ഊരാക്കുടുക്ക് – 1അടിപൊളി  

 

“”..പിന്നെ എനിയ്ക്കൊരു പെണ്ണിനെയിഷ്ടമാണ്.. അവളേ കെട്ടുള്ളൂന്ന് നെഞ്ചുംവിരിച്ചുനിന്ന് പറഞ്ഞൂടേന്നുചോദിച്ചാൽ അതിനു ധൈര്യമില്ലാഞ്ഞിട്ടല്ല.. പക്ഷേ അതുപറഞ്ഞുകഴിഞ്ഞാൽ അതാരാണെന്നു പോലും പറഞ്ഞില്ലെങ്കിൽക്കൂടിയും  പിന്നെനിയ്ക്കവളെ ജീവനോടെ കിട്ടില്ല.. തിരിഞ്ഞുപിടിച്ചവരവളെ കുടുംബത്തോടെ കൊന്നു കുഴിച്ചുമൂടും..  അങ്ങനെയുള്ളപ്പോൾ ഇതല്ലാതെ ഞാനെന്താടീ ചെയ്യുന്നേ..?? നിനക്കുമറിയാവുന്നതല്ലേ എല്ലാം..??”””_ അതുചോദിയ്ക്കുമ്പോൾ എൻറെ ശബ്ദം ചിലമ്പിച്ചിരുന്നു..

 

“”..പാർത്ഥീ.. ഞാൻ നിന്നെ കുറ്റപ്പെടുത്തീതല്ലടാ.. ഇതൊക്കെ എനിയ്ക്കറിയാവുന്നതുമാ.. പക്ഷേ മുന്നോട്ടാലോചിയ്ക്കുമ്പോൾ ഒരെത്തുംപിടിയും കിട്ടുന്നില്ല.. എത്രനാളാടാ നമ്മളിങ്ങനെ മുന്നോട്ടുപോണേ..?? കല്യാണം മുടങ്ങാനുള്ളകാരണം ഏതെങ്കിലുമൊരുത്തി വീട്ടിൽപ്പറഞ്ഞാൽ മതി, അവിടെത്തീരും നമ്മൾ.. പിന്നിത്ത്രേംനാള് നമ്മളവരെ പറ്റിയ്ക്കുവാണെന്നു കൂടിയറിഞ്ഞാൽ പിന്നെന്താ സംഭവിയ്ക്കാൻ പോണേന്ന് ഞാൻപറയണ്ടല്ലോ..!!”””

 

“”..ഏയ്.! ജൂണാച്ചീ.. നീയതുവിടടീ.. ഇപ്പെന്തായാലും അതിനൊരു തീരുമാനമായില്ലേ.. ഇനിയിപ്പോൾ അടുത്തതു വരുമ്പോഴല്ലേ.. അതപ്പൊ നോക്കാന്നേ..!!”””_ അവൾടെ കൈയ്ക്കിട്ടൊരു ഇടിയുംവെച്ച് പറഞ്ഞതും അവളൊന്നുചിരിച്ചു..

 

“”..ആൽഫാ ഗ്രൂപ്പ്സിന്റെ എംഡി പാർത്ഥിവ് വിശ്വനാഥൻറെ അവസ്ഥനോക്കണം.. പുറമേ നിന്നു നോക്കുന്നവർക്ക് എന്തിന്റെ കുറവാ.. എന്നിട്ടവൻ കണ്ട പെണ്ണുങ്ങൾടെ കാലുംപിടിച്ചു നടക്കുവാ.. എന്നെ ഇഷ്ടമല്ലെന്നു പറയണേന്നുംപറഞ്ഞ്.. യോഗംതന്നപ്പാ..!!”””_ എന്നെനോക്കി ആക്കിച്ചിരിയ്ക്കുന്നതിനിടയിൽ അവളാപറഞ്ഞതിന് നോക്കി കണ്ണുരുട്ടാനേ എനിയ്ക്കു തരമുണ്ടായുള്ളൂ.. അല്ലേൽത്തന്നെ സത്യംപറയുമ്പോൾ മുണ്ടുപൊക്കി കാണിയ്ക്കാൻ പറ്റില്ലല്ലോ..

 

പിന്നെയുമവൾ ഓരോന്നുപറഞ്ഞു വാരിയെങ്കിലും എൻറെ മനസ്സപ്പോഴേയ്ക്കും പല്ലവിയിലേയ്ക്ക് ചാഞ്ഞിരുന്നു..

 

കോളേജിൽവെച്ചാണ് ആദ്യമായവളെ കണ്ടുമുട്ടുന്നത്.. ആദ്യം വെറും സൌഹൃദമായി തുടങ്ങിയബന്ധം പിന്നീടെപ്പോഴോ പ്രണയത്തിലേയ്ക്കു വഴിമാറി.. എന്നാലന്നൊന്നും സമ്പത്തും കുടുംബമഹിമയും അച്ഛൻറെ പേരിനുപിന്നിലെ വാലും നമ്മളെ ഒന്നിപ്പിയ്ക്കുന്നതിന് വിലങ്ങുതടിയാകുമെന്ന് കരുതിയിരുന്നില്ല..

 

“”..മാണിക്കോത്ത് തറവാട്..!!”””_ കറുപ്പിൽ സ്വർണ്ണ നിറമുള്ള അക്ഷരങ്ങളാൽ ആലേഖനംചെയ്തിരിക്കുന്ന നെയിംബോർഡിൽ നോക്കി നീട്ടിവായിച്ചിട്ട് ജൂണ എന്നെനോക്കി ആക്കിയൊന്നു ചിരിച്ചു.. അതിനവളെനോക്കി കണ്ണുതുറിപ്പിച്ചശേഷം വണ്ടി പോർച്ചിലേയ്ക്കു കയറ്റിയിട്ട് ഞാൻ തറവാട്ടിന്റെ വിശാലമായ വരാന്തയിലൂടെ അകത്തേയ്ക്കു കേറി.. കൂടെ ജൂണയുമുണ്ട്..

 

“”..ഇതെങ്കിലും നന്നായിത്തന്നെ നടന്നാൽ മതിയായിരുന്നൂ ദേവീ.. എന്റെ കുഞ്ഞിന്റെ ഇതെത്ര കല്യാണമെന്നുവെച്ചാ മുടങ്ങുന്നേ.. അതും ഫോട്ടോ കണ്ടിഷ്ടമായിവിളിച്ച് പെണ്ണുകണ്ടശേഷവും..!!”””_ ഹോളിലേയ്ക്കു കേറിയതും മുത്തശ്ശിയുടെ പതംപറച്ചിലാണ് കേൾക്കുന്നത്.. അതുകേട്ട് ഉള്ളാലെ ചിരിച്ചുകൊണ്ട് ഞാനകത്തേക്ക് നടന്നു.

 

ചാരുകസേരയിലിരിയ്ക്കുന്ന മുത്തശ്ശിയുടെ ചുറ്റിലുമായി വല്യച്ഛന്റെ ഭാര്യ അംബികവല്യമ്മയും ചെറിയച്ഛന്മാരുടെ ഭാര്യമാരും അച്ഛന്റെ അനിയത്തി സുമതിയമ്മായിയുമൊക്കെയുണ്ട്..

 

“”..അമ്മയൊന്നു സമാധാനപ്പെട്ടെ.. ഇതെന്തായാലും അതുപോലെ മുടങ്ങിപ്പോവുകയൊന്നുമില്ല.. വേണു വാക്കിനു വിലയുള്ളോനാ.. അതുകൊണ്ട് പറഞ്ഞവാക്ക് പറഞ്ഞതു തന്നാ.. പിന്നെയാ കുട്ടിയാണേലൊരു അയ്യോപാവവും.. അതിന് വേണു പറയുന്നതാ വേദവാക്യം.. കോളേജിൽ പഠിപ്പിയ്ക്കുന്ന കുട്ടിയാണെന്നൊന്നു വിശ്വസിയ്ക്കാനാ പാട്… അമ്മ നോക്കിയ്ക്കോ… ആകുട്ടിയ്ക്കെന്തായാലും നമ്മുടെ പാർത്ഥിയെ ഇഷ്ടപ്പെടും..!!”””_ വല്യച്ഛൻ മുത്തശ്ശിയുടടുക്കലായി വന്നിരുന്നു..

 

“”..എല്ലാം നന്നായിത്തന്നെ കലാശിച്ചാൽ മതിയായിരുന്നു..!!”””_ മുത്തശ്ശി സ്വയംപറയുമ്പോൾ അച്ഛനും രണ്ടുചെറിയച്ഛന്മാരും കൂടി മുത്തശ്ശിയുടെ അപ്പുറവുമിപ്പുറവുമായി ഇരിപ്പുറപ്പിച്ചു.. അപ്പോഴാണ് ബലരാമൻ ചെറിയച്ഛന്റെ ഭാര്യ കല്യാണിയാൻറി എന്നെക്കണ്ടത്.. ഉടനെ ചോദ്യവുമെത്തി;

 

“”..ഡാ.. പാർത്ഥീ.. പെണ്ണിനെക്കണ്ടിട്ട് നീ വിശേഷങ്ങളൊന്നും പറഞ്ഞില്ലല്ലോടാ.. എങ്ങനെയുണ്ടെടാ പെണ്ണ്..??”””

 

“”..കൊള്ളാം.! നല്ല അടക്കോമൊതുക്കോമുള്ള കൊച്ച്.! കാണാനും കൊള്ളാം..!!”””_ ഞാനും വിട്ടില്ല, വെച്ചുകീറി..

 

“”..അപ്പോപ്പിന്നെ ഇതുറപ്പിയ്ക്കാമല്ലേടാ..??”””_   ദേവൻ ചെറിയച്ഛൻറെ ഭാര്യ ശോഭാൻറി അതോടെ കേസുംപിടിച്ചു..

 

“”..പിന്നെന്താ ധൈര്യമായിട്ടുറപ്പിച്ചോ.. എനിയ്ക്ക് യാതൊരെതിർപ്പുമില്ലന്നേ.. എല്ലാം ഞാൻ നിങ്ങൾടിഷ്ടത്തിന് വിട്ടുതന്നേക്കുവാ.. എന്തുവേണേലുമായിയ്ക്കോ..!!”””_ ഉള്ളിൽ ചിരിച്ചുകൊണ്ട് ഞാൻ വെച്ചുകീറിയിട്ട്, ജൂണയെനോക്കി ഇപ്പൊവരാമെന്ന് കണ്ണുംകാണിച്ച്  ഞാനെന്റെ റൂമിലേയ്ക്കുനടന്നു..

 

റൂമിൽക്കേറി ഡോറടച്ചുടൻ ഫോണെടുത്തു പല്ലവിയെ വിളിയ്ക്കുകയായിരുന്നു.. രണ്ടാമത്തെ റിങ്ങിൽത്തന്നെ അവൾ കോളറ്റൻറ് ചെയ്തു..

 

“”..പാർത്ഥീ.. പോയിട്ടെന്തായെടാ..??”””_ വെപ്രാളമടക്കാനാവാതെയുള്ള അവളുടെ ചോദ്യംകേട്ടപ്പോൾ എനിയ്ക്കു ചിരിവന്നു..

 

“”..നീയതിനെന്താടീ പൊട്ടിപ്പെണ്ണേ എന്നെക്കുറിച്ചു കരുതിയിരിയ്ക്കുന്നെ..?? ഈ പാർത്ഥിയൊരു കാര്യമേറ്റാൽ നടക്കാത്ത ചരിത്രമുണ്ടോ..??”””

 

“”..ഏഹ്..?? എന്നുവെച്ചാ ഇതുംമുടക്കിയോ..??”””_ അവൾ ആകാംഷയോടെ തിരക്കി..

 

“‘..പിന്നല്ലാതെ.. നമ്മളോടാ കളി.. അതിരിയ്ക്കട്ടേ, അമ്മയ്ക്കിപ്പോഴെങ്ങനെയുണ്ട്..??”””

 

“”..അതേ കിടപ്പുതന്നെടാ.. ഒരു മാറ്റോമില്ല.. എനിയ്ക്കാണെങ്കിൽ പേടിയാവുന്നെടാ..!!”””_ അവൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു..

 

“”..എന്റെ കൊച്ചേ.. നീയൊന്നു സമാധാനപ്പെട്.. ഒന്നുമുണ്ടാവില്ലന്നെ.. ഞാനെന്തായാലും ഡോക്ടറെയൊന്നു കാണട്ടേ.. ഇനി പുറത്തെവിടെയെങ്കിലും കൊണ്ടുപോണമെന്നാണേലും ഞാനില്ലേ നിന്റെ കൂടെ.. നീയതുകൊണ്ട് വിഷമിയ്ക്കണ്ട കേട്ടോ..!!”””

 

“”..മ്മ്മ്..!!”””_ ഞാൻ ആശ്വസിപ്പിച്ചപ്പോൾ അതിനുമറുപടിയായി അവളൊന്നുമൂളി..

 

“”..പാർത്ഥീ.. വന്നേടാ.. വല്യച്ഛൻ വിളിയ്ക്കുന്നു..!!”””_ കല്യാണിയാൻറീടെ മോള് സ്വപ്നയുടെ കീറിവിളികേട്ട് പെട്ടെന്ന് ഫോണുംകാട്ടാക്കി ഞാൻ പുറത്തിറങ്ങി..

 

“”..എന്താടീ വിളിച്ചുകൂവുന്നേ..??”””

Leave a Reply

Your email address will not be published. Required fields are marked *