“”…സിത്തൂ..!!”””_ ചേച്ചിയുടെ ശബ്ദമമർത്തിയുള്ള അടുത്ത വിളിവന്നതും നെഞ്ചിടിച്ചുപോയി…
ക്ലാസ്സിന്നിറങ്ങാനൊരുങ്ങിയ ഞാൻ പേടിച്ചുവിറച്ചുകൊണ്ട് അവരുടടുത്തേയ്ക്ക് കാലടിവെയ്ക്കുമ്പോഴും മീനാക്ഷിയെന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു…
“”…ഡാ… അവടിവടെ കറങ്ങിനിയ്ക്കാതെ പെട്ടെന്നെടുത്തിട്ട് വരണം കേട്ടല്ലോ..!!”””_ചേച്ചിയുടെ വാക്കുകൾകേട്ടതും എനിക്കാശ്വാസമാണോ ദേഷ്യമാണോ തോന്നിയതെന്നറിയില്ല…
എന്തായാലും ഞാനൊന്നുകൂടി തലകുലുക്കിക്കൊണ്ട് സ്ഥലംകാലിയാക്കി…
എന്നാൽ ക്ലാസ്സിൽ നിന്നുമിറങ്ങുന്നതിനു മുന്നേ മൂന്നുപ്രാവശ്യമെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയിട്ടുണ്ടാവും അപ്പോഴെല്ലാം അവളെന്നെ തുറിച്ചു നോക്കിത്തന്നെ ഇരിപ്പുണ്ടായിരുന്നു…
“”…എടാ… നീയാ പത്തു ബീലെ അത്തങ്കണ്ടോ..??”””_ ഞാൻതിരികെ ക്ലാസ്സിലേയ്ക്കു കയറാനാഞ്ഞതും ശ്രീക്കുട്ടനെന്നെ തടഞ്ഞുനിർത്തി ചോദിച്ചു…
അതിന്,
“”…ങ്… ഹൂം…!!”””_ എന്നൊന്നു മൂളിയതും,
“”…എങ്കി വാ… നമക്കോയി നോക്കാം… സൂപ്പറാന്നെല്ലാരുമ്പറയണു..!!”””_ അവൻ മുണ്ടൊന്നുകൂടി മടക്കിക്കുത്തിക്കൊണ്ട് എന്നെ പിടിച്ചുവലിച്ചു…
അതിന്,
“”…ഡാ… നീയപ്പ അത്തമിടുന്നില്ലേ..??”””_ എനിയ്ക്കു സംശയമായി…
“”…ഇല്ലടാ… എല്ലാരുങ്കൂടിപ്പറഞ്ഞൂ, ഞാനാണ് അലമ്പാക്കണേന്ന്… അതോണ്ട് ഞാനിറങ്ങീങ്ങ് പോന്ന്..!!”””_ അവൻ കുറച്ചുകലിപ്പിൽ പറഞ്ഞുകൊണ്ട് മുന്നേനടന്നു…
ഞാൻ പിന്നാലേയും വെച്ചുവിട്ടു…
അങ്ങനോരോ ക്ലാസ്സിലും കയറിയിറങ്ങി അവിടുള്ള അത്തപ്പൂക്കളത്തേയും കുറ്റംപറഞ്ഞു നടക്കുന്നതിനിടയിലാണ് ഞാൻ കീത്തുവേച്ചിപറഞ്ഞ പായസത്തിന്റെ കാര്യമോർക്കുന്നത്…
ഉടനെ,
“”…ഡാ… നമ്മക്കോയി പായിസായോന്നു നോക്കിയാലോ..??”””_ ഞാനവനെ പിടിച്ചുനിർത്തി…
“”…ഇല്ല… ഇപ്പഴേയാവൂല… കുറച്ചൂടി കഴിഞ്ഞിട്ട്പോവാം..!!”””_ പറയുന്നതിനൊപ്പം അവനെന്നേയും വലിച്ചുകൊണ്ട് അടുത്തക്ലാസ്സിലേയ്ക്കു നടന്നു…
അന്നു സ്കൂൾവിട്ടതും ഞാൻ ശ്രീക്കുട്ടനെയും പിടിച്ചോണ്ടോടി സ്കൂളിന്റെ പുറത്തിറങ്ങി…
ചേച്ചിയും മീനാക്ഷിയും കാണുന്നതിനുമുന്നേ വീട്ടിലെത്തുകയായിരുന്നു ഉദ്ദേശം…
പായസംകൊടുക്കാൻ ചെല്ലുമ്പോൾ മീനാക്ഷിയുടെ കാര്യമറിഞ്ഞിട്ട് ചേച്ചിതല്ലുമോയെന്നുള്ള പേടികാരണം ഞാനതു ശ്രീക്കുട്ടന്റെകയ്യിൽ കൊടുത്തുവിടുകയാണ് ചെയ്തത്…
തിരികെവന്നപ്പോൾ നീയെന്ത്യേന്ന് കീത്തുവേച്ചി ചോദിച്ചൂന്നുകൂടെ കേട്ടപ്പഴേ ചേച്ചിയെല്ലാം അ അറിഞ്ഞെന്നെനിയ്ക്കുറപ്പായി..
അതുകൊണ്ടാണ് നേരത്തേ വീടുപിടിയ്ക്കാൻ ഞാൻപ്ലാനിട്ടതും…
“”…എന്ത്രാ..?? എന്തിനാ ഓടുന്നേ..??”””_ സ്കൂളിനു പുറത്തെത്തിയിട്ടും ഓട്ടംനിൽക്കാതെ വന്നതോടെ കിതച്ചുകൊണ്ടവൻ തിരക്കി…
“”…ഒന്നൂലാ… ഇന്നു നേരത്തേ… ചേച്ചിയൊക്കെ വരുന്നേനും മുന്നേ വീട്ടിപ്പോണം..!!”””
“”…അതെന്തിനാ..??”””
“”…അറിഞ്ഞൂട… സ്കൂള് വിട്ടാ നേരത്തേത്തണോന്നാ അമ്മ പറഞ്ഞേക്കണെ..!!”””_ ഇടയ്ക്കിടെ സ്കൂൾഗെയ്റ്റിലേയ്ക്കു പാളിനോക്കി അവനേയുംപിടിച്ചു ഞാൻ വേഗത്തിൽനടന്നു…
“”…ദേ ടാ… കീത്തുവേച്ചി വരണു..!!”””_ഗേറ്റിലേയ്ക്കു ചൂണ്ടിയവൻപറഞ്ഞതും ഞാൻ പെട്ടെന്നു തിരിഞ്ഞവന്റെ വിരൽപോയ ഭാഗത്തേയ്ക്കു നോക്കി…
കീത്തുവേച്ചിയേയും ചേച്ചിയുടെ പിന്നാലെയിറങ്ങിയ മീനാക്ഷിയേയും കണ്ടപ്പോൾതന്നെ എന്റെ പാതിബോധം പോയെന്നുതന്നെ പറയാം…
“”…ഓ.! ഇവളൂണ്ടോ..??”””_ മീനാക്ഷിയെക്കണ്ടതും ശ്രീക്കുട്ടന്റെ മുഖംചുളിഞ്ഞു…
പക്ഷേ ഞാനതു മൈൻഡാക്കിയില്ല…
എന്റെ നോട്ടമപ്പോഴും ഒറ്റത്തോളിൽ ബാഗുമിട്ട് മറുകൈയിൽ കുടയും നിവർത്തിപ്പിടിച്ചുവരുന്ന മീനാക്ഷിയിലായിരുന്നു…
“”…ഹ.! നിങ്ങള് പോയില്ലാർന്നോ..??”””_ അടുത്തെത്തിയതും
കീത്തുവേച്ചി ഞങ്ങളെ മാറിമാറി നോക്കി ചോദിച്ചു…
എന്നാലപ്പോഴുമെന്റെ കണ്ണുകൾമുഴുവൻ മീനാക്ഷിയുടെ മുഖത്തായിരുന്നു…
അവളാണെങ്കിലെന്നെ രൂക്ഷമായിനോക്കി ഭീഷണിപ്പെടുത്തുവാനും മറന്നില്ല…
“”…അല്ലട ശ്രീക്കുട്ടാ… നിന്നെയിപ്പെന്താ വീട്ടിലോട്ടൊന്നും കാണുന്നില്ലല്ലോ..??”””_ ചേച്ചിയവനോടു ചോദിച്ചപ്പോൾ ഞാൻ മീനാക്ഷിയുടെ മുഖത്തുനിന്നും കണ്ണെടുത്തു…
