ഇരുട്ടിലെ ആത്മാവ് – 2 1

കൈ വിരൽ തുമ്പിൽ പോലും സ്പർശിക്കാൻ ഭയന്നും, നേരിൽ കാണുമ്പോൾ, കണ്ണുകളിൽ മാത്രം നോക്കി പ്രേമത്തിന്റെ വികാരങ്ങൾ കൈമാറിയിരുന്ന നിഷ്കളങ്ക പ്രേമത്തിന്റെ വക്താക്കളായിരുന്നു നമ്മൾ.
അതിൽ നിന്നും ഒരുപാട് വർഷങ്ങളൊന്നു കടന്നു പോയിട്ടില്ലങ്കിലും , ഇന്നത്തെ യുവത്വത്തിൽ നിന്നും വ്യത്യസ്തമായിരുന്നു.

ഞാൻ കൈ പിൻവലിച്ചത് കൊണ്ട് റെജിയേട്ടൻ അൽപ്പം ചമ്മലോടെ…. എന്നോടൊരു സോറി പറഞ്ഞു…

അപ്പോഴും ഞാൻ ആ ഒരു സ്പർശന സുഖം വീണ്ടും കൊതിച്ചു എന്നല്ലാതെ അത് നിഷേധിച്ചില്ല….

എന്നോടെന്തിനാ സോറി പറയുന്നേ… ?
ഞാൻ, അറിയാതെ തൊട്ടു പോയതാ… ശാലു, മനഃപൂർവം തൊട്ടതല്ല.

അതിന് ഞാനെപ്പൊഴാ മനുഷ്യാ … എന്നെ തൊടരുത് എന്ന് പറഞ്ഞത്. ? ഞാൻ ചോദിച്ചു.

എന്നാലും… അത് വേണ്ട ശാലു….
ഓ…. പുണ്ണ്യാളൻ…. !!
അതെന്താ ശാലു…. നീ അങ്ങനെ പറഞ്ഞത്… ? ഞാൻ നിന്നോട് ഇതു വരെ തെറ്റായി പെരുമാറിയോ…. ?

ഇല്ല… !!!

പിന്നെന്താ നീ അങ്ങനെ പറഞ്ഞത്… ?

എന്താ…. ഇനി അങ്ങനെ പെരുമാറിയാലും പോലീസ് പിടിക്ക്യ…. ? ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

അത് കേട്ട് റെജിയേട്ടൻ ഒരു കോമഡി കേട്ട പോലെ വല്ലാതെ ചിരിച്ചു….. !

അതൊന്നുമല്ല മോളെ…
നീ ഒരു നല്ല കുട്ടിയാ…. ! അനാവശ്യമായി തൊട്ടും പിടിച്ചുമൊക്കെ വേണ്ടാതീനം കാട്ടിയെന്ന് നീ വിചാരിക്കും അതാ….

നല്ല കുട്ടിയുടെ കൈലൊന്ന് തൊട്ടുപോയാൽ, കുട്ടി ചീത്തയായി പോകുമോ.. ? വീണ്ടും ഞാൻ.

അങ്ങിനെ ഞാൻ പറഞ്ഞോ ?
തൊട്ടു പിടിച്ചുമുള്ള സ്നേഹപ്രകടനങ്ങളൊന്നും വേണ്ട എന്ന് മാത്രമേ ഞാൻ ഉദേശിച്ചുള്ളൂ…… ! റെജിയേട്ടൻ പറഞ്ഞു.

ഓഹ്….. എന്റമ്മേ…. ഉറുമ്പ്…. ! കാലിട്ട് ചവിട്ടി കുടഞ്ഞു കൊണ്ട് റെജിയേട്ടൻ അവിടെ നിന്നും അൽപ്പം മാറി നിന്നു.

കാമുകിയെ കാണാൻ വളഞ്ഞ വഴിക്ക് വരുന്ന കാമുകൻമാർക്ക് ഇതാണ് ശിക്ഷ…. ഞാൻ കളിയാക്കി ചിരിച്ചു…. !!

എങ്കിലും ആ പാവം ഉറുമ്പ് കടിയും സഹിച്ച് അവിടെ തന്നെ നിന്നു…..
അത് കണ്ട എനിക്ക് അൽപ്പം വിഷമം തോന്നി.

ഞാൻ നിന്നിരുന്ന ജനലിനടുത്തു നിന്ന് മുറിയുടെ വാതിൽക്കലേക്ക് ഒന്ന് തിരിഞ്ഞു നോക്കി ആരുമില്ലെന്ന് ഉറപ്പായപ്പോൾ…… ജനലിന്റെ അഴികളിലൂടെ കയ്യിട്ട് റെജിയേട്ടന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചടുപ്പിച്ചു.

പിന്നെ ആ ചുണ്ടുകളിൽ അമർത്തി ഒരു മുത്തം കൊടുത്തു…

ജനലഴികളുടെ അക്കരെ ഇക്കരെ, നിന്നുകൊണ്ട്, എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി ഒരു സാഹസം കാണിച്ചു…..

ആദ്യമായി ഞാനും, അനുഭവിച്ചു ഞാൻ തന്നെ എന്റെ റെജിയേട്ടന് കൊടുത്ത ഒരു “ചുംബനത്തിന്റെ സുഖം”
പരിസര ബോധം മറന്ന്, അങ്ങിനെ ഞങ്ങൾ തമ്മിൽ കണ്ണുകളിൽ നോക്കി കുറെ നേരം ഇരുന്നു….
ഒരു ബോധോദയം വന്നപ്പോൾ പരിസരവും സന്ദർഭവും മറന്ന് ഞാൻ റെജിയേട്ടനോട് ചോദിച്ചു…..

ഞാൻ പുറത്തോട്ടു വരട്ടെ…. റെജിയേട്ടാ…

എന്തിന്… ? വേണ്ട മോളെ… !

ഇവിടെ ഇരുന്നു വർത്തമാനം പറയാൻ എനിക്ക് വയ്യ….. പേടിയാ….. !! ആരേലും പെട്ടെന്ന് ഇങ്ങോട്ട് കേറി വന്നാ….. ?

വേണ്ട… ശാലു…. ഇനി.. നിന്റച്ഛനങ്ങാനും അത് കണ്ടാൽ, പിന്നെ അത് മതി… എന്നെ തല്ലികൊല്ലും….

ആ കൊല്ലട്ടെ….. എനിക്ക് ഇഷ്ട്ടപ്പെട്ട പുരുഷനോട് അൽപ്പം മാറിനിന്ന്,… ഇത്തിരി വർത്തമാനം പറഞ്ഞെന്നു കരുതി ഇവിടെ ആരും ആരെയും തല്ലി കൊല്ലാനൊന്നും പോകുന്നില്ല….

വേണ്ട ശാലു…. എന്തിനാ റിസ്കെടുക്കുന്നെ….. ! അറിയാല്ലോ നിന്റെ അച്ഛന്റെ സ്വഭാവം.

പോ… പേടിത്തൂറി…. !!

ഇങ്ങനെയാണെങ്കിൽ എന്നെ കാണാൻ, ഇനി ഇങ്ങോട്ട് വരണ്ട…. !
ഇത്തിരി മുൻശുണ്ഠിയുള്ള ഞാൻ ജനലിന്റെ കർട്ടൻ വലിച്ചിട്ടു.

ഏയ്….. ശാലു…. ഈ നേരത്ത് അതിന്റെ ആവശ്യമുണ്ടോ… ?!

ഈ നേരത്തല്ലാതെ പിന്നെ…. ? നട്ടുച്ച പന്ത്രണ്ട് മണിക്ക് നടുമുറ്റത്ത് നിന്നിട്ട് എല്ലാവരും കാൺകെ സംസാരിക്കാം….. എന്താ പറ്റുവോ…. ???

അങ്ങിനെയെങ്കിൽ…. മോൻ ഇപ്പൊ പോയിട്ട്, നാളെ ഉച്ചയ്ക്ക് ഇങ്ട് വാ….!!! ഞാൻ ഇവിടെ തന്നെ ഉണ്ടെങ്കിൽ സംസാരിക്കാം…… !!!

Leave a Reply

Your email address will not be published. Required fields are marked *