ഞാൻ ഒന്നും മിണ്ടാതെ നിന്നു.. അച്ഛന്റെ മുഖത്ത് നോക്കാൻ എന്തോ മടിയുള്ളപോലെ..
“അപ്പൂ.. ടാ.. അച്ഛനോട് മോന് ദേഷ്യമാണോ..” അച്ഛൻ ചോദിച്ചു.. അച്ഛന്റെ ശബ്ദം ഇടറിയിരുന്നു..
അത് കേട്ടപ്പോൾ എനിക്ക് വിഷമമായി.. ഞാനാകെ സമ്മർദ്ധത്തിൽ ആയി.. അച്ഛനോട് മിണ്ടണോ.. ഞാൻ ഒന്നും മിണ്ടാതെ നിന്നാൽ അച്ഛന് അത് വിഷമമാവില്ലേ.. അല്ലെങ്കിൽ കുറച്ചു വിഷമിക്കട്ടെ.. അമ്മയെ ചതിച്ചിട്ടല്ലേ.. എന്തൊക്കെയോ ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപോയി..
“ചേച്ചി.. ഞാൻ പൊക്കോട്ടെ..” ഒടുവിൽ ചേച്ചിയുടെ മുഖത്ത് നോക്കാതെ തല കുനിച്ചു നിന്ന് ഞാൻ ചോദിച്ചു..
“എന്താ അപ്പൂ.. എന്തുപറ്റി.. നമ്മടെ അച്ഛനല്ലേ..” ചേച്ചി എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു..
ഞാൻ ഒന്നും മിണ്ടിയില്ല..
“എങ്കിൽ നമുക്ക് പോവാം.. നീ കാറിൽ കേറി ഇരുന്നോ..” അത്രയും പറഞ്ഞു ചേച്ചി ഡോർ തുറന്നുതന്നു.
ഞാൻ മടിച്ചുകൊണ്ട് കാറിലേക്ക് കേറിയിരുന്നു..
ചേച്ചി അച്ഛനെ കുറച്ചു അപ്പുറത്തേക്ക് വിളിച്ചു എന്തോ സംസാരിക്കുന്നത് ഞാൻ മിററിലൂടെ കണ്ടു..
“വണ്ടി അച്ഛൻ എടുക്കുന്നോ..” ഒടുവിൽ ചേച്ചി മുന്നിലെ ഡോർ തുറക്കുന്നതിനിടെ ചോദിച്ചു..
“വേണ്ട, മോളെടുത്തോ.. അച്ഛൻ പുറകിൽ കേറിക്കോളാം..” അച്ഛൻ പറഞ്ഞു.
ഞാൻ കരുതിയത് അച്ഛൻ ഞങ്ങളുടെ കൂടെ വരില്ല എന്നായിരുന്നു.. എനിക്കിപ്പോൾ കാറിൽ നിന്ന് ഇറങ്ങിപ്പോവാൻ ആണ് തോന്നിയത്..
“പോവാം..” ചേച്ചി കയറി ഇരുന്നുകൊണ്ട് ചോദിച്ചു..
വണ്ടി സ്റ്റാർട്ട് ചെയ്ത് ഞങ്ങൾ യാത്ര തുടർന്നു.. യാത്രയ്ക്കിടയിൽ ഞാനൊന്നും മിണ്ടിയില്ല..
കുറച്ചു ദൂരം പിന്നിട്ടപ്പോൾ വണ്ടി പെട്ടന്ന് മെയിൻ റോഡിൽ നിന്ന് ഇടത് സൈഡിലേക്ക് വളച്ചു ഒരു പോക്കറ്റ് റോഡിലേക്ക് കയറി.. ഞാനപ്പോൾ ചേച്ചിയെ നോക്കി.. ചേച്ചി എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു.
കുറച്ചു മുന്നോട്ട് എത്തിയപ്പോൾ റോഡ് സൈഡിൽ ബോർഡിൽ ബീച്ച് എന്ന് എഴുതി വെച്ചത് കണ്ടു..
പണ്ട് ഒരുപാട് പ്രാവശ്യം ഞങ്ങൾ എല്ലാവരും ഒരുമിച്ചു ഇവിടെ വന്നിരുന്നത് എനിക്ക് ഓർമവന്നു.. ഞാൻ മിററിലൂടെ അച്ഛനെ ഒന്ന് നോക്കി. അച്ഛൻ എന്നെ നോക്കി ഇരിക്കുകയാണ്.. അത് കണ്ടപ്പോൾ ഞാൻ പെട്ടന്ന് നോട്ടം മാറ്റി പുറത്തേക്ക് നോക്കി ഇരുന്നു..
കുറച്ചു കൂടെ മുന്നോട്ട് എത്തി വണ്ടി ഒതുക്കി നിർത്തി..
“മ്മ്.. ഇറങ്ങിക്കേ..” ചേച്ചി എന്നെ നോക്കി പറഞ്ഞു..
ഞാൻ ഇറങ്ങാൻ മടി ഉള്ളത് പോലെ അവിടെ തന്നെ ഇരുന്നു..
“നിനക്ക് ചെറുപ്പത്തിൽ കടല് ഭയങ്കര ഇഷ്ടമായിരുന്നില്ലേ.. വന്നേ..” ഒടുവിൽ ചേച്ചി ഇറങ്ങി വന്നു എന്റെ സൈഡിലെ ഡോർ തുറന്നു എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു..
“അപ്പൂ.. ദേ വന്നില്ലെങ്കിൽ ചേച്ചി പിണങ്ങും കേട്ടോ..” ഞാൻ അവിടെ തന്നെ ഇരുന്നപ്പോൾ പരിഭവം നടിച്ചു ചേച്ചി പറഞ്ഞു.. അത് കണ്ടപ്പോൾ പിന്നെ ഇരിക്കാൻ തോന്നിയില്ല.. ഞാൻ ചേച്ചിയുടെ കൂടെ പോയി..
അച്ഛൻ കാറിൽ നിന്ന് ഇറങ്ങി തൊട്ടടുത്ത കടയിലേക്ക് പോവുന്നത് കണ്ടു.
ബീച്ചിൽ അതികം ആളുകളൊന്നും ഇല്ലായിരുന്നു..ഞാൻ അസ്തമയ സൂര്യനെ നോക്കി അവിടെ നിന്നു..
“നിനക്ക് ഇതുവരെ അച്ഛനോടുള്ള ദേഷ്യം മാറിയില്ലേ..” ചേച്ചി എന്റെ അടുത്ത് വന്നു നിന്നുകൊണ്ട് ചോദിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല..
“നമ്മുടെ അച്ഛൻ പാവല്ലേടാ.. അച്ഛന് നിന്നെ എത്ര ഇഷ്ടാണെന്ന് നിനക്ക് അറിയില്ലേ..” ചേച്ചി തുടർന്നു.
“മോളേ.. ദാ..” അപ്പോൾ അച്ഛൻ രണ്ട് കോൺ ഐസ്ക്രീം വാങ്ങി അങ്ങോട്ട് വന്നു..
“മ്മ്..” ചേച്ചി ഒരെണ്ണം എന്റെ നേരെ നീട്ടി..
ഞാൻ ഒന്ന് മടിച്ചുകൊണ്ട് വാങ്ങിച്ചു..
ചേച്ചി കയ്യിലുള്ള ഐസ്ക്രീം നുണയുവാൻ തുടങ്ങി..
“നീ എന്താ.. കഴിക്കാത്തെ..” ഞാൻ ഐസ്ക്രീം കയ്യിൽ പിടിച്ചു കഴിക്കാതെ നിൽക്കുന്നത് കണ്ട് ചേച്ചി ചോദിച്ചു.
അപ്പോൾ ഞാൻ മെല്ലെ കുറച്ചു നുണഞ്ഞു…
അച്ഛന് വേണ്ടേ… ചേച്ചി അച്ഛനെ നോക്കി ചോദിച്ചു…
വേണ്ട മോളെ.. മോളു കഴിച്ചോ..
അത് പറ്റില്ല കുറച്ചു കഴിച്ചോ.. ‘ചേച്ചിയുടെ പകുതി കഴിച്ച ഐസ്ക്രീം’ അച്ഛന്റെ നേരെ നീട്ടി ചേച്ചി പറഞ്ഞു.
