ഇണക്കുരുവികൾPart – 3

ഇന്നത്തെ രാത്രി നിദ്രാ ദേവി എന്നെ പുൽകി, ആദ്യമായി ഞാൻ കിടക്കയിൽ ശയിക്കവേ നിദ്ര പുൽകിയിരിക്കുന്നു. രാത്രിയുടെ യാമങ്ങൾ എനിക്കായ് കോർത്തു വെച്ച സ്വപ്നങ്ങൾ തൻ ഹാരം എന്നെ ചാർത്തി , അതറിഞ്ഞെന്നോണം രാപാടി എനിക്കായി മധുര ഗാനം പാടി. അവൾക്കു കൂട്ടായി ചീവീടും മറ്റു പലതും അവരാൽ ആവുന്ന ശബ്ദ മേളങ്ങൾ ഉയർത്തി. അങ്ങ് അകലെ നിന്നും ഒരു തണുത്ത കുളിർക്കാറ്റെന്നെ തേടി എത്തി, അതെൻ്റെ മേലാകെ തഴുകി എന്നെ വിവശനാക്കുകയാണ് കൂടെ ചെല്ലുവാൻ. എൻ്റെ നാസികകൾ പതിയെ വിരിഞ്ഞു ആ ഗന്ധം അവളുടേത് തന്നെ, ആ മനം മയക്കുന്ന ഗന്ധവുമായി ഈ കാറ്റെന്നെ തേടി വന്നതെന്തിന്
ഞാൻ പതിയെ കാറ്റോടൊപ്പം യാത്രയായി അവൾക്കരികിലെത്താൻ ഞാൻ കൊതിച്ചിരുന്നു, ഈ നിമിഷം അവളെ കാണണമെന്നു കരുതി ഒരു മേഘശകലത്തിൽ ഇരുന്നു കൊണ്ട് ഞാൻ തെന്നലിനോടൊത്തു യാത്രയായി. അവളെ പോലെ പവിത്രമായ മേഘശകലം എന്നെ വഹിക്കവെ ഞങ്ങളെ പാറി പറത്തി തെന്നൽ കൂട്ടു കൂടി . അവളെ കാണുന്ന നിമിഷത്തിനായി ഞാൻ വിതുമ്പി
കണ്ണൈത്താ ദൂരം നിരന്നു നിന്ന നെൽപ്പാടം , അതെ അവളിലേക്കുള്ള എൻ്റെ യാത്രയുടെ തുടക്കം തന്നെ പ്രകൃതിയുടെ മടിത്തട്ടിൽ നിന്നാണ്, പച്ചപ്പരവതാനി വിരിച്ച പോലെ അവൾ അങ്ങ് കാണാമറയത്തു വരെ പരന്നിരുന്നു. സ്വർണം നെറുകയിൽ ചാർത്തിയ പെണ്ണിൻ്റെ ലാസ്യ ഭാവത്തോടെ നെൽക്കതിരുകൾ അണിഞ്ഞ നെൽച്ചെടി നാണത്താൽ ആടിയുലയുന്നത് ഞാൻ നോക്കി നിന്നു. പ്രാണനാഥയ്ക്കായി താൻ കൊത്തിയെടുത്ത വിളഞ്ഞ നെൽക്കതിർ സ്നേഹ ചുംബനത്തിലൂടെ കൈമാറുന്ന ഇണക്കുരുവികളെ ഞാൻ കണ്ടു. അവരുടെ പ്രണയം ഞാൻ മിഴികളാൽ കവർന്നെടുത്തിരുന്നു. കണ്ണകലത്തിൽ നിന്നും ആ പ്രണയ ജോഡികൾ അകലും വരെ ഞാൻ നോക്കി നിന്നു.

ദേഹത്തേക്ക് തണുപ്പു കലർന്നൊരു ജലകണങ്ങൾ പതിഞ്ഞ നിമിഷം ഞാൻ മുന്നോട്ടു നോക്കിയത് , മലമുകളിൽ നിന്നും തഴെ ചിന്നി ചിതറുന്ന ജലകണം ചിലത് കാറ്റിനോട് കിന്നാരം പറഞ്ഞു പാറിപ്പോകവേ മറ്റു ജലകണങ്ങൾ കൈവെടിയില്ലെന്ന വാശിയോടെ കരങ്ങൾ ഒന്നായി ചേർത്തിണക്കി നദിയായി ഒഴുകി അകന്നു. പ്രണയത്തിൻ്റെ പല അർത്ഥ തലങ്ങൾ ഇന്നെനിക്കു മുന്നിൽ തുറന്നിട്ട ‘ പുസ്തകം’ പോലെ. ഈ തെന്നൽ എന്നെയും കൊണ്ട് മല നിരകൾ കടക്കുവാൻ ഒരുങ്ങുകയാണ്. ഉയരങ്ങൾ ഞങ്ങൾ കീഴടക്കി, മൂടൽ മഞ്ഞ് ഞങ്ങളെ വരവേറ്റു , തണുപ്പിൻ്റെ നേർത്ത വിരൽ സ്പർഷം ഞാൻ ആസ്വദിച്ചു. മൂടൽ മഞ്ഞിൻ്റെ മറവിലൂടെ അങ്ങിങ്ങായി ‘തെളിയുന്ന കാഴ്ചകൾ നിർവചനീയമായ അനുഭൂതി’. തൂവെള്ള മുടി അലസമായി പാറി കിടക്കുന്ന വാർദ്ധക്യത്തിലും സ്ത്രീ സൗന്ദര്യം ഞാനെന്ന പോലെ തലയുയർത്തി നിന്ന മലനിരകൾ’, ആടയാഭരണങ്ങൾ അണിഞ്ഞ് നവവധു പോലെ . ആ ഒഴുകി അകലുന്ന അരുവികൾ അവളുടെ ആഭരണമായി പച്ച പുൽ പരവതാനി അവളുടെ മേലാടയായി. മൂടൽ മഞ്ഞും ഇടക്കിടക്കായി തെളിയുന്ന കാഴ്ചകളും മനോഹരമായ പറഞ്ഞറിയിക്കാനാവാത്ത ലോകം അതിന്നെൻ്റ മുന്നിൽ പ്രണയം അറിയുംതോറും ഇമ്പം കൂടുന്ന കനിയാണ് മധുര കനി.
മൂടൽ മഞ്ഞിൽ നിന്നും മോചനമേകി കാറ്റാഞ്ഞടിച്ചു. എൻ്റെ മിഴികൾ തുറക്കാൻ സാധിച്ചില്ല. ആർത്തിരമ്പുന്ന ആരവം എൻ്റെ കാതുകളെ തേടിയെത്തി. കാറ്റിൻ്റെ ശക്തി പതിയെ കുറഞ്ഞു വന്നു. അനന്ത സാഗരം എൻ്റെ മുന്നിൽ എനിക്കു തന്നെ അവിശ്വസനീയമായ പ്രതീതി. പൂർണ്ണ ചന്ദ്രൻ കടലിൻ്റെ മാറിൽ ചാഞ്ഞുറങ്ങാൻ വിഫലമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. നക്ഷത്ര കുഞ്ഞുങ്ങൾ ഇതു കണ്ടെന്നതിനാലോ ഒളികണ്ണിട്ടു രസിക്കുകയാണ്. മത്സര്യങ്ങൾ അവരുടെ ജോഡികളായി രാത്രി സല്ലാപത്തില്ലാണ്. എനിക്കു ചുറ്റും പ്രണയമാണ് എന്നാൽ എൻ്റെ പ്രണയമെവിടെ
വിശാദമിഴികൾക്ക് ആശ്വാസമാണ് ആ കാഴ്ച , തുടിക്കുന്ന ഹൃദയത്തിൻ്റെ താളമുണർത്തിയ കാഴ്ച . അങ്ങകലെ ആ ദ്വീപിൽ എനിക്കായ് കാത്തിരിക്കുന്ന അവളെ ഞാൻ കണ്ടു. ചെറു മന്ദഹാസമില്ലെ ആ മുഖത്ത്, അവളുടെ മിഴികൾ നാണത്താൽ തുടിക്കുന്നില്ലെ, സ്ത്രീ സഹജമായ ലാസ്യ ഭാവത്താൽ അവളുടെ കവിളുകൾ ചുവന്നിട്ടില്ലെ. ആ മൂക്കുത്തി നക്ഷത്രത്തോട് മത്സരിക്കുവല്ലേ. അവൾക്കരികിലെത്താൻ ഞാൻ വിതുമ്പി. എന്നിലെ വിതുമ്പലറിഞ്ഞ തെന്നൽ എന്നെ അവൾക്കരികിലേക്ക് കൊണ്ടു പോയി. നിമിഷങ്ങൾ മാത്രം ഞങ്ങൾക്ക് ഒന്നാവാൻ

കടൽ രോഷം കൊണ്ടു ജ്വലിച്ചു വൻ തിരയാൽ എനിക്കും അവൾക്കുമിടയിൽ മതിൽ ഉയർന്നു വന്നു. ആ തിരമാല ആർത്തിരമ്പി എന്നിലേക്കു വന്നടിച്ചു. ഞാൻ ആ സാഗര ഗർത്തത്തിലേക്ക് കൂപ്പു കുത്തി . ശ്വാസത്തിനായി ഞാൻ പിടഞ്ഞു. എൻ്റെ മിഴികൾ അടഞ്ഞു. മരണമാം മുക്തിയിൽ ഞാൻ അലിഞ്ഞു ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *