ഇപ്പൊൾ ഞങ്ങളുടെ ബസ് നാഗ്പൂരിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാത്രി സമയം ആയതിനാൽ ബസിൽ നേരിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല ഒട്ട് മിക്ക ആളുകളും മയക്കത്തിലാണ്.
ഞാനും നേഹയും അടുത്തടുത്ത സീറ്റുകളിലാണ് ഇരിക്കുന്നത്. ചുറ്റുമുള്ള നിശബ്ദതയെ ഭംഗിക്കാൻ ബസിൻ്റെ നേരിയ മുരളൽ മാത്രമേ ഉള്ളൂ. എനിക്ക് ഉറക്കം വന്നു തുടങ്ങിയിട്ടില്ല. നേഹയും എൻ്റെ അടുത്ത് ഇരിക്കുന്നു. അവൾ ആരോടോ ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്.
അവളെന്നോട് അധികം സംസാരിക്കുന്നുണ്ടായിരുന്നില്ല. പൂജയുമായുള്ള പ്രശ്നം അവളെ അലട്ടിയിരുന്നു എന്ന് എനിക്ക് തോന്നി.
ഞാൻ രണ്ടും കൽപ്പിച്ച് അവളോട് പൂജയെ കുറിച്ച് ചോദിച്ചു.
“നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?”
“ആരു തമ്മിൽ?”
“നീയും പൂജയും.”
“അങ്ങനെ ഒന്നുമില്ല. പൂജക്ക് സെലക്ഷൻ കിട്ടഞ്ഞതിൽ ചെറിയ വിഷമം ഉണ്ട്, അത്രയേ ഉളളൂ.”
“അതു മാത്രമാണ് എന്നെനിക്കു തോന്നുന്നില്ല.”
നേഹ അതിനു മറുപടി പറയുന്നതിന് പകരം വിഷയം മാറ്റാൻ ശ്രമിക്കുകയാണ് ചെയ്തത്.
“ഈ ബസിലെ സീറ്റ് അത്ര സുഖമില്ല, അല്ലേ? റിക്ലൈനർ സീറ്റ് വേണമായിരുന്നു.”
“എന്താ ഉറക്കം വരുന്നില്ലേ? വേണമെങ്കിൽ എൻ്റെ തോളിലേക്ക് ചാരി കിടന്നോളൂ.”
നേഹ ആദ്യമൊന്ന് മടിച്ചെങ്കിലും പതിയെ അവളുടെ തല എൻ്റെ തോളിലേക്ക് ചായ്ച്ചു റിലാക്സ് ചെയ്തു കിടന്നു.
“ആ, ഇപ്പോ ഒരു സുഖം ഉണ്ട്.”
അവളങ്ങനെ എൻ്റെ തോളിൽ കിടന്നു കുറച്ച് നേരം മയങ്ങി. ബസിൽ വീണ്ടും നിശബ്ദത പടർന്നു. അവളുടെ മുഖം എൻ്റെ മുഖത്തിൽ നിന്നും അവളെ കുറച്ച് മാത്രം ദൂരെയാണ്. ഞാൻ അവളെയൊന്നു പാളി നോക്കി. യഥാർത്ഥത്തിൽ ഒരു സുന്ദരിയാണ് നേഹ. പക്ഷേ പൂജയുടെ കൂടെ ആവുമ്പോൾ എല്ലാവരും പൂജയെ മാത്രമേ ശ്രദ്ധിക്കുള്ളൂ.
പുറത്ത് നല്ല നിലാവുള്ള റോഡിലൂടെ നീങ്ങുകയാണ് ഞങ്ങളുടെ ബസ്. തണുത്ത കാറ്റ് ചെറുതായി അലോസരപ്പെടുത്തുമ്പോൾ കാമുകീ കാമുകന്മാരെ പോലെ തൊട്ടുരുമ്മി ഇരിക്കാൻ ഒരു പ്രത്യേക സുഖം തോന്നുന്നു. വേണമെന്ന് വെച്ചാൽ നേഹയെ പിടിച്ചൊരു കിസ്സ് അടിക്കാൻ പറ്റിയ സമയം ആണെന്ന് എനിക്ക് തോന്നി.
നേരിയ കാറ്റിൽ പറന്നു കിടന്ന അവളുടെ മുടി ഞാനൊന്നു കോരിയൊതുക്കിയതും അവളൊന്നു തലയുയർത്തി നോക്കി. വെറും നോട്ടമല്ല. എന്തൊക്കെയോ പറയാതെ പറഞ്ഞ ഒരു നോട്ടം. അതെന്നെ ദഹിപ്പിച്ചു കളഞ്ഞു.
ഞങ്ങളുടെ ചുണ്ടുകൾ ഒരു ചുംബനത്തിൽ നിന്നും തെല്ലു ദൂരം ബാക്കി നിൽക്കെ ബസ് പെട്ടന്നൊരു വളവ് തിരിഞ്ഞു നിവർന്നു. ബാലൻസ് തെറ്റിയ എൻ്റെ തല അവളുടെ നെറ്റിയിൽ ചെന്ന് ഇടിച്ചു. നല്ല വേദന തോന്നിയെങ്കിലും ആ ഒരു നിമിഷം കയ്യിൽ നിന്നും പോയതിൻ്റെ വേദനായിരുന്നു കൂടുതൽ.
അവളെൻ്റെ തോളിലേക്ക് വീണ്ടും തല വെച്ചു കിടന്നു.
കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം നേഹ എന്നോടു ചോദിച്ചു –
“നീയിപ്പോ പൂജയെ കുറിച്ചാണോ ആലോചിക്കുന്നത്?”
“പൂജയോ? അവളെ കുറിച്ച് എന്ത് ആലോചിക്കാൻ?”
“നിങ്ങൾക്ക് ഇടയിൽ ഞാൻ അറിയാത്ത എന്തെങ്കിലും ഉണ്ടോ?”
പെട്ടെന്നുണ്ടായ ചോദ്യത്തിൽ ഇത്തിരി പരിഭ്രമിച്ചെങ്കിലും ഞാനതു പുറത്തു കാണിച്ചില്ല.
“ഏയ്!! അങ്ങനെ ഒന്നുമില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്.”
നേഹ സംശയത്തോടെ നെറ്റി ചുളിച്ചു.
“അങ്ങനെ ആണെന്ന് എനിക്കു തോന്നുന്നില്ല. നിങ്ങളുടെ ശരീരഭാഷയും പൂജയുടെ ഇടക്കുള്ള നോട്ടവുമെല്ലാം…!!”
അവൾ പറഞ്ഞു മുഴുമിക്കും മുന്നെ ഞാൻ ഇടക്കു കയറി.
“അവളെന്നെ അങ്ങനെയൊന്നും നോക്കാറില്ല നേഹ. നീ വെറുതേ കാണാപ്പുറം വായിക്കരുത്.”
പക്ഷേ എൻ്റെ മറുപടി നേഹയെ തൃപ്തയാക്കിയില്ല.
“ചിലപ്പൊ ഞാൻ അറിയരുത് എന്ന് വെച്ചിട്ട് ആയിരിക്കും, അല്ലേ?”
അതു കേട്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യം വന്നെങ്കിലും ഞാനത് നിയന്ത്രിച്ചു.
“ഞാനൊന്നും മറച്ചു വെച്ചിട്ടില്ല.”
“പക്ഷെ നിങ്ങൾ തമ്മിൽ ഞാൻ അറിയാത്ത എന്തോ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.”
അതിനു ഞാൻ ഉടനെ മറുപടി പറഞ്ഞില്ല. എൻ്റെ മൗനം നേഹയുടെ സംശയം കൂട്ടുകയെ ഉള്ളൂ എന്നെനിക്കു തോന്നി.
