“”…അതെന്താ വേണ്ടാത്തേ..??”””_ അവളെന്നെ നോക്കി പുരികമുയർത്തി…
“”…അവമ്പിന്നെ കഴിച്ചോളും… നീ നിന്റെ കാര്യന്നോക്ക്..!!”””_അമ്മയെന്റെ സഹായത്തിനായി മുന്നിൽകേറിയതും ചേച്ചിയുടെ മുഖംചുളിഞ്ഞു…
“”…അല്ല… അമ്മയെന്താ കൈ പിന്നിൽ പിടിച്ചേക്കുന്നേ…?? കയ്യേലെന്താ..??”””_ ചേച്ചി കയ്യിലിരുന്നപ്ലേറ്റ് സ്ലാബിനുപുറത്തു വെച്ചിട്ട് അമ്മയുടടുത്തേയ്ക്കു ചെന്നു…
“”…എന്റേ… എന്റേലൊന്നൂല്ല..!!”””_ പറഞ്ഞുകൊണ്ടമ്മ ചെരിഞ്ഞുനിന്നതും ചേച്ചിയ്ക്കു സംശയമടിച്ചു… അവൾ നേരേ കൈപിന്നിലേയ്ക്കെടുത്ത് അമ്മയുടെ കൈ പിടിച്ചുവാങ്ങി…
മുറുകെപിടിച്ചിരുന്ന കൈയ്ക്കുള്ളിൽ പുറത്തേയ്ക്കു തല നീട്ടിയിരുന്ന ചോക്ലേറ്റിനെകണ്ടതും കീത്തുവേച്ചി തലതിരിച്ചെന്നൊരു നോട്ടം…
“”…ഞാനപ്പഴേ നിന്റടുക്കെ പറഞ്ഞയല്ലേ വീട്ടിവന്നു പറയല്ലേന്ന്… എന്നിട്ട് വന്നപാടെ വിളമ്പികൊടുത്തല്ലേ..?? ഇനി നീ മുട്ടായി… കിട്ടായിന്നുമ്പറഞ്ഞ് എന്റടുക്കെ വാ… കാണിച്ചുതരാം..!!”””_ തുറിച്ചു നോക്കിക്കൊണ്ട് ചേച്ചി പറഞ്ഞപ്പോളെനിയ്ക്ക് നാവാട്ടമില്ലാത്ത അവസ്ഥയിലായി…
“”…കീത്തുവേച്ചീ… ഞാനമ്മ ചോയിച്ചപ്പ കൊടുത്തോയതാ… സോറി..!!”””
“”…സോറി.! ഒന്നു പോടാ.! ഇനിയെന്റോടെ മിണ്ടാമ്മരണ്ട..!!”””_ അവള് കൈകഴുകിക്കൊണ്ട് പറഞ്ഞു…
അമ്മയാണെങ്കിൽ എന്റെ വിഷമംകണ്ട് ചിരി കടിച്ചു പിടിയ്ക്കുന്നുണ്ടായിരുന്നു…
“”…പോടീ പട്ടീ..!!”””_ ആകെ മൊത്തത്തിൽ സെഡായിരുന്ന ഞാൻ ചേച്ചിയുടെപിണക്കവും അമ്മയുടെ കളിയാക്കലുമെല്ലാം കൂടിയായപ്പോൾ എന്റെകയ്യിലിരുന്ന മുട്ടായിയെല്ലാംകൂടി വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ അമ്മയോട്ചീറി…
അതുകേട്ടതും ചേച്ചി തിരിഞ്ഞെന്റെ തോളിലൊരു തല്ലുതന്നു…
“”…എന്തിനാടീ… ന്റെ കുഞ്ഞിനെ തല്ലിയേ..?? നീ ചേച്ചികളിച്ചോ… പക്ഷേ കൊച്ചിന്റെ ദേഹത്തുതൊട്ടാലുണ്ടല്ലോ… ചോറുമെടുത്തപ്പറെ പോയിരുന്നുകഴിയ്ക്ക്… പോ..!!”””_ അത്രയുംനേരം ഞങ്ങളെ മാറിമാറി നോക്കിനിന്ന അമ്മ, എന്നെ തല്ലിയതിഷ്ടപ്പെടാതെ ചേച്ചിയോട് ചീറി…
പിന്നൊരക്ഷരം മിണ്ടാതെ പ്ലേറ്റുംകൈയിലെടുത്ത് എന്നെയുമൊന്ന് ചെറഞ്ഞു നോക്കിക്കൊണ്ടവൾ ഹോളിലേയ്ക്ക് പോയി…
“”…ഉണ്ണിയപ്പമുണ്ടാക്കാം..??”””_ അമ്മ ചെറിയൊരു പുഞ്ചിരിയോടെന്നെ തോണ്ടി…
ഞാനതിന് വലിയ സന്തോഷമൊന്നുമില്ലാതെ തലയാട്ടി സമ്മതം മൂളുകയുംചെയ്തു…
അങ്ങനെ അമ്മയോടുചേർന്നിരുന്ന്
ഓണപലഹാരങ്ങളുണ്ടാക്കുന്ന തിരക്കിലകപ്പെട്ടപ്പോഴാണ് രണ്ടുകൈയിലുമായി ഓരോബക്കറ്റും തൂക്കിപ്പിടിച്ചുകൊണ്ട് ചെറിയമ്മ അടുക്കളപ്പുറത്തുകൂടി കയറിവരുന്നത്…
“”…നീയിതെവിടെ പോയിരുന്നെടീ..?? ഈ പലഹാരങ്ങളുണ്ടാക്കാനൊക്കെ സഹായിയ്ക്കാന്നു പറഞ്ഞേച്ച് മുങ്ങിയല്ലേ..??”””_ ചെറിയമ്മയെക്കണ്ടതും അമ്മപരിഭവപ്പെട്ടു…
അതുകണ്ടതും ഞാൻ ചെറിയമ്മയെ നോക്കിയൊന്നിളിയ്ക്കുകയും ചെയ്തു…
“”…അതേ… നീയെന്റോടെ ചിരിയ്ക്കണ്ട… മിണ്ടാനുമ്മരണ്ട..!!”””_ ചെറിയമ്മയെന്നെ നോക്കി മുഖംകെറുവിച്ചു…
“”…സോറി..! ഞാങ്കേട്ടില്ല… അതോണ്ടാ നിയ്ക്കാണ്ടിരുന്നേ..!!”””
“”…പോടാ..! നീ കേക്കൂല..!!”””_ ചെറിയമ്മ അമ്മയോടു ചേർന്നിരുന്നെന്നെ താറ്റിവിട്ടു…
“”…അല്ല നീയെന്തോത്തിനാ ഇപ്പോൾ ഇങ്ങോട്ടെഴുന്നള്ളിയേ..??”””
“”…അതേച്ചീ എനിയ്ക്കുറച്ച് വറുക്കാനും പൊടിയ്ക്കാനുമൊക്കെണ്ട്… അപ്പയിവനെയൊന്ന് കൂട്ടുവിളിയ്ക്കാമ്മേണ്ടി വന്നതാ..!!”””_ ചെറിയമ്മ ഇടയ്ക്കെന്നെയൊന്നു പാളിനോക്കിക്കൊണ്ട് പറഞ്ഞു…
“”…ശ്രീക്കുട്ടനാ..??”””
“”…ഓ..! അവൻ വരത്തൊന്നുല്ലേച്ചീ..!!”””
“”…ഓ.! നിനക്കപ്പയെന്റെ കുഞ്ഞിനെ വഴക്കുംപറയണം കൂടെക്കൊണ്ടുനടക്കേം വേണോല്ലേ..?? കൊള്ളാം..!!”””
“”…അതേ… വഴക്കു പറഞ്ഞെങ്കി കാര്യമുള്ളോണ്ടാ… എങ്കിലും നമ്മള് നല്ലകൂട്ടാ… അല്ലേ സിത്തൂ..?? വാടാ… വന്നാ കടലമുട്ടായി മേടിച്ചുതരാം..!!”””_ ചെറിയമ്മയൊന്നു കണ്ണുകാട്ടിയതും മറ്റെല്ലാംമറന്ന് ഞാൻ പെട്ടെന്ന് ബെഞ്ചിൽ നിന്നുമെഴുന്നേറ്റു…
“”…അഞ്ചിന്റെ മേടിച്ചുതരണം..!!”””_ ഞാൻ ഡിമാന്റ് വെച്ചു…
