും എന്നെനോക്കി ഒന്ന് ചിരിച്ചു. ഞാനും തിരിച്ചൊന്ന് ചിരിച്ചപ്പോഴേക്കും അവർ അടുത്തേക്ക് വന്നു.
: ഏട്ടാ..സോറി, ഞങ്ങൾ അന്ന് ആളറിയാതെ എന്തൊക്കെയോ പറഞ്ഞതാ
: ഛേ …അതൊക്കെ ഇപ്പോഴും ഓർത്തോണ്ട് ഇരിക്കുവാനോ… ആട്ടെ ഇപ്പൊ ആളെ എങ്ങനെ മനസിലായി
: രാവിലെ രാമേന്ദ്രൻ മാഷുമായി സംസാരിക്കുന്നത് കണ്ടിരുന്നു. മാഷിനോട് കാര്യങ്ങൾ ചോദിച്ചപ്പഴാ ആളെ മനസിലായത്…
: കൊള്ളാം.. അപ്പൊ ഇനി നമ്മൾ കട്ടയ്ക്ക് കൂടെ നിൽക്കില്ലേ അല്ലെ.
: കൊടുകൈ… ഞാൻ വിനു, ഇത് മനു. ഏട്ടന്റെ പേര് മാഷ് പറഞ്ഞ് അറിയാം.
: എന്ന ശരി… ലെച്ചു വരുന്നുണ്ട്. നാളെ കാണാം
: ഒരു സംശയം… ആ ചേച്ചി വൈഫാണോ…
(എനിക്ക് ചിരിയാണ് വന്നത്… ഞാൻ ചിരിക്കുന്ന കണ്ട് ലെച്ചു എന്റെ അടുത്ത് വന്ന് ഇവന് വട്ടായോ എന്ന രീതിയിൽ എന്നെ നോക്കുന്നുണ്ട്..)
: നിങ്ങൾ അവളോട് തന്നെ ചോദിച്ചോ.. ലെച്ചു, ഇവർക്കെന്തോ ഒരു സംശയം
: അല്ല ചേച്ചി… ഏട്ടന്റെ വൈഫാണോ എന്ന് ചോദിക്കുവാരുന്നു..
: അയ്യോ… എനിക്ക് ഈ മുതുക്കിളവനെ കെട്ടാൻ മാത്രം പ്രായം ഒന്നും ഇല്ല…
: എടി എടി… സത്യം പറയെടി പോത്തേ..
: എന്റെ ബ്രോ…ഇത് എന്റെ അനിയനാ. ഇവൻ ഇപ്പോഴും ബാച്ചിലർ ആണ്.. പറ്റിയാൽ നിങ്ങൾ നല്ലൊരു പെണ്ണിനെ ഒപ്പിച്ചു കൊടുക്ക്, നമുക്ക് പിടിച്ച് കെട്ടിക്കാം
—————–
രാത്രി കോളേജിലെ പറഞ്ഞ് വന്നപ്പോഴേക്കും ഇത്തിരി വൈകി. ഇന്ന് എന്റെ റൂമിൽ കിടക്കാം എന്ന ലെച്ചുവിന്റെ ആഗ്രഹത്തിന് എതിര് നിന്നില്ല. എവിടെ കിടന്നാലും എനിക്ക് സന്തോഷമേ ഉള്ളു. കൂടെ അവളും ഉണ്ടല്ലോ. മടിയിൽ തലവച്ച് കിടക്കുന്ന ലെച്ചുവിന്റെ ഫോണിലേക്ക് പാച്ചുവിൻറെ കോൾ വന്നയുടനെ അവൾ എഴുന്നേറ്റ് റൂമിലേക്ക് പോയി. പാച്ചു ഓഡിയോ കോൾ ആണല്ലോ വിളിച്ചത് പിന്നെ എന്തിനാ അവൾ പോയത്… ആഹ്, എന്തെങ്കിലും ആവട്ടെ. അരമണിക്കൂറെങ്കിലും ആയിക്കാണും, പോയപോലല്ലോ ലെച്ചു തിരിച്ചു വരുന്നത്. മുഖം അൽപ്പം വാടിയിട്ടുണ്ട്, എന്റെ നോട്ടം അവളിലേക്ക് ആണെന്ന് മനസിലാക്കിയ ഉടനെ മുഖത്തൊരു ചിരി പടർത്തി എന്റെ മടിയിൽ തലവച്ചു കിടന്നു ..
