…
“അയാൾ അവരുടെ അച്ഛൻ അല്ലെ.. അതൊരിക്കലും അല്ലാതാവില്ലല്ലോ…?”
എന്റെ തല മരവിക്കുന്നതുപോലെ…
“നീ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യത്തിന് വാശി പിടിച്ചാൽ ഒരിക്കൽ അപ്പുവിനും തോന്നിയാലോ അഞ്ജുവിനെ പോലെ അവന്റെ അച്ഛന്റെ കൂടെ പോവാൻ…”
ആ വാക്കുകൾ എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടിയ പോലെ വിങ്ങലേൽപ്പിച്ചുകളഞ്ഞു….
പെട്ടന്ന് ചാടിയെണീറ്റ ഞാൻ അവളുടെ കണ്ണുകളിലേക്ക് നോകി… എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുഴുകിയിറങ്ങി… എന്റെ കൈകൾ അവളുടെ കയ്യിൽ മുറുകിയിരുന്നു….
“അപ്പു എന്നെ വിട്ട് പോവുമോ രമ്യാ?….”
അതൊരു അലർച്ചയായിരുന്നു…
അവളെന്നെ നിശ്ചലയായി നോക്കിനിന്നു… അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു… അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു….
“ഇല്ലെടി ഞാൻ… ഞാൻ വെറുതെ പറഞ്ഞതാ..”
ആവളെന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ്…എന്നാൽ അതൊന്നും എന്റെ തലയിൽ കേറുന്നുണ്ടായിരുന്നില്ല…
“നീ പേടിക്കണ്ട.. നീയെന്ന് പറഞ്ഞാൽ അപ്പുവിന് ജീവനാ.. നിന്നെ ചതിച്ചത്കൊണ്ട് തന്നെ അവനും അയാളെ ഇഷ്ടമല്ല.. നിനക്ക് വിഷമമാവുന്നത് ഒന്നും അവൻ ചെയ്യില്ല.. അതിനവന് പറ്റില്ല..”
അവൾ കൂട്ടിച്ചേർത്തു…
കുറച്ചുനേരം ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി നിന്നു….
“എടീ.. നീ ഇങ്ങനെ ഇമോഷണൽ ആവാതെ… നീ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ…”
…
നീ പണ്ടെത്ര പാവമായിരുന്നു… എന്ത് കൂൾ ആയിരുന്നു, എന്ത് ഹാപ്പി ആയിരുന്നു…
…
“നീ മനസ്സുതുറന്നൊന്ന് ചിരിച്ചിട്ട് എത്ര കാലമായി?”
…
നിനക്ക് ആ പഴയ ജിഷ ആയിക്കൂടെ…
രമ്യയുടെ വാക്കുകൾ എന്നെ വല്ലാതെ ഉലച്ചു…
അൽപനേരം കൂടെ അവിടെ ഇരുന്ന ശേഷം ഞങ്ങൾ പിരിഞ്ഞു….
റെസ്റ്റോറന്റിൽ നിന്ന് ഇറങ്ങാൻ നേരം അപ്പുവിന് ഇഷ്ടപെട്ട ഭക്ഷണം വാങ്ങാൻ ഞാൻ മറന്നില്ല.. പുറത്തിറങ്ങി സ്കൂട്ടിയുമെടുത്തു ഞാൻ വീട്ടിലേക്ക് കുതിച്ചു…
രമ്യയെ കണ്ടതുകൊണ്ട് വീട്ടിലെത്താൻ കുറച്ചു വൈകിയിരുന്നു.. അപ്പു ഇപ്പോ വന്നിട്ടുണ്ടാവും.. ഇനി അവനോട് മിണ്ടാതെ ഇരിക്കരുത് എന്നൊക്കെ ഓർത്ത് ഞാൻ വേഗം വണ്ടി വിട്ടു…
ഞാൻ ഗേറ്റ് തുറന്നു വണ്ടി മുറ്റത്തേക്ക് എടുത്തു.. ഹെൽമെറ്റ് ബൂട്ടിൽ വെച്ചശേഷം അവന് കൊണ്ടുവന്ന പലഹാരവും എടുത്ത് ഞാൻ വരാന്തയിൽ കയറി ഡോർ തുറക്കാൻ നോക്കി.. ഡോർ ലോക്ക് ആണ്..
അവിടെ അവന്റ ചെരുപ്പ് ഉണ്ടോ എന്ന് നോക്കി.. പക്ഷെ ഇല്ലായിരുന്നു.. ചാവി ചെടിച്ചട്ടിയുടെ ഉള്ളിൽ തന്നെ ഉണ്ട്..
അവൻ വരുന്ന സമയം കഴിഞ്ഞു.. നേരം ഇരുട്ടി തുടങ്ങി… ഇനി എവിടെ പോയിക്കാണും..
ഞാൻ ഡോർ തുറന്നു സാദനങ്ങൾ എല്ലാം അകത്തു വെച്ചു.. എന്നിട്ട് വേഗം എന്റെ ബാഗിൽ നിന്ന് ഫോൺ എടുത്ത് അവന്റെ നമ്പർ എടുത്തു ഒരു നിമിഷം അവിടെ നിന്നു..
പിന്നെ കോൾ ബട്ടൻ പ്രെസ്സ് ചെയ്തു ചെവിയിൽ വെച്ചു…
ഒരു തവണ മുഴുവൻ റിങ് ചെയ്തു. പക്ഷെ ഫോൺ എടുക്കുന്നില്ല..
ഇനി എന്നോട് മിണ്ടാൻ മടിയായതുകൊണ്ടാണോ?…
ഏയ് ഇല്ല.. ഇന്ന് രാവിലെയും അവൻ എന്നോട് മിണ്ടിയതാണ്..
ഇനി ബസ്സിൽ മറ്റോ ആയിരിക്കുമോ.. എത്താറയിട്ട് എടുക്കാത്തതാണോ..
മനസ്സിനൊരു സമാധാനം ഇല്ല.. ഞാൻ വീണ്ടും കാൾ ചെയ്തു..
ദൈവമെ.. ഇനി എന്തായിരിക്കും ഫോൺ എടുക്കാത്തത്.. എന്റെ മനസ്സിൽ ആധി കൂടി…
ക്ലാസിൽ കൂട്ടുകാർ ഒന്നും ഇല്ലെങ്കിലും അവന്റെ കൂടെ ഇരിക്കുന്ന ഒരു കുട്ടിയുടെ നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നു. ഞാൻ വേഗം അതിലേക്ക് വിളിച്ചു..
“ഹലോ..”
“ഹലോ ഞാൻ അർജുന്റെ അമ്മയാണ്..”
“മനസ്സിലായി ആന്റി.. എന്തേ വിളിച്ചേ..”
“അവൻ ഇതുവരെ വീട്ടിൽ എത്തീട്ടില്ല.. വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല.. മോൻ അവനെ ഇന്ന് കണ്ടായിരുന്നോ ”
“മ്മ്… അവൻ ഇന്ന് മൂന്ന് മണിക്കേ ഇറങ്ങിയല്ലോ ആന്റി..”
അങ്ങനെയെങ്കിൽ ഇനി അവൻ എവിടെ പോയിക്കാണും..
“ഫോൺ റിങ് ചെയ്യുന്നുണ്ട് എന്നല്ലേ പറഞ്ഞത്.. ഞാൻ ഒന്ന് വിളിച്ചുനോക്കാം..”
“ശെരി മോനെ.. കിട്ടിയാൽ ഒന്ന് വിളിക്കണേ…”
“വിളിക്കാം ആന്റി..”
എല്ലാറ്റിനും കാരണം ഞാനാണ്.. പാവം അവൻ ഇന്ന് രാവിലെയും എന്നോട് സംസാരിക്കാൻ വന്നതാണ്..
